ആരണ്യകാണ്ഡത്തിന്റെ അന്ത്യത്തില്‍ അത്യുജ്വലവും ഭാവധ്വനി സമൃദ്ധവുമായ ഒരു രംഗത്തിന് തിരശ്ശീല ഉയരുന്നു. വരം വാങ്ങിയ കബന്ധന് എന്ന ഗന്ധര്‍വ്വ ശ്രേഷ്ഠന്റെ സൂചനയനുസരിച്ചാണ് രാമലക്ഷ്മണന്മാര് മതംഗാശ്രമത്തിലെത്തി ശബരീതപസ്വിനിയെ ദര്‍ശിക്കുന്നത്. ശബര്യാശ്രമ പ്രവേശവും ശബരിയുടെ ഹര്‍ഷാശ്രുപൂര്‍ണ്ണമായ സ്വീകരണവും സ്നേഹഭക്തിയുടെ സാന്ദ്രാനന്ദമായ തരളിത വൈകാരികതയിലാണ് ആചാര്യകവി ആലേഖനം ചെയ്യുന്നത്. പൂജിച്ചഭിഷേപിച്ച ഫലമൂലങ്ങള്‍ കാഴ്ചവെച്ചതിനുശേഷം തപസ്വിനി തന്റെ ജന്മസാഫല്യം തുറന്നുവെക്കുന്നു. ഇക്കാലമത്രയും ഗുരുഭാഷിതത്താല്‍ പ്രചോദിതമായ ശബരി രാമദര്‍ശനത്തിന് നോമ്പിട്ടിരിക്കുകയായിരുന്നു.
അനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട് ശബരി രാമനോട് പറയുകയായി ”നാഥാ അങ്ങിവിടെ വന്ന് എനിക്ക് ദര്‍ശനവും മോക്ഷവും നല്‍കുമെന്ന് ഗുരുഭൂതന്മാര് നേരത്തെ അരുളിചെയ്തിട്ടുണ്ട്.” തപസ്വിനി സന്ദേഹ സംഘര്‍ഷത്തില്‍ വീര്‍പ്പുമുട്ടി ഹൃദയം തുറക്കുന്നു.
”ജ്ഞാനമില്ലാതെ ഹീനജാതിയിലുള്ള മുഢ
ഞാനതിനൊട്ടുമധികാരിണിയല്ലയല്ലോ
വാങ്മനോ വിഷയമല്ലാതൊരു ഭവരൂപം
കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം
തൃക്കഴലിണ കൂപ്പിസ്തുതിച്ചുകൊള്‍വാനുമി-
ങ്ങുള്‍ക്കമലത്തിലറിയപ്പോകാ ദയാനിധേ!”
ശബരിയുടെ സംശയം പരിഹരിക്കപ്പെടുകയാണ്. ജ്ഞാനമോ ജാതിയോ ലിംഗമോ അല്ല ഭക്തിയുടെ പൂര്‍ണ്ണതയിലാണ് മുക്തി. അവ്യാജമധുരമായ സ്നേഹമാണ് ഭക്തിയെന്ന് നാരദഭക്തിസൂത്രമോതുന്നു. ഈ സാക്ഷാത്ക്കാരം തന്നെയാണ് ശബരിയുടെ മോക്ഷലബ്ധി. ശബരിയുടെ സന്ദേഹത്തിന് രാമനേകിയ പ്രത്യുത്തരം ഭക്തിമുക്തിയുടെ ശാശ്വതസന്ദേശമായിരുന്നു.
”പുരുഷസ്ത്രീജാതിനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിന് ജഗത്രയേ
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും.”
അതീത സത്യത്തെയും ആദര്‍ശമാനവികതയെയും തത്ത്വാനുഭൂതിയുടെ കാരണമെന്ന് ഗണിക്കണമെന്നാണ് രാമവചനം. നവധാഭക്തിയെയും വെളിവാക്കുന്ന ഉപദേശാമൃതമാണത്. ജാതിവിഭജനവും ലിംഗഭേദവും അജ്ഞാനവുംകൊണ്ട് അടിത്തട്ടിലാകുന്ന മനുഷ്യന് ഊര്‍ജ്ജവും വെളിച്ചവും പകരുകയാണ് ഈ രാമവാക്യം. ജീവിതത്തിന്റെ മഹാഭൂമികയില്‍ ആരും പതിതരല്ലെന്നും ആര്‍ക്കും ഐഹികവും ആത്മീയവുമായ ഉന്നതിക്കര്‍ഹതയുണ്ടെന്നുമാണ് രാമമൊഴിയുടെ അനശ്വര ധ്വനി. കാരുണ്യവും സ്നേഹവും ആത്മചേതനയും ചാരുതയേകുന്ന മന്ത്രാക്ഷരങ്ങളില്‍ രാമായണത്തിന്റെ മനുഷ്യകഥാനുഗായിയായ ലക്ഷ്യം വെളിവാകുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്കും ബാഹ്യാചാരങ്ങള്‍ക്കുമപ്പുറം സഹജവും സമ്പന്നവുമായ മാനവപ്രഭാവത്തിലാണ് ഭക്തി വളരേണ്ടത്. വ്യക്തിയെയും സമൂഹത്തേയും രാഷ്ട്രത്തെയും മൂല്യസംസ്കൃതി വിലോഭനീയമാക്കുന്നു. നിശാചരിയെ സഹചാരിയാക്കുന്ന ഈ വിസ്മയവിദ്യ ജ്ഞാനാനുഭൂതിയില്‍ സാഫല്യം കണ്ടെത്തുന്നു.
അറിവിന്റെ ആന്തരികതയില്‍ സീതാദേവി ലങ്കാപുരിയിലുണ്ടെന്നറിയുന്ന ശബരി രാമനുപോലും മാര്‍ഗ്ഗനിര്‍ദ്ദേശം പകരാന്‍ പ്രാപ്തയാകുന്നു. ‘തെക്കോട്ട് സഞ്ചരിച്ചാല്‍ പമ്പയിലെത്താം. പമ്പ പിന്നിട്ട് ഋശ്യമൂകാചലത്തില്‍ പ്രവേശിക്കുക. ആ ഗിരി ഗോപുരാഗ്രത്തില്‍ സൂര്യപുത്രനായ സുഗ്രീവന് ബാലിയെ പേടിച്ച് അഭയം തേടിയിരിക്കുന്നു. സുഗ്രീവനുമായി സഖ്യംചെയ്ത് രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കാം.” ശബരിയിലുണര്‍ത്തിയെടുത്ത ആ അവബോധവും അന്തര്‍ദര്‍ശനവും സ്വാംശീകരിക്കേ രാമന് സംതൃപ്തനായി. ശബരി നേടിയെടുക്കുന്ന മോക്ഷമീമാംസ അജ്ഞാനത്തില്‍ നിന്നും ആധര്‍മണ്യത്തില്‍ നിന്നുമുള്ള മോചനമാണ്. രാമന്റെ പോലും ദുഃഖമകറ്റാനുള്ള മഹിതമാര്‍ഗ്ഗം നിശാചരിയായ ശബരിയുടെ ധൈഷണികതയില്‍ വിളയിക്കുന്ന ഇതിഹാസലക്ഷ്യം അമൂല്യമാണ്. ഭേദബുദ്ധിയസ്തമിക്കുമ്പോള്‍ മനുഷ്യന് പൂര്‍ണ്ണനാകുന്നു. വിശിഷ്ടാദൈ്വതത്തിന്റെ മഹാഭാഷ്യമാണ് എഴുത്തച്ഛന്റെ ഈ സാരസ്വതപ്രമാണം സാക്ഷാത്കരിക്കുന്നത്.
ഗന്ധര്‍വ്വ രാജകുമാരിയായ മാലിനിയാണ് ഭര്‍തൃശാപത്താല്‍ നിഷാദവംശത്തില്‍ ശബരിയായ് പിറവിയെടുക്കുന്നത്. ശബരിയുടെ സ്പര്‍ശമേറ്റ് ഗോദാവരി വിശുദ്ധയായിത്തീര്‍ന്ന ചരിത്രം തത്ത്വസംഗ്രമ രാമായണത്തില്‍ കാണാം. മതംഗ മഹര്‍ഷിയുടെ ആശ്രമത്തില്‍ സേവികയായി വന്ന ശബരി മുനിമാരുടെ സദ്സംഗത്തിലൂടെയാണ് ആത്മീയ വളര്‍ച്ചയ്ക്ക് പാത്രീഭൂതയാവുക. വേടനാരി പരമ ഭാഗവതോത്തമയായി മാറിയ കഥ രാമായണ വനമാലയില്‍ തുളസീസൗരഭമുണര്‍ത്തുന്നു. നീചജ, വിധിവിഹിതം, പ്രാകൃതത്ത്വം എന്നിവയെല്ലാം സുകൃതാതിരേകത്താല്‍ തരണം ചെയ്യാം. ഭഗവത് ഭക്തിയും സമര്‍പ്പണവീര്യവുമാണ് അതിന്റെ ആദ്യപടികള്‍. അനുഗ്രഹനിറവിന്റെ നിത്യപ്രകാശത്തിലാണ് ഋഷിമാര്‍ക്കുമാത്രം കാമ്യമായ അതീത തലങ്ങളും പുണ്യപൂരപ്രഭയും നേടി ശബരി ഇതിഹാസ വനിതാരത്നങ്ങളുടെ മാറ്റില്‍ പ്രോജ്ജ്വലിക്കുക. ഇതിഹാസത്തിനുനേരെ ശരം തൊടുക്കുന്ന സോദരര്‍ ആദ്യം വിളക്കുവെച്ച് വായിക്കേണ്ട പാഠമാണ് ശബരിചരിതം. രാമായണമുണര്‍ത്തുന്ന ആദര്‍ശ നരജീവിത പ്രാര്‍ത്ഥനകളും മൂല്യപരാഗകണങ്ങളും അവിടെ ഇതള്‍വിരിയുന്നു.
വിദ്യാഭ്യാസവും കുലമഹിമയും സദാചാരനിഷ്ഠയും തപഃപ്രൗഢിയും ശബരിനേടുക രാമസേവയുടെയും സ്നേഹാത്മീയതയുടെയും സദ്സംഗത്തിന്റെയും സത്യശിവസൗന്ദര്യ വിഭൂതി മാര്‍ഗ്ഗത്തിലൂടെയാണ്. രാമന് കാഴ്ചവെക്കുന്ന മധുരഫലങ്ങള്‍ ശബരി നേടിയ താപസസുകൃത സഞ്ചയഫലമാണ്. കാലങ്ങളുടെ വനാന്തരങ്ങളില്‍ മാനവമൂല്യങ്ങളുടെ മായികമായ മധുരക്കനിയായി ശബരി നിത്യതയില്‍ ഇളകിയാടുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: