അഭിവന്ദ്യനായ പ്രൊഫ.സി.ജി.രാജഗോപാല്‍ സാര്‍ തന്റെ കര്‍മ്മനിരതമായ ജീവിതം പൂര്‍ത്തിയാക്കി നമ്മെ വിട്ടുപോയിരിക്കുന്നു. അടുത്തിടപഴകാന്‍ അവസരം ലഭിച്ചവരുടെ മനസ്സില്‍ മായാത്ത മുദ്ര പതിച്ചിട്ടാണ് ആ മഹാമനീഷി കാലയവനികയ്ക്കുള്ളിലേക്ക് പിന്‍വലിഞ്ഞത്. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരേയും തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് അദ്ദേഹം നടന്നു തീര്‍ത്ത ദൂരം ഏറെയാണ്. അദ്ധ്യാപകനായും ഭാഷാപണ്ഡിതനായും സാംസ്കാരിക പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശകനായും കഥകളിയുടെ ആസ്വാദകനായും തിളങ്ങിനിന്ന ആ ജീവിതം ഓരോ മേഖലയിലും അദ്ദേഹത്തോടടുത്തു നിന്നവര്‍ക്കെല്ലാം മധുരാനുഭൂതി പകര്‍ന്നു നല്‍കുന്നതായിരുന്നു.
പ്രൊഫ. രാജഗോപാല്‍ സാര്‍ ആദ്യന്തം ഒരു തികഞ്ഞ കവിയായിരുന്നു. അത്തരത്തില്‍ അദ്ദേഹം ഒരു ഋഷിതന്നെയായിരുന്നു. നാദത്രയം എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതയും ഇത് സാക്ഷ്യപ്പെടുത്തുന്നു. ഉത്തമകവിത സഹൃദയന്റെ ഹൃദയത്തിനുള്ളിലേക്ക് സ്വയമേവ കടന്നു ചെല്ലുന്നു എന്നതാണ് അനുഭവം. ഈ കവിതാ സമാഹാരത്തിലെ പതിനാലു കവിതകളും ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു. യാതൊരു കരടും മറവും കൂടാതെ ഉള്ളിലേക്ക് നേരിട്ട് ഊര്‍ന്നിറങ്ങുകയും, അന്തരംഗത്തെ ഭാവതരംഗിതമാക്കുകയും ചെയ്യുന്നവയാണ് എല്ലാ കവിതകളും. ഈ കൃതിയുടെ ആമുഖത്തില്‍ അദ്ദേഹം ജന്മവാസനയില്ലാത്തൊരാള്ക്ക് ഒരിക്കലും ഒരു നല്ല കവിയാവാനാവില്ല എന്ന സത്യം വിളിച്ചു പറയുന്നുണ്ട്. മറ്റ് മേഖലകളിലൂടെയൊക്കെ സഞ്ചരിക്കാന്‍ ശ്രമിച്ചെങ്കിലും സ്വധര്‍മ്മമായി ലഭിച്ച കാവ്യമേഖലയില്‍ മടങ്ങിയെത്തിയപ്പോഴാണ് തനിക്ക് ആത്മസംതൃപ്തി ഉണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ട് അദ്ദേഹം കവികളോടായി കവിതയെ അല്‍പ്പം ഗൗരവബുദ്ധിയോടു കൂടി കാണണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. അതിനായി തപസ്സില്‍ അഥവാ ഏകാഗ്രമായ ധ്യാനത്തിലൂടെ കവിതയെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ധരിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്.
ഈ വഴിയിലൂടെയുള്ള യാത്രയില്‍ തന്നെയാണ് ഒരു നിയോഗം പോലെ അദ്ദേഹം ഗോസ്വാമി തുളസിദാസിന്റെ ശ്രീരാമചരിതമാനസത്തിലെത്തിയത്. സമ്പൂര്‍ണമായും ഭക്തിമയമായ ഭാവത്തില്‍ യാതൊരു കളങ്കവും ആരോപിക്കാനില്ലാത്ത ഒരു രാമനെയാണ് തുളസീദാസ് വായനക്കാരുടെ മുന്പില് അവതരിപ്പിച്ചിട്ടുള്ളത്. ആ കൃതിയില്‍ രാജഗോപാല്‍ സാര്‍ കണ്ടറിഞ്ഞതും അനുഭവിച്ചതും അതേ ഭാവതലത്തില്‍ തന്നെയാണ് മലയാളിയുടെ ഹൃദയത്തിലേക്ക് പകര്‍ന്നു തന്നത്. സരളമധുരമായ ഭാഷയില്‍ അദ്ദേഹത്തിന്റെ രചന കണ്ടാല്‍ ഇത് വിവര്‍ത്തനമല്ല സ്വന്തം രചനയാണെന്ന് തന്നെയാണ് തോന്നുക. അതില്‍ അദ്ദേഹത്തിന്റെ സഹജമായ കാവ്യസിദ്ധിയുടെ ഉജ്വലമായ തിളക്കം കാണാം.
സാംസ്കാരിക പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശി എന്ന നിലയില്‍ അദ്ദേഹം സഹപ്രവര്ത്തകരോടിടപെടുന്ന രീതി ഹൃദ്യമാണ്. വലുപ്പചെറുപ്പമില്ലാതെ ഏതൊരാളോടും സൗമ്യമായി പെരുമാറുമായിരുന്നു. അപാരമായ അറിവിന്റെ നിറകുടമായിരുന്നെങ്കിലും ഏതൊരു കാര്യത്തിലുമുള്ള അഭിപ്രായം സമഭാവനയോടെ പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. സ്വഭവനം തന്നെ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരുടെ സംഗമവേദിയാക്കുന്നതില് സംതൃപ്തനായിരുന്നു. തപസ്യ കലാ സാഹിത്യ വേദിയുടെ പല യോഗങ്ങളും അവിടെ നടന്നതില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിഥികളായെത്തുന്നവരെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും, ആതിഥ്യമര്യാദയുടെ പൂര്‍ണതയോടെ ഇടപെടുകയും ചെയ്യുമായിരുന്നു.
എല്ലാ അര്‍ത്ഥത്തിലും സംസ്കാര സമ്പന്നനായ ആ ഗുരുവര്യന് പകരംവയ്ക്കാനില്ലാത്ത ഉത്തമ വ്യക്തിത്വത്തിനുടമയായിരുന്നു. അപൂര്‍വ്വമായി ലഭിക്കുന്ന അത്തരം സൗഹൃദങ്ങളില്‍ നിന്നും ലഭിച്ചിരുന്ന ആത്മാനുഭൂതി ഓരോരുത്തര്‍ക്കും അപാരമായ ആത്മവീര്യം പകര്‍ന്നു കിട്ടുന്നതായിരുന്നു. പലപ്പോഴും തലസ്ഥാന നഗരിയുടെ ഹൃദയത്തിലൂടെ ഏറെ ദൂരം കാല്‍നടയായി യാത്ര പോകുന്നതു കാണാമായിരുന്നു. എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുകയാണെങ്കില്‍ കൂട്ടത്തിലുള്ള ഓരോരുത്തരേയും കുറിച്ച് നടത്തുന്ന കുശലാന്വേഷണത്തില്‍ നിന്നും അദ്ദേഹം കൂടെയുള്ളവരെക്കുറിച്ച് എത്രമാത്രം കരുതലും സ്നേഹവും ഉള്ള ഒരാളാണെന്ന് ബോധ്യമാവുമായിരുന്നു.
അവസാനമായി കണ്ട സന്ദര്‍ഭത്തില്‍ സാഹിത്യത്തില്‍ പ്രത്യേകിച്ച് കവിതയില്‍ ഉള്ള താല്പര്യം അറിയിച്ചപ്പോള്‍ ആ മുഖത്ത് തെളിഞ്ഞു കണ്ട സന്തോഷം അളവറ്റതായിരുന്നു. സ്വാര്‍ത്ഥത ലേശം പോലുമേല്ക്കാത്ത നിഷ്കളങ്കനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ദീര്‍ഘകാലം അടുത്തറിയാന്‍ കഴിഞ്ഞതില്‍ നിന്നും മനസ്സിലാക്കാനായിട്ടുണ്ട്.
മാതൃകാപരമായ ഉദാത്ത ജീവിതം ജീവിച്ചുകഴിഞ്ഞ് കാലയവനികയ്ക്കുള്ളിലേക്ക് മടങ്ങിപ്പോയ ആ പുണ്യാത്മാവിന്റെ ഋഷിതുല്യമായ ധന്യ ജീവിതം അടുത്തറിയാന്‍ കഴിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു. ആ പുണ്യാത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
(കവിയും നോവലിസ്റ്റും തപസ്യ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: