”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നതാണ് ഭാരതത്തിന്റെ ആപ്തവാക്യം. ഈ ഭൂമിയിലെ സകല ജീവജാലങ്ങളും സുഖത്തോടെയിരിക്കണം എന്നാണ് നമ്മുടെ ആഗ്രഹം. അതിനാല്‍ത്തന്നെ ഏത് രാജ്യത്തും സ്ഥിരതയുള്ള ഭരണവും ജനക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും എന്നതാണ് ഭാരതത്തിന്റെ താല്പര്യം. ഒരു രാജ്യത്തെയും അസ്ഥിരപ്പെടുത്താനോ ആരുടെയെങ്കിലും അഖണ്ഡതയെ ചോദ്യം ചെയ്യാനോ നാം തയ്യാറാവാറില്ല.
ദൗര്‍ഭാഗ്യവശാല്‍ പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ അയല്പക്കം അസ്വസ്ഥമാണ്. ദക്ഷിണേഷ്യയില്‍, പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെ കാര്യങ്ങള്‍ അത്ര ആശാസ്യമല്ല എന്ന് വിവിധ രാജ്യങ്ങളിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. മ്യാന്മറില് ആഭ്യന്തര കലാപം നടക്കുകയാണ്. നേപ്പാളില്‍ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പാസാവുന്നു. ശ്രീലങ്കയില്‍ നടന്ന കലാപവും അട്ടിമറിയും നമ്മെ ഞെട്ടിച്ചു. പാകിസ്ഥാനില്‍ സൈനിക ആസ്ഥാനം പോലും ജനങ്ങള്‍ ആക്രമിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചു. ഏറ്റവുമൊടുവില്‍ ബംഗ്ലാദേശില്‍, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് അവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നിരിക്കുന്നു.
ഇതെല്ലാം നടക്കുമ്പോഴും 140 കോടി ജനങ്ങളുള്ള, വ്യത്യസ്ത ഭാഷയും സംസ്കാരവും മതവും ജാതിയുമുള്ള നമ്മുടെ ഭാരതം, നരേന്ദ്രമോദി എന്ന ജനപ്രിയ നേതാവിന് കീഴില്‍ ശാന്തമായി, സുസ്ഥിരമായി വികസനപാതയില്‍ മുന്നോട്ട് പോകുന്നു. രൂപീകരിക്കപ്പെട്ട് എഴുപത്തിയെട്ട് വര്‍ഷമാകുമ്പോഴും രാജ്യത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളിയാകുന്ന ആഭ്യന്തര കലാപങ്ങള്‍ ഇല്ലാത്തത് ഇവിടുത്തെ ഭൂരിപക്ഷ സമുദായം സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റേയും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതിനാലാണ്. അതില്‍ നമുക്ക് അഭിമാനിക്കാം. പക്ഷേ അത് പറയുമ്പോഴും അസ്വസ്ഥമായ അയല്പക്കത്തെ സംഭവങ്ങള്‍ നമ്മെ ഒട്ടും സന്തോഷിപ്പിക്കുന്നതല്ല.
ബംഗ്ലാദേശിലെ സംഭവങ്ങള്‍ വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ്. കലാപത്തെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ചും ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളാണ് ഏറ്റവും ഗൗരവതരം. ഇരുനൂറിലേറെ അക്രമസംഭവങ്ങളാണ് ഇതുവരെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്നത്. 52 ജില്ലകള്‍ ആക്രമിക്കപ്പെട്ടു എന്നാണ് ഹിന്ദു സംഘടനകളുടെ കണക്ക്. ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു.
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ് എന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അവരുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് തന്നെ ഈ അക്രമങ്ങളെ അപലപിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ വിശ്വാസികള്‍ക്ക് മേല്‍ നടക്കുന്നത് ഹീനമായ ആക്രമണമാണെന്നും അതില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ ഹിന്ദു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചു. ഇതിനര്‍ത്ഥം ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട് എന്നാണ്.
എന്നാല്‍ ഹിന്ദു പീഡനം ബംഗ്ലാദേശ് സര്‍ക്കാര്‍ തന്നെ ഏറ്റുപറഞ്ഞാലും ഭാരതത്തിലെ പ്രതിപക്ഷവും ഇടതുപക്ഷ മാധ്യമങ്ങളും അത് യാഥാര്‍ഥ്യമെന്ന് അംഗീകരിക്കുകയോ കണ്ടതായി നടിക്കുകയോ ഇല്ല. പാഞ്ച്ഗാര് ജില്ലയിലെ രണ്ട് ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങള്‍ക്ക് തീയിട്ടത് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാ മാധ്യമങ്ങളോ ദേശീയദിനപത്രങ്ങളോ ഇത് റിപ്പോര്‍ട്ട് ചെയ്തില്ല. മറിച്ച് മുസ്ലീം ഭൂരിപക്ഷ മേഖലയിലായിരുന്നു ആക്രമണമെങ്കില്‍ പത്രങ്ങളുടെ ഒന്നാം പേജ് വാര്‍ത്തയാകുമായിരുന്നു.
ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന്റെ പേരില്‍ വയനാട് ഉരുള്‍പൊട്ടലിന്റെ തൊട്ടു പിറ്റേന്ന് കോഴിക്കോട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മണിപ്പൂരിലെ ഗോത്രവര്‍ഗ കലാപത്തിന്റെ പേരില്‍ കേരളത്തില്‍ പ്രതിഷേധങ്ങള്‍ നടക്കാത്തയിടങ്ങളില്ല. എന്നാല്‍ അതിഹീനമായ പീഡനത്തിനിരയാകുന്ന ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കായി ആരും ശബ്ദിച്ചു കണ്ടില്ല. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനും അവിടെ കൊല്ലപ്പെട്ടു. എഡിറ്റേഴ്സ് ഗില്‍ഡ് മുതല്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് വരെയുള്ളവര്‍ മൗനത്തിലാണ്.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമി ആണെന്നതാണ് പ്രതിപക്ഷത്തിന്റേയും മാധ്യമങ്ങളുടെയും മൗനത്തിന് കാരണം. വിദ്യാര്‍ഥി പ്രക്ഷോഭമായാണ് കലാപം തുടങ്ങിയതെങ്കിലും പിന്നീടത് ജമാ അത്തെ ഇസ്ലാമി ഏറ്റെടുത്തു എന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രമതവിശ്വാസങ്ങള്ക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ആ പ്രസ്ഥാനത്തിന്റെ വെബ് സൈറ്റ് തന്നെ പറയുന്നത് ”ശരിയത്ത് നിയമം പ്രാവര്‍ത്തികമാക്കുകയാണ്” പ്രവര്‍ത്തന ലക്ഷ്യം എന്നാണ്. മതരാഷ്ട്രവാദത്തിനായി നിലകൊള്ളുന്നവര്‍ കലാപത്തിന്റെ ഭാഗമായാല്‍ ന്യൂനപക്ഷ പീഡനം ഉറപ്പാണ്.
ബാംഗ്ലാദേശ് വിമോചന സമരത്തില്‍ മാതൃരാജ്യത്തെ ഒറ്റുകൊടുത്തവരാണ് ജമാ അത്തെ ഇസ്ലാമി. പാകിസ്ഥാന് സൈന്യത്തിനൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍. വിമോചനസമരത്തെ തോല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബലാത്സംഗം ആയുധമാക്കിയ നീചന്മാരാണ് ഇക്കൂട്ടര്‍. ജമാ അത്തിന്റെ പോഷകസംഘടനയായ ‘റസാകാര്‍ സേന’ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. റസാകാര്‍ സേനയുടെ സ്ഥാപകന്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രധാനിയായ എ.കെ.എം യൂസുഫ് ആയിരുന്നു.
ലക്ഷക്കണക്കിന് ഹിന്ദു സ്ത്രീകളും പെണ്‍കുട്ടികളുമാണ് ബംഗ്ലാദേശ് വിമോചനസമരകാലത്ത് ബലാത്സംഗത്തിന് ഇരയായത്. അന്നത്തെ ക്രൂരതകള്‍ പഠിച്ച ബിനാ ഡികോസ്റ്റയെപ്പോലുള്ളവര് പറയുന്നത് ഹിന്ദു സ്ത്രീകളെ ഇമാമുമാര്‍ ”പൊതുമുതല്‍” എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്നാണ്. പാകിസ്ഥാനി സൈനികര്‍ക്കും അവരുടെ സഹായികള്‍ക്കും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യാനായി മാത്രം പ്രത്യേക ക്യാമ്പുകള്‍ പോലും പ്രവര്‍ത്തിച്ചു. റസാകാര്‍ മാത്രമല്ല, അല്‍ ഷാംസ്, അല്‍ ബാദര്‍ ഇങ്ങനെ പല രൂപത്തില്‍ ജമാ അത്ത് ഹിന്ദു വിരുദ്ധ നീക്കങ്ങള്‍ നടത്തി. അന്ന് പീഡനത്തിനിരകളായ സ്ത്രീകള്‍ക്ക് പിന്നീട് മുജീബുര്‍ റഹ്മാന് സര്‍ക്കാര്‍ ”വീരാഗംന” പദവി കൊടുത്തു.
ബംഗ്ലാദേശ് വിമോചന സമരശേഷം ഷേക്ക് മുജീബുര്‍ റഹ്മാന്, ജമാ അത്തിനെ ആ രാജ്യത്ത് നിരോധിച്ചു. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളായിരുന്നു കാരണം. ഇടക്കാലത്ത് സജീവമായ ജമാഅത്തെ ഇസ്ലാമിയെയും അവരുടെ വിദ്യാര്‍ത്ഥി വിഭാഗത്തെയും ( ഛാത്ര ശിബിര്‍) 2013ല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. വിധ്വംസക ശക്തികളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.
ലോകത്ത് എവിടെയും മതഭീകരതയോട് ഐക്യപ്പെടുന്നവരാണ് ജമാ അത്തെ ഇസ്ലാമി. അവരുടെ മുഖപത്രമായ ‘മാധ്യമ’ത്തിന്റെ നിലപാടുകള്ത്തന്നെ ഇത് വ്യക്തമാക്കുന്നു. അഫ്ഗാന് പ്രസിഡന്റ് മുഹമ്മദ് നജീബുള്ളയെ കൊന്ന് വിളക്കുകാലില്‍ കെട്ടിത്തൂക്കിയതിനെ ”താലിബാന് വിസ്മയം” എന്ന് ( 1996 സെപ്റ്റംബര്‍) തലക്കെട്ട് കൊടുത്ത മാധ്യമം, താലിബാന്റെ രണ്ടാം വരവിനെ ”സ്വതന്ത്രമായി അഫ്ഗാനിസ്ഥാന്” എന്നാണ് വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ സാധാരണ ജനം പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുന്ന കാഴ്ച ലോകം കാണുമ്പോഴായിരുന്നു ഈ തലക്കെട്ട് .
ഹമാസ്, ഐസിസ്, താലിബാന് തുടങ്ങിയ മതഭീകരപ്രസ്ഥാനങ്ങളുടെ അതേ പ്രത്യയശാസ്ത്രമാണ് ജമാ അത്തെ ഇസ്ലാമിയുടേത്. സിറിയയില്‍ ന്യൂനപക്ഷമായ യസീദികളെയും ക്രിസ്ത്യാനികളെയും കൂട്ടക്കുരുതി ചെയ്ത ഐസിസ്, സ്ത്രീകളെയും കൊച്ചു പെണ്‍കുട്ടികളെയും പോലും ലൈംഗിക അടിമകളാക്കി. ഇസ്രയേലി പെണ്‍കുട്ടികളെ പരസ്യമായി ബലാത്സംഗം ചെയ്തു കൊന്ന ഹമാസ് ക്രൂരത ലോകം കണ്ടു. അതേ പാത പിന്തുടരുന്ന ജമാ അത്തെ ഇസ്ലാമി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ സജീവമായി തിരിച്ചെത്തുന്നത് വെല്ലുവിളിയാകുന്നത് ഹിന്ദുക്കള്‍ക്കാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.
പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലും വലിയ പീഡനത്തിന് ഇരയാവുന്നവരാണ് ഹിന്ദു ന്യൂനപക്ഷം. ഇവിടങ്ങളിലെല്ലാം ഹിന്ദു സമൂഹത്തിന്റെ എണ്ണത്തില്‍ വരുന്ന കുറവ് നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാവും. 1951 ല്‍ ബംഗ്ലാദേശ് ജനസംഖ്യയുടെ ( അന്ന് കിഴക്കന്‍ പാകിസ്ഥാന്) 22ശതമാനം ഹിന്ദുക്കളായിരുന്നെങ്കില്‍ 2022ലെ സെന്‍സസ് അനുസരിച്ച് വെറും 8ശതമാനമാണ് ഹിന്ദുക്കള്‍. ഹിന്ദു ജനസംഖ്യയില്‍ വലിയ ഇടിവുണ്ടായത് 1941 മുതല്‍ 1974 വരെയാണ്. അതായത് പാകിസ്ഥാന്റെ ഭാഗമായിരുന്ന കാലത്ത്. അതേസമയം ഇതേ മേഖലയില്‍ മുസ്ലീം ജനസംഖ്യ 1941 ലെ 2.95 കോടിയില്‍ നിന്ന് 2001 ആയപ്പോള്‍ 11 കോടിയായി ഉയര്‍ന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായെങ്കില്‍ ഭാരതത്തില്‍ തിരിച്ചാണ് കാര്യങ്ങള്‍. 1950 മായി താരതമ്യം ചെയ്യുമ്പോള്‍ 2015ലെ കണക്കനുസരിച്ച് ഭാരതത്തിലെ മുസ്ലീം ജനസംഖ്യയില്‍ 43.15 ശതമാനം വര്‍ധനയാണുണ്ടായത്. മതപീഡനം മൂലമുള്ള കൂട്ട പലായനമാണ് ബംഗ്ലാദേശി ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടായ ഇടിവിന് മുഖ്യകാരണമെന്ന് പഠനങ്ങള്‍ പറയുന്നു.
തൊട്ടയല്‍ രാജ്യത്ത് ഇത്രയും ഗുരുതരമായ സാഹചര്യം നിലനില്ക്കുമ്പോള് ഭാരതത്തിലെ പ്രതിപക്ഷം പുലര്‍ത്തുന്നത് കുറ്റകരമായ മൗനമാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശപ്പോരാളിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളെക്കുറിച്ച് മിണ്ടിയിട്ടില്ല. ന്യൂനപക്ഷ സംരക്ഷണത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്ത പിണറായി വിജയനും ബംഗ്ലാദേശി ഹിന്ദുക്കളുടെ നിലവിളി കേട്ടതായി നടിക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളായാല്‍ രാഹുലും പിണറായി വിജയനും മൗനി ബാബകളാവും. അമ്പലങ്ങളുടെയും നാട്ടുകാരുടെയും സ്വത്തുവകകള്‍ കയ്യേറുന്ന വഖഫ് ബോര്‍ഡിനെ നിയന്ത്രിക്കാന്‍ നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് അതിനെ വിശേഷിപ്പിച്ചത് ന്യൂനപക്ഷങ്ങളുടെ മേലുള്ള അതിക്രമം എന്നാണ്. എന്നാല്‍ ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമെല്ലാം തലമുറകളായി ഹിന്ദുന്യൂനപക്ഷങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് അവരെ അവിടെ നിന്ന് ആട്ടിപ്പായിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന് ഒന്നും പറയാനില്ല.
അഫ്ഗാനിസ്ഥാനിലും ഹിന്ദു സിഖ് ന്യൂനപക്ഷങ്ങള്‍ വലിയ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. 1980ല്‍ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ഹിന്ദു-സിഖ് കുടുംബങ്ങളുണ്ടായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇനി അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. 2021ല്‍ ഭാരത സര്‍ക്കാര്‍ നടത്തിയ ”ഓപ്പറേഷന് ദേവിശക്തി”യുടെ ഭാഗമായി ഇവിടെയെത്തിയ 206 അഫ്ഗാന് പൗരന്മാര് ഹിന്ദു-സിഖ് വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവരെല്ലാവരും തന്നെ ഭാരത പൗരത്വം ആഗ്രഹിക്കുന്നവരാണ്.
അയല്പക്കത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം ഒന്നിച്ച് നിന്ന് അതിനെ എതിര്‍ത്തു. കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തത്. വാസ്തവത്തില്‍, മതത്തിന്റെ പേരില്‍ കൊല്ലിനും കൊലയ്ക്കും ബലാത്സംഗത്തിനും ഇരയാവുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ കിരണമാണ് പൗരത്വഭേദഗതി നിയമം.
എന്നാല്‍ സനാതനധര്‍മ പാതയില്‍ ജീവിക്കുന്നതിന്റെ പേരില്‍ പീഡനമനുഭവിക്കുന്നവരെ ഇവിടെ കയറ്റരുത് എന്ന നിലപാടാണ് പ്രതിപക്ഷപാര്‍ട്ടികളും ഇസ്മാമിക തീവ്രവാദികളും എടുത്തത്. അഭയാര്‍ഥികളായി ഇവിടെ വന്നിട്ടുള്ള ഹിന്ദുക്കളടക്കമുള്ളവര്ക്ക് പൗരത്വം നല്‍കുന്നതിനെതിരെ നിരന്തരം കോടതിയെ സമീപിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. ന്യൂനപക്ഷ അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഇല്ലേ എന്നാണ് രാഹുലും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കേണ്ടത്. മതവിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന സകലമനുഷ്യര്‍ക്കും അഭയം നല്കാന് ഭാരതത്തിനാകണം. ”ഏകം സദ് വിപ്രാ ബഹുധാ വദന്തി” (ജ്ഞാനികള്‍ സത്യത്തെ പല രൂപത്തില്‍ കണ്ടാലും എല്ലാം ഒന്നുതന്നെ) എന്ന് വിശ്വസിക്കുന്ന നമുക്ക് പീഡയനുഭവിക്കുന്ന ബംഗ്ലാദേശി സഹോദരങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
(മുന്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: