ഒരുകാലത്ത് ഗോത്ര റിപ്പബ്ലിക്കായിരുന്ന സഹ്യാദ്രി നിരയില്‍ കബനി കരയിലെ ഗോത്രവിഭാഗങ്ങളിലൊന്നായ മുള്ളൂര്‍ കുറുമര്‍ക്കുമുണ്ട് കര്‍ക്കടകത്തില്‍ ത്രേതായുഗ സ്മരണയുണര്‍ത്തുന്ന അനുഷ്ഠാന ചടങ്ങുകള്‍.
മലയാള കരയിലെ ഹൈന്ദവ സമൂഹത്തിന് ഇന്ന് കര്‍ക്കടകം രാമായണ മാസമാണ്. നിത്യജീവിതത്തിലെ സര്‍വദുരിത നിവാരണത്തിനും ക്ഷേമഐശ്വര്യങ്ങള്ക്കുമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന അനുഷ്ഠാനമായിട്ടുണ്ട് രാമായണ പാരായണം. ഏതാണ്ട് എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഇന്നിത് സാധാരണമാണ്. എന്നാല്‍ രാക്ഷസ രാജാവായ രാവണന് അപഹരിച്ച സീതാ ദേവിയെ വീണ്ടെടുക്കാന്‍ ലങ്കയില്‍ നടന്ന രാമ-രാവണ യുദ്ധവും രാവണ വധവുമാണ്. മുള്ളൂര്കുറുമരുടെ കര്‍ക്കടക പതിനാലിന്റെ ഇതിവൃത്തം.
ലങ്കയിലെ ഗോത്ര തലവനായിരുന്ന രാവണന്റെ പിന്മുറക്കാരാണ് തങ്ങളെന്ന് ഇവര്‍ വിശ്വസിക്കുന്നതായി കണ്ടാലേ കുറുമകുടിയിലെ ഇളമുറക്കാരനായ രാമചന്ദ്രന് അഭിപ്രായപ്പെടുന്നു. അഞ്ച് ഗോത്ര ജന ജാതികളുടെ ലിപിയില്ലാത്ത സംസാര ഭാഷ തനിമ നഷ്ടമാകാതെ അതേ രൂപത്തില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി നിഘണ്ടു തയ്യാറാക്കിയ ആളാണ് രാമചന്ദ്രന്. രാമ രാവണ യുദ്ധത്തോടെ ലങ്കാപുരിയില്‍ നിന്ന് നമ്മുടെ തമിഴകത്ത് മധുരയിലേക്ക് പലായനം ചെയ്തവരുടെ പിന്മുറക്കാരാണത്രേ ഇവര്‍. ഇവരുടെ സംസാര ഭാഷയിലെ തമിഴ് സ്വാധീനവും ഇതിനു തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
രാവണ വധത്തിന്റെ ഓര്‍മ്മ പുതുക്കലാണ് കര്‍ക്കടക 14 ന് രാത്രി ഇവരുടെ വീടുകളില്‍ നടക്കുന്ന പിതൃപൂജയും സദ്യയുമെല്ലാം. നിരവധി വീടുകളില്‍ അടുത്തടുത്തായാണ് ഇവര്‍ താമസിക്കുന്നത്. ഇതിനെ മൊത്തമായി കുറുമകുടി എന്നാണ് അറിയപ്പെടുന്നത്. കുറുമക്കുടിയിലെ ഓരോ വീട്ടിലും പ്രത്യേകം പ്രത്യേകമായാണ് ഈ ചടങ്ങ് നടത്തുന്നത്. ഇവര്‍ക്കിടയില്‍ ബലി തര്‍പ്പണത്തിനുള്ള അവകാശം അതതു വീടുകളിലെ പ്രായമായ സ്ത്രീകള്‍ക്കാണ്. പണ്ടും ഇന്നും താവഴി പിന്തുടര്ച്ചയാണ് ഇവര്‍ക്കിടയിലെ ‘ദായക്രമം.’ കര്‍ക്കടക 14 ന് ഉച്ചയ്ക്കുശേഷം വീടിനടുത്തുള്ള പുഴയില്നിന്നോ തോട്ടില്‍നിന്നോ ചടങ്ങിനാവശ്യമായ മീനും ഞണ്ടും പിടിക്കുന്നതും സ്ത്രീകളാണ്. മുളകൊണ്ട് ഉണ്ടാക്കിയ പരമ്പരാഗത മീന്‍ ചാട അഥവാ മീന്‍ കൂടയാണ് മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്നത്. കാട്ടിറച്ചി എത്തിക്കാനുള്ള ചുമതല പുരുഷന്മാര്ക്കാണ്. ഇപ്പോഴിതു കിട്ടാനില്ലാത്തതുകൊണ്ട് മാര്‍ക്കറ്റില്‍നിന്നും വാങ്ങുകയാണ് പതിവ്.
കാട്ടുപന്നിപോലുള്ള ക്ഷുദ്ര ജീവികളെ വേട്ടയാടാന്‍ ഇത്തരം അനുഷ്ഠാന ദിനങ്ങളിലെങ്കിലും ഇവര്‍ക്ക് അനുമതി നല്‍കണമെന്നും, അത് വയനാട്ടിലെ കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പിന് കാരണമാകുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. തകരച്ചപ്പും ചതുപ്പില്‍ ഉണ്ടാകുന്ന ചേമ്പിന് താളും സദ്യവട്ടത്തിലെ മുഖ്യ ഇനങ്ങളാണ്. തകരച്ചപ്പിന്റെ ലഭ്യത ഓരോവര്‍ഷവും ഗണ്യമായി കുറയുന്നുവെന്നും ഇവര്‍ പറയുന്നു. കണ്ടാമല കുറുമ കുടിയിലെ 68 വീടുകളിലും കര്‍ക്കടക 14 ന്റെ ചടങ്ങ് നടക്കാറുണ്ടെന്നും രാമചന്ദ്രന് പറഞ്ഞു. അന്നേ ദിവസം കുറുവാദ്വീപിലെ കബനിയുടെ ആഴം കുറഞ്ഞ കടവുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുടി മുണ്ഡനം ചെയ്യുന്ന അനുഷ്ഠാന ചടങ്ങുകളും നടത്താറുണ്ട്.
മധുരയില്‍ നിന്നെത്തിയ പിതാമഹന്മാരുടെ പിന് മുറക്കാര് നീലഗിരി നിരകള്‍ താണ്ടിയാണ് വയനാട്ടിലെത്തിയതെന്നും ഇവര്‍ വിശ്വസിക്കുന്നു. ചരിത്രം രേഖപ്പെടുത്തിയ വയനാട്ടിലെ ആദ്യത്തെ രാജവംശവും പൂതാടി ആസ്ഥാനമായ കുറുമരുടെയാണെന്നും അഭിപ്രായമുണ്ട്. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും നരവംശ ഗവേഷകര്‍ക്കും ഏറെ അറിയാനും പഠിക്കാനുമുള്ള കലവറയാണ് ഇത്തരം അനുഷ്ഠാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: