കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ദുരന്തത്തിനിരയായ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കുന്നതാണ് ഇനിയുള്ള ഏറ്റവും വലിയ പ്രശ്നവും പ്രതിസന്ധിയും. താത്കാലിക ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റ് അഭയ കേന്ദ്രങ്ങളിലും കഴിയുന്നവരെ ഏറെക്കാലം അങ്ങനെ നിലനിര്‍ത്താനാകില്ല. എന്നാല്‍ പുനരധിവാസം എങ്ങനെയെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ആശയമൊന്നുമില്ല. മുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്നുള്ള യോഗങ്ങളിലും ഇക്കാര്യം പ്രാഥമികമായിപ്പോലും ആലോചിച്ചിട്ടില്ല. പ്രദേശത്തെ ജനവാസത്തെക്കുറിച്ചുപോലും കൃത്യമായ കണക്കുകളില്ല.
റവന്യൂ വിഭാഗത്തിന്റെ കണക്കുപ്രകാരം വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങള്‍ തകര്‍ന്നു. എന്നാല്‍ മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍ തുടങ്ങിയവരുടെ കണക്കുപ്രകാരം പ്രദേശത്ത് അഞ്ഞൂറിലേറെയുണ്ട് വീടുകള്‍ മാത്രം. അതില്‍ 57ല്‍ താഴെ മാത്രമാണ് നിലനില്‍ക്കുന്നത്. പ്രദേശം ‘റിസോര്‍ട്ടുകളുടെ ജില്ലാ ആസ്ഥാന’മായിരുന്നു. അംഗീകാരമുള്ളതും ഇല്ലാത്തതുമായ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള മറ്റു സംവിധാനങ്ങളുമുണ്ടായിരുന്നു.
ഇവിടെ താമസിച്ചിരുന്നവരില്‍ ശേഷിക്കുന്നവരെ പുനരധിവസിപ്പിക്കണം. ദുരന്ത സ്ഥലത്ത് വീടുകള്‍ക്ക് ഇനി അനുമതിയേകുക സാധ്യമല്ല. ജൂലൈ 30ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലുകളുടെ ശക്തിയെക്കുറിച്ച് വിലയിരുത്തുന്നത് ഒരു ചെറു ഡാം പൊട്ടിയതിനു സമാനമെന്നാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി. മുരളീധരന് വിശേഷിപ്പിച്ചത് ഡാം പൊട്ടിയതിനു തുല്യമെന്നാണ്. ഇനി അവിടെ താമസിക്കുക അപകടകരം. സാധാരണ ഉരുള്‍പൊട്ടിയാല്‍ കല്ലും മറ്റു കനമേറിയ വസ്തുക്കളും ഒന്നര കിലോമീറ്റര്‍ അകലെ വരെ പോകാം. എന്നാല്‍ ആറേഴു കിലോമീറ്റര്‍ അകലെ വരെ വലിയ പാറക്കഷണങ്ങളെത്തിയത് കാണിക്കുന്നത് അപകടത്തിന്റെ ഗുരുതരാവസ്ഥയാണ്, അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടലുകളുണ്ടായത് 7000 അടി ഉയരത്തിലാണ്. ഇനിയും ഇത് ആവര്‍ത്തിച്ചുകൂടായ്കയില്ല. 2019ലാണ് പുത്തുമല ഉരുള്‍പൊട്ടലുണ്ടായത്. സമീപ പ്രദേശമാണത്. ഈ സാഹചര്യത്തില്‍ അവിടെ വീണ്ടും ഇവരെ താമസിപ്പിക്കുക പ്രായോഗികമല്ല. അതിനാല്‍ എവിടെ, എങ്ങനെയെന്ന ചോദ്യമാണ് പ്രധാനം.
ദുരന്ത സ്ഥലത്തെ പാറകളും മരക്കഷണങ്ങളുമടക്കം നീക്കി സഞ്ചാര യോഗ്യമാക്കാനാണ് സൈന്യം ശ്രമിക്കുന്നത്. അവിടെ ശേഷിക്കുന്നവരെക്കൂടി മാറ്റുക, തകര്‍ന്നിട്ടില്ലാത്ത കെട്ടിടങ്ങള്‍ ഉപേക്ഷിക്കുക, അവിടെ ജനവാസമെന്ന ആശയമേ ഉപേക്ഷിക്കുക എന്നിങ്ങനെയാണ് സൈനികരും പറയുന്നത്.
ഇപ്പോള്‍ മേപ്പാടിയിലും വയനാടിന്റെ മറ്റു ഭാഗങ്ങളിലുമുള്ളവരെ സുരക്ഷിതമായ സ്ഥലത്ത് പൊതുസംവിധാനത്തില്‍ പാര്‍പ്പിക്കാനേ സര്‍ക്കാരിനു കഴിയൂ. ഇവര്‍ക്കായി പ്രത്യേക സഹവാസ സംവിധാനം സജ്ജമാക്കാനായിരിക്കും പദ്ധതിയിടുക. അതിന് സംവിധാനമൊരുക്കുക എളുപ്പമല്ല. വയനാടിന്റെ ഒരുഭാഗത്തും ഇനി വന്‍നിര്‍മിതികള്‍ക്ക് അനുമതി സാധ്യതയില്ല. അതിനാല്‍ ഇവരെ ഒരുമിച്ച് എവിടെയെങ്കിലും താമസിപ്പിക്കുകയും എളുപ്പമല്ല. വീടുകള്‍, സ്കൂളുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുള്ള രണ്ടു വലിയ ഗ്രാമങ്ങള്‍ തന്നെയാണ് പുനരധിവസിപ്പിക്കേണ്ടത്.
സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി തയാറാക്കിയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണക്കെടുപ്പുകള്‍ നടക്കുകയാണ്. താത്കാലികമായി പുനരധിവസിപ്പിക്കാനാണെങ്കിലും വയനാട്ടില്‍ എവിടെ, എങ്ങനെ എന്ന പ്രശ്നമുണ്ട്. അതതു പ്രദേശത്ത് കൃഷിയും കച്ചവടവും മറ്റുമായി കഴിഞ്ഞവരുടെ ജീവിതോപാധിയും പ്രശ്നമാണ്. സ്വത്തു നഷ്ടമായവര്‍, കുടുംബം നടത്താനാകാത്തവര്‍, രോഗികള്‍ തുടങ്ങിയവരുടെ പ്രശ്നവും ശേഷിക്കുന്നു. സമാന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടായിട്ടുള്ള തയാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ അധികൃതരും സ്വീകരിച്ചു കാണുന്നില്ല.
ഇതിനിടെ, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 318 ആയി. ഇന്നലെ അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളില്‍ നിന്ന് 18 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 146 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 207 മൃതദേങ്ങളുടേയും 134 ശരീരഭാഗങ്ങളുടേയും പോസ്റ്റ്മോര്‍ട്ടം നടന്നു. 273 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 187 പേര് ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: