ആലപ്പുഴ: കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച നെല്ലുവില നല്കാതെ സംസ്ഥാന സര്‍ക്കാര്‍ നെല്‍ കര്‍ഷകരെ വഞ്ചിക്കുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി 355.84 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്കാതെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചത്. 2021- 22 സാമ്പത്തിക വര്‍ഷം 53.89 കോടി, 2022-23 വര്‍ഷം 125.75 കോടി, 2023- 24 സാമ്പത്തിക വര്‍ഷം 176.20 കോടി രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കാതെ വെട്ടിക്കുറച്ചത്.
കേന്ദ്രസര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിക്കുന്നതനുസരിച്ച് സംസ്ഥാന വിഹിതം കുറച്ചാണ് കര്‍ഷകരെ ഇടതുസര്‍ക്കാര്‍ ദ്രോഹിക്കുന്നത്. നിലവില്‍ കേന്ദ്രവിഹിതമായ 23 രൂപയും, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിഹിതമായ 8.35 രൂപയും ഉള്‍പ്പടെ 31.35 രൂപയാണ് ഒരു കിലോ നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ 28.20 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൂടാതെ 12 പൈസ കൈകാര്യ ചെലവിനത്തിലും ലഭിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നെല്ലു വില വര്‍ധിപ്പിച്ചപ്പോള്‍ 3.15 രൂപയുടെ കുറവാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയത്.
ഇത്തരത്തില്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷം മാത്രം 355. 84 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കൈവശപ്പെടുത്തിയത്. നടപ്പു വര്‍ഷത്തെ നെല്ല് സംഭരണം കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇത് 500 കോടിയിലേറെയായി വര്‍ധിക്കും. ഒരു ഭാഗത്ത് കര്‍ഷക സ്‌നേഹം പറയുകയും, മറുഭാഗത്ത് ന്യായമായി ലഭിക്കേണ്ട തുക പോലും സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറയ്‌ക്കുകയാണെന്നാണ് വിമര്‍ശനം.
ഇത്തവണ കേന്ദ്രസര്‍ക്കാര്‍ കിലോയ്‌ക്ക് 1.17 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെയാണ് കേന്ദ്രവിഹിതം 23 രൂപയായി വര്‍ധിച്ചത്. നിലവില്‍ നെല്ല് വില ലഭിക്കാന്‍ കര്‍ഷകര്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട ദുരവസ്ഥയാണ്. കേന്ദ്രവിഹിതം മാറ്റി ചെലവഴിക്കുകയും, പണം ചെലവഴിച്ചതിന്റെ വ്യക്തമായ വിവരങ്ങള്‍ യഥാസമയം സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രത്തിന് സമര്‍പ്പിക്കാത്തതുമാണ് പ്രശ്‌നം. എന്നാല്‍ കേന്ദ്രത്തെ പഴിചാരി കര്‍ഷകരെ കബളിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ആലപ്പുഴ ജില്ലയില്‍ മാത്രം നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 97 കോടി രൂപയാണ്. ഇതില്‍ 50 കോടി അനുവദിച്ചതായി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: