ന്യൂദല്‍ഹി: ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ബംഗ്ലാദേശിലെ പുതിയ സര്‍ക്കാരിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നതിനൊപ്പം ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് മോദി ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് വേഗത്തില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനും സുരക്ഷയ്‌ക്കും വേണ്ടി ഇരുരാജ്യങ്ങളും യോജിച്ച പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ബംഗ്ലാദേശിലെ അപ്രതീക്ഷിത സ്ഥിതിഗതികളില്‍ അതീവ ജാഗ്രതയോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സുരക്ഷാ സേനകളുമായി ചേര്‍ന്ന് അവിടെയുള്ള ഭാരത പൗരന്മാരുടെ സുരക്ഷയ്‌ക്കും ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനും സമിതി പ്രവര്‍ത്തിക്കും. അതിര്‍ത്തി രക്ഷാസേനയുടെ എഡിജിയാണ് സമിതിയുടെ തലവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: