ഒറ്റമരത്തിനൊരിക്കലും
ഒരു കാടാവാന്‍ കഴിയില്ല!
ഒറ്റമരങ്ങളങ്ങനെ
പടര്‍ന്നു പന്തലിച്ച്
ഒരു കൂട്ടത്തിന് തണലൊരുക്കുമെങ്കിലും
അവയൊരിക്കലും കാടിന്റെ
നിറവും നനവും ധര്‍മ്മവും നിറവേറ്റില്ല.
മരങ്ങള്‍ വളരാന്‍ മത്സരിക്കുമ്പോഴും
ചില്ലകളാല്‍ തമ്മില്‍ കൈകൂപ്പി
നിലപ്പനയ്ക്കും കുറുന്തോട്ടിക്കും കറുകയ്ക്കും
വിഷ്ണുക്രാന്തിക്കും പിന്നെയുമെത്രയോ
ചെടികള്‍ക്കും വല്ലികള്‍ക്കും മുളപൊട്ടി
വളരാനിടമൊരുക്കുമ്പോഴാണ്
ഒരു ചെറുകാടും പിന്നെയൊരു
മഹാവനവുമുണ്ടാവുന്നത്.
ഒറ്റമരങ്ങള്‍ വേണ്ടത് ഇത്തിരി തണലിനപ്പുറം
കാഴ്ചയില്ലാത്ത വെറും മനുഷ്യര്‍ക്കാണ്.
പ്രപഞ്ചത്തിനുവേണ്ടതോ..
വന്മരങ്ങളും വല്ലികളും പിണഞ്ഞു
വളരുന്ന കാടുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: