കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സൈന്യം മടിച്ചിടത്ത് ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ് പരിശോധന നടത്തി സേവനത്തില്‍ പുതുചരിത്രം സൃഷ്ടിച്ചു എന്നാണ് വാര്‍ത്ത.
തെരച്ചില്‍ നിര്‍ത്തി സൈന്യം മടങ്ങാനിരിക്കെ ചെളിമൂടിയ കലുങ്കില്‍ പുതിയ റഡാര്‍ സിഗ്നല്‍ ലഭിച്ചുവെന്നും കലുങ്കിനകത്ത് ആരെങ്കിലും അവശേഷിച്ചിരിക്കാമെന്നും അവിടെ പരിശോധിക്കണമെന്ന ആവശ്യം സൈന്യം തള്ളിയെന്നുമാണ് വാര്‍ത്ത. അതെച്ചൊല്ലി സൈന്യവും നാട്ടുകാരും തര്‍ക്കിക്കുമ്പോള്‍ സൈന്യം മടിച്ചിടത്ത് യൂത്ത് ബ്രിഗേഡ് ഇറങ്ങി മണ്ണുമാറ്റി മനുഷ്യസാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും വാര്‍ത്തയിലുണ്ട്. ഇതിനിടെ കലുങ്ക് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സൈന്യത്തിന് നിര്‍ദേശമെത്തിയെന്നും തുടര്‍ന്നുള്ള പരിശോധനയില്‍ സൈന്യത്തിനൊപ്പം ഡിവൈഎഫ്ഐ മാത്രം നിന്നാല്‍ മതിയെന്നും മറ്റുള്ളവര്‍ മാറി നില്‍ക്കണമെന്ന് സൈന്യം പറഞ്ഞതായും വാര്‍ത്തയില്‍ അച്ചുനിരത്തി.
എന്നാല്‍ ദുരന്തമേഖലയിലെ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് രാഷ്ട്രീയ ഇടപെടല്‍ സാധ്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശിച്ചുവെന്നത് വമ്പന്‍ മണ്ടത്തരം എന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അടിയന്തര സാഹചര്യത്തില്‍ ഏത് സൈനികവിഭാഗത്തിന്റെ സേവനമാണോ ആവശ്യം അതനുസരിച്ച് ചീഫ് സെക്രട്ടറി ആര്‍മിയുടെ പൂനെ സതേണ്‍ കമാന്‍ഡിനെയോ, കൊച്ചിയിലെ നേവല്‍ കമാന്‍ഡിനെയോ, ആക്കുളത്തെ വ്യോമ കമാന്‍ഡിനെയോ രേഖാമൂലം അറിയിക്കും. ഈ വിഭാഗം അതതു ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്ങിന് വിവരം നല്‍കും.
വയനാടിനെ സംബന്ധിച്ച് കേരളത്തിന്റെയും കര്‍ണാടകയുടെയും ചുമതലയുള്ള ബാംഗ്ലൂര്‍ സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിന് വിവരം നല്‍കുകയാണ് ചെയ്യുക. ബാംഗ്ലൂര്‍ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി.ടി. മാത്യുവാണ്. ഇദ്ദേഹമാണ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അതതു ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ അതോറിറ്റിയാണ് എന്തൊക്കെ എവിടെയൊക്കെ വിന്യസിക്കണമെന്ന നിര്‍ദേശം നല്‍കുന്നത്. കൃത്യമായ പ്രോട്ടോകോള്‍ പ്രകാരമാണ് ദുരന്തമേഖലയിലെ സൈനികരുടെ രക്ഷാപ്രവര്‍ത്തനമെന്ന് മുന്‍ കേണല്‍ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ആര്.കെ. നായര്‍ പറഞ്ഞു. സൈന്യത്തെ വിലകുറച്ചു കാണിക്കുന്ന വാര്‍ത്തയെ നവമാധ്യമങ്ങള്‍ തലങ്ങും വിലങ്ങും വിമര്‍ശിച്ചു.
സൈന്യം മടിച്ചു നില്‍ക്കെ യൂത്ത് ബ്രിഗേഡ് ബെയ്ലി പാലം നിര്‍മിച്ചുവെന്നാണ് ചിലരുടെ ട്രോള്‍. വായനക്കാര്‍ വിശ്വസിക്കുമെങ്കില്‍ ഇങ്ങനെയും ഡിസാസ്റ്റര്‍ മൂഡ് സ്റ്റോറി എഴുതാമെന്ന് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാമെന്നാണ് മറ്റൊന്ന്.
‘ങും കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്…’ എന്ന കിലുക്കത്തില്‍ ഇന്നസെന്റിന്റെ ഡയലോഗും ‘ചിരിപ്പിക്കല്ലെടാ പൊട്ടായെന്ന ബിജു മേനോന്റെ ഡയലോഗും..’ നന്നായി പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ മാത്രം മതിയെന്നു പറഞ്ഞ സൈനിക ഉദ്യോഗസ്ഥന് ജാലിയന്‍ കണാരന് എന്നാണോയെന്ന് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ ഫെയ്സ്ബുക്കില്‍ ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: