World

ഇറാഖിൽ പുതിയ വിവാഹ നിയമം : പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സായി കുറയ്‌ക്കാൻ നീക്കം

Published by

ഇറാഖ് പാർലമെൻ്റിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 ആക്കി കുറയ്‌ക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചു. ഇത് രാജ്യമൊട്ടാകെ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്, രാജ്യത്തെ ജനങ്ങൾ മാത്രമല്ല, അന്താരാഷ്‌ട്ര തലത്തിലുള്ള മനുഷ്യാവകാശ സംഘടനകളും വലിയ ആശങ്ക പ്രകടിപ്പിച്ചു. ഇറാഖിലെ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആണ്. ബിൽ ഇറാഖ് പാർലമെൻ്റ് പാസാക്കിയാൽ 9 വയസ്സുള്ള പെൺകുട്ടികൾക്ക് 15 വയസ്സുള്ള ആൺകുട്ടികളെ വിവാഹം ചെയ്യാം.ഇതോടെ രാജ്യത്ത് ശൈശവ വിവാഹം വർധിക്കാനുള്ള സാധ്യതയും ഉണ്ട്.

ഇറാഖ് പാർലമെൻ്റിലെ ഏറ്റവും വലിയ കൂട്ടായ്മയായ യാഥാസ്ഥിതിക ഷിയാ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കൂട്ടായ്മയാണ് 1959-ൽ ഖാസിം ഗവൺമെൻ്റിന്റെ കീഴിൽ നടപ്പിലാക്കിയ നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. കോടതികൾക്ക് പകരം വിവാഹങ്ങൾ തീരുമാനിക്കാൻ ഷിയ, സുന്നി ചാരിറ്റി ഓഫീസുകളെ ഇത് അനുവദിക്കുന്നു. ആറാമത്തെ ഷിയ ഇമാം ജാഫർ അൽ സാദിഖിന്റെ പേരിലുള്ള ജഅ്ഫാരി നിയമ വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഒൻപത് വയസ്സുള്ള പെൺകുട്ടികളുടെയും പതിനഞ്ച് വയസ്സുള്ള ആൺകുട്ടികളുടെയും വിവാഹം ഇത് അനുവദിക്കുന്നു. ഇറാഖ് പാർലമെൻ്റിൽ എംപി റെയ്ദ് അൽ മാലിക്കിയാണ് കരട് ബിൽ അവതരിപ്പിച്ചത്. കരടുരേഖയിൽ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ മനുഷ്യാവകാശ പ്രവർത്തകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

യുണിസെഫ് റിപ്പോർട്ട് പ്രകാരം ഇറാഖിലെ 28 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. പുതിയ നിയമം വരുന്നതോടെ രാജ്യം ഇനിയും പിന്നോട്ട് പോകുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗവേഷക സാറാ സാംബാർ പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by