ന്യൂദല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കോടതി മുമ്പാകെ എത്തിയത്. രണ്ട് അഭിഭാഷകരും സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ രംഗത്തെത്തി. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് മമതാ ബാനര്‍ജി പറഞ്ഞിട്ടും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല, ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാണ്. കൊല്‍ക്കത്ത പോലീസ് അവരുടെ ജോലി ശരിയായി ചെയ്തിട്ടില്ല. അവര്‍ ഞങ്ങളോട് ഒട്ടും സഹകരിച്ചില്ല, കേസ് ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. എത്രയും വേഗം പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം കൈമാറാനായിരുന്നു ശ്രമം. ശ്മശാനത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തില്‍ സംസ്കരിക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
മുഖ്യമന്ത്രി നീതി ലഭ്യമാക്കുന്നതിനെകുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ നീതി ആവശ്യപ്പെടുന്ന സാധാരണക്കാരെ ജയിലിലടയ്ക്കുകയാണ്. മമതയുടെ നടപടികളില്‍ തൃപ്തരല്ല. മകളുടെ ജീവന് പകരമായി നല്കുന്ന നഷ്ടപരിഹാരവും വാങ്ങില്ലെന്ന് ഡോക്ടറുടെ അച്ഛന് പറഞ്ഞു. എന്താണോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതൊന്നുമല്ല സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മമതയുടെ രാജിയാവശ്യപ്പെട്ടും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയറിയിച്ചും ഫുട്ബോള്‍ ആരാധകരും കൊല്‍ക്കത്തയില്‍ തെരുവിലിറങ്ങി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകളുടെ ആരാധകരാണ് പ്രതിഷേധം നടത്തിയത്.
ഇരുടീമുകളും തമ്മിലുള്ള മത്സരം സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവെച്ചിരുന്നു. പ്രതിഷേധം നടക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞയും പ്രഖ്യാപി
ച്ചിരുന്നു. മമതക്കെതിരായ മുദ്രാവാക്യം വിളികളുമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് നേരിടുകയായിരുന്നു. ലാത്തിവീശിയും അറസ്റ്റു ചെയ്തു നീക്കിയും സമരക്കാരെ നീക്കുകയായിരുന്നു പോലീസ്.
ആഗസ്ത് ഒമ്പതിന് പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കോളജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു.
കേസില്‍ പ്രതിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് കേസ് സിബിഐക്ക് വിട്ടു. 14 മുതല്‍ കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.
ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ദിവസങ്ങളായി സമരത്തിലാണ്. കൊല്‍ക്കത്തയിലും ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുകയാണ്.
ഇതിനിടെ പ്രതിഷേധ നാടകവുമായി മമതാ ബാനര്‍ജിയും തെരുവിലിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: