ആരണ്യകാണ്ഡം വിരചിക്കുന്ന വിശാല പ്രപഞ്ചം ആത്മീയ ഭൗതികങ്ങളുടെ സംലയന വേദിയാണ്. ജീവിതരഹസ്യങ്ങളും അനിര്‍വചനീയമായ സത്യാനുഭവ സാമഗ്രികളും അതീത പ്രകൃതിയും ചേര്‍ന്ന ഉത്സവമേളമാണത്. തനതു പ്രകൃതിയും മനുഷ്യപ്രകൃതിയും വനപ്രകൃതിയും ഈശ്വര പ്രകൃതിയും അദൈ്വതമായൊഴുകുന്ന മഹാനദീ പ്രത്യക്ഷമാണിത്. ‘ഈശാവാസ്യമിദം സര്‍വ്വം’ എന്ന ഉപനിഷദോക്തിയുടെ മായിക മന്ത്രണങ്ങളാണ് അവിടെ ഉയര്‍ന്ന് കേള്‍ക്കുക.
അത്രിയും അനസൂയയുമേകിയ അനുഗ്രഹ ധന്യതയില്‍ സീതാരാമന്മാരുടെ ഹൃദയം ആനന്ദസുരഭിലമാവുന്നതോടെ അയോദ്ധ്യാ കാണ്ഡത്തിന് തിരശ്ശീലവീഴുകയാണ്. രാമാദികളുടെ സംഭവ ബഹുലമായ ജീവിത രംഗങ്ങള്‍ അത്യന്തം നാടകീയമായും വികാര തരളിതമായും സന്നിവേശിക്കുന്ന ഈ അദ്ധ്യായത്തില്‍ ഭൗതികതയുടെ കനലും ആത്മീയതയുടെ നിലാവും ഒന്നിച്ചുദിക്കുന്നു.
സങ്കീര്‍ണ്ണമായ ജീവിതഘട്ടങ്ങളെക്കുറിച്ചുള്ള ലൗകികവും ദാര്‍ശനികവുമായ സിദ്ധാന്തങ്ങള്‍ ഇതില്‍ ഓളപ്പരപ്പായി ഒഴുകുന്നു. സ്തോഭവും ക്രൗര്യവും നാനാ രസസമൃദ്ധികളും മാറി മാറി വേഷം കെട്ടിയാടുന്ന ജീവിതത്തിന്റെ അടിസ്ഥാന ഭൂമിക ശോകം തന്നെയെന്ന് അയോദ്ധ്യാകാണ്ഡം ആവഹിക്കുന്ന ധര്മ്മസത്യമാണെങ്കിലും ആത്മീയത ഉണര്‍ത്തുന്ന ശാന്തിസൗഭഗം അനശ്വരംതന്നെയെന്ന പ്രമാണമൂല്യം ഇവിടെ അടയാളപ്പെടുത്തുന്നു. ആരണ്യകാണ്ഡം അദ്ധ്യാത്മ രാമായണത്തിന്റെ കണ്ണീര്‍ച്ചാലുകളില്‍ ഉറവയെടുക്കുന്നു. അത്രിമുനിയുടെ ആശ്രമത്തില്നിന്നൊരുദിനം രാമാദികള്‍ യാത്രാനുമതി വാങ്ങി. സഞ്ചരിച്ചും തോണിയാത്രയുമായൊടുക്കം അവര്‍ ഘോരമായ ദണ്ഡകാരണ്യത്തിലേക്ക് പ്രവേശിക്കുന്നു. ഹിംസ്രമൃഗങ്ങള്‍, രാക്ഷസന്മാര്, ക്രൂരസര്‍പ്പങ്ങള്‍! ചുറ്റിലും ക്രൗര്യത്തിന്റെ വനസ്ഥലി വായ പൊളിച്ചുനിന്നു. വില്ലുകുലച്ച് ശരമൂരിപ്പിടിച്ചാണ് രാമലക്ഷമണന്മാര് അരണ്യത്തിന്റെ ആന്തരഖനികളിലേക്ക് കടന്നു ചെല്ലുന്നത്. സമര്‍പ്പണ സായുജ്യത്തിന്റെ അരുളും പൊരുളും ഇവിടെ ഉയര്‍ന്നു കേള്‍ക്കാം.
”മുന്നില്‍ നീ നടക്കേണം വഴിയെ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം.
ജീവാത്മപരമാത്മാക്കള്‍ക്കു മദ്ധ്യസ്ഥയാകും
ദേവിയാം മായാശക്തിയെന്നതു
പോലെ”
ഈ രാമവചനം ബ്രഹ്മകേന്ദ്രീകൃതമായ ജ്ഞാനത്തിന്റെ അക്ഷരനേദ്യമാണ്. ജീവാത്മാവിനും പരമാത്മാവിനും മദ്ധ്യേ പരാശക്തിയുടെ മഹോര്ജ്ജം നിറയുന്നു. ജീവാത്മാപരമാത്മാക്കള്‍ ഏകമെങ്കിലും അതിന്റെ ആന്തരികത മായാശക്തിതന്നെ. അദൈ്വത ജീവനത്തിന്റെ സഞ്ചാരസമാധി ദര്‍ശനമാണ് ഈ വരികളില്‍ മുഴങ്ങുക. ജീവിതയാത്രയില്‍ ഓരോ മനുഷ്യനും ഈ സങ്കല്പ മാധുരിയില്‍ മുഴുകേണ്ടതുണ്ട്. രാമന് മോക്ഷപദം നല്കിയ രാക്ഷസനായ വിരാധന്റെ രാമസ്തുതിയുടെ വെളിച്ചം മോഹങ്ങളില്നിന്നുള്ള സ്വാതന്ത്ര്യമാണ്. രാമന്റെ ശരഭംഗാശ്രമ പ്രവേശം യോഗാത്മക വിഭൂതിയുടെ മഹിത രംഗമാണ്. യോഗീന്ദ്രനായ ശരഭംഗന് സീതാരാമന്മാരെ ദര്‍ശിച്ച് സായുജ്യമടയാന്‍ കാത്തിരിക്കുകയായിരുന്നു. ദണ്ഡകാരണ്യതല വാസികളായ മുനിമണ്ഡലത്തെ രാമലക്ഷ്മണന്മാരും ജാനകീദേവിയും ദണ്ഡനമസ്ക്കാരം ചെയ്തു. ‘നിന്നുടെ തത്ത്വം ഞങ്ങളറിഞ്ഞിരിക്കുന്നു’ എന്ന മുനിമാരുടെ ദര്‍ശന വചനത്തില്‍ ‘രാമതത്ത്വ’ത്തിന്റെ രഹസ്യാത്മകതയും മോക്ഷപ്രതീതിയുമുണ്ട്. വേദാന്തമോതുന്ന സമഷ്ടിചൈതന്യവും ബ്രഹ്മപ്രതീകമായ ഹിരണ്യഗര്ഭന്, പുരുഷന്, വിരാട് എന്നീ സങ്കല്പങ്ങളിലെ അതീതത്വവും തപസ്സിലൂടെ നേടിയെടുത്ത അഗസ്ത്യന്റെ ശിഷ്യോത്തമന് സുതീക്ഷ്ണന്‍ ആശ്രമദ്വാരം പ്രവേശിച്ച രാമാദികളെ സ്തുതിഗീതങ്ങളാലാണ് ഭക്തിപൂര്‍വ്വം സ്വീകരിച്ചാനയിക്കുന്നത്.
”പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം
മുറ്റിടും ഭക്ത്യാ നാമമുച്ചരിക്കായീടണം
മറ്റൊരു വരമപേക്ഷിക്കാനില്ല പോറ്റീ”
എന്ന ഉദാത്തമായ വരപ്രാര്ത്ഥനയില് രോമാഞ്ചം കൊള്ളുകയാണ് ആരണ്യകാണ്ഡ നിമിഷങ്ങള്‍. ഇവിടെയെല്ലാം തെളിയുന്ന രാമനാമ മാഹാത്മ്യവും പരമാത്മ സ്വരൂപാരാധനയും ഭക്തിയുടെ നവധാ മാര്‍ഗ്ഗങ്ങളും തുറന്നു തരുന്നു.
ബ്രഹ്മലോകം പോലെ സുന്ദരവും സമ്പത്സമൃദ്ധവുമായ അഗസ്ത്യാശ്രമപ്രാന്തങ്ങള് ഭക്തി മുക്തിയുടെ വേദാന്തസാരമുരയ്ക്കുന്നു. രാമദര്‍ശനത്തിനായി രാമമന്ത്രം ജപിച്ച് കാലങ്ങളായി കാത്തിരിക്കുകയായിരുന്നു കുംഭസംഭവന്‍. നമസ്ക്കരിച്ചെഴുന്നേറ്റ രാമനെ രോമാഞ്ചത്തോടെയാണ് അഗസ്ത്യന് സ്വീകരിച്ചത്.
അഗസ്ത്യ സ്തുതി ഉപനിഷദ്സാരാംശത്തിന്റെ മഹാവീര്യത്തില് തിളങ്ങുന്നു. പ്രകൃതിയും പുരുഷനും, ഗുണത്രയം, വിരാട് പുരുഷന്, ചരാചരങ്ങള്‍, ദേവമനുഷ്യതിര്യഗ്യോനി ജാതികള്‍, ത്രിമൂര്‍ത്തികള്‍, ജാഗ്രത്സ്വപ്നസുഷുപ്തികള്‍ ഇവയ്ക്കെല്ലാം സാക്ഷിയായ സാക്ഷാല്‍ ചിന്മയന്റെ അപദാനങ്ങള്‍ മാമുനി വാഴ്തിപ്പാടുന്നു. വിദ്യയും അവിദ്യയും ഉളവാക്കുന്ന ഭേദസങ്കല്പ്പങ്ങള്, മോക്ഷപദ്ധതികള് എല്ലാം അഗസ്ത്യജ്ഞാനത്തില് നക്ഷത്രവെളിച്ചമാവുന്നു. ഭക്തിയും രാമാവതാരത്തിന്റെ രഹസ്യാത്മക സത്യപ്രത്യയങ്ങള് മുനിയുടെ വാക്കുകളായി തെളിയുന്നു. പഞ്ചവടിയിലെ ഗൗതമീ തീരത്ത് ആശ്രമം സ്ഥാപിക്കാനും അവിടെ താമസിച്ച് ദേവകാര്യങ്ങള്‍ നടത്തണമെന്നും രാമനെ ഉണര്‍ത്തിക്കുന്നതും മറ്റാരുമല്ല. വേദശാസ്ത്രങ്ങളുടെയും ഉപനിഷദ് ദര്‍ശനത്തിന്റെയും സാരസര്‍വ്വസ്വ സമൃദ്ധിയാണ് മുനി രാമ സവിധത്തില്‍ അര്‍പ്പിച്ചത്. നിര്മ്മമത്വത്തിന്റെയും പ്രജ്ഞാനത്തിന്റെയും അദൈ്വത വഴി അഗസ്ത്യന് തുറന്നുവെയ്ക്കുന്നു. സാധാരണ മനുഷ്യന്റെ ബുദ്ധിചിന്താപഥത്തിലേക്ക് തുഞ്ചത്താചാര്യന് അര്‍പ്പിക്കുന്ന ജ്ഞാന ദക്ഷിണയാണ് പ്രസ്തുത ഭാഗം. ആത്മനിവേദനത്തിലൂടെ അഹം സമര്‍പ്പണമാണ് ഈ മുനിമാനസങ്ങള്‍ അനുഷ്ഠിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: