ഭാരതീയ യുവത്വത്തിന്റെ ശോഭനഭാവി ഉറപ്പാക്കുന്നതാണ് മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യബജറ്റ്. നരേന്ദ്രമോദിക്കെതിരെ രാഷ്ട്രീയ വിമര്‍ശനവുമായി ചാടി വീഴുന്നവര്‍ ബജറ്റ് നിര്‍ദേശങ്ങളെ ആഴത്തില്‍ പഠിക്കാന്‍ തയാറാവുന്നില്ല. തൊഴിലവസരങ്ങള്‍ മുതല്‍ അടിസ്ഥാന സൗകര്യവികസനം വരെ അവസരങ്ങളുടെ വലിയ വാതായനമാണ് കേരളത്തിന് മുന്നില്‍ തുറന്നിട്ടുള്ളത്.
കുത്തഴിഞ്ഞ ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിലില്ലായ്മയും മൂലം നാടുവിടുന്ന മലയാളി ചെറുപ്പക്കാരെ മറിച്ചുചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. തൊഴിലിനും നൈപുണ്യവികസനത്തിനുമാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റ് ഊന്നല്‍ നല്‍കുന്നത്. റോസ്ഗാര്‍ മേളകളിലൂടെ പൊതുമേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നല്കിയ പ്രധാനമന്ത്രി, സ്വകാര്യ മേഖലയെക്കൂടി അതിലേക്ക് കൊണ്ടുവരികയാണ്. മുദ്രാ വായ്പകള്‍, പിഎം സ്വനിധി, വിശ്വകര്‍മയോജന എന്നിങ്ങനെ സ്വയംതൊഴില്‍ സഹായങ്ങള്‍ക്ക് പുറമെയാണിത്.
വന്‍കിട സ്ഥാപനങ്ങളില്‍ മാസം അയ്യായിരം രൂപ അലവന്‍സോടെ ഇന്റേണ്‍ഷിപ് നല്‍കാനുള്ള തീരുമാനം പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക് രാജ്യത്തുതന്നെ തുടരാന്‍ പ്രേരണ നല്‍കും. ഇന്റേണ്‍ഷിപ് നല്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുകയാണ്. മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ കമ്പനികളെയും ഇത് സഹായിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമെന്ന് ചുരുക്കം. വിദഗ്ധ താഴിലാളികളുടെ അഭാവം മൂലം ഒഴിവ് നികത്താനാവുന്നില്ല എന്ന് എല്‍ ആന്‍ഡ് ടി പോലുള്ള വന്‍കിട കമ്പനികള്‍ പറയുന്ന കാലമാണിത്. രാജ്യത്തെ തൊഴില്‍ സംസ്കാരത്തെത്തന്നെ ഇത് മാറ്റി മറിക്കും.
20 ലക്ഷം പേര്‍ക്ക് ആധുനിക തൊഴില്‍ മേഖലയില്‍ നൈപുണ്യശേഷി നല്‍കുക എന്ന ലക്ഷ്യം യാഥാര്‍ഥ്യമായാല്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നതുപോലെ ലോകത്തെ മനുഷ്യവിഭവശേഷിയുടെ തലസ്ഥാനമായി ഭാരതം മാറും. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവമാണ് നമ്മുടെ കമ്പനികളും നേരിടുന്ന വലിയ വെല്ലുവിളി.
ആദ്യമായി തൊഴില്‍ ലഭിക്കുന്നവര്‍ക്ക് 15,000 രൂപവരെ ഒരുമാസത്തെ ശമ്പളം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും എന്നത് വിപ്ലവകരമായ തീരുമാനമാണ്. രണ്ടുകോടിയിലധികം നവാഗത തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വനിതാ ജീവനക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കിയിരിക്കുകയാണ് നിര്‍മല സീതാരാമന്. ജീവനക്കാരുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. വനിതാ ഹോസ്റ്റലുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുടങ്ങാനുള്ള തീരുമാനം തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കും. പ്രസവശേഷം ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് ആശങ്കപ്പെടുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് ശിശുപരിപാലന കേന്ദ്രങ്ങള്‍. കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളിലേല്പ്പിച്ച് ജോലിക്ക് പോവാം.
ആഭ്യന്തര ഉന്നതവിദ്യാഭ്യാസത്തിന് പത്തുലക്ഷം വരെ വായ്പ അനുവദിക്കാനുള്ള തീരുമാനം നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് താങ്ങാകും. മലയാളി വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിനായി രാജ്യം വിടുന്ന സാഹചര്യത്തില്‍ കുറവുവരുത്താനും ഇത് സഹായിക്കും. പ്രതിവര്‍ഷം രണ്ടരലക്ഷത്തിന് മേല്‍ വിദ്യാര്‍ഥികള്‍ പുറത്തേക്ക് പോകുന്നു എന്നാണ് കണക്ക്. ഉന്നതവിദ്യാഭ്യാസ വായ്പ പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠിക്കാനാകും. യുദ്ധഭൂമിയില്‍പ്പോലും ജീവന് പണയപ്പെടുത്തി പഠിക്കുന്നത് ഒഴിവാകും. വിദ്യാര്‍ഥികള്‍ നാടുവിടുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വയ്ക്കുകയാണ് കേരളസര്‍ക്കാര്‍ ചെയ്തതെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള പ്രായോഗിക മാര്‍ഗമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
മുദ്രാലോണിന്റെ പരിധി വര്‍ധിപ്പിച്ചതും യുവാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള അവസരമാണ് നല്‍കുന്നത്. പത്തു ലക്ഷത്തില്‍ നിന്ന് ഇരുപത് ലക്ഷമാക്കിയാണ് മുദ്രാ വായ്പാ വര്‍ധിപ്പിച്ചത്. ഇതിന് പുറമേയാണ് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി (എംഎസ്എംഇകള്‍ക്ക്) നൂറു കോടി രൂപയുടെ വായ്പ ഗ്യാരന്റി. ചെറുകിട സംരംഭങ്ങളെടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഈടില്ലാതെ വായ്പകള്‍ ലഭ്യമാക്കുകയാണ്. എന്നുവച്ചാല്‍ മറ്റാരുടെയും ഔദാര്യത്തിലല്ലാതെ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. കൈത്തറി, കശുവണ്ടി പോലുള്ള മേഖലകള്‍ക്ക് ഇതേറെ പ്രയോജനം ചെയ്യും.
സ്റ്റാര്‍ട്ടപ് വിപ്ലവം നടക്കുന്ന കാലത്താണ് ‘ഏഞ്ചല്‍ ടാക്സ്’ എന്ന വെല്ലുവിളി ഇല്ലാതാവുന്നത്. നൂതനാശയങ്ങളുമായി രാജ്യപുരോഗതിക്ക് വലിയ സംഭാവന നല്കുന്ന എഡ് ടെക് കമ്പനികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് തീരുമാനം. മികച്ച എഡ് ടെക് കമ്പനികള്‍ക്ക് പേരുകേട്ട കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാവാനും നിലവിലുള്ളവരുടെ ആത്മവിശ്വാസം വര്‍ധിക്കാനും
ഈ നികുതിയിളവ് സഹായിക്കും. സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തെ ശക്തിപ്പെടുത്തുകയും ചെറുപ്പക്കാര്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തുകയും ചെയ്യും.
അടിസ്ഥാന സൗകര്യവികസനരംഗത്തിന് നല്‍കിയിരിക്കുന്ന പ്രാധാന്യം മികച്ച റോഡുകളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന നമ്മുടെ നാടിന് ഗുണം ചെയ്യും. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന നാലാം ഘട്ടം പ്രഖ്യാപിച്ചിരിക്കുകയാണ്. പിഎംജിഎഎസ്വൈക്ക് കീഴില്‍ 4,228 കിലോമീറ്റര്‍ റോഡാണ് കേരളത്തില്‍ ഇതിനോടകം നിര്‍മിച്ചിട്ടുള്ളത്. ഇതിനുപുറമേയാണിപ്പോള്‍ 33 റോഡുകള്‍ക്കായി 160.56 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. നാലാംഘട്ടം പരമാവധി പ്രയോജനപ്പെടുത്തിയാല്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെയുളള ജില്ലകളിലെ പിന്നാക്ക മേഖലകളിലും റോഡ് കണക്ടിവിറ്റി എത്തിക്കാനാവും.
അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അമ്പത് വര്ഷകാലാവധിയില് അനുവദിച്ചിട്ടുള്ള പലിശരഹിതവായ്പയാണ് കേരളത്തിനുള്ള മറ്റൊരു സുവര്‍ണാവസരം. കിഫ്ബി വഴിയുള്ള വായ്പയ്ക്ക് വാശി പിടിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇത് പ്രയോജനപ്പെടുത്തണം. ഈ വായ്പ പദ്ധതി നിലവില്‍ വന്ന ആദ്യവര്‍ഷം 1903 കോടി രൂപ കേരളത്തിന് കിട്ടി. പക്ഷേ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പിന്നീട് ഈ വായ്പ ലഭിച്ചില്ല. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതിനാലാണ് ഈ വലിയ നഷ്ടം സംസ്ഥാനത്തിനുണ്ടായത്.
റെയില്‍വെ വികസനത്തിന് മുന്‍വര്‍ഷത്തെക്കാള്‍ കൂടിയ തുക ഇത്തവണ കേരളത്തിനായി മാറ്റിവച്ചിരിക്കുന്നു. 3011 കോടിയാണ് കേരളത്തിന് ഈ സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ചിട്ടുള്ളത്. 2009 മുതല്‍ 2014 വരെ പ്രതിവര്‍ഷം ശരാശരി അനുവദിച്ചത് 372 കോടിയായിരുന്നു എന്നത് മറക്കരുത്. സംസ്ഥാനത്തെ 35 സ്റ്റേഷനുകളെ അമൃത് പദ്ധതയില്‍പ്പെടുത്തി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും എന്ന് പറയുമ്പോള്‍ എവിടെയാണ് അവഗണന?റെയില്‍വെ വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്കിയാല് മാത്രമെ കേരളത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകൂ എന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞെങ്കിലും ഉത്തരവാദിത്തപ്പെട്ട ആരും പ്രതികരിച്ച് കണ്ടില്ല. നാടിനെ കീറിമുറിക്കുന്ന സില്‍വര്‍ ലൈനിനാണോ നിലവിലെ കാര്യശേഷി വര്ധിപ്പിക്കലിനാണോ മുന്‍ഗണന എന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്.
ആന്ധ്രാപ്രദേശിനും ബിഹാറിനും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രത്യേക പരിഗണന നല്കി എന്ന് കേരളത്തിലെ ഇന്‍ഡി സഖ്യക്കാര്‍ വിമര്‍ശിച്ചു കണ്ടു. ആന്ധ്ര വിഭജനം നടപ്പാക്കിയത് കോണ്‍ഗ്രസാണ്. വിഭജനസമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കരുത് എന്ന നിലപാട് കോണ്‍ഗ്രസിന് ഉണ്ടോയെന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം. ”ബിമാരു സംസ്ഥാനങ്ങള്‍” അഥവാ ”രോഗാതുര സംസ്ഥാനങ്ങള്‍” എന്ന വിളിപ്പേരുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമത്തേതായ ബിഹാറിനും കൈത്താങ്ങ് അനിവാര്യമായിരുന്നു. മറ്റുള്ളവര്‍ക്ക് കിട്ടിയതില്‍ അസൂയപ്പെടാതെ നമുക്ക് എന്തെല്ലാം തരത്തില്‍ ഈ ബജറ്റ് പ്രയോജനപ്പെടുത്താനാകും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കേണ്ടത്. സുപ്രധാന തീരുമാനങ്ങളെടുക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് കേരള മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നതു പോലെയുള്ള രീതികള്‍ സംസ്ഥാനത്തിന് ഗുണകരമാവില്ല എന്നുകൂടി പറയട്ടെ.
(മുന്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍, [email protected])
പ്രതികരിക്കാൻ ഇവിടെ എഴുതുക: