ത്യാഗജീവിനത്തില്‍ ആളിക്കത്തുന്ന ആത്മീയ ഭൗതികങ്ങളുടെ ജ്ഞാനാഗ്നിയാണ് അദ്ധ്യാത്മ രാമായണം. ഗുരുവിനും ഗുരുവായ ഇതിഹാസപ്രകാശമായി രാമചരിതം സത്യശിവ സൗന്ദര്യത്തില്‍ കത്തിനില്‍ക്കുന്നു. വിശിഷ്ടാദൈ്വതത്തിന്റെ ബോധിക്കൊമ്പിലിരുന്നാണ് എഴുത്തച്ഛന്റെ ശാരികയുടെ ശരണം വിളി ഉയരുന്നത്. ഈ കിളിമകള്‍ അക്ഷരാംബികയുടെ മഹാഹസ്തത്തില്‍ ശാന്തി കീര്‍ത്തനങ്ങളുമായിരിക്കുന്ന കിളിമകള്‍തന്നെ. ആ ചെഞ്ചുണ്ടില്‍നിന്നും അനന്തമായി പൊഴിയുന്ന ആമന്ത്രണങ്ങള്‍ ആത്മാന്വേഷകന് മുക്തിപദത്തിനുള്ള ഉപാസനാ വൈഖരിയാണ്. രാമായണ പാരായണകാരന്‍ സാക്ഷാത്ക്കരിക്കുക ഈ സാരസ്വത സഞ്ചയികതന്നെ. തിന്മയില്‍നിന്ന് നന്മയിലേക്ക്, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് മരണത്തില്‍നിന്ന് അമരത്വത്തിലേക്ക് നയിക്കേണമേ എന്ന ഉപനിഷദ് വാക്യത്തിന്റെ അന്തര്‍നാദമാണിത്. രാമായണ ഫലശ്രുതിയുടെ നാന്ദിവചനപ്പൊരുള്‍ ഈ വിഭൂതിപ്പൊരുള്‍തന്നെ.
അഷ്‌ടൈശ്വര്യങ്ങളുമേകി അഭീഷ്ടവരദായിനിയായി രാമായണ സരസ്വതി മന്ദഹാസം പൊഴിക്കുന്നു. ഭക്തിമുക്തിയുടെ നാനാ മാര്‍ഗ്ഗബിന്ദുക്കളും പ്രായോഗിക പദ്ധതികളും സവിസ്തരം തുറന്നുതരുന്ന ശ്രീലകമാണ് ഇതിഹാസം. പുരുഷാര്‍ത്ഥങ്ങളുടെ പൂര്‍ണ്ണിമയായും ഭക്ത്യനുഭൂതിയുടെ ആന്ദോളനമായും താത്ത്വിക ദര്‍ശന പ്രഭയായും ഗ്രന്ഥാക്ഷരി ആത്മദീപത്തിനു മുമ്പില്‍ കത്തിനില്‍ക്കുന്നു. അറിവിന്റെ ബോധിവൃക്ഷമാണ് മഹേതിഹാസം. ജ്ഞാനപ്പഴമാണ് രാമന്‍. ഈ മധുര ഫലത്തെ കയ്യെത്തിപ്പിടിക്കാനുള്ള സര്‍ഗ്ഗയത്‌നമാണ് രാമായണ പാരായണം. രാമായണ ഫലശ്രുതി പകരുന്ന മഹാശയങ്ങള്‍ ആന്ധ്യം ബാധിച്ച വര്‍ത്തമാനകാലത്തിന്റെ ബധിര കര്‍ണ്ണങ്ങളില്‍ പതിയേണ്ടതുണ്ട്.
”ആദ്ധ്യാത്മ രാമായണമിദ മെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയ പ്രോക്തം
അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിക്കുമതിനില്ല സംശയം”
എന്ന വൈഖരി മുക്തിയെ മുന്‍നിറുത്തിയുള്ള നാനാര്‍ത്ഥ ബോധത്തിലേക്ക് അനുവാചകനെ ആനയിക്കുന്നു. ജനന മരണ ഹരണ നാമമത്രെ രാമന്‍. താരകമന്ത്രത്തിന്റെ വിശിഷ്ടാര്‍ത്ഥ പ്രബോധനത്തില്‍ കൈവല്യസിദ്ധിയുടെ മാറ്റ് തിളങ്ങുന്നുണ്ട്. അത്യുന്നതമായ ആ പരമലക്ഷ്യത്തിനപ്പുറം സാധാരണ ജീവിതത്തിലെ നന്മയും സ്‌നേഹാധിഷ്ഠിതമായ മൂല്യസങ്കല്‍പ്പങ്ങളും ലക്ഷ്യമാക്കുന്നുണ്ട് ഈ ഫലശ്രുതി വചനത്തിന്റെ ആമുഖക്കുറി. പൂര്‍ണ്ണരൂപമായ മനുഷ്യത്വം തന്നെയാണ് ‘മുക്തി’യുടെ ആന്തരിക പ്രത്യക്ഷം.
സര്‍വ്വസമ്പദ് സമൃദ്ധിനേട്ടവും സകലാഭീഷ്ട സാധകവുമാണ് രാമായണ പാരായണ ഫലം. ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ത്ഥമാണ് രാമായണോപദേശം കൊണ്ടുള്ള സിദ്ധി. മോക്ഷ പ്രാപ്തിയിലേക്കുള്ള നടപ്പാതയാണ് അതിന്റെ സാധന. സ്വാര്‍ത്ഥതയും അധര്‍മ്മവും കുടിലദുര്‍നിയമങ്ങളുമായി കാലങ്ങളലൂടെ നിറം മങ്ങയ രാഷ്‌ട്രത്തിന്റെ മുഖഛായ പുനഃസൃഷ്ടിക്കേണ്ടിയിരിക്കുന്നു. രാമനാമ മന്ത്രത്തിന്റെ അത്ഭുത ശേഷിപ്പുകള്‍ ഇതിന് ആയുധമാകാകം. ഇന്ന് അയോദ്ധ്യയില്‍ ഉയര്‍ന്ന ഭവ്യക്ഷേത്രവും അതിന്റെ അനശ്വര വിഭൂതി മാര്‍ഗ്ഗങ്ങളും രാഷ്‌ട്രത്തിന്റെ പുനര്‍സൃഷ്ടിയുടെ പ്രായോഗിക പ്രതിഫലമത്രെ. ഇതിഹാസനിമന്ത്രണങ്ങളുടെ ഫലപ്രാപ്തി രാഷ്‌ട്രചേതനയില്‍ തുടിച്ചുനില്‍ക്കുന്നു. വ്യക്തിക്കും സമൂഹത്തിനും ഈ ചൈതന്യധന്യത ഇതിഹാസാലാപനത്തിലൂടെ നേടിയെടുക്കാം. യഥാര്‍ത്ഥത്തില്‍ അനന്തമായ കാലമാണ് ഈ പുണ്യഗ്രന്ഥം പാരായണം ചെയ്യുന്നത്. ആ അനുഗ്രഹസാഫല്യത്തിന് ചരാചരങ്ങള്‍ അര്‍ഹരാകുന്നു. സ്വയം അവതാര പദവിയിലേക്കുയരുന്ന ഇതിഹാസം ‘അവതാര ഗ്രന്ഥ’മായി വിളികൊള്ളുന്നു.
ജിജ്ഞാസുക്കള്‍ക്കു മാത്രം ഓതാനുള്ള അതീവ രഹസ്യമായ പരമാത്മതത്ത്വമാണ് രാമായണാക്ഷരി. പരം പൊരുളിന്റെ ആഗ്നേയസത്യം സ്ഥലകാലങ്ങള്‍ക്കും വാക്കിനും അതീതമാണ്. എന്നാല്‍ സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെ ജീവിതയാത്രയുടെ അനുഭവസാരസ്യത്തെ അനുധാവനം ചെയ്യുന്ന സുമനസ്സുകള്‍ക്ക് ഗുഹ്യാല്‍ഗുഹ്യമായ സത്യപ്രഹേളികയിലെത്താമെന്ന് പരമേശ്വരന്‍ പാര്‍വ്വതിയോട് സൂചിപ്പിക്കുന്നു. പരബ്രഹ്മ സ്വരൂപമായ അയോദ്ധ്യാരാമനിലൂടെ മാത്രമേ ആത്മാരാമന്റെ നിത്യസ്വത്വത്തെ പ്രാപിക്കാനാവൂ എന്നാണ് മഹേശ്വര മതം. രാമഹൃദയത്തിലേക്കുള്ള അനുവാചകഹൃത്തിന്റെ തീര്‍ത്ഥയാത്രയാണ് ഇതിഹാസപാരായണം. ജ്ഞാനാര്‍ത്ഥികള്‍ക്കും നിര്‍മ്മല ഹൃദയന്മാര്‍ക്കും ആവോളം പാനം ചെയ്യാനുള്ള അമൃതരസകുംഭമാണ് രാമചരിതം. ‘ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി’യെന്ന വേദാന്ത രഹസ്യത്തില്‍ ‘ചിദാനന്ദ സ്വരൂപിയായ ആത്മാവുതന്നെ താന്‍’ എന്ന ബോധപ്പരപ്പില്‍ അനുവാചക ഹൃദയം തുടിക്കുന്നു.
”നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തി പൂ-
ണ്ടണ്ടദ്ധ്യയനം ചെയ്കിലും മുദാ കേള്‍ക്കിലും
സിദ്ധിക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ”
ഇങ്ങനെ പാരായണ ശ്രവണാനുഭവത്തെയും ആചാര്യന്‍ ഫലശ്രുതിയായി ഗണിക്കുന്നു. അദ്ധ്യാത്മ പ്രതീകവും അത്യന്തം രഹസ്യാത്മകവുമായ രാമായണം ഏകമാനവലോകത്തെയാണ് സാക്ഷാത്ക്കരിക്കുന്നത്. അദൈ്വതത്തിന്റെ ബോധിയായി ലോകൈക വന്ദ്യനും ബ്രഹ്മഹന്താവിനും ഒരുപോലെ ഉപദേശമാര്‍ഗ്ഗം തെളിക്കാന്‍ അറിവിന്റെ ഈ ആകരഗ്രന്ഥം പ്രതിജ്ഞാബദ്ധമാണ്. നൈമിശാരണ്യത്തില്‍ ലവകുശന്മാരുടെ രാമായണ പാരായണ സംഗീതിക ശ്രവിച്ചാണ് രാമന്‍ പരിപൂര്‍ണ്ണ മനുഷ്യന്റെ സിംഹാസനത്തിലേക്ക് സ്വയം അവരോധിതനാകുന്നത്. ഉപേക്ഷിച്ചുപോയ സീതാദേവിയെ സ്വീകരിക്കാന്‍ ആ മനം തുടിച്ചതും വരികളില്‍ തുടിച്ച മഹാശയ വിദ്യാപ്രമാണം കൊണ്ടുതന്നെ. കാവ്യം അതിലെ നായകന്റെ ദര്‍ശന മീമാംസയെത്തന്നെ നവീകരിക്കുന്നു. ജ്ഞാനയോഗ ഭക്തിമാര്‍ഗ്ഗങ്ങളുടെ ഏകസ്വരത്തില്‍ ആത്മവത്തയുടെ ശ്രുതിമേളമുയര്‍ത്തുകയാണ് ഇതിഹാസഫലശ്രുതി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: