ധാക്ക: ബംഗ്ലാദേശിൽ സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെ നിൽക്കകളിയില്ലാതെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു. ഹസീനയോട് രാജി വയ്‌ക്കാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതി കയ്യേറി. 45 മിനിറ്റിനുളളിൽ രാജിവെയ്‌ക്കണമെന്നാണ് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയിരുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു.
രാജിവച്ച ഹസീന തന്റെ സഹോദരിക്കൊപ്പം സൈനിക വിമാനത്തിൽ രാജ്യം വിട്ടു. ഇന്ത്യയിൽ അഭയം തേടിയതായാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ, പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നും പറഞ്ഞിരുന്നു. സൈന്യത്തിന്റെ ജനറൽ തിങ്കളാഴ്ച ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവയ്‌ക്കുകയായിരുന്നു.
ഷെയ്ഖ് ഹസീന സ്വമേധയാ രാജിവയ്‌ക്കട്ടെ എന്ന നിലപാടിലായിരുന്നു സൈന്യം. എന്നാൽ അവരതിന് തയാറായില്ല. തുടർന്ന് സൈന്യം രാജി ആവശ്യപ്പെടുകയായിരുന്നു.
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ 91 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെപ്പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകർക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവർത്തകർ രംഗത്തുവന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളിൽ സംഘർഷമുണ്ടായി.
ധാക്കയിലെ മെഡിക്കൽ കോളേജും ആക്രമണത്തിനിരയായി. അവാമിലീഗ് പാർട്ടിയുടെ ഒട്ടേറെ ഓഫീസുകളും തകർത്തു. പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളുടെ പ്രവർത്തനം രാജ്യത്ത് നിർത്തി. മൊബൈൽ ഇന്റർനെറ്റ് സേവനവും നിരോധിച്ചു.
‘സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ’ എന്ന സംഘടനയാണ് സർക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്. ഫാക്ടറികളും പൊതുഗതാഗതവും നിർത്തിവെക്കാനും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കൾക്ക് സർക്കാർജോലിയിൽ നൽകുന്ന സംവരണത്തിനെതിരേ ജൂലായിൽ നടന്ന പ്രക്ഷോഭങ്ങളിൽ 200- ഓളംപേർ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: