ആദ്യത്തെ ശ്രീരാമപട്ടാഭിഷേകത്തിനായുള്ള തീരുമാനവേളയില്‍ വൃദ്ധനായ ദശരഥ മഹാരാജാവ്, തന്റെ സീമന്തപുത്രന്‍ ആരെന്നും അവതാരോദ്ദേശ്യമെന്തെന്നും തിരിച്ചറിയുന്നു. തന്റെ പുത്രന്റെ മൂല്യഗുണങ്ങളേയും അപദാനങ്ങളെയും ഓര്‍ത്ത് സന്തോഷിക്കുന്ന ഭാഗം അയോദ്ധ്യാകാണ്ഡത്തില്‍ (വാല്മീകി രാമായണം) സര്‍ഗ്ഗം ഒന്നില്‍ പ്രതിപാദിക്കുന്നു. കൂടാതെ സര്‍ഗ്ഗം രണ്ടില്‍ ‘രാമാഭിഷേകാനുമോദനം’ എന്ന ശീര്‍ഷകത്തില്‍, പ്രജകളുടെ അഭിപ്രായങ്ങളും ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍ സുന്ദരന്‍, വീര്യമിയന്നവന്‍, അസൂയലവലേശമില്ലാത്തവന്‍, മൃദുഭാഷി, വൃദ്ധരോടും (ശീലം, ജ്ഞാനം, വയസ്സ് ഇവകളാല്‍) സജ്ജനങ്ങളോടും സരസസംഭാഷണം, മധുരമായ വാക്ക്, ലോകൈക വീരന്‍, അഹങ്കാരമില്ലാത്തവന്‍, അമേയബുദ്ധിമാന്‍, അസത്യം ഓതാത്തവന്‍, കാരുണ്യം, ക്ഷമ, ശാന്തത, കരുണ എന്നിവയുള്ളവന്‍ ധര്‍മ്മജ്ഞന്‍, ക്ഷത്രിയ ധര്‍മ്മാനുഷ്ഠാനി, വീര്യവാന്‍, യുക്തി-യുക്തമായി സംസാരിക്കുന്നവന്‍, അരോഗദൃഢഗാത്രന്‍, വേദ-വേദാംഗ, കല-സംഗീത-ശാസ്ത്ര-ശസ്ത്രജ്ഞാനി, ധര്‍മ്മം, അര്‍ത്ഥം, കാമം ഇവകളുടെ സാരാംശം അറിയുന്നവന്‍, ഭക്തിയും അചഞ്ചല മനസ്സും ഉള്ളവന്‍, സമയബന്ധിതമായി ധനം സ്വരൂപിച്ച് ചെലവഴിക്കാന്‍ കഴിവുള്ളവന്‍, അലസത, മുന്‍കോപം, പരനിന്ദ, ഗര്‍വ്വ്, ദേഷ്യം ഇവയൊന്നും തീണ്ടാത്തവന്‍, യുക്തി യുക്തമായ ചിന്തയും വാദവും ഉള്ളവന്‍ എന്നാല്‍ വീരശൂരപരാക്രമി, ലോകക്ഷേമമനുസരിച്ച് ഹിതം കൊടുക്കുന്നവന്‍… ഈ ഗുണങ്ങളെല്ലാം അയോദ്ധ്യാവാസികളുടെ അഭിപ്രായങ്ങളായിട്ടാണ് വാല്മീകി രാമായണത്തില്‍ പ്രതിപാദിക്കുന്നത്.
മഹാരാജാവിന് തന്റെ പിന്‍ഗാമിയായി രഘുവരനെ നിശ്ചയിക്കാമെന്ന കീഴ്‌വഴക്കം നിലനില്‍ക്കെ പ്രജാനുവാദവും അഭിപ്രായവും അനിവാര്യമെന്ന് തെളിയിക്കുന്ന ആശയങ്ങളാണ് ഇവിടെ പ്രതിഫലിക്കുന്നത്. ആധുനിക ജനാധിപത്യത്തിന്റെ തത്തുല്യമായ മറ്റൊരു രീതിയല്ലേ ഇവിടെ കാണാവുന്നത്? ഇത്രയധികം മൂല്യഗണങ്ങളുള്ള രാജാവ് ഭരിക്കുന്ന രാജ്യം, സ്ഥിതി സമത്വപൂരിതമായിരിക്കുമെന്ന് സംശയമില്ല.
രാവണ നിഗ്രഹവും സീതാസ്വീകാര്യതയും കഴിഞ്ഞ്, അയോദ്ധ്യ പ്രവേശനവും അഭിഷേകവും നടക്കുന്നു. അധ്യാത്മ രാമായണത്തില്‍ യുദ്ധകാണ്ഡമവസാനം ‘ശ്രീരാമന്റെ രാജ്യഭാരഫലം’ എന്ന ശീര്‍ഷകത്തില്‍ എഴുത്തച്ഛന്റെ വിവരണം ‘സ്ഥിതി സമത്വം’ (സോഷ്യലിസം) എന്ന ആശയത്തെ പ്രോജ്ജ്വലിപ്പിക്കുന്നതായി കാണാം. ശ്രീരാമചന്ദ്രന്റെ രാജ്യാഭിഷേകം കഴിഞ്ഞതോടെ അയോദ്ധ്യാ രാജ്യത്തെ പ്രജകള്‍ മുഴുവനും സൗഖ്യം ഏറുകയും, സ്ത്രീവൈധ്യവ്യ ദുഃഖം ഇല്ലായ്ക, വ്യാധി-ഭയം ഇവ ആര്‍ക്കുമില്ലായ്ക, സസ്യ-ശ്യാമള ശബളമായ ഭൂമി, ബാലമരണമില്ലായ്ക, വേണ്ട കാലങ്ങളില്‍ മഴ പെയ്യുന്ന രീതി, ഓരോ വര്‍ണ്ണാശ്രമങ്ങളില്‍ ഉള്ളവര്‍ അവരവരുടെ കര്‍മ-ധര്‍മങ്ങളില്‍ ബദ്ധശ്രദ്ധരായി ജീവിക്കുക, എല്ലാവരും പരസ്പരം അനുകമ്പയുള്ള മനസ്സിന്റെ ഉടമകളാവുക, നല്ല ചിന്ത, മറ്റുള്ളവരുടെ സ്വത്തിലോ പരസത്രീകളിലോ യാതൊരു താല്‍പ്പര്യവുമില്ലായ്മ, ഇന്ദ്രിയ നിയന്ത്രണത്തിന് സ്വയം വിധേയരായ ജനത, പരസ്പരം നിന്ദയില്ലായ്മ, പിതാവ് പുത്രീ-പുത്രരെ രക്ഷിക്കുന്നതുപോലെ, പ്രജകളെ രക്ഷിക്കുന്ന രാജാവാണ് അയോധ്യ വാഴുന്നത്. ജനങ്ങള്‍ക്ക് ഇതില്‍പ്പരം ഐശ്വര്യം എന്ത് വേണം?
മനുഷ്യനും പ്രപഞ്ചവും പരസ്പരം ആശ്ലേഷിച്ച് ജീവിക്കുന്ന ജനതതി, ഐശ്വര്യവും സമൃദ്ധിയും എല്ലാവര്‍ക്കും ഒരേപോലെ ഉറപ്പുവരുത്തുന്ന സാമൂഹ്യഘടന ധര്‍മ്മബോധത്തിലൂന്നിയ രാജാവും പ്രജകളും ഇവയെല്ലാം പറയുന്നത് ‘സ്ഥിതി സമത്വം’ (സോഷ്യലിസം) അല്ലേ? ഈ സങ്കല്‍പ്പങ്ങളെയൊക്കെ അന്യമാക്കുന്നതും, അബദ്ധജടിലവുമായ വിദ്യാഭ്യാസ പദ്ധതിയാണ് നമ്മുടെ ശാപം. രാമായണമാസാചരണം യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനും അതനുസരിച്ച് നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കാനുമുള്ള അവസരവും ആവുമ്പോഴാണ് നാം ആത്മനിര്‍ഭരരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: