ഭാരതത്തിലെ ഹിന്ദുമത വിശ്വാസികള്‍ നാഗങ്ങളെ പ്രീതിപ്പെടുത്താന്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്ന ഉത്സവമാണ് നാഗപഞ്ചമി. ഓഗസ്റ്റ് 9 നാണ് നാഗപഞ്ചമി. ഈ ദിനത്തില്‍ സര്‍പ്പപ്രീതിക്കായി നാഗങ്ങള്‍ക്ക് നൂറും പാലും നല്‍കുന്നതും വിശ്വാസത്തിന്റെ, ആചാരത്തിന്റെ ഭാഗം. എന്നാല്‍ നൂറും പാലും എന്ന പ്രയോഗത്തില്‍ ഒരു തിരുത്തല്‍ വരുത്തേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. നൂറ് എന്ന് പറഞ്ഞാല്‍ ചുണ്ണാമ്പ് എന്നര്‍ത്ഥം. ആ നിലയ്ക്ക് ചുണ്ണാമ്പ് പാമ്പിന് പഥ്യമാവില്ല, തീര്‍ച്ച. നറുംപാല് ആവാനേ തരമുള്ളൂ എന്ന് കരുതുന്നു. പ്രസ്തുത വിഷയത്തില്‍ ജ്ഞാനികളായ മഹദ് വ്യക്തിത്വങ്ങളുടെ ശ്രദ്ധ ഉണ്ടാകുമെങ്കില്‍ നല്ലത്.
നെല്‍ ചെടിയില്‍ കതിരിടുമ്പോള്‍ ഉറയ്ക്കാത്ത അരി വെളുത്ത ദ്രാവക രൂപത്തിലാണ് കാണുക. ഇതാണ് നറുംപാല്. നറുംപാല് പാമ്പുകള്‍ക്ക് പത്ഥ്യമാവാനേ തരമുള്ളൂ. ‘ആകാശത്തിലുള്ള നാഗങ്ങളെ, അഗ്നിയിലുള്ള നാഗങ്ങളെ… എല്ലാ വിഷങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചാലും’ എന്ന് പറഞ്ഞാണ് പ്രാര്‍ത്ഥിക്കാറുള്ളത്. നാഗം എന്നത് തരംഗരൂപത്തിലുള്ള ഊര്‍ജ്ജപ്രവാഹമെന്നാണ് വേദശാസ്ത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിയില്‍ പിറന്നു വീണ ഓരോ ജീവിക്കും ഓരോ ധര്‍മമുണ്ട്. സര്‍പ്പങ്ങളെയും ദൈവം സൃഷ്ടിച്ചത് ഇതിനൊക്കെത്തന്നെ. മുരിക്ക് മരം വളരുന്നത് അന്തരീക്ഷത്തിലെ വിഷാംശങ്ങള്‍ ക്രമീകരിക്കാനാണ്. അന്തരീക്ഷത്തിലെ വിഷാംശങ്ങള്‍ ക്രമീകരിക്കുക എന്നതാണ് പാമ്പിന്റെയും ധര്‍മം. പാമ്പ് ചവയ്ച്ചുതുപ്പിയാല്‍ മാത്രമേ മുരിക്കിന് കായ മുളയ്ക്കാറുള്ളൂ എന്നും പറയപ്പെടുന്നതിന്റെ പിന്നിലെ ശാസ്ത്രസത്യം എന്താണെന്ന് ഗവേഷകര്‍ ചികയട്ടെ.
പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ക്കറുതിവരുത്താന്‍ സര്‍പ്പങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസത്തിന്റെ പേരിലാവാം നമ്മുടെ പൂര്വ്വികന്മാര് നാഗാരാധനക്കായി നാഗദൈവങ്ങളെ സര്‍പ്പക്കാവുകളില്‍ കുടിയിരുത്തി ആരാധിച്ചുവന്നത്. ജീവിതത്തില്‍ രാഹു – കേതു ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ഗൃഹത്തില്‍ അഥവാ കുടുംബത്തില്‍ സൗഭാഗ്യങ്ങളും സര്‍വൈശ്വര്യങ്ങളും നിലനില്ക്കാനും സര്‍പ്പദോഷം പരിഹരിക്കാനും നാഗാരാധന സഹായിക്കുമെന്ന് വലിയ വിഭാഗം ഹിന്ദുമത വിശ്വാസികള്‍ കരുതുന്നു. പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍പ്പങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസത്തിന്റെ പേരിലാവാം നാഗാരാധനക്കായി നാഗദൈവങ്ങളെ നമ്മുടെ പൂര്‍വ്വികര്‍ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചുവന്നിരുന്നത്. ആയില്യ വ്രതം അനുഷ്ഠിക്കുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാവാം.
ജൈവവൈവിധ്യ കലവറയും ആചാരാനുഷ്ഠാന കേന്ദ്രങ്ങളുമായ സര്‍പ്പക്കാവുകള്‍ ഭൗതികാസക്തിയുടെ കടന്നുകയറ്റം പോലുള്ള കാരണങ്ങളാല്‍ കാലാന്തരത്തില്‍ പലേടങ്ങളിലും നാമാവശേഷമായിത്തീര്‍ന്നതും സമീപകാല കാഴ്ചകള്‍. ശ്രീകൃഷ്ണന് കാളിയന്റെ അഹങ്കാരം ശമിപ്പിച്ച് കീഴടക്കിയതിന്റെ പ്രതീകമായും നാഗപഞ്ചമി ആഘോഷിക്കെപ്പെടുന്നു. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരിതങ്ങളില്‍ നിന്ന് നമ്മെ ഓരോരുത്തരെയും കരുതലോടെ സംരക്ഷിക്കാന്‍ പൂര്‍വ്വികര്‍ ആസൂത്രണം ചെയ്തിരുന്നതായിരുന്നു സര്‍പ്പക്കാവുകളെന്നു വ്യക്തം. ഭാരതീയ പാരമ്പര്യത്തെ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത് കാരുണ്യ സംസ്കൃതി എന്ന് പറഞ്ഞുകൊണ്ടായിരുന്നു.
ഭാരതീയ തത്വചിന്തയുടെയും ആത്മീയ ദര്‍ശനത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും പ്രഭവകേന്ദ്രമായിരുന്നു നമ്മുടെ പുരാണങ്ങള്‍. ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ മനുഷ്യനും ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന പാപകര്‍മങ്ങള്‍ക്ക് അന്ത്യനാളുകളില്‍ ദൈവശിക്ഷ അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന ഒരു മഹാഗ്രന്ഥമാണ് ഗരുഡപുരാണം. കര്‍മകാണ്ഡം, പ്രേതകാണ്ഡം, ബ്രഹ്മകാണ്ഡം തുടങ്ങി 1917 ശ്ലോകങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. മഹാവിഷ്ണു ഉപദേശിച്ചു കൊടുത്ത നിലയില്‍ വേദവ്യാസന് രചിച്ച ഗരുഡപുരാണത്തില്‍ ഭൂമിയില്‍ വസിക്കുന്ന സര്‍വ്വചരാചരങ്ങളേയും സ്നേഹ ബഹുമാനപൂര്‍വ്വം കാണേണ്ടതാണെന്നും സൂചിപ്പിക്കുന്നു. നാഗപഞ്ചമി ദിവസം പാമ്പുകളെ ഉപദ്രവിക്കുകയോ കൊല്ലാനോ പാടില്ല. ചില ദേശങ്ങളില്‍ പാമ്പുകളെ പരുക്കേല്പ്പിക്കാതെ പിടികൂടി ജീവഹാനി വരാത്ത നിലയില്‍ പാത്രങ്ങളില്‍ ഭദ്രമായി അടച്ചുസൂക്ഷിച്ച് നാഗപഞ്ചമി നാളില്‍ തുറന്നുവിടുകയും തത്സമയങ്ങളില്‍ ആഘോഷപൂര്‍വ്വം സ്ത്രീകളും കുട്ടികളും കുടുംബാംഗങ്ങളുമെല്ലാം ചേര്‍ന്ന് ചില പാട്ടുകള്‍ അവതരിപ്പിക്കാറുള്ളതും ഈ ആഘോഷത്തിന്റെ ഭാഗം.
കേരളത്തിലെ ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആഘോഷമായി നാഗപഞ്ചമി നടക്കാറുണ്ടെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ ആഘോഷത്തിന് ആരാധകരേറെ.
ആസ്തിക മുനി നാഗങ്ങളെ രക്ഷിച്ച ദിനമായും ഭഗവാന് ശ്രീകൃഷ്ണന് കാളിയദര്‍പ്പം
അടക്കിയ ദിവസമായും നാഗപഞ്ചമി കരുതപ്പെടുന്നു. ശ്രീകൃഷ്ണഭഗവാന് കാളിയനിഗ്രഹം നടത്തിയതായി വിശ്വസിക്കപ്പെടുന്ന ശ്രാവണ മാസത്തിലെ ശുക്ളപഞ്ചമി ദിനമാണ് നാഗപഞ്ചമി. ദര്‍പ്പമടങ്ങിയ നാഗത്തെ പൂജിക്കാന്‍ ഭാരതത്തിലെ ഹിന്ദുമതവിശ്വാസികള്‍ തിരഞ്ഞെടുത്തതും നാഗപഞ്ചമി നാളിനെത്തന്നെ.
ഉജ്ജയിനിയിലെ നാഗചന്ദ്രേശ്വര ക്ഷേത്രം നാഗപഞ്ചമി നാളില്‍ മാത്രമാണ് തുറക്കാറുള്ളത്.
ഈ ദിവസം ധാരാളം ഭക്തജനങ്ങള്‍ ആരാധനക്കായി ഇവിടെ എത്താറുണ്ട്. മണ്ണാറശാലയിലെ നാഗരാജേശ്വര ക്ഷേത്രം, ജമ്മുവിലെ നാഗമന്ദിര്‍, നാഗര്‍കോവിലിലെ നാഗര്‍ ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ നാഗപഞ്ചമി നാളില്‍ വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്. കര്‍ണാടകയിലെ കൂര്‍ഗിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലും മറ്റും എണ്ണമറ്റ വിശ്വാസികളുടെ ആഘോഷദിനമാണ് നാഗപഞ്ചമി. അന്ന് പറമ്പ് കിളച്ചുമറിക്കാനോ മണ്ണ് ഇളക്കിമറിക്കാനോ പാടില്ലെന്നുള്ളതാണ് വിശ്വാസം. മരങ്ങള്‍ മുറിച്ചു മാറ്റരുതെന്ന് പറയുന്നതും പാമ്പുകള്‍ക്ക് ജീവഹാനി വരാതിരിക്കാനാണെന്ന് വ്യക്തം.
ഇതുപോലെ സര്‍പ്പഗായത്രി മന്ത്രം ജപിക്കുന്നതും വിശ്വാസത്തിന്റെ ഭാഗം. മതപരമായ ആചാരാനുഷ്ഠാനം എന്നതിലുപരി ഭാരതീയ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന പ്രാദേശിക ആചാരാനുഷ്ഠാനം കൂടിയാണ് നാഗപഞ്ചമി. ഹിന്ദുപുരാണങ്ങളില്‍ സര്‍പ്പങ്ങളെ ദൈവത്തിന്റെ വരപ്രസാദമായി കണക്കാക്കുന്നു. കഴുത്തില്‍ പത്തിവിടര്‍ത്തിയ നാഗത്തെ കണ്ഠാഭരണമാക്കിയ നിലയിലാണല്ലാേപരമശിവനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: