മേപ്പാടി: അഭിജിത് ഫോണില്‍ തിരയുകയാണ്, ഒരു കുടുംബചിത്രമെങ്കിലും ബാക്കിയുണ്ടോ എന്നറിയാന്‍. ഒരു രാത്രി തീര്‍ന്നപ്പോള്‍ അവനു നഷ്ടമായത് കുടുംബത്തെയൊന്നാകെ. അച്ഛന്, അമ്മ, കൂടപ്പിറപ്പുകള്‍… വല്യച്ഛനും കുടുംബവുമടക്കം 12 പേരെയാണ് ഒരു വീട്ടില്‍ നിന്നു ദുരന്തം തട്ടിയെടുത്തത്. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിനു തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയതുകൊണ്ടു മാത്രമാണ് അഭിജിത് ചൂരല്‍മല ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. അച്ഛന് സുബ്രഹ്മണ്യന്, അമ്മ ബബിത, ചേച്ചി ഗ്രീഷ്മ, ചേട്ടന് ഗിരിജിത്, അച്ഛമ്മ തായ്ക്കുട്ടി… എല്ലാവരും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വല്യച്ഛന് നാരായണന്, ഭാര്യ ശാന്ത, മകള്‍ പ്രതിഭ എന്നിവരും കൂടെപ്പോയി.
അച്ഛന്റെ സുഹൃത്ത് ബാലഗോപാലന്, ഭാര്യ സൗമ്യ, മക്കളായ വൈഷ്ണവ്, വര്‍ഷ എന്നിവരും ആ കാളരാത്രിയില്‍ മരണത്തിലേക്കൊഴുകിപ്പോയി. കനത്ത മഴയും കാലാവസ്ഥാ മാറ്റവും കണ്ടായിരുന്നു നാരായണനും ബാലഗോപാലനും സുരക്ഷിത താവളമായി സുബ്രഹ്മണ്യന്റെ വീട്ടില്‍ രാത്രി തങ്ങാനെത്തിയത്.
സുബ്രഹ്മണ്യന്, ഗ്രീഷ്മ, നാരായണന്, ശാന്ത, വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. കുടുംബത്തില്‍ ബാക്കിയായ മറ്റൊരാള്‍ നാരായണന്റെ മകന് പ്രണവ് മാത്രം. മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അഭിജിത് ഇപ്പോള്‍. ആള്‍ത്തിരക്കിലും അഭിജിത് ഒറ്റയ്ക്കാണ്. വേദനകള്‍ പങ്കുവയ്ക്കാന്‍ കൂടെ പ്രണവ് മാത്രം. കഴിഞ്ഞ വിഷുവിനു കുടുംബത്തിലെല്ലാവരും ചേര്‍ന്നെടുത്ത ഫോട്ടോ സഹോദരിയുടെ ഫോണിലായിരുന്നു. ഉരുള്‍പൊട്ടലില്‍ വീടൊന്നാകെ ഒഴുകിയകന്നപ്പോള്‍ എല്ലാ ഓര്‍മച്ചിത്രങ്ങളും എന്നന്നേക്കും നഷ്ടമായി. കൂലിപ്പണിക്കാരനായ അച്ഛന് ഫീസ് നല്‍കിയാണ് മകനെ പഠിപ്പിച്ചത്. ഇനിയെങ്ങനെ കോഴ്സ് പൂര്‍ത്തിയാക്കുമെന്ന് അഭിജിത്തിനറിയില്ല. കോഴ്സിനൊപ്പം പാര്‍ട്ടൈം ജോലിയുണ്ടെങ്കിലും അതുകൊണ്ട് ഫീസ് നല്‍കാനാകില്ല.
2018 ആഗസ്ത് ഏഴിനുണ്ടായ ഉരുള്‍പൊട്ടല്‍ വീടിനു ചേര്‍ന്നാണ് ഒഴുകിപ്പോയത്. കാലത്ത് ഏഴരയായിരുന്നതിനാല് ശബ്ദം കേട്ട ഉടനെ സുരക്ഷിത സ്ഥാനത്തെത്താനായി. എന്നാല്‍ ഇത്തവണ എല്ലാവരും ഉറക്കത്തിലായപ്പോഴാണ് ദുരന്തമൊഴുകിയെത്തിയത്. ‘ഇപ്പോള്‍ എല്ലാവരുമുണ്ട്. എന്നാല്‍ ഈ ക്യാമ്പ് കഴിയുമ്പോള്‍ ഇവരൊക്കെ എങ്ങോട്ടു പോകും. എനിക്കു പ്രശ്നമില്ല. ഞാന്‍ ഒറ്റയ്ക്കാണല്ലോ. എങ്ങോട്ടെങ്കിലും പോകാം. എന്നാല്‍ പിഞ്ചുകുട്ടികളടക്കമുള്ള കുടുംബങ്ങള്‍ എവിടെപ്പോകും. വീടു മാത്രമല്ല, ഒരുതരി മണ്ണു പോലും സ്വന്തമില്ലാത്തവരായി ഞങ്ങള്‍ മാറി.’ തീരാ വേദനയിലും അഭിജിത്തിന്റെ ആശങ്ക തന്നെക്കുറിച്ചല്ല, തന്റെ നാടിനെക്കുറിച്ചാണ്. ഒറ്റപ്പെട്ടു പോയ മറ്റുള്ളവരെയോര്ത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: