തൃശ്ശൂര്‍ ജില്ലയിലെ തിരൂര്‍ ഗ്രാമത്തില്‍ അമ്പലപ്പറമ്പും ക്രിക്കറ്റുകളിയും ക്ലബ്ബ്പ്രവര്‍ത്തനങ്ങളും സിനിമാക്കാഴ്ചകളുമൊക്കെയായി ഏതൊരു മലയാളിയുവാവിന്റേതുപോലെതന്നെയായിരുന്നു രജിത്കുമാറിന്റെയും ജീവിതം. പക്ഷേ, ആ സ്വപ്നദര്‍ശനവും തുടര്‍ന്നുണ്ടായ യാത്രകളും അത് നല്കിയ അനുഭവങ്ങളും രജിത്കുമാറിന് മറ്റൊരു ലോകത്തേക്കുള്ള പ്രവേശനകവാടമായിരുന്നു. രജിത്കുമാര്‍ ഇപ്പോഴും യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. വേണമെങ്കില്‍ നമുക്കാ യാത്രകളെ അസംബന്ധമെന്ന് എഴുതിത്തള്ളാം. രജിത്കുമാര്‍ പറയുന്നതെല്ലാം വിഭ്രാന്തികളെന്ന് പുച്ഛിക്കാം. ആ യാത്രകള്‍ക്കു നല്കുന്ന നിര്‍വചനങ്ങളും അതിന്റെ പ്രതിഫലനങ്ങളും ലോകത്തെങ്ങും അതുപോലെതന്നെ സംഭവിക്കുന്നു. ദേശീയ രാഷ്ട്രീയതലങ്ങളില്‍, അന്താരാഷ്ട്ര വിനിമയബന്ധങ്ങളില്, വിവിധ ശാസ്ത്രമേഖലകളിലെ പുതിയ പുതിയ കണ്ടെത്തലുകളില്‍ നിഷേധിക്കാനാവാത്ത അതിന്റെ അനുരണനങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ടുതന്നെ രജിത്കുമാറിന്റെ അനുഭവങ്ങളെ അത്ര പെട്ടെന്ന് അവഗണിക്കാനാവില്ല.
കുമാരീകാണ്ഡത്തിന്റെ പുനഃസ്ഥാപനത്തിനെന്ന് കരുതപ്പെടുന്ന ഈ യാത്രയില്‍ രജിത്കുമാര്‍ പിന്നിട്ട ദൂരങ്ങള്‍ ചെറുതൊന്നുമല്ല. ഇരുപതോളം രാഷ്ട്രങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് ആ സഞ്ചാരപഥം. ശങ്കരാചാര്യര്‍ താണ്ടിയ വഴികളിലൂടെ രണ്ടിലധികം തവണ നടത്തിയ ഭാരതപരിക്രമണം, വിക്രമാദിത്യമഹാരാജാവിന്റെ ജൈത്രയാത്രയെ അനുസ്മരിച്ച് ആ വഴികളിലൂടെ നടത്തിയ ലോകയാത്രകള്‍… ഇങ്ങനെ പോകുന്നു രജിത്കുമാറിന്റെ യാത്രകള്‍. പോകുന്നിടത്തെല്ലാം കൃത്യമായി നിര്‍വഹിക്കാന്‍ ചില ദൗത്യങ്ങളുമുണ്ടായിരുന്നു. വേണമെങ്കില്‍ ആധുനിക ശാസ്ത്രവും ടെക്നോളജിയും പുരാണങ്ങളും മിത്തും എല്ലാം കൂടിച്ചേര്‍ന്ന് ഒരു ത്രില്ലര്‍ സ്വഭാവത്തോടെ രചിക്കപ്പെട്ട തിരക്കഥയായി വായിക്കാം ഈ യാത്രകളെയും അനുഭവങ്ങളെയും. 18 വര്‍ഷത്തോളമായി പിന്തുടരുന്ന ഈ അനുഭവങ്ങളെ ചേര്‍ത്തെടുക്കുമ്പോള്‍ ഭഗവാന് തനിക്കുനല്കിയ ദൗത്യത്തിന്റെ പാതിമാത്രമേ ആയിട്ടുള്ളൂവെന്ന് രജിത്കുമാര്‍ പറയുന്നു. കുമാരീകാണ്ഡപുനഃസ്ഥാപനത്തോടെ ഭാരതം വീണ്ടും സൂപ്പര്‍ പവറാകുമെന്നും രാജ്യം വിശ്വഗുരുവാകുമെന്നും രജിത് കുമാറിന് ഉറപ്പുണ്ട്. രാജ്യാതിര്‍ത്തികള്‍ മാറ്റിവരയ്ക്കപ്പെടും. പുതിയ ഭാരതം വലിയൊരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കപ്പെടുന്ന കാലം അനതിവിദൂരമല്ലെന്നുതന്നെയാണ് രജിത്കുമാറിന്റെ വിശ്വാസം.
കേവലമൊരു സ്വപ്നമെന്ന് പറയാവുന്ന ചില അനുഭവങ്ങളെ തുടര്‍ന്ന് നടത്തിയ ചില യാത്രകളും അതിനെത്തുടര്‍ന്നുള്ള കണ്ടെത്തലുകളും പരിണാമങ്ങളും കൂടിച്ചേര്‍ന്നതാണ് താങ്കളുടെ ജീവിതം. പ്രത്യേകമായ ആത്മീയ സാധനകളൊന്നും അനുഷ്ഠിച്ചതായി പറയുന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
എന്റെ അടിസ്ഥാനം ഡ്യൂട്ടി ചെയ്യുകയെന്നതാണ്. രണ്ടോ മൂന്നോ പത്തോ മണിക്കൂര്‍ സാധന ചെയ്യുന്നതിന്റെ ഫലം ഒരു മുരുകഡ്യൂട്ടി ചെയ്താല്‍ കിട്ടും. അത് ആത്മാര്‍ത്ഥമായും സത്യസന്ധമായും ചെയ്യുകയെന്നതാണ് എന്റെ ഉത്തരവാദിത്തം. ഇവിടെ പ്രത്യേകമായ ജീവിതക്രമീകരണങ്ങളൊന്നുമില്ല. ഏത് വസ്ത്രവും ധരിക്കാം, എന്ത് ഭക്ഷണവും കഴിക്കാം. കുടുംബമായി ജീവിക്കണമെന്നുതന്നെയാണ് പറയുന്നത്. പക്ഷേ അത് സത്യസന്ധതയോടെയും ആത്മാര്‍ത്ഥമായും ചെയ്യുക. ഭഗവാന്റെ ഡ്യൂട്ടികള്‍ ഒരു ക്യാപ്റ്റനായി ഏറ്റെടുത്ത് നടത്തുന്ന തലത്തിലേക്ക് എന്നെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്രകള്‍. അതിലേക്ക് ഉയരാന്‍ ഞാന്‍ തയ്യാറാവുക എന്നതാണ് പ്രധാന കാര്യം. അതിനാണ് എന്നെ ഭഗവാന് പലയിടത്തേക്കും വിട്ടുകൊണ്ടിരിക്കുന്നത്.
ആദ്യം ചെയ്തത് പഴനിഭഗവാനു മുന്നില്‍ എന്നെ പതിനെട്ടുദിവസം ഇരുത്തുകയാണ്. അടുത്ത യാത്രകള്‍ക്കുള്ള, ആ എനര്‍ജി ഫീല്‍ഡുകളിലേക്ക് സഞ്ചരിക്കണമെങ്കില്‍ ഈയൊരു എനര്‍ജി ആവശ്യമായിരുന്നു. അതിനെന്നെ അവിടെയിരുത്തുന്നതിനായി പഴനിയിലെ രണ്ടാമത്തെ വിഗ്രഹം കണ്ടെത്തല്‍ എന്ന ഒരു കാര്യം സൃഷ്ടിക്കുകയായിരുന്നു. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതൊന്നും നടക്കുന്ന കാര്യമല്ല. അന്യസംസ്ഥാനത്തില്‍നിന്ന് ഒരു ചെറുപ്പക്കാരന് വന്ന് ഇവിടെയൊരു വിഗ്രഹമുണ്ട് എന്നുപറഞ്ഞാല്‍, ശരി പൊയ്ക്കോ എന്നു പറയുന്നതിനുപകരം ഇവിടെയിരുന്നോ എന്ന് പറഞ്ഞ് 18 ദിവസം പഴനിഭഗവാനു മുന്നില്‍ രാവിലെ മുതല്‍ വൈകീട്ടുവരെ ഇരിക്കാന്‍ അനുമതി നല്കിയെങ്കില് അത് ഭഗവാന്റെ തീരുമാനമാണ്. അതുകഴിഞ്ഞാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഞാന്‍ സഞ്ചരിക്കുന്നത്. അതൊക്കെ കഴിഞ്ഞ് 12 വര്‍ഷത്തിനുശേഷമാണ് ഇതേക്കുറിച്ച് പുറത്ത് പറയാന്‍ അനുവാദം കിട്ടുന്നത്.
എന്തായിരുന്നു ആ മുരുകഡ്യൂട്ടികള് എന്നു വിശദമാക്കാമോ?
ഭഗവാനുവേണ്ടി പ്രധാനമായും ആറ് ഡ്യൂട്ടികളാണ് ചെയ്തത്. ഒന്നാമതായി 2018 ല്‍ ഇംഗ്ലണ്ടില്‍ ഒരു മയൂരസിംഹാസനം പ്രതിഷ്ഠിക്കലായിരുന്നു. പഴനിയില്‍ പൂജിച്ചാണ് അത് കൊണ്ടുപോയത്. ഇംഗ്ലണ്ട് സീറോ ടൈം സോണാണ്. സീറോയില്‍നിന്നു വേണമല്ലോ പുതിയതെല്ലാം ആരംഭിക്കാന്‍. മുരുകയുഗത്തിന്റെ എനര്‍ജി അവിടെനിന്നുവേണം വ്യാപിക്കാന്‍. ഭാരതം ശക്തമായിരുന്നൊരു കാലത്ത് ഉജ്ജയിനിയായിരുന്നു ലോകം അംഗീകരിച്ച സീറോ ടൈംസോണ്‍. പിന്നീട് ഭാരതത്തിന്റെ താഴ്ചയുടെ സമയത്ത് ഇവിടെ നിന്ന് അത് മാറ്റി. ബ്രിട്ടീഷുകാര്‍ സീറോ ടൈംസോണ്‍ അവരുടേതാക്കിമാറ്റി. അവര്‍ വലുതായി. ആ എനര്‍ജി തിരിച്ചുകൊണ്ടുവരണം. അതിനാണ് അവിടെ മയൂരസിംഹാസനം പ്രതിഷ്ഠിച്ചത്. ഇതിന്റെ റിസള്‍ട്ട് വന്നുതുടങ്ങി. അവരേക്കാള്‍ ഇപ്പോള്‍ നമ്മള് ഉയര്‍ന്നു തുടങ്ങി.
2020 ലാണ് അടുത്ത ഡ്യൂട്ടി. സ്വിറ്റ്സര്‍ലന്റില്‍ മുരുകന്റെ നവപാഷാണവിഗ്രഹപ്രതിഷ്ഠ. ഓരോ രാജ്യത്തിനും ഓരോ പവറുണ്ട്. അതുപയോഗിക്കുന്നവര്‍ ശക്തരാകുന്നു. ഉദാഹരണമായി അമേരിക്കയെടുത്താല് അവരുടെ ഡോളറില്‍ ഒരു പിരമിഡും കണ്ണും കാണാം. അതാണവരുടെ എനര്‍ജി. ആ ശക്തിയെടുത്തുതന്നെയാണ് വാഷിംഗ്ടണ്‍ ഡിസി എന്ന അവരുടെ തലസ്ഥാനം നിര്‍മ്മിച്ചിട്ടുള്ളതും. അതുകൊണ്ടാണവര്‍ ലോകം ഭരിക്കുന്ന രീതിയിലേക്ക് ഉയര്‍ന്നുവന്നത്. സ്വിറ്റ്സര്‍ലന്റില്‍ സമ്പത്താണ് ശക്തി. ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും പണം അവിടേക്ക് വരുന്നു. അവിടെ മുരുകപ്രതിഷ്ഠ നടത്തുന്നതോടെ ഇന്ത്യന്‍ റുപ്പി ശക്തമാകും. ലോകം ഭരിച്ചിരുന്ന ഡോളര്‍ പതുക്കെ പിന്നോട്ട് പോകും. പുതിയൊരു നാണയവ്യവസ്ഥ ഉണ്ടാകും. അതിനുവേണ്ടിയാണ് ഇത് ചെയ്തത്. ലോക്ഡൗണിന്റെ സമയമായിരുന്നു അത്. അവസാന വിമാനത്തിനൊക്കെയാണ് അവിടേക്ക് പോകുന്നത്. ഈ രണ്ട് ഡ്യൂട്ടിയും വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത്. അതിന്റെ റിസള്‍ട്ട് നമുക്കിന്നറിയാം. പല രാജ്യങ്ങളും നമ്മുടെ രൂപ നേരിട്ട് സ്വീകരിച്ചു തുടങ്ങി.
മൂന്നാമത്തേത് 2021 ആഗസ്ത് 15 നായിരുന്നു. സ്കന്ദമഹാഭാരതയാഗം ആയിരുന്നു അത്. ശങ്കരാചാര്യര്‍ സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിച്ച് തീര്‍ത്ഥം കൊണ്ടുവന്ന് ഉജ്ജയിനിയില്‍ മുരുകപൂജ ചെയ്ത് പിന്നീട് പഴനിയില്വച്ചായിരുന്നു യാഗം. യാഗത്തിനോടനുബന്ധിച്ച് കുറച്ചുപേര്‍ക്ക് തര്‍പ്പണം ചെയ്യാറുണ്ട്. ഇവിടെ വിക്രമാദിത്യനും ഒന്‍പത് പണ്ഡിതന്മാര്‍ക്കുമാണ് തര്‍പ്പണം ചെയ്തത്. ഉജ്ജയിനി സീറോ ടൈംസോണാണെന്നു മാത്രമല്ല, വിക്രമാദിത്യനെന്ന ശക്തനായ ഭരണാധികാരി ഭരിച്ച സ്ഥലവും കൂടിയാണ്. ഇക്കാലത്ത് ലോകത്തിലെതന്നെ ഉന്നതസ്ഥാനത്തായിരുന്നു ഭാരതം. സാമ്പത്തികമായി ഉയര്‍ന്നുവരാനും ഭാരതത്തെ വിശ്വഗുരുവെന്ന് ലോകം മുഴുവന്‍ അംഗീകരിക്കുവാനും വേണ്ടിയാണ് ഈ യാഗം നടത്തിയത്. ശങ്കരാചാര്യര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് കാണുന്ന ഭാരതമില്ല. ആചാര്യന് സ്ഥാപിച്ച നാല് മഠങ്ങള്‍ നാല് എനര്‍ജി പോയിന്റുകളാണ്. ഭാരതം ഇനി തകരാന്‍ പാടില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ എനര്ജിപോയിന്റുകള്. എത്രയോ വിദേശികള്‍ എത്രയോ കാലം ആക്രമിച്ചിട്ടും ഭാരതം ഇന്നും നിലനില്‍ക്കുകയാണ്. ഈ യാഗത്തിന്റെ റിസള്‍ട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഭാരതത്തെ വിശ്വഗുരുവായി ലോകം അംഗീകരിച്ചുതുടങ്ങി. ഭൂമിയില്‍നിന്നുമുള്ള നിക്ഷേപം കൊണ്ടാണ് നമ്മളിനി സാമ്പത്തികമായി ഉയരുക. 2021 നു ശേഷം നോക്കിയാല്‍ ലിഥിയത്തിന്റെ വലിയൊരു നിക്ഷേപം രാജസ്ഥാനില്‍നിന്നും കശ്മീരില്‍നിന്നും കിട്ടി. കൊല്ലത്തുനിന്നും പെട്രോള്‍ കിട്ടാനുള്ള സാധ്യതകള്‍ നിരീക്ഷിച്ചുവരുന്നു. ഇതുപോലെ ഇനി പലതും കിട്ടും.
അടുത്ത ഡ്യൂട്ടി സെന്തമിഴ് മുരുക വീര ചോളപെരുവേല്വി എന്ന യാഗമായിരുന്നു. ചോളരാജാക്കന്മാരുടെ തമിഴ്സംസ്കാരം ലോകം മുഴുവന്‍ അംഗീകരിക്കാന്വേണ്ടി നടത്തിയതാണിത്. എല്ലാ ചോളരാജാക്കന്മാര്ക്കും ട്രിച്ചിയില്വച്ച് അമാവാസിനാളില്‍ തര്‍പ്പണം നടത്തി. ചോളരാജാക്കന്മാര് സഞ്ചരിച്ച വഴികളിലൂടെയെല്ലാം സഞ്ചരിച്ചു. തായ്ലാന്റും മാലിദ്വീപുമൊക്കെ പോയി മണ്ണെടുത്തു. ഇതുകഴിഞ്ഞ് അഞ്ചാമത്തെ മാസമാണ് നമ്മുടെ പുതിയ പാര്‍ലമെന്റില്‍ ചോളന്മാരുടെ ചെങ്കോല്‍ പ്രതിഷ്ഠിക്കുന്നത്. മാത്രമല്ല, പുംഹാര് എന്ന സ്ഥലത്തുനിന്ന് 15000 വര്‍ഷം പഴക്കമുള്ള നഗരാവശിഷ്ടങ്ങള്‍ കടലിന്നടിയില്‍നിന്ന് കിട്ടുകയും ചെയ്തു. 3000-3500 വര്‍ഷങ്ങളുടെ പഴക്കമാണ് അതുവരെ നമ്മുടെ പാഠപുസ്തകങ്ങള്‍ പറഞ്ഞിരുന്നത്. ഇപ്പോഴത് 15000 വര്‍ഷമായി.
2023 ആഗസ്ത് 15 നായിരുന്നു അടുത്ത ഡ്യൂട്ടി. യിംഗ്യാംഗ് യാഗം. അയ്യായിരത്തില്പരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭോഗനാഥസിദ്ധരാണ് ഇപ്പോള്‍ പഴനിയിലുള്ള വിഗ്രഹം ഒമ്പത് വിഷങ്ങള്കൊണ്ട് നിര്‍മ്മിച്ചത്. ചൈനയില്‍നിന്നും കൊണ്ടുവന്ന കെമിക്കലുകള്കൂടി ഉപയോഗിച്ചിട്ടുണ്ട്. ഭോഗനാഥര്‍ ഒരുപാടുകാലം ചൈനയില്‍ സഞ്ചരിച്ചിട്ടുണ്ട്. ഭോഗനാഥരുടെ ഗുരു കാലംഗിനാഥസിദ്ധരാണ്. ശിഷ്യന് പുലിപ്പാണി സിദ്ധരും. ഗുരു ചൈനയിലാണ് സമാധിയായത്. അക്കാലത്ത് ചൈനയില്‍നിന്ന് ഇവിടേക്ക് ഒരു ആത്മീയപാത ഉണ്ടായിരുന്നു. കാലക്രമേണ അതടഞ്ഞുപോയി. ഈ പുതിയ കാലത്ത് അതാദ്യമായി തുറക്കുകയാണ്. യിംഗ്യാംഗ് യാഗം നടന്നതോടെ ഈ പാത തുറക്കപ്പെടും. ആ എനര്‍ജിയുടെ സഞ്ചാരം ചൈനീസ് ഭാഗത്ത് ഒരുപാട് മാറ്റങ്ങളൊക്കെ ഉണ്ടാക്കും. നമുക്ക് കുറച്ചുകൂടി സൗഹൃദപരമായ അന്തരീക്ഷമുണ്ടാകും. ഭാരതത്തിന് അപ്രമാദിത്വം ഉണ്ടാകും. അതിന് യിംഗ്യാംഗിന് പവറുള്ള സ്ഥലങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് അവിടെനിന്നും മണ്ണെടുത്ത് കൊണ്ടുവരണം. സിംഗപ്പൂര്‍ പോയി, സൗത്ത് കൊറിയയില്‍ പോയി. യാഗത്തിന്റെ റിസല്‍ട്ട് നോക്കിയാല്‍ ചൈനീസ് ഭാഗത്ത് ഭാരതത്തിനനുകൂലമായി പല മാറ്റങ്ങളുണ്ടായി തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, തിബത്തിന്റെ ഭാഗത്തൊക്കെ കൂടുതല്‍ തുറസ്സായി തുടങ്ങി.
2024 മാര്‍ച്ച് 15 നാണ് അവസാനമായി നടന്ന ഡ്യൂട്ടി. പഴനി-ഉജ്ജയിന്‍ കാര്‍ത്തികേയ മഹായാഗം. അത് ഉജ്ജയിനിയിലാണ് നടന്നത്. നേരത്തേതന്നെ ഇത് പ്രഖ്യാപിച്ചിരുന്നു. അതുകഴിഞ്ഞാണ് മദ്ധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഉജ്ജയിനിയിലെ എംഎല്‍എയാണ് മുഖ്യമന്ത്രിയായത്. ഈ ഭരണാധികാരിയാണ് സീറോ ടൈംസോണ്‍ ഉജ്ജയിനിയാക്കണമെന്ന് ആവശ്യപ്പെട്ടത്. പിന്നീടാണ് യാഗം നടക്കുന്നത്. ഇവിടെ രണ്ടുപേര്‍ക്കാണ് തര്‍പ്പണം ചെയ്തത്. ഭരതമഹാരാജാവിനും ബി.ആര്.അംബേദ്കര്‍ക്കും. ജയ് ഭാരത്, ജയ് ഭീം ഈ രണ്ട് മുദ്രവാക്യങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുമ്പോഴാണ് ഭാരതം ഇനി വിജയിക്കുക എന്ന സന്ദേശമായിരുന്നു യാഗത്തിന്റേത്. ഭാരതത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി യാഗവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം റോഡു മാര്‍ഗ്ഗമാണ് കൊണ്ടുപോയത്. യാഗം നടത്തിയത് മൂന്ന് കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഒന്ന്, ഭാരതം സൂപ്പര്‍ പവറായി ലോകം അംഗീകരിക്കണം. രണ്ട്, ഭാരത സേനയ്ക്ക് ദേവസേനാപതിയുടെ അനുഗ്രഹം കിട്ടണം. മൂന്നാമതായി ‘കട്ടിംഗ് സൗത്ത്’ എന്ന ആവശ്യം ഇല്ലാതാകണം. ഫലം നോക്കുക. കട്ടിംഗ് സൗത്ത് എന്ന ചിലരുടെ ആവശ്യം നിര്‍വീര്യമായിപ്പോയി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഭരണഘടനയെ വണങ്ങുകയായിരുന്നു. അതായത് അംബേദ്കര്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടി. ന്യൂനപക്ഷവകുപ്പ് മന്ത്രിയായി ആദ്യമായി ഒരു ബുദ്ധമതക്കാരന് വന്നു.
ഇനി രണ്ട് ഡ്യൂട്ടികള്‍ കൂടിയാണ് നിര്‍വഹിക്കാനുള്ളത്. ഒന്നു അഗ്നിയാഗം. രണ്ട് ടൈംയാഗം. അതുകഴിഞ്ഞ് ലോക മുരുക കോണ്‍ഫറന്‍സ്. ആറ് സ്ഥലങ്ങളിലായിട്ടായിരിക്കും ഇത് നടക്കുക.
ഭാരതത്തില്‍ അനേകം ദേവതമാരുണ്ടല്ലോ. ഭാരതത്തിന്റെ വീണ്ടെടുപ്പില്‍ മുരുകന് ഇത്രയും പ്രാധാന്യം വരുവാന്‍ എന്താണ് കാരണം?
ഇത് മുരുകയുഗമാണ്. ഈ യുഗത്തിന്റെ പ്രത്യേകതയാണ് മുരുകഭഗവാന് ഇത്രയും പ്രാധാന്യം കിട്ടാന്‍ കാരണം. രണ്ടായിരം വര്‍ഷങ്ങളാണ് ഇത് നിലനില്ക്കുക. 2013 ല്‍ ഇത് ആരംഭിച്ചുകഴിഞ്ഞു. ആസ്ട്രല്‍ ബോഡിയിലാണ് ഇത് ആദ്യം തുടങ്ങുന്നത്. എന്ത് സംഭവവും ആസ്ട്രലില്‍ ഉണ്ടായതിനുശേഷമാണ് ഫിസിക്കലില്‍ എത്തുക. ഏത് യുഗം മാറുമ്പോഴും ആദ്യം ആസ്ട്രലിനെ ബാധിക്കും. പിന്നീടാണ് ഫിസിക്കലിനെ ബാധിക്കുക. 2013 ല്‍ ഇത് ആസ്ട്രലില്‍ എത്തി. 2020 ല്‍ ഇത് ഫിസിക്കല്‍ എര്‍ത്തിലായി. ഒരു യുഗം ആരംഭിക്കുമ്പോള്‍ എല്ലാം സീറോ ആകണം. കൊവിഡ് വന്നപ്പോള്‍ ലോകം നിശ്ചലമായി. 2020 ലാണ് ഇത് കൂടുതല്‍ ദൃശ്യമാകുന്നത്.
കുമാരീകാണ്ഡം എന്ന നഷ്ടപ്പെട്ട ഒരു സംസ്കാരത്തിന്റെ വീണ്ടെടുപ്പുകൂടിയാണിത്. നമുക്കൊരു ചരിത്രമുണ്ട്. ഒരു പ്രളയത്തിനുശേഷമുള്ള ചരിത്രമേ നമുക്കറിയൂ. അതിനു മുമ്പുള്ളതറിയില്ല. പ്രളയത്തില്‍ കുറെ കാര്യങ്ങള്‍ നഷ്ടപ്പെടുന്നു. ഒരുപാട് അറിവുകള്‍ അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. അത്തരം അറിവുകളിലേക്ക് കടക്കുവാനുള്ള ഒരു പാലമാണ് കുമാരീകാണ്ഡം. മറ്റ് ഗ്രഹങ്ങളില്‍ എങ്ങനെയോ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ ഇവിടേക്ക് അന്വേഷിച്ചുവന്നവരാണ് കുമാരീകാണ്ഡത്തിലെ ആദ്യത്തെ ആള്ക്കാര്. അവരുടെ നേതാവായി, വഴികാട്ടിയായി ജീവിച്ചയാളാണ് മുരുകന്. പിന്നീട് അവരുടെ നേതാവും ദൈവവുമായി. ലോകത്തൊരു ദൈവത്തെ മാത്രമാണ് ഭാഷയുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. അത് മുരുകഭഗവാനെ മാത്രമാണ്. തമിഴ് ഭാഷ കൊണ്ടുവന്നത് ഭഗവാനാണ്. ഇന്നും തമിഴര്‍ പറയുന്നത് തങ്ങളുടെ പ്രപിതാമഹനാണ് മുരുകനെന്നാണ്.
കുമാരീകാണ്ഡത്തിലെ ആള്ക്കാര് ഇന്നത്തേക്കാളും വളരെ ഡവലപ്ഡായവരായിരുന്നു. ഡാര്‍ക്ക് മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി എന്നിവയുമൊക്കെയായി ബന്ധപ്പെട്ട ജ്ഞാനമുള്ളവരായിരുന്നു അവര്‍. അതുകൊണ്ടാണവര്‍ക്ക് ഗോളാന്തരയാത്ര നടത്തുവാന്‍ സാധിച്ചത്. ഇന്ന് നമുക്ക് അങ്ങനെ ഒരു എനര്ജിയുണ്ടെന്നറിയാം, അത് സ്വാധീനിക്കുന്നുണ്ടെന്നറിയാം, പക്ഷേ കാണുവാന്‍ സാധിക്കുന്നില്ല. ഇതിനെക്കുറിച്ച് സയന്റിസ്റ്റുകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഊര്‍ജ്ജം ഉപയോഗിക്കുവാന്‍ സാധിക്കുകയാണെങ്കില്‍ ഭൂമിയുടെ മുഖച്ഛായതന്നെ മാറും. മുരുകയുഗത്തില്‍ അത് സംഭവിക്കും. ഇതൊക്കെ അന്നത്തെ ആള്‍ക്കാര്‍ക്ക് അറിയാമായിരുന്നു. ഒരിക്കല്‍ പ്രളയമെടുത്ത് ഇതൊക്കെ പോയതാണ്. അങ്ങനെ വന്നപ്പോള്‍ അവര്‍ വേറൊരു ഗ്രഹത്തിലേക്ക് രക്ഷപ്പെട്ടു. പ്രളയമെടുത്തപ്പോള്‍ കുറെ ഭാഗം കടലിനടിയിലായി. കുറെഭാഗം ആസ്ത്രേലിയ, ജപ്പാന്, സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ ദ്വീപുകളായി മുറിഞ്ഞുപോയി. ചിലര്‍ മൈഗ്രേറ്റ് ചെയ്തുപോയി. ചിലര്‍ വേറൊരു ദിശയിലേക്ക് പോയി. മുരുകനുമായി ബന്ധപ്പെട്ട് പറഞ്ഞുവരുന്ന ആറുപടൈവീട് യഥാര്‍ത്ഥത്തില്‍ കുമാരീകാണ്ഡത്തിലെ വിവിധ ഭാഗങ്ങളിലായി വരുന്നതാണ്. ഇവിടേക്ക് മൈഗ്രേറ്റ് ചെയ്തുവന്നവര് അതിന്റെയൊരു മോഡല്‍ ഇവിടെ ചെയ്തുവച്ചതാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ കാണുന്നത്.
നമുക്കറിയാം, ലോകം മൂന്ന് ഡൈമന്‍ഷനാണ്. നീളം, വീതി, ഉയരം. ഇതിനുള്ളിലാണ് നമ്മുടെ എല്ലാ കാഴ്ചയും അറിവും. എന്നാല്‍ നാലാമതും അഞ്ചാമതും ഡൈമന്ഷനുകളുണ്ട്. അത് സ്പേസ് ടൈമാണ്. തിയറി ഓഫ് റിലേറ്റിവിറ്റിയില്‍ ഐന്സ്റ്റീന് ഇത് പറയുന്നുണ്ട്. നാലാമത്തെ ഡൈമന്‍ഷന്‍ ടച്ച് ചെയ്താല്‍ നമുക്കവിടേക്ക് കടക്കാം. അങ്ങനെ ടച്ച് ചെയ്ത ഒരാള്‍ കാണുന്ന ലോകം വേറെയായിരിക്കും. അങ്ങനെ ഒരു സമയമാകുമ്പോള്‍ നമുക്ക് അതറിയാനാകും. രാമാനുജന് എന്ന 32 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞനുണ്ടായിരുന്നു. ലണ്ടനില്‍ പഠിക്കുമ്പോള്‍ എല്ലാ കണക്കുകള്‍ക്കും നിമിഷനേരംകൊണ്ട് ഉത്തരം പറയുമായിരുന്നു. ഇതെങ്ങനെ കിട്ടുന്നുവെന്ന് പറയാന്‍ അറിയില്ല. തന്റെ പ്രൊഫസറോട് പറഞ്ഞത് ഉത്തരം പറഞ്ഞുതരുന്നത് ഗ്രാമത്തിലെ ദൈവമാണെന്നാണ്. അവരത് വിശ്വസിച്ചോ എന്നറിയില്ല. രാമാനുജന് പിന്നീട് ഭാരതത്തില്‍ വന്നു. അദ്ദേഹത്തിന്റെ കുറെ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയി. പത്തറുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് പിന്നീടിത് കിട്ടുന്നത്. അങ്ങനെ കിട്ടിയ ഒരു തിയറിയെക്കുറിച്ച് പഠനം നടത്തുമ്പോള്‍ ബ്ലാക്ക്ഹോള് എന്നതിനെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു അതെന്ന് മനസ്സിലായി. രാമാനുജന് ജീവിച്ചിരിക്കുന്ന സമയത്ത് ഈ ബ്ലാക്ക്ഹോള് എന്താണെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ, അന്നേയത് എഴുതിവച്ചിരുന്നു. ഈ അടുത്തകാലത്ത് നാസ അതിനെക്കുറിച്ച് പഠിക്കുകയും ഫോട്ടോ എടുക്കുകയുമുണ്ടായി. രാമാനുജന് വേറൊരു ഡൈമന്‍ഷന്‍ ടച്ച് ചെയ്ത വ്യക്തിയായതുകൊണ്ടാണ് ഈ അറിവുകള്‍ കിട്ടിയത്.
കുമാരീകാണ്ഡത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ ഭൂമിശാസ്ത്രപരമായ ഘടന എങ്ങനെയാണെന്ന് പറയാമോ?
ആഫ്രിക്കയിലെ മഡഗാസ് മുതല്‍ ആസ്ത്രേലിയ വരെ നീണ്ടുകിടക്കുന്നതാണ് കുമാരീകാണ്ഡം. ഇതില്‍നിന്നും വിട്ടുപോയ സ്ഥലങ്ങളാണ് ഈ വശത്തുള്ള സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയവ. മാത്രമല്ല, കുറെയെണ്ണം കടലിന്നടിയിലേക്ക് പോയിട്ടുണ്ട്. ശ്രീലങ്കയുടെ ഭാഗത്തൊക്കെ പലതും കടലിന്നടിയിലാണ്. പലതും നല്ല ഫലഭൂയിഷ്ഠമായ സ്ഥലങ്ങളായിരുന്നു. അവയെല്ലാം മുരുകയുഗത്തില്‍ തിരിച്ചുവരും. കുമാരീകാണ്ഡത്തിലുണ്ടായിരുന്ന മൂന്ന് ആറുപടൈ വീടുകള്‍ മാത്രമേ എനിക്കിതുവരെ പറഞ്ഞുതന്നിട്ടുള്ളൂ. ഉജ്ജയിനി, റീയൂണിയന് ഐലന്റ്, ആസ്ത്രേലിയ എന്നിവിടങ്ങളിലാണവ. ബാക്കിയുള്ളത് കടലിന്നടിയിലാവാം.
പഴനിമലയുടെ മുന്നില്‍നിന്നും ആരംഭിച്ച എന്റെ യാത്ര പകുതിഭാഗത്തോളമേ എത്തിയിട്ടുള്ളൂ. അതുവരെയുള്ള എല്ലാ രഹസ്യങ്ങളും എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഇത് കണക്ട് ചെയ്തിട്ടാണ് ഞാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചത്. വിവിധ രാജ്യങ്ങളിലായി കണ്ടറിഞ്ഞതും അനുഭവച്ചതുമെല്ലാം ഈ പകുതിഭാഗത്തു വരുന്ന കാര്യങ്ങളാണ്. ലോകത്തുള്ളത് മുഴുവന്‍ ഈ പഴനിമലയ്ക്ക് ചുറ്റിലുമായി ഉണ്ട്. ഇനി അടുത്ത പകുതിയിലേക്ക് കടക്കുകയാണ്. മിക്കവാറും അത് കടലിന്നുള്ളിലാവും. ഇതുകൂടി പൂര്‍ത്തീകരിക്കുമ്പോഴേ എന്റെ ഡ്യൂട്ടി പൂര്‍ത്തിയാകൂ.
ഇത് ഭാരതത്തിന്റെ ഭൗതികമായ ഉയര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള യാത്രകളാണെങ്കിലും ഇതിനൊരു ആത്മീയവശം കൂടിയുണ്ടല്ലോ?
ഒരാളെ നന്നാക്കുന്നതിലും മികച്ച ഫലം ഒരു രാജ്യത്തെ നന്നാക്കുമ്പോള്‍ കിട്ടും. രാജ്യം വളരുമ്പോള്‍ അവിടത്തെ ആള്‍ക്കാരും വളരുന്നുണ്ട്. അപ്പോള്‍ സ്പിരിച്വല്‍ എനര്‍ജി സ്വാഭാവികമായും കയറിക്കയറിവരും. പലതരത്തിലുള്ള ആത്മീയത ഉണ്ട്. ചിലയാളുകള്‍ക്ക് വ്യക്തിപരമായ ഉയര്‍ച്ചയാണ് വഴി. മെഡിറ്റേഷന്‍ തുടങ്ങിയ കാര്യങ്ങളിലൂടെ അവരത് ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ മാര്‍ഗമല്ല. അവര്‍ ചെയ്യുന്നത് മോശം എന്നല്ല. അവര്‍ അവരുടെ വഴിയിലൂടെ ചെയ്യുന്നു. ഞാന്‍ എന്റെ വഴിയിലൂടെ ചെയ്യുന്നു.
നമ്മളും സ്പിരിച്വല്‍ മെഡിറ്റേഷന്‍ ചെയ്യുന്നുണ്ട്. അത് വല്ലലാര്‍ സിദ്ധരിലൂടെ വന്നതാണ്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടു. ഈ ജന്മത്തില് ഒന്നും ചെയ്യാതെ ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നു. ജ്യോതിഷികളെ കണ്ടാല്‍ പറയും കര്‍മ്മഫലത്തിന്റെ ഭാഗമാണെന്ന്. കഴിഞ്ഞ ജന്മത്തിന്റെ ബാക്കിയാണ്. അപ്പോള്‍ ജീവിതമില്ലാതിരുന്നാല് പ്രശ്നം തീര്‍ന്നില്ലേ? അപ്പോള്‍ അതിനെന്താണ് ചെയ്യുക? അതിനുത്തരം അന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് കിട്ടിയ ഉത്തരമാണ് ലൈറ്റ് മെഡിറ്റേഷന്‍.
പ്രപഞ്ചം നില്‍ക്കുന്നത് ചലനത്തിലാണ്. ചലിക്കാതെ ഒന്നിനും നിലനില്‍പ്പില്ല. ചലനമാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനം. ഒരുവശത്ത് റോ എനര്‍ജിയും മറ്റൊരുഭാഗത്ത് പ്യൂരിഫൈഡ് എനര്‍ജിയുമാണുള്ളത്. റോ എനര്‍ജി നമ്മുടെ ആത്മാവാണ്. പ്യൂരിഫൈഡ് എനര്‍ജിയാണ് ദൈവം. പ്യൂരിഫൈഡ് എനര്‍ജിയിലേക്കുള്ള യാത്രയാണ് ജീവിതം. അവിടെ എത്തുന്നതിനെയാണ് വിഷ്ണുപദം പൂകുക, ശിവപദം പൂകുക, മോക്ഷം കിട്ടുക എന്നെല്ലാം പറയുക. റോ എനര്‍ജിയെ പ്യൂരിഫൈഡാക്കുന്ന പ്രക്രിയയാണ് നമ്മള് ചെയ്തുകൊണ്ടിരിക്കുന്നത്. പ്യൂരിഫഫൈഡായാല് മാത്രമേ ദൈവത്തിലെത്താനാവുകയുള്ളൂ. എങ്ങനെ പ്യൂരിഫൈഡാകാമെന്ന ചോദ്യത്തിനുത്തരമായാണ് നമ്മുടെ മഹാത്മാക്കള്‍ ചില കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുള്ളത്. അത് പാലിക്കാതെ നമ്മള് കളിച്ചുനടന്നാല്‍ അടുത്ത ജന്മത്തില് അവിടെനിന്നു വീണ്ടും തുടങ്ങേണ്ടിവരും. അത്തരമൊരു വഴിയാണ് വല്ലലാര്‍ സിദ്ധര്‍ ലൈറ്റ് ബോഡി ആക്ടിവേഷനിലൂടെ പറഞ്ഞിട്ടുള്ളത്. 1723 കാലഘട്ടത്തിലാണ് ഈ സിദ്ധന് തമിഴ്നാട്ടില്‍ ജനിച്ചത്. കേരളത്തില്‍ ശ്രീനാരായണഗുരുദേവന്‍ എങ്ങനെയാണോ അതുപോലെയാണ് വല്ലലാര്സിദ്ധര് തമിഴ്നാട്ടില്‍. മുരുകഭഗവാന് വല്ലലാര്ക്ക് കണ്ണാടിയിലാണ് ദര്‍ശനം കൊടുത്തത്. ആ കണ്ണാടി ഇന്നും ചെന്നൈയിലുണ്ട്. ഈ സിദ്ധര്‍ ഒരു തൈപ്പൂയദിവസം ഫിസിക്കല്‍ ബോഡിയില്‍നിന്നും നേരെ ലൈറ്റ്ബോഡിയിലേക്ക് മാറുകയാണ്. അങ്ങനെയുള്ള ആളുകള്‍ അപൂര്‍വമാണ്. നമ്മുടെ മിഷനെ വളരെയധികം ഗൈഡ് ചെയ്യുന്നയാളാണ്. വല്ലലാറിന്റെ അനുഗ്രഹത്താലാണ് ലൈറ്റ് ബോഡി മെഡിറ്റേഷന്‍ ആരംഭിച്ചിട്ടുള്ളത്. ഇത് ആര്‍ക്കും ചെയ്യാവുന്നതാണ്. എല്ലാവര്ക്കും നല്ല എക്സ്പീരിയന്‍സാണ്. 20 മിനിറ്റ് ധ്യാനം. തീര്‍ത്തും സൗജന്യമാണ്. അതിന്റെ റിസള്‍ട്ട് ആളുകള്‍ക്ക് കിട്ടുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹം. പക്ഷേ എന്റെ ആത്യന്തികലക്ഷ്യം മുരുകഡ്യൂട്ടിയാണ്.
പഴനിയിലെ രണ്ടാമത്തെ വിഗ്രഹം തേടിയുള്ള യാത്രയാണല്ലോ ആദ്യമായി നടത്തിയത്. ഇപ്പോഴും ആ വിഗ്രഹം കണ്ടെത്തിയിട്ടില്ല….
ആ വിഗ്രഹം ഇരിക്കുന്ന സ്ഥലം, ആ ഗുഹ എനിക്ക് കാണിച്ചുതരികയുണ്ടായി. ഇപ്പോള്‍ നമ്മള് പ്രാര്‍ത്ഥിക്കുന്ന വിഗ്രഹമിരിക്കുന്നതിന്റെ നേരെ താഴെയാണ് അത്. ഗുഹാമുഖം കാണുവാന്‍ പറ്റും. അതിനുള്ളിലാണ് ഭോഗരുടെ സമാധി. അവിടെയാണ് വിഗ്രഹം ഇരിക്കുന്നത്. ആ വിഗ്രഹം ഡാര്‍ക്ക് മാറ്ററാണ്. അത് വെളിയില്‍ വരണമെങ്കില്‍ ആ എനര്‍ജി താങ്ങാന്‍ പറ്റുന്ന വിധത്തിലേക്ക് ഭൂമി മാറേണ്ടതുണ്ട്. അത് വെളിയില്‍ വരാനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ പറഞ്ഞല്ലോ പകുതി കഴിഞ്ഞു. ഇനി ബാക്കിയുള്ള ഭാഗം കൂടി സഞ്ചരിച്ചെത്തുമ്പോള്‍ അത് വെളിയില്‍വരും. അതിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ലോകത്ത് നടക്കും. പല മാറ്റങ്ങളും ഉണ്ടാകും.
താങ്കളുടെ പുസ്തകത്തില്‍ സിദ്ധന്മാരെക്കുറിച്ച് പ്രധാനമായും പറയുന്നുണ്ട്. താങ്കളുടെ ദൗത്യത്തില്‍ സിദ്ധന്മാര് എങ്ങനെയാണ് പങ്കാളികളാകുന്നത്?
സിദ്ധന്മാര് ശരിക്കും ആസ്ട്രല്‍ ബോഡിയില്‍ ഉള്ളവര്‍ തന്നെയാണ്. മുരുകയുഗത്തില്‍ സിദ്ധന്മാര്ക്ക് വലിയ റോളാണുള്ളത്. നമ്മെ ഗൈഡ് ചെയ്യുക, അവര്‍ അന്നത്തെകാലത്ത് ചെയ്തുവച്ചിരുന്ന കാര്യങ്ങള്‍ പറഞ്ഞുതരിക ഇവയൊക്കെയാണ്. കലിയുഗത്തിന്റെ ആരംഭത്തിലാണ് ഭോഗര്‍ പഴനിയില്‍ പ്രതിഷ്ഠ നടത്തുന്നത്. ഒരു കോണ്‍ഫറന്‍സ് നടത്തി ഇനി വരാന്‍ പോകുന്നത് മുരുകയുഗമാണെന്നു അറിയിക്കുകയുണ്ടായി. ആ യുഗത്തിന്റെ എനര്‍ജിയാണ് ഡാര്‍ക്ക് എനര്‍ജി. അതിനാലാണ് രണ്ടാമത്തെ വിഗ്രഹം ഡാര്‍ക്ക് മാറ്ററില്‍ തയ്യാറാക്കിയിരിക്കുന്നത്.
ഭോഗരുടെ പ്രധാന ശിഷ്യനായ പുലിപ്പാണി സിദ്ധര്‍ ചൈനയില്‍നിന്നും വന്നതാണെന്നും അല്ലെന്നുമൊക്കെ പറപ്പെടുന്നു. ഭോഗര്‍ പ്രതിഷ്ഠിച്ച പഴനിയിലെ നവപാഷാണവിഗ്രഹം പരിപാലിക്കാന്‍ പുലിപ്പാണി സിദ്ധരെയാണ് ഏല്‍പ്പിച്ചത്. പുലിപ്പാണി സിദ്ധരാണ് ഭോഗസമാധിക്ക് കാവല്‍ നില്‍ക്കുന്നത്. ആ പരമ്പര ഇന്നും പഴനിയിലെ പ്രധാന കാര്യങ്ങള്‍ നിര്‍വഹിച്ചുവരുന്നു.
ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സും ആത്മീയാചാര്യന് എമ്മും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും അടക്കമുള്ളവര്‍ ആരാധിച്ചുവരുന്ന മഹാവതാര്‍ ബാബാജി എന്റെ ആത്മീയവഴിയില്‍ രണ്ടുതവണ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ കതിര്ഗാമസന്ദര്ശനവേളയിലും ജപ്പാന്സന്ദര്ശനവേളയിലും. ഭോഗരില്നിന്നും സിദ്ധികള്‍ നേടിയ ബാബാജി ലോകസമാധാനത്തിന്റെ ധ്വജവുമായി കുമാരീകാണ്ഡപുനഃസ്ഥാപനദൗത്യത്തില് തീര്‍ച്ചയായും ഉണ്ടാകും. ഇവരൊക്കെ എത്ര ദീര്‍ഘവീക്ഷണത്തോടുകൂടിയാണ് കാര്യങ്ങള്‍ ചെയ്തുവച്ചിരിക്കുന്നതെന്നറിഞ്ഞാല് നമ്മള് ഞെട്ടും.
താങ്കള്‍ നടത്തുന്ന യാത്രകളെക്കുറിച്ച് അടുത്തിടെയാണ് പുറംലോകം അറിയാന്‍ തുടങ്ങുന്നത്. എന്തായിരുന്നു പ്രതികരണം?
2016 ലാണ് ഞാന്‍ ഇതൊക്കെ തുറന്നുപറയുന്നത്. പക്ഷേ കേരളത്തില്‍ പറഞ്ഞിട്ട് ഒരുവര്‍ഷമാകുന്നതേയുള്ളൂ. എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് വളരെ പേടിയുണ്ടായിരുന്നു. പക്ഷേ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഭൂരിഭാഗം പേരും ഇത് ഗംഭീരമായി ഏറ്റെടുത്തുവെന്നതാണ് വസ്തുത. ആളുകളുടെ ഉള്ളില്‍ സ്പിരിച്വാലിറ്റിയുണ്ട്. കുറെയൊക്കെ മനസ്സിലാക്കുന്നുമുണ്ട്. ജാഡകളൊന്നുമില്ലാതെ, സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ മനസ്സിലാക്കും എന്നതിന്റെ തെളിവാണിത്. ഭഗവാന്റെ അനുഗ്രഹം കൊണ്ട് സംഭവിച്ചതാണെന്നേ പറയാനുള്ളൂ. ഞാനിത് അത്ഭുതത്തോടെയാണ് കാണുന്നത്. ‘യുഗപ്പിറവിക്കു മുമ്പില്‍’ ഒന്നരകൊല്ലം ആകുമ്പോഴേക്കും ഒമ്പതാം പതിപ്പിലേക്ക് എത്തിക്കഴിഞ്ഞു. ആളുകള്‍ സ്വീകരിക്കുന്നതുകൊണ്ടുമാത്രം സംഭവിക്കുന്നതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: