കഴിഞ്ഞ തലമുറയിലെ പ്രമുഖ സംഗീതജ്ഞനും നാടകനടനും ചലച്ചിത്രനടനുമായിരുന്നു ചേര്‍ത്തല വാസുദേവക്കുറുപ്പ്. ഒന്നരപ്പതിറ്റാണ്ടുകാലം കലാകേരളത്തിന്റെ ചൈതന്യവും ശക്തിയുമായിരുന്ന ആ കലാകാരന് വിട പറഞ്ഞിട്ട് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
1915 ഫെബ്രുവരിയില്‍ ചേര്‍ത്തലയിലെ വടക്കുംമുറിയില്‍ പൂവണ്ടാട്ട് തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതല്‍ സംഗീതത്തോട് ഭ്രമമുണ്ടായിരുന്ന വാസുദേവന്‍ ഏഴാം ക്ലാസ്സ് വരെയേ സ്കൂള്‍പഠനം നടത്തിയിട്ടുള്ളൂ.
പ്രസിദ്ധ നാദസ്വരവിദ്വാന് ചേര്‍ത്തല കുട്ടപ്പപ്പണിക്കരുടെ കീഴില്‍ പത്താം വയസ്സ് മുതല്‍ സംഗീതാഭ്യസനം ആരംഭിച്ച വാസുദേവന്‍, പതിനഞ്ച് വര്‍ഷം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. മുതിര്‍ന്നപ്പോള്‍ കുംഭകോണത്തു നിന്ന് സംഗീതത്തില്‍ ഉപരിപഠനം നടത്തി. തിരിച്ചെത്തിയ അദ്ദേഹം 1940 മുതല്‍ തിരുവനന്തപുരം കേന്ദ്രമായി കുട്ടികളെ സംഗീതം പഠിപ്പിക്കാനാരംഭിച്ചു.
സംഗീതാധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കെ അക്കാലത്തെ ദേവസ്വം കമ്മീഷണര്‍ ഓഫീസ് മാനേജരും കലാകാരനുമായിരുന്ന എന്‍.സി. കൃഷ്ണപിള്ളയെ പരിചയപ്പെടാനിടയായത് ജീവിതത്തിലെ വഴിത്തിരിവായി. അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലൊക്കെ സംഗീതക്കച്ചേരികള്‍ നടത്താനുള്ള അവസരം വാസുദേവന്‍ ഭാഗവതര്‍ക്ക് ലഭിച്ചു. ഈ കച്ചേരികള്‍ ഏറെ പ്രശസ്തി സമ്മാനിച്ചു. അഭിനന്ദനങ്ങളും ഒപ്പം ഒട്ടനവധി പുരസ്കാരങ്ങളും കൈവന്നു.
വായ്പ്പാട്ടിന് പുറമേ ഹാര്‍മോണിയം വായനയിലും മികവ് പുലര്‍ത്തിയ അദ്ദേഹം തുടര്‍ന്ന് ഒരു ഹാര്‍മോണിസ്റ്റായി നാടകരംഗത്തേക്കും കടന്നുവന്നു. അഭിനേതാക്കള്‍ക്ക് പാടാനുള്ള കഴിവ് കൂടി ഉണ്ടായിരിക്കുന്നത് പ്ലസ് പോയിന്റായി കണക്കാക്കിയിരുന്ന അക്കാലത്ത് സംഗീതജ്ഞാനമുള്ള അഭിനേതാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. അങ്ങനെയാണ് ഹാര്‍മോണിസ്റ്റ് എന്ന നിലയില്‍ നിന്നും അദ്ദേഹം അറിയപ്പെടുന്നൊരു നാടകനടനായിത്തീര്‍ന്നത്.
1943 മുതല്‍ 15 വര്‍ഷം അദ്ദേഹം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. ഭാഗ്യനക്ഷത്രം, സുഭഗ, രക്തബന്ധം, ചേച്ചി, മുന്‍ഗാമി, ശശിധരന് ബിഎ തുടങ്ങിയവയൊക്കെ അദ്ദേഹം വേഷമിട്ട നിരവധി നാടകങ്ങളില്‍ ചിലതാണ്. നാടകരംഗത്ത് ശ്രദ്ധേയനായിക്കൊണ്ടിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന് ചലച്ചിത്രമേഖലയിലും അവസരമെത്തി.
1948 ല്‍ കേരളാ ടാക്കീസിന്റെ ബാനറില്‍ പ്രമുഖ നാടകാചാര്യന് ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന് നിര്‍മ്മിച്ച നിര്‍മ്മല എന്ന ചിത്രത്തിലെ ഉപനായകനായി അദ്ദേഹം സിനിമയില്‍ വന്നു.
മലയാളത്തിലെ ആറാമത്തെ ചിത്രമായിരുന്നു നിര്‍മ്മല. പാലക്കാട്ടുകാരന് പി.വി.കൃഷ്ണയ്യര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് പിന്നണിഗാന സമ്പ്രദായം നിലവില്‍ വരുന്നത്. അഭിനയിച്ച ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയുമുണ്ടായി. കഥാനായികയായ നിര്‍മ്മലയെ സ്നേഹിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍ രഘുവായി ജോസഫ് ചെറിയാനും, അതറിയാതെ അവളെ മോഹിക്കുന്ന പട്ടാളക്കാരന് ബാലനായി വാസുദേവക്കുറുപ്പും വേഷമിട്ടു. ബാലന്, പട്ടാളത്തില്‍ നിന്നുവരുന്ന വിവരമറിയുന്ന അനിയത്തി ലളിത സന്തോഷാധിക്യത്താല്‍ പാടുന്നതാണ് ഏട്ടന് വരുന്ന ദിനമേ അരുമ ദിനമേ….. എന്ന ഗാനം. ഈ ഗാനം പാടിയതും ആ വേഷമവതരിപ്പിച്ചതും ബേബി വിമലയാണ്. (വിമലാ വര്‍മ്മ.)
നിര്‍മ്മലയില്‍ നിന്നു കിട്ടിയ പ്രതിഫലംകൊണ്ട് അദ്ദേഹം, അഗസ്റ്റിന് ജോസഫുമായിച്ചേര്‍ന്ന് ഒരു നാടകക്കമ്പനി ആരംഭിച്ചു. എന്നാല്‍ സ്വന്തം ട്രൂപ്പ് സാമ്പത്തിക ക്ലേശങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. തുടര്‍ന്ന് ആ ട്രൂപ്പ് പിരിച്ചുവിടുകയും മറ്റു സമിതികളില്‍ സഹകരിക്കുകയും ചെയ്തുപോന്നു. ആലുവായിലെ പങ്കജം മോട്ടോഴ്സിന്റെയും പങ്കജം തിയേറ്ററിന്റെയും പ്രൊപ്രൈറ്ററായിരുന്നു എന്‍.കെ. കരുണാകരന് പിള്ള. അദ്ദേഹം 1951 ല്‍ ഒരു സിനിമ നിര്‍മ്മിച്ചു. ജയഭാരത് പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട രക്തബന്ധം എന്ന ആ ചിത്രത്തില്‍ ചേര്‍ത്തല വാസുദേവക്കുറുപ്പായിരുന്നു നായകന്. മിസ് ഓമന നായികയായി. രവി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
കൈലാസ് പിക്ചേഴ്സിനു വേണ്ടി ഠ ജാനകി റാം സംവിധാനം ചെയ്ത് 1951 ഡിസംബറില്‍ പുറത്തുവന്ന ചേച്ചി എന്ന ചിത്രം, അനിയത്തിക്കുവേണ്ടി ഒരു ചേച്ചിയുടെ സ്നേഹ-ത്യാഗങ്ങളുടെ കഥയാണ് പറഞ്ഞത്.
ചേച്ചിയായി മിസ് കുമാരിയും അനിയത്തിയായി മിസ് ഓമനയും വേഷമിട്ട ഈ ചിത്രത്തിലെ കഥാനായകന് പ്രഭുല്ലചന്ദ്രനെ പ്രതിനിധീകരിച്ചത് വാസുദേവക്കുറുപ്പായിരുന്നു.
മൂന്ന് ചലച്ചിത്രങ്ങളിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. പിന്നീടദ്ദേഹം നാടകരംഗത്തേക്കു തന്നെ മടങ്ങി. അദ്ദേഹത്തിന്റെ ജീവിതസഖിയായി കടന്നുവന്ന തിരുവനന്തപുരം സ്വദേശിനി സരോജിനിയമ്മയ്ക്കും സംഗീതത്തില്‍ ജ്ഞാനവും പ്രാവീണ്യവുമുണ്ടായിരുന്നു.
1958 ല്‍ മകന് ജനിച്ചതോടെ അദ്ദേഹം നാടക-ചലച്ചിത്ര രംഗങ്ങളോട് വിട പറഞ്ഞു. കുറച്ചുകാലം നാട്ടില്‍ താമസിച്ചു. പിന്നീട് എറണാകുളത്ത് താമസമാക്കിയശേഷം സംഗീതാഭിരുചിയുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരുന്നു.
വലിയൊരു ശിഷ്യസമ്പത്തിനുടമയായിരുന്നു അദ്ദേഹം. 1984 ല്‍ വീണ്ടും ചേര്‍ത്തലയിലെ വീട്ടിലേക്ക് താമസം മാറ്റി. ചേച്ചി എന്ന സിനിമയിലെ നായക കഥാപാത്രത്തോട് ഏറെ ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം, തന്റെ മക്കള്‍ക്ക് പ്രഭുല്ലചന്ദ്രന്, പ്രഭുലചന്ദ്രിക എന്നിങ്ങനെയാണ് പേരിട്ടത്.
ഉപകരണ സംഗീതത്തില്‍ പ്രാവീണ്യമുള്ള മകന് പ്രഭുലചന്ദ്രന്, 1977 മുതല്‍ കലാഭവന്റെ പരിപാടികളിലെ സാന്നിധ്യമാണ്. കലാഭവന്‍ ശ്രീകുമാറെന്നാണ് അറിയപ്പെടുന്നത്.പ
അനാരോഗ്യം വര്‍ദ്ധിച്ചതോടെ കലാരംഗത്തു നിന്നും പൂര്‍ണ്ണമായും പിന്മാറിയ അദ്ദേഹത്തിന് 1975 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ അവശകലാകാര പെന്ഷന് ലഭിച്ചിരുന്നു.
1991 ജൂലൈ 31 ന് ധന്യമായ ആ ജീവിതത്തിന് തിരശ്ശീല വീണു. മരിക്കുമ്പോള്‍ 76 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും മക്കളും ഇപ്പോഴും ചേര്‍ത്തലയിലെ വീട്ടില്‍ത്തന്നെയാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: