ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിശേഷിച്ച് കോംഗോയില്‍ എം പോക്‌സ് (മങ്കി പോക്‌സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ എം പോക്‌സ് കുതിച്ചുചാട്ടം അത്രമേല്‍ ഭീഷണിയായതോടെ ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എം പോക്‌സ് ഇപ്പോള്‍ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈവര്‍ഷം ഇതുവരെ പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എം പോക്‌സ് കാരണം അഞ്ഞൂറിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയില്‍ പിടിമുറുക്കിയത്. ഇവിടെ 2023 ല്‍ ഉണ്ടായതിനേക്കാള്‍ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്. കോംഗോയുടെ അയല്‍രാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എംപോക്‌സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രണ്ടഖ്യാപിച്ചതിനു പിന്നാലെ സ്വീഡനിലും പാകിസ്ഥാനിലും രോഗബാധ സ്ഥിരീകരിച്ചു.
എന്താണ് എംപോക്‌സ്?
ഒരു ജന്തുജന്യ രോഗമാണ് എംപോക്‌സ്. ഈ രോഗത്തിന് കാരണംവസൂരി വൈറസിന്റെ (Small Pox Virus) കുടുംബത്തില്‍ പെട്ട (Poxviridae) മങ്കി പോക്‌സ് വൈറസ് ആണ്. ഇത് ഒരു ഡി.എന്‍.എ വൈറസ് (Double tSranded DNA virus) ആണ്. ഇത് വസൂരിക്ക് സമാനമായ അസുഖമാണ്, എന്നാല്‍ ഈ രോഗത്തിന്റെ തീവ്രത പൊതുവെ കുറവാണ്.
ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകള്‍ക്കു സമീപമുള്ള പ്രദേശങ്ങളിലാണ് മങ്കിപോക്‌സ് വൈറസിന്റെ സാന്നിധ്യം പൊതുവെ കാണപ്പെടുന്നത്.ഇതിന്റെ സ്വാഭാവിക ആതിഥേയരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, കരണ്ടു തീനികളിലും (റോഡെന്റ്‌സ്), മനുഷ്യേതര പ്രൈമേറ്റുകളിലുമാണ് (കുരങ്ങുകളെപ്പോലുള്ള) ഈ രോഗം മുഖ്യമായും കാണുന്നത്, ഇവയില്‍ നിന്നാണ് മനുഷ്യനിലേക്ക് രോഗം പടരുന്നത്.
തൊലിയെയിലെ തടിപ്പ് അല്ലെങ്കില്‍ ശ്ലേഷ്മ സ്തരത്തിലെ ക്ഷതം(Mucosal lesion), എന്നിവയ്‌ക്കൊപ്പം രണ്ട് മുതല്‍ നാല് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന പനി, തലവേദന, പേശിവേദന, നടുവേദന, ക്ഷീണം, ലസികാ ഗ്രന്ഥി വീക്കം അല്ലെങ്കില്‍ വീര്‍ത്ത ലിംഫ് നോഡുകള്‍ (Swollen Lymph nodes) എന്നിവയാണ് എംപോക്‌സിന്റെ പൊതുലക്ഷണങ്ങള്‍. ലസികാ ഗ്രന്ഥി വീക്കം എംപോക്‌സിനെ മറ്റു സമാനമായ അസുഖങ്ങളായ ചിക്കന്‍പോക്‌സ്, അഞ്ചാംപനി, വസൂരി എന്നിവയില്‍ നിന്ന് വേര്‍തിരിക്കുന്നു. സാധാരണയായി 2 മുതല്‍ 4 ആഴ്‌ച്ച വരെ നീണ്ടുനില്‍ക്കുന്ന ഈ അസുഖം പ്രത്യേകിച്ച് ചികിത്സ കൂടാതെ ഭേദപ്പെടാറുണ്ട്. എന്നാല്‍ ചിലരില്‍ പ്രത്യേകിച്ചു കുട്ടികളില്‍ ഈ രോഗം ഗുരുതരമാകാറുണ്ട്.
2024ല്‍ ആദ്യമായി എംപോക്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആഫ്രിക്കന്‍ സി.ഡി.സിയാണ്. ആഫ്രിക്കയിലെ രോഗവ്യാപനത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം ഉണ്ടായത്. തുടര്‍ന്ന് ഓഗസ്റ്റ് 14 ന് ലോകാരോഗ്യ സംഘടന അന്താരാഷ്‌ട്ര ആരോഗ്യ അടിയന്തരാവസ്ഥ (PHEIC) {പഖ്യാപിച്ചു. അന്താരാഷ്‌ട്രതലത്തില്‍ ആശങ്ക ഉളവാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (PHEIC) എന്നത്, അതിര്‍ത്തികള്‍ കടക്കാന്‍ സാധ്യതയുള്ളതും, യോജിച്ച അന്താരാഷ്‌ട്ര പ്രതികരണം ആവശ്യമുള്ളതുമായ, ഒരു പൊതുജനാരോഗ്യ പ്രശ്‌നത്തെ നേരിടാനുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) ഔപചാരിക പ്രഖ്യാപനമാണ്. ഇതിന് മുന്‍പ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
ഇന്‍ഫ്‌ലുവെന്‍സ, പോളിയോ, സിക്ക, എബോള, കോവിഡ് 19, 20022ലെ എംപോക്‌സ് എന്നീ അസുഖങ്ങള്‍ക്കാണ്.ആരോഗ്യ പ്രതിസന്ധികളോട് കൂടുതല്‍ ഫലപ്രദമായി പ്രതികരിക്കാന്‍ അന്താരാഷ്‌ട്ര സമൂഹത്തെ സഹായിക്കുന്ന ശക്തമായ ഒരു ഉപാധിയാണ് PHEIC പ്രഖ്യാപനം. എംപോക്‌സ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍, ആഗോള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനും,രോഗനിയന്ത്രണത്തിനുള്ള വിഭവങ്ങള്‍ കാര്യക്ഷമമായി അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും, ഇത് നിര്‍ണായക പങ്ക് വഹിക്കും. രോഗനിയന്ത്രണത്തിലേക്കുള്ള മുഖ്യമായ ചുവടുവയ്‌പ്പാണ് ഈ പ്രഖ്യാപനം.
രോഗ പകര്‍ച്ച
കോവിഡോ എച്ച്1 എന്‍1 ഇന്‍ഫഌവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്‌ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
പ്രതിരോധം
അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
രോഗിയെ ആംബുലന്‍സില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ ഗൗണ്‍, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഇതോടൊപ്പം രോഗിയെ എത്തിക്കുന്ന ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മാര്‍ജനം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക