ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് മികച്ച മുന്നൊരുക്കങ്ങളുമായി ആലപ്പുഴയുടെ സ്വന്തം ടീം ആലപ്പി റിപ്പിള്‍സ്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍, പരിചയസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യംനല്‍കിയാണ് കളിക്കാരെ ആലപ്പി റിപ്പിള്‍സ് വിളിച്ചെടുത്തത്.
ഐപിഎല്‍ താരമായ മുഹമ്മദ് അസ്ഹറുദ്ദിനെ ടീമിന്റെ ഐക്കണ്‍ താരമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രഞ്ജി ട്രോഫി താരങ്ങളായ ഓള്‍ റൗണ്ടര്‍ അക്ഷയ് ചന്ദ്രന്‍, ഓപ്പണര്‍ കൃഷ്ണ പ്രസാദ്, ഓള്‍റൗണ്ടര്‍ വിനൂപ് മനോഹരന്‍ എന്നിവരേയും ലേലത്തില്‍ സ്വന്തമാക്കി ശക്തമായ സ്‌ക്വാഡിനെ തന്നെയാണ് ആലപ്പി റിപ്പിള്‍സ് ഒരിക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ടീമിന്റെ പരിശീലനം ഹോം ഗ്രൗണ്ടായ ആലപ്പുഴയില്‍ ആരംഭിക്കും. എസ്ഡി കോളേജ് ഗ്രൗണ്ടിലായിരിക്കും ടീം പരിശീലനം നടത്തുക.
ഇവരെ കൂടാതെ, രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ലീഗുകളില്‍ മികച്ച പരിചയസമ്പത്തുള്ള ഫനൂസ് ഫൈസ്, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍ എന്നിവരും അനന്ദ് ജോസഫ്, രോഹന്‍ നായര്‍, നീല്‍ സണ്ണി, അക്ഷയ് ടി കെ, ആസിഫ് അലി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, കിരണ്‍ സാഗര്‍, വിഘ്‌നേഷ് പുത്തൂര്‍, പ്രസൂണ്‍ പി, ഉജ്ജ്വല്‍ കൃഷ്ണ, അക്ഷയ് ശിവ്, അഫ്രാദ് റിഷബ്, അതുല്‍ സൗരി എന്നിവരുമാണ് റിപ്പിള്‍സ് ടീമിലെ മറ്റു അംഗങ്ങള്‍. മുന്‍ ഐപിഎല്‍ ഫാസ്റ്റ് ബൗളര്‍ പ്രശാന്ത് പരമേശ്വരനാണ് ഹെഡ് കോച്ച്.
ഗള്‍ഫ് വ്യവസായി ടി. എസ്. കലാധരന്റെ നേതൃത്വത്തിലുള്ള കണ്‍സോള്‍ ഷിപ്പിങ് സര്‍വീസസിന് പുറമെ റാഫെല്‍ തോമസ്, ഷൈബു മാത്യു, ജിബിത് ജോയ്, നിജി ഇസ്മയില്‍ എന്നിവരാണ് ടീമിന്റെ ഉടമസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: