World

ബംഗ്ലാദേശില്‍ സുപ്രീം കോടതി വളഞ്ഞ് പ്രക്ഷോഭകര്‍, ചീഫ് ജസ്റ്റിസ് ഉബൈദുള്‍ ഹസന്‍ രാജി വച്ചു, ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരങ്ങള്‍

Published by

ധാക്ക: നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റിട്ടും പ്രക്ഷാഭത്തിന് അറുതിയില്ലാതെ ബംഗ്ലാദേശ്. ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതി വളഞ്ഞ വിദ്യാര്‍ഥികളെ ഭയന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുള്‍ ഹസന്‍ രാജി പ്രഖ്യാപിച്ചു.

രാജ്യം വിട്ട് ഇന്ത്യയിലെത്തിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്നയാളാണ് ഉബൈദുള്‍ ഹസന്‍. മുഹമ്മദ് യുനുസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ്, സമ്പൂര്‍ണ കോടതി യോഗം വിളിച്ചതാണ് സുപ്രീം കോടതിയിലേക്ക് പ്രക്ഷോഭകരെത്താന്‍ കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുള്‍ ഹസന്‍ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ആളിയത്.

അതേസമയം ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്നത്.

ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാറുമായി സമിതി ആശയവിനിമയം നടത്തും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക