അടിമത്തത്തിന്റെ കയ്‌പ്പുനീര്‍ മോന്തി, ബ്രിട്ടീഷുകാരുടെ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ അടിപതറി നിന്ന ഭാരത ജനതയ്‌ക്ക് മുന്നില്‍ സ്വാതന്ത്ര്യ സാക്ഷാത്കാരത്തിനായി തുറന്നിട്ട ജാലകമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. ആ ഐതിഹാസിക സമരത്തിന്റെ 82-ാം വാര്‍ഷികദിനമാണ് ഇന്ന്.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞാല്‍ ബ്രിട്ടണെതിരെ ഭാരതം നടത്തിയ അതിശക്തമായ ജനകീയ മുന്നേറ്റമായിരുന്നു ഇത്. മഹാത്മാ ഗാന്ധിയായിരുന്നു ഈ പ്രക്ഷോഭത്തിന്റെ നെടുംതൂണ്‍. ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന് അദ്ദേഹം ഭാരതാംബയുടെ മക്കളോട് ആഹ്വാനം ചെയ്തു. പാരതന്ത്ര്യത്തേക്കാള്‍ നല്ലത് മരണം വരിക്കുന്നതാണെന്ന ചിന്തയില്‍ നിന്നാണ് സ്വാതന്ത്ര്യം നേടി ആത്മാഭിമാനത്തോടെ ജീവിക്കുക എന്ന കടുത്ത അഭിവാഞ്ഛയിലേക്ക് ഭാരതീയര്‍ ഒന്നാകെ ഉയിര്‍ത്തെഴുന്നേറ്റത്. 1942 ആഗസ്ത് 9 നായിരുന്നു ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് തുടക്കം. അതിനാല്‍ ആഗസ്ത് ക്രാന്തി എന്നും അറിയപ്പെടുന്നു. ഇതേ വര്‍ഷം തന്നെ ഗാന്ധിജി ഹരിജന്‍ പത്രികയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബ്രിട്ടീഷുകാര്‍ ഉടന്‍ ഭാരതം വിടണം എന്ന് ആഹ്വാനം ചെയ്തത്. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം പിറവികൊണ്ടതിന് പിന്നില്‍ ബോംബെ സ്വദേശിയായ യൂസഫ് മെഹ്‌റലിയാണ്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ നാളുകളിലായിരുന്നു ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവും. ഭാരതത്തിന്റെ സമ്മതമില്ലാതെ ബ്രിട്ടണ്‍ ഭാരതത്തേയും രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമാക്കി. രാജ്യത്തെ ദേശീയ നേതാക്കള്‍ ഇതിലുള്ള പ്രതിഷേധം ബ്രിട്ടനെ അറിയിച്ചു.
ഭാരതത്തിലെ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീര്‍പ്പിലൂടെ പരിഹരിക്കാന്‍ ബ്രിട്ടന്‍ ക്രിപ്‌സ് കമ്മീഷനെ നിയോഗിച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങള്‍ കൈയൊഴിയും എന്ന് വ്യക്തമായി നിര്‍വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. പൂര്‍ണ്ണ സ്വരാജിന് പകരം കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത-ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇതോടെ കമ്മീഷന്റെ ദൗത്യം പരാജയപ്പെട്ടു. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള ഭാരതത്തിന്റെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കുന്നതിനായിട്ടാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്.
1942 ജൂലൈ 14 ന് മഹാരാഷ്‌ട്രയിലെ വാര്‍ധയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഗാന്ധിജിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ആഗസ്ത് എട്ടിന് ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് (പിന്നീട് ഇത് ആഗസ്ത് ക്രാന്തി മൈതാനം എന്ന പേരില്‍ അറിയപ്പെട്ടു) നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പ്രമേയം അവതരിപ്പിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. സര്‍ദാര്‍ വല്ലഭ ഭായ് പട്ടേല്‍ പ്രമേയത്തെ പിന്താങ്ങി. മൗലാന അബ്ദുള്‍ കലാം ആസാദായിരുന്നു സമ്മേളനത്തില്‍ അധ്യക്ഷന്‍. ഗാന്ധിജിയുടെ ഏറ്റവും പ്രസിദ്ധമായ ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനത്തിന്റെ പിറവി ഈ സമ്മേളനത്തില്‍ വച്ചായിരുന്നു. ഭാരതീയരോട് ബ്രിട്ടണെതിരെ അക്രമരഹിത നിസ്സഹകരണം പിന്തുടരാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
എന്നാല്‍ സമ്മേളനം കഴിഞ്ഞ് 24 മണിക്കൂറിനകം ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍ പട്ടേലും അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായതോടെ ക്രാന്തി മൈതാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയത് അരുണ അസഫ് അലിയാണ്. പിന്നീട് നടന്ന സമ്മേളനവും അവര്‍ നയിച്ചു.
ഗാന്ധിയെ പൂനെയിലെ ആഗ ഖാന്‍ കൊട്ടാരത്തിലും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമായ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയെ മുഴുവന്‍ അഹമ്മദ്‌നഗര്‍ കോട്ടയിലുമാണ് തടവിലടച്ചത്. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടന് സാധിച്ചില്ല. ആഗസ്ത് 9 ന് ജനം തെരുവിലിറങ്ങി. പോസ്റ്റ് ഓഫീസുകളും റയില്‍വേ സ്റ്റേഷനുകളും പോലീസ് സ്‌റ്റേഷനുകളും ആക്രമിക്കപ്പെട്ടു.
രാജ്യമെമ്പാടും വലിയ തോതില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികള്‍ തൊഴില്‍സ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. എങ്ങും സമരാഹ്വാനങ്ങള്‍. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അഗ്‌നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടെ തകര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 500 ലേറെ പോലീസ് വെടിവയ്‌പ്പുകള്‍ നടന്നു. 60,000ത്തിലേറെ ഭാരതീയര്‍ ജയിലഴിക്കുള്ളിലായി. 1942 ആഗസ്ത്-ഡിസംബര്‍ കാലയളിവില്‍ മാത്രം ആയിരത്തോളം സ്വാതന്ത്ര്യസമര സേനാനികള്‍ കൊല്ലപ്പെട്ടു. ഗാന്ധിജിയുടെ ഭാര്യ കസ്തൂര്‍ ബാ ഗാന്ധി, അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവ് ദേശായി എന്നിവര്‍ മരിക്കുന്നതും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ കാലത്താണ്.
പക്ഷേ ഇതൊന്നും പ്രക്ഷോഭകാരികളെ തളര്‍ത്തിയില്ല. അവര്‍ ഒറ്റക്കെട്ടായി സമരം നയിച്ചു. ഇതേ കാലയളവിലാണ് (1942) സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്ക് രൂപം നല്കുന്നതും ജാപ്പനീസ് സൈന്യത്തോടൊപ്പം ചേര്‍ന്ന് ബ്രിട്ടണെതിരെ ഗറില്ലാ യുദ്ധം നടത്തുന്നതും. രണ്ടാം ലോകമഹായുദ്ധം നടക്കുന്നതിനാല്‍ ബ്രിട്ടണ്‍ കൂടുതല്‍ പ്രതിരോധത്തിലായി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം 1944 വരെ നീണ്ടു. ഗാന്ധിജി ജയില്‍ മോചിതനായി. അറസ്റ്റിലായവരെ 1944-45 കാലത്ത് പല ഘട്ടങ്ങളിലായിട്ടാണ് മോചിപ്പിച്ചത്.
റാം മനോഹര്‍ ലോഹ്യ, ജെ.പി നാരായണ്‍, അരുണ അസഫ് അലി, ബിജു പട്നായിക്, സുചേത കൃപ്‌ലാനി തുടങ്ങിയ യുവ നേതാക്കളുടെ ഉദയം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭകാലത്താണ്. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പടെ നിരവധി പേര്‍ ദേശീയ ധാരയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പ്രക്ഷോഭാനന്തരം 1947 ആഗസ്ത് 15 ന് ഭാരതം സ്വതന്ത്രമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: