കിളിമാനൂര്‍: ആവേശവും ആത്മവിശ്വാസവുമായി മന് കീ ബാത്ത് വിജയികള്‍ ദില്ലിയില്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നും 23 കുട്ടികള്‍ക്കാണ് ദില്ലിയില്‍ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പ്രധാന മന്ത്രിയുടെ മന് കീ ബാത്ത് പ്രഭാഷണ പരമ്പരയെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരി മത്സരത്തില്‍ വിജയിച്ചവരാണ് ഈ കുട്ടികള്‍. നെഹ്റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.
മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരവും കുട്ടികളുടെ ദില്ലി യാത്രയും. ഇത് മൂന്നാം തവണയാണ് ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നെഹ്റു യുവകേന്ദ്ര മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ താലൂക്ക് തലത്തില്‍ ഒന്നാം സ്ഥാനം നേടിയവരാണ് കുട്ടികള്‍. എച്ച്എസ് വിഭാഗത്തില്‍ നിന്നും പതിനൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും ഏഴ് കുട്ടികളും കോളജ് വിഭാഗത്തില്‍ നിന്നും അഞ്ചു കുട്ടികളും വിജയിച്ചിരുന്നു. കുട്ടികള്‍ വെള്ളിയാഴ്ചയാണ് ദില്ലിക്ക് പുറപ്പെട്ടത്.
ദില്ലിയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതോടൊപ്പം മന്ത്രിമാരുമായും സംവദിക്കാന്‍ അവസരം ഒരുക്കിയിരുന്നു. ഇന്നലെ കുട്ടികള്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമാനുമായി സംവദിച്ചു. വലിയ ആത്മവിശ്വാസവും പ്രചോദനവുമായി കുട്ടികള്‍ക്ക് ധനകാര്യ മന്ത്രിയുമായുള്ള സംവാദം. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കറുമായും ജോര്‍ജ് കുര്യനുമായും ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായും സംവദിക്കാന്‍ അവസരം ലഭിച്ചിരുന്നു. മന് കീ ബാത്ത് വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴിവയ്ക്കുന്നത് എങ്ങനെയെന്ന് കുട്ടികളോട് കേന്ദ്രമന്ത്രി ഡോ. ജയശങ്കര്‍ വിശദീകരിച്ചിരുന്നു. മന്ത്രിമാരുമായി ഏറെ സമയം അടുത്തിടപഴകാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. കുട്ടികള്‍ ഞായറാഴ്ച രാവിലെ തിരികെയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: