Main Article

സാംസ്‌കാരിക രംഗത്തെ മഹാമാതൃക

Published by

ആര്‍. സഞ്ജയന്‍
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍

കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രക്കിടെയാണ് പ്രൊഫ. സി.ജി. രാജഗോപാല്‍ സാര്‍ അന്തരിച്ച വിവരം അറിഞ്ഞത്. കഴിഞ്ഞദിവസം നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നു. അപ്രതീക്ഷിതമായ ഈ വിയോഗം ഏറെ ദു:ഖകരമാണ്.

തികഞ്ഞ സഹൃദയന്‍, പക്വമതിയായ പണ്ഡിതന്‍, സ്‌നേഹവും കരുതലുമുള്ള വരിഷ്ഠ സഹപ്രവര്‍ത്തകന്‍, മാര്‍ഗദര്‍ശി എന്നീ നിലകളിലെല്ലാം എന്നെ ഏറെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ള ആളാണ് രാജഗോപാല്‍ സാര്‍. പൊതുപ്രവര്‍ത്തകര്‍ക്ക് എല്ലാ നിലയ്‌ക്കും ഒരു മാതൃകയായിരുന്നു. കവി, പ്രശസ്തനായ അദ്ധ്യാപകന്‍, ദൃശ്യവേദി എന്ന സാംസ്‌കാരിക സംഘടനയുടെ സ്ഥാപക അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ തിരുവനന്തപുരത്തെ പൊതുമണ്ഡലത്തില്‍ സുപരിചിതനായിരുന്നു പ്രൊഫ. രാജഗോപാല്‍. 1990 കളിലാണ് ദേശീയ പ്രസ്ഥാനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത്. കേന്ദ്രസര്‍ക്കാര്‍ പബ്ലിക്കേഷന്‍ ഡിവിഷന്‍ ഉദ്യോഗസ്ഥനും തപസ്യയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.പി. മണിലാലാണ് രാജഗോപാല്‍ സാറിനെ തപസ്യയുടെ ഒരു പരിപാടിയില്‍ ആദ്യമായി പങ്കെടുപ്പിച്ചത്. ഞാന്‍ മണിലാലിനൊപ്പമാണ് രാജഗോപാല്‍ സാറിന്റെ വീട് സന്ദര്‍ശിച്ച് പരിചയപ്പെട്ടത്.

രാജഗോപാല്‍ സാര്‍ പിന്നീട് തപസ്യയുടെ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍, സംസ്‌കാര്‍ ഭാരതിയുടെ അഖിലഭാരതീയ ഉപാദ്ധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ചു. അക്കാലത്ത് കാശി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നടന്നിരുന്ന സംസ്‌കാര്‍ഭാരതിയുടെ അഖിലഭാരതീയ സമ്മേളനങ്ങളിലും യോഗങ്ങളിലും അദ്ദേഹം സഹധര്‍മിണിയോടൊപ്പം ഉത്സാഹപൂര്‍വ്വം പങ്കെടുക്കാറുണ്ടായിരുന്നു.
രാജഗോപാല്‍ സാര്‍ എം.എ ബിരുദം നേടിയത് ലക്‌നൗ സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്. തപസ്യ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം എം. എ. കൃഷ്ണന്‍ സാര്‍, പി. പരമേശ്വര്‍ജി, ആര്‍. ഹരിയേട്ടന്‍ എന്നിവരുമായി നല്ല ഹൃദയബന്ധം സ്ഥാപിക്കുകയും, ഭാരതീയ വിചാരകേന്ദ്രം, ബാലഗോകുലം അമൃതഭാരതി എന്നീ സംഘടനകളിലെല്ലാം സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഗുരുജി സാഹിത്യസര്‍വസ്വം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. അതിനായി എറണാകുളം മാധവ നിവാസില്‍ കുറച്ച് ദിവസം താമസിക്കുകയും ചെയ്തു.

തപസ്യയില്‍ ഭാരവാഹിത്വമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന ആദ്യകാലത്ത് രാജഗോപാല്‍ സാറിന് സംഘത്തെക്കുറിച്ച് ചില സന്ദേഹങ്ങളുണ്ടായിരുന്നു. പക്ഷേ അതെല്ലാം പിന്നീട് പൂര്‍ണമായി നീങ്ങി. ഒരിക്കല്‍ പൂര്‍ണ ഗണവേഷം ധരിച്ച് സംഘപരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കുന്നതും കാണാന്‍ ഭാഗ്യമുണ്ടായി.

തുളസിദാസിന്റെ രാമചരിത് മാനസ് എന്ന പ്രശസ്ത കൃതി രാജഗോപാല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഒട്ടേറെ പുരസ്‌കരങ്ങള്‍ ആ കൃതിക്ക് ലഭിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളില്‍ എക്കാലവും ഓര്‍മിക്കുന്ന ഒരു കൃതിയായി ഇത് പരിലസിക്കും. ആ മഹാത്മാവിന്റെ ഓര്‍മയ്‌ക്ക് മുന്നില്‍ സാദരം പ്രണമിക്കുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക