മൃതിയുടെ ചിറകുകുടഞ്ഞും
നഖമാഴ്ത്തിയും
ക്ഷുഭിതവര്ഷം പിഴുത
മണ്ണിന്ധമനികള്
കത്തുന്ന കൊമ്പുകുലുക്കി
ചീറിപ്പാഞ്ഞു കുത്തിയെടുക്കാന്‍
കുതിക്കുന്ന രൗദ്രങ്ങള്‍
കൊള്ളിയാന്‍ പോലെയടര്ന്ന്
അതിദ്രുതം മണ്ണില്‍
വീണുചിതറും നടുക്കങ്ങള്‍
നേര്‍ത്ത ഹൃദ്സ്പന്ദനം
മണ്ണില്‍ പുതയവെ
അന്ത്യവിലാപങ്ങള്‍
ശീതമായുറയവെ
ഉരുള്പാഞ്ഞ വഴികളൊ –
ടുങ്ങുന്നു മൃതിയതില്
ഹൃദയശിഖരങ്ങളിലശനി –
പാതങ്ങള്‍ വീഴുന്നു
മൃതിയുടെ വഴുക്കും വിളനിലങ്ങള്‍
കണ്ടു മിഴികളില്‍ നിന്നു –
മൊരുരുള് പൊട്ടിപ്പായുന്നു
മഹാകാലം കളിമണ്ണൂ മൂടിപ്പുതച്ചു
വിമൂകമാമൊരു ധ്യാനനിദ്രയിലമരുന്നു.
കബന്ധങ്ങളില്‍ കാല്വിരല്തട്ടി –
നിലതെറ്റി വീണെത്ര പേക്കിനാ –
യാമങ്ങള്‍, കരള്‍ മാന്തി –
യലറിക്കടന്നുപോയ് പകലുകള്‍ രാത്രികള്‍
ഒടുവിലീ ചിങ്ങപ്പടിപ്പുരവാതിലി –
ലൊഴുകി ഞാനെത്തിയെന്നോ
പാതിജീവനായ്!
കാലമേയിനിയും പതിഞ്ഞു പാടൂ
അതിജീവനരാഗങ്ങളുയിരില്
തളിര്‍ക്കട്ടെ, ആനന്ദം
നൂറുമൊട്ടായ് വിടരട്ടെ
നാമൊരു പൂവട്ടിപോ, ലതില്‍
നിറയണം സുരഭിയാം നൂറു
കിനാവിന്റെയിതളുകള്
പ്രാണനില്‍ വാനം തൊട്ടിനിയു-
മൂഞ്ഞാല്പ്പാട്ട് പാടട്ടെ കുയില്‍പ്പാട്ടു
കരളില്‍ വസന്തര്‍ത്തു.
പാടാതിരിക്കുവതെങ്ങനെ
നിങ്ങള്‍ക്കായ്
പാതിവെന്തജീവനു-
ണര്‍ന്നു കൈനീട്ടവെ
പ്രിയരെ നീലനയനങ്ങളില്‍ താരം
ചിരിയായ് പൂത്തിറങ്ങിയാലത് ഓണം
ഭീതരാവിന്നിരുള്മാളത്തിലമ്പിളി
പലതായ്ചിതറിനിറഞ്ഞാലതും ഓണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: