കൊച്ചി: കൈതൊട്ട സകലമേഖലകളെയും കര്‍മനൈപുണ്യം കൊണ്ട് സമ്പന്നമാക്കിയ വ്യക്തിത്വമാണ് കുമാരമംഗലം മണ്ണാരക്കുന്നത്ത് പി. നാരായണന്. നവതിയിലേക്ക് എത്തുന്ന അദ്ദേഹം തന്റെ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ വ്യത്യസ്തമായ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ശേഖരിച്ച് തുടങ്ങിയിരുന്നു. പിന്നീട് വായനയെ സ്വന്തം ജീവിതത്തോട് ചേര്‍ത്ത നാള് മുതലുള്ള ആയിരത്തോളം പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥശാലയിലുള്ളത്. വിവിധ ഭാഷകളിലുള്ള അപൂര്‍വ ഗ്രന്ഥങ്ങളും ഇതില്‍പ്പെടും. ഇവയിലൊന്നു പോലും വായിക്കാത്തതില്ല എന്നതും ആവര്‍ത്തിച്ച് വായിക്കുന്നുവെന്നതുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അടുത്തകാലത്താണ് വീട്ടിലെ പ്രത്യേക മുറിയിലേക്ക് അലമാരകളിലാക്കി ഗ്രന്ഥശാല ഭംഗിയായി മാറ്റി സ്ഥാപിച്ചത്.
1956 മുതലുള്ള പുസ്തങ്ങള്‍ കൈയിലുണ്ട്. ഓര്‍ഗനൈസര്‍, പാഞ്ചജന്യം എന്നിവയുടെ ആദ്യകാല ലക്കങ്ങളും പരമേശ്വര്‍ജിയുടെ സ്കൂള്‍ കാല കവിതകളും ഗ്രന്ഥശാലയിലെ എടുത്തുപറയേണ്ട പുസ്തകങ്ങളാണ്. ഹിന്ദുപുരാണങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദീനദയാല്‍ ഉപാധ്യായ, ഗുരുജി ഗോള്‍വള്‍ക്കര്‍, പി. പരമേശ്വരന്, കെ. ഭാസ്കര്‍ റാവു, ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍, മാധവ്ജി എന്നിവരെ സംബന്ധിച്ചുള്ള പുസ്തകങ്ങളെല്ലാം നിധിപോലെ അദ്ദേഹം സൂക്ഷിക്കുന്നു. ദേശീയ രാഷ്ട്രീയം, സാഹിത്യ ഗ്രന്ഥങ്ങള്‍ തുടങ്ങി നിരവധിയായ വിഷയങ്ങളിലുള്ള പുസ്തകങ്ങളും അദ്ദേഹം ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള നിരവധി പുസ്തകങ്ങളും ഈ ശേഖരത്തിലുണ്ട്. ഇതിനൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നിന്ന് അദ്ദേഹം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത നിരവധി പുസ്തകങ്ങളും ഗ്രന്ഥശാലയിലുണ്ട്.
വിദ്യാനികേതന്റെ പുസ്തകങ്ങളില്‍ 80 ശതമാനവും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത് പി. നാരായണനാണ്. പുതിയ അറിവുകള്‍ ധാരാളം പഠിക്കാനും അവയെ വിമര്‍ശനാത്മകമായി കാണാനും തന്റെ രചനകളില്‍ അവ ഉള്‍പ്പെടുത്താനും
അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പുതിയ പുസ്തകങ്ങള്‍ കിട്ടിയാല്‍ കൃത്യമായി അവ വായിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. നിലവില്‍ 25 വര്‍ഷമായി കൈകാര്യം ചെയ്യുന്ന സംഘപഥത്തിലൂടെ മാത്രമാണ് അദ്ദേഹം പതിവായി എഴുതുന്നത്. ഇന്ന് തൊടുപുഴയ്ക്ക് സമീപം ഇടക്കാട്ടുകയറ്റത്ത് നടക്കുന്ന സംഘപഥത്തിലെ നാരായണം എന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രത്യേക പ്രദര്‍ശനവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: