കാവ്യകലയുടെ ഉള്ളില്‍ അവ്യാഖ്യേയമായ അതീതങ്ങളുടെ ആത്മാംശമുണ്ട്. പ്രകൃതി പ്രത്യയങ്ങളുടെ ഈ വാഗതീതത്ത്വമാണ് ‘അദ്ധ്യാത്മപ്രദീപകമതത്ത്യന്ത രഹസ്യമിതദ്ധ്യാത്മ രാമായണം’ എന്ന ഇതിഹാസത്തിന്റെ ഉള്‍വിളി. യഥാര്‍ത്ഥത്തില്‍ കവിതയുടെ സത്യശിവസൗന്ദര്യം അലൗകികമായ അനുഭൂതിയാണ്. അറിവുതന്നെയാണ് ഈ പ്രത്യക്ഷം. പൂര്‍ണതയെക്കുറിച്ച് പറയുക, പുതിയത് മാത്രം പറയുക എന്ന സങ്കല്പ്പമാനമാണ് ഇതിഹാസ സംഭവ പരമ്പരകള്‍ കൈക്കൊള്ളുക. കഥാ ശ്രവണത്തിനപ്പുറം അക്ഷരത്തിനപ്പുറമുള്ള ആകാശങ്ങളെ അനുവാചകന് സ്വന്തമാക്കേണ്ടതുണ്ട്. ആരണ്യകാണ്ഡത്തിലെ ശൂര്പ്പണഖാ വൃത്താന്തവും തുടര്‍ന്നുള്ള സംഭവപരമ്പരകളും സീതാപഹരണവും സൂക്ഷ്മവായനയുടെ സംവേദനത്വത്തിലൂടെ നവമാനം കൈവരിക്കും.
പഞ്ചവടിയിലെ മഹാ കാനനത്തില്‍ കഴിയുന്ന രാവണ ഭഗിനിയായ ശൂര്‍പ്പണഖയുടെ രംഗപ്രവേശം അത്യന്തം നാടകീയമായാണ്. ആശ്രമത്തിലെത്തിയ അവള് കാമരൂപിണിയായിരുന്നു. രാമനോട് കുശലമോതി അവള് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. തന്റെ പത്നിയായ സീതയെ കാണിച്ച് ഒഴികഴിവോതി ലക്ഷ്മണ സമീപത്തേക്കാണ് ശൂര്‍പ്പണഖയെ രാമന് അയയ്ക്കുന്നത്. ലക്ഷ്മണനാകട്ടെ വിനോദ ശൈലിയില്‍ രാമനെ സമീപിക്കാന്‍ പറയുന്നു. ഈ സന്ദര്‍ഭം മുന്‍നിര്‍ത്തി നിരൂപകര്‍ക്കിടയില്‍ നിരീക്ഷണങ്ങളും വാദപ്രതിവാദവുമുണ്ടായിട്ടുണ്ട്. യവനികയ്ക്കപ്പുറമുള്ള കാവ്യലക്ഷ്യങ്ങളെ പലരും മറക്കുന്നു. തുടര്‍ന്നുണ്ടാകുന്ന കാവ്യനാടക രംഗങ്ങള്‍ക്കുള്ള നാന്ദീമുഖമാണിതെന്ന് ധരിക്കേണ്ടതുണ്ട്. വീണ്ടും അവള് രാമസവിധത്തിലെത്തി പരിഗ്രഹാഭ്യര്ത്ഥന നടത്തുന്നു. ഇത് പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ രാക്ഷസീരൂപം പൂണ്ട് സീതയോട് അടുക്കുകയാണ്. ലക്ഷ്മണന് കുതിച്ചുചാടി അവളുടെ കാതും മുക്കും മൂലയും വാളിനാല്‍ മുറിച്ചു മാറ്റി. ചോരയൊലിപ്പിച്ച് കാളരാത്രിപോലെ അവള് വേഗം നടന്നു മറഞ്ഞു. പഞ്ചവടിയിലുള്ള ഖരന്റെ മുമ്പിലാണ് അവള് ചെന്നു വീഴുന്നത്. ദൂഷണനും ത്രിശിരസ്സുമായി ഖരന് രാമസവിധം യുദ്ധത്തിനെത്തി. രാമശരം അവരെ കാലന്നൂര്‍ക്കയച്ചു. സുന്ദരിയായ സീതയെ വേള്‍ക്കാന്‍ ശൂര്‍പ്പണഖയാണ് രാവണനില്‍ പ്രേരണ ചെലുത്തുന്നത്.
രാമനെ ധ്യാനിച്ച് രാമരാമേതി ജപിച്ചിരുന്ന മാരീചനെ സമീപിച്ച് പൊന്മാനായിച്ചെന്ന് സീതയെ മയക്കാന്‍ രാവണന് ചട്ടം കെട്ടുന്നു. ഭീഷണിക്ക് വംശവദനായാണ് മാരീചന് ദൗത്യമേറ്റെടുക്കുന്നത്. പൊന്മാനിനെ കണ്ടു മതിമറന്ന സീതയെ രാമന് ഉപദേശിച്ചുവെങ്കിലും ഫലമുണ്ടായില്ല. രാമന് മാനിന്റെ പിന്നാലെ നടന്നകന്നു. മായാസീതയെ പര്‍ണ്ണശാലയിലാക്കി മഹാവിഷ്ണുമായ വഹ്നി മണ്ഡലത്തില്‍ ചെന്നിരുന്നു. രാമന്റെ വിലാപം കേട്ട് സീത ലക്ഷ്മണനോട് രാമനെ രക്ഷിച്ചു വരാന്‍ പറയുന്നു. ലക്ഷ്മണന് രാക്ഷാസാദികളുടെ ചതിയെപ്പറ്റി സീതയോട് സൂചിപ്പിച്ചു. രാമവധം നടന്നാല്‍ തന്നെ സ്വീകരിക്കാമെന്ന് കരുതേണ്ടെന്നും താന്‍ പ്രാണത്യാഗം ചെയ്യുമെന്നും സീതയുടെ വാക്കുകള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതു താങ്ങാനശക്തനായ ലക്ഷ്മണന് സീതയ്ക്ക് നാശമടുത്തിരിക്കുന്നു എന്ന് സൂചിപ്പിച്ച് രാമശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി നടന്നു. ഒരിക്കലും പറയാന്‍ പാടില്ലാത്ത നിന്ദ്യമായ വാക്കുകളില്‍ തന്റെ ഭാവി ദുരന്തം സീത സ്വയം വരയ്ക്കുകയായിരുന്നു. സഹൃദയന്റെ പ്രാര്‍ത്ഥനാ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടാണ് ആചാര്യന് ഈ മുഹൂര്‍ത്തം സംവിധാനം ചെയ്യുന്നത്.
രാമായണ കഥയുടെ സംഘര്‍ഷാത്മകമായ യുദ്ധമുഖം തുറക്കുന്നത് സീതാപഹരണത്തിലൂടെയാണ്. ഭിക്ഷുവേഷത്തില്‍ വന്ന രാവണന് സ്വന്തം പ്രതിരൂപം സീതയുടെ മുമ്പില്‍ ഒടുക്കം വെളിപ്പെടുത്തി. ഭാവ വൈവര്ണ്ണ്യംപൂണ്ട മായാസീത രാവണന്റെ അപേക്ഷയില്‍ കോപാക്രാന്തയായി പറഞ്ഞു-
”രാമബാണങ്ങള്ക്കൊണ്ടു മാറിടം പിളര്‍ന്നു നീ
ഭൂമിയില്‍ വീഴാനുള്ള കാരണമിതു നൂനം”
സീതാദേവിയുടെ പ്രവചനം സത്യാത്മകമായി പിന്നീട് ഫലിക്കുകതന്നെ ചെയ്തു. ആകാശമാര്‍ഗ്ഗത്തിലൂടെ സീതയേയും അപഹരിച്ച് പറക്കുന്ന രാവണനെ എതിരിട്ട് നടത്തിയ ജടായുവിന്റെ പോരാട്ടം ഘോരമായിരുന്നു. ഒടുക്കം ചന്ദ്രഹാസത്തില്‍ പക്ഷിനായകന്റെ ചിറകരിയുന്ന രംഗം അത്യന്തം കരുണാമയമായ വാക്കുകളിലാണ് എഴുത്തച്ഛന് പകരുന്നത്. കണ്ണീര് വാര്‍ത്തുകൊണ്ട് സീത ജടായുവിന് അനുഗ്രഹമേകുന്നു- ‘രാമനോട് വൃത്താന്തമറിയിച്ച ശേഷമേ നിന്റെ ജീവന് പോകൂ.’ തുടര്‍ന്നങ്ങോട്ടുള്ള സീതാവിലാപം മഹാകാശങ്ങളേറ്റുവാങ്ങി. ഉത്തരീയാര്ദ്ധവും വിഭൂഷണവും രാമന് അടയാളമായിത്തീരാന്‍ സീത ഭൂമിയിലേക്ക് നിക്ഷേപിക്കുന്നു. ലങ്കയില്‍ ശിംശപാവൃക്ഷച്ചുവട്ടില്‍ രാക്ഷസിമാരുടെ തടവില്‍ രാമ രാമേതിജപത്തോടെ ഉപവാസ ജീവിതമാണ് ആ സതീരത്നമനുഷ്ഠിക്കുന്നത്. ‘മായാ സങ്കടം മനുഷ്യജന്മത്തിങ്കലാര്ക്കില്ലാത്തൂ’ എന്നോതി കരച്ചിലിന്റെ കരുണാമയമായ താളിലാണ് ആചാര്യകവി സീതാദൈന്യം ചിത്രീകരിക്കുക. വാക്കിലൂടെയും മനസ്സിലൂടെയും കര്‍മ്മത്തിലൂടെയും മനുഷ്യന് അവന്റെ ജാതകം കുറിക്കുന്നു. ലക്ഷ്മണനോടുരച്ച കടും വാക്കുകളുടെ ദുഷ്ഫലം സീതയുടെ ജീവിതത്തില്‍ കൊടുങ്കാറ്റായി ആഞ്ഞുവീശി. എങ്കിലും സീതയെ പരാജിതയായ നായികയായി ആര്‍ക്കും കാണാനാവില്ല. സ്വന്തം വിശുദ്ധിയുടെ പ്രതിഛായയില്‍ സീത ആകാശത്തോളം വളരുകയും ഭൂമിയോളം വിളയുകയും ചെയ്യുന്നു. ഗുണപ്പകിട്ടില് രാമന് മുന്‍ നടക്കാന്‍ സീത യോഗ്യയാണെന്ന് സ്വാമി വിവേകാനന്ദന് രേഖപ്പെടുത്തുന്നു.
സൂക്ഷ്മ സംവേദനത്വത്തില് യഥാസാരം നേടുന്ന അന്തര്‍ദര്‍ശനം അമൂല്യമാണ്. രജോഗുണത്തിന്റെ ദശശിരസ്സുകളേന്തുന്ന മൂര്‍ത്തിയാണ് രാവണന്. രാഗിയായ ജീവ പ്രതിഭാസത്തിന്റെ വികലകര്മ്മകാണ്ഡമാണ് രാവണത്വം. ജ്ഞാന വൈരാഗ്യങ്ങള്‍ ബലപ്പെട്ടിരിക്കുമ്പോള് ബ്രഹ്മവിദ്യ നിലനില്ക്കും. അവയ്ക്ക് ചലനമുണ്ടാകുമ്പോള്‍ അപരോക്ഷ ജ്ഞാനമാകുന്ന ബ്രഹ്മവിദ്യ പരീക്ഷിക്കപ്പെടും. ബ്രഹ്മജിജ്ഞാസുവിനെയും ഇത് ബാധിക്കാം. രാമചിത്തവും ഇവിടെ നേരിടുക ഈ പരീക്ഷണം തന്നെ
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: