ഭാരതത്തില്‍ നിന്ന് വേറിട്ടുപോയതാണ് പാകിസ്ഥാനും പിന്നീട് ബംഗ്ലാദേശ് ആയി മാറിയ കിഴക്കന്‍ പാകിസ്ഥാനും. പേര് എന്തൊക്കെയായാലും രണ്ടും ഇസ്ലാമിക രാജ്യങ്ങള്‍ തന്നെ.
ഭാരതം അതിശക്ത ജനാധിപത്യ രാജ്യമായി ഇന്നും എന്നും നിലകൊണ്ടപ്പോള്‍ പാകിസ്ഥാനും ബംഗ്ലാദേശും സൈനിക ഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമരുന്ന അതീവ ദുര്‍ബലമായ ജനാധിപത്യങ്ങളായി മാറി. ഇരു രാജ്യങ്ങളും പലകുറിയാണ് പട്ടാള ഭരണത്തിലാണ്ടത്. 1971ലാണ്, ഭാരതത്തിന്റെ സര്‍വ്വവിധ പിന്തുണയോടെയും ബംഗ്ലാദേശ് പാകിസ്ഥാനില്‍ നിന്ന് മോചനം നേടിയതും. അന്നു മുതല്‍ ഇന്നുവരെയായി അനവധി സൈനിക അട്ടിമറികളാണ് രാജ്യം കണ്ടത്. സ്വതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ വംഗബന്ധു മുജീബുര്‍ റഹ്മാനായിരുന്നു 71 മുതല്‍ രാജ്യം ഭരിച്ചത്. പക്ഷെ 75 ആഗസ്ത് 15ന് അദ്ദേഹം അടക്കം മിക്ക കുടുംബാംഗങ്ങളെയും വകവരുത്തിയ സൈന്യം ഭരണം പിടിച്ചെടുത്തു. തുടര്‍ന്ന് സൈന്യത്തിന്റെ പിന്തുണയോടെ കടുത്ത ഇസ്ലാമിസ്റ്റായ ഖണ്ഡാകര്‍ മുഷ്താഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭരണമായി. 75 നവംബറില്‍ മുഷ്താഖ് അഹമ്മദ് സര്‍ക്കാരിനെ അട്ടിമറിച്ച് ബ്രിഗേഡിയര്‍ ഖാലീദ് മുഷാറഫ് അധികാരം പിടിച്ചു. മുഷാറഫ് കരസേനാ മേധാവി ജനറല്‍ സിയാവൂര്‍ റഹ്മാനെ അടക്കം പിടിച്ച് ജയിലില്‍ അടച്ചു. ശക്തമായ വ്യക്തി ബന്ധം ഉണ്ടായിരുന്നതിനാല്‍ സിയാവൂര്‍ റഹ്മാനെ കൊന്നില്ല. പക്ഷെ മറ്റു ചില സൈനിക ഉദ്യോഗസ്ഥര്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് ബ്രിഗേഡിയര്‍ ഖാലീദ് മുഷാറഫിനെ പുറത്താക്കുകയും വധിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ സിയാവൂര്‍ റഹ്മാനെ മോചിപ്പിച്ച് അദ്ദേഹത്തെ പ്രസിഡന്റാക്കി. 71 മുതല്‍ 80 വരെയായി 21 തവണയാണ് സിയാവൂര്‍ റഹ്മാനെ വധിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഒടുവില്‍ 1981 മെയ് 30ന് അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കി കൊലപ്പെടുത്തി. അദ്ദേഹത്തോടൊപ്പം അംഗ രക്ഷകരടക്കം എട്ടുപേരെയും ഏതാനും സൈനിക ഓഫീസര്‍മാര്‍ കൊന്നു. അട്ടിമറിയും കൂട്ടക്കൊലയും ആസൂത്രണം ചെയ്തത് ലഫ്റ്റനന്റ് ജനറല്‍ ഹുസൈന്‍ മുഹമ്മദ് എര്‍ഷാദാണ്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കരസേനാ മേധാവി മേജര്‍ ജനറല്‍ അബ്ദുള്‍ മന്‍സൂറിനെ പിടികൂടി കൊലപ്പെടുത്തുകയും ചെയ്തു. സിയാവൂര്‍ റഹ്മാന്റെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന അബ്ദു സത്താറിനെ പ്രസിഡന്റാക്കി. പക്ഷെ സത്താറിനെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍, തക്ക സമയം പാര്‍ത്തിരിക്കുകയായിരുന്നു ലഫ്റ്റനന്റ് ജനറല്‍ ഹുസൈന്‍ മുഹമ്മദ് എര്‍ഷാദ്. ഒരു വര്‍ഷത്തിനകം 82 മാര്‍ച്ചില്‍ ലഫ്റ്റനന്റ് ജനറല്‍ ഹുസൈന്‍ മുഹമ്മദ് എര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പട്ടാളം പ്രസിഡന്റിന്റെ വസതി വളഞ്ഞ് അബ്ദു സത്താറിനെ പുറത്താക്കി, തന്റെ വിശ്വസ്തനായ എഎഫ്എം ചൗധരിയെ പ്രസിഡന്റാക്കി. 83 ഡിസംബര്‍ 11ന് മുന്‍പു നടന്ന പോലെ ചൗധരിയെ രക്തരഹിത അട്ടിമറിയില്‍ പുറത്താക്കി ഏര്‍ഷാദ് പ്രസിഡന്റായി, ഭരണഘടന മരവിപ്പിച്ചു.
പിന്നീട് 96ലും ഇത്തരമൊരു അട്ടിമറി ശ്രമമുണ്ടായി. അബ്ദുള്‍ റഹ്മാന്‍ വിശ്വാസിന്റെ നേതൃത്വത്തിലുള്ള താത്ക്കാലിക സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്നു ശ്രമം. പക്ഷെ പാളി. 2007ലും അട്ടിമറി നടന്നു. നിലവിലുണ്ടായിരുന്ന സര്‍ക്കാരിനെ പുറത്താക്കി സൈന്യത്തിന്റെ പിന്തുണയുള്ള ഒരു പാവ പ്രസിഡന്റിനെ നിയമിച്ചു(ഫക്രൂദിന്‍ അഹമ്മദ്). 2008ല്‍ തെരഞ്ഞെടുപ്പ് നടത്തി, അവാമി ലീഗ് ഭരണം പിടിച്ചു. 2011ലും അട്ടിമറി ശ്രമം നടന്നു. ഇസ്ലാമിക ഭരണം നടപ്പാക്കുകയായിരുന്നു അട്ടിമറിക്കാരുടെ ലക്ഷ്യം. പക്ഷെ പാളി.
1947 സപ്തംബര്‍ 28ന് ജനിച്ച ഷേഖ് ഹസീന, 96 ജൂണ്‍ മുതല്‍ 2001 ജൂലൈ വരെ പത്താം പ്രധാനമന്ത്രിയായിരുന്നു. ഷേഖ് മുജീബുര്‍ റഹ്മാന്റെ മകളായ അവര്‍ പിന്നീട് 2009ലും 2014ലും 2019ലും 2024ലും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷം ബംഗ്ലാ പ്രധാനമന്ത്രിയായിരുന്ന അവര്‍ ഇന്നലെയാണ് പട്ടാള അട്ടിമറിയും അരുംകൊലയും ഭയന്ന് രാജിവച്ച് ഭാരതത്തില്‍ അഭയം തേടിയത്.
2004ല്‍ പ്രതിപക്ഷ നേതാവായിരിക്കെ അവരെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. അവാമി ലീഗ് നേതാവായ അവര്‍ ഒരിക്കല്‍ പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭം വരെ നടത്തിയിരുന്നു. 96 മുതല്‍ 2001 വരെ പ്രധാനമന്ത്രിയായിരുന്നു. പിന്നെ 2001 മുതല്‍ 2008 വരെ പ്രതിപക്ഷ നേതാവായി വര്‍ത്തിച്ചു. ഇതിനിടയ്‌ക്കാണ് വധശ്രമത്തെ അതിജീവിച്ചത്. ആഗസ്ത് 21ന് ധാക്കയിലെ ഒരു പരിപാടിക്കിടെ എതിരാളികള്‍ ഗ്രനേഡാക്രമണം നടത്തുകയായിരുന്നു. അവര്‍ക്കെപ്പമുണ്ടായിരുന്ന 24 നേതാക്കളാണ് അതില്‍ കൊല്ലപ്പെട്ടത്.
2007 ജൂലൈ മുതല്‍ 2008 വരെ അഴിമതിക്കേസില്‍ പെടുത്തി ഷേഖ് ഹസീനയെ തടവിലിട്ടിരുന്നു. പിന്നീട് കൊലക്കുറ്റവും ചുമത്തി. എതിര്‍പാട്ടിയായ ബിഎന്‍പിയുടെ നാലു പേര്‍ കൊല്ലപ്പെട്ടതില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. 2008 ജൂണ്‍ 11നാണ് കോടതി അവര്‍ക്ക് ചികിത്സയ്‌ക്ക് ജാമ്യം നല്‍കി അയച്ചത്. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയ അവര്‍ ആ വര്‍ഷം നവംബറില്‍ മടങ്ങിയെത്തി. 2008 അവസാനം നടന്ന പൊതുതെഞ്ഞെടുപ്പില്‍ അവരുടെ അവാമി ലീഗും 14 പാര്‍ട്ടികളുടെ മഹാസഖ്യവും ഒന്നിച്ചാണ് മത്സരിച്ചത്. ഈ സഖ്യമാണ് വിജയിച്ചത്. 2009 ജനുവരി ആറിന് അവര്‍ രണ്ടാമതും പ്രധാനമന്ത്രിയായി. 2014ലെ തെരഞ്ഞെടുപ്പിലും 2019ലെ തെരഞ്ഞെടുപ്പിലും ഇതേ സഖ്യമാണ് വന്‍വിജയം നേടിയത്. അങ്ങനെ മൂന്നാമതും നാലാമതും ഷേഖ് ഹസീന തന്നെ പ്രധാനമന്ത്രിയായി. ഈ വര്‍ഷം ജനുവരിയില്‍ നടന്ന, പ്രതിപക്ഷം ബഹിഷ്‌കരിച്ച, തെരഞ്ഞെടുപ്പിലും അവര്‍തന്നെ ജയിച്ചു. പക്ഷെ സംവരണം, വിദ്യാര്‍ഥിക്കലാപം ഇക്കുറി അവര്‍ക്ക് വന്‍ വിനയായി, ഒടുവില്‍ സൈന്യം അട്ടിമറി ഭീഷണി മുഴക്കിയതോടെ ഇന്നലെ അവര്‍ രാജി നല്‍കി സഹോദരിക്കൊപ്പം ഭാരതത്തില്‍ എത്തുകയായിരുന്നു. മികച്ച ഭരണാധികാരിയായിരുന്നുവെങ്കിലും നിരവധി അഴിമതി ആരോപണങ്ങളാണ് അവര്‍ നേരിട്ടത്. പല കേസുകളും കോടതികളിലുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആരോപണവും ഈ അഞ്ചു തെരഞ്ഞെടുപ്പുകളിലും വ്യാപകമായി ഉയര്‍ന്നിരുന്നു.
ഷേഖ് ഹസീന അഞ്ചു തവണയാണ് പ്രധാനമന്ത്രിയായത്. ആകെ 20 വര്‍ഷവും ആറു മാസവും. അഞ്ചാം തവണ അധികാരത്തില്‍ വന്നിട്ട് കേവലം ആറു മാസമേ ആയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: