Samskriti

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Published by

എറണാകുളം ജില്ലയില്‍ ആലുവാ താലുക്കിലാണ് ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന് ദര്‍ശനം ലഭിക്കുകയുള്ളു വെന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഒരിക്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം.പ്രശസ്തമായ അകവൂര്‍ മനയില്‍ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശൂര്‍ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിത്യവും കുളിച്ചു തൊഴല്‍ പതിവുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴല്‍ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാര്‍ത്ഥിച്ചുപോന്നു.

അപ്പോഴാണ് അദ്ദേഹത്തിന്റെ ഓലക്കുടയിൽ മഹാദേവൻ കയറി വന്നതെന്നാണ് ഐതീഹ്യം. വര്‍ഷത്തില്‍ 12 ദിവസം മാത്രമാണ് ഇവിടെ പാര്‍വ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങള്‍. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു.

ഒരിക്കല്‍ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതില്‍ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്ച കണ്ട് നമ്പൂതിരി അമ്മേ സര്‍വ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടര്‍ന്ന് ഭക്തന്റെ യാചനയുടെ ഫലമായി വര്‍ഷത്തില്‍ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളില്‍ ദേവിയുടെ സാന്നിധ്യം ഭക്തര്‍ അറിയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by