ഇന്നലെ അന്തരിച്ച പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ സാര്‍ പ്രീഡിഗ്രി ക്ലാസുകളില്‍ രണ്ടാം ഭാഷയായി മലയാളം പഠിപ്പിക്കുമ്പോള്‍ ഡിഗ്രിക്ക് സയന്‍സും കണക്കും കൊമേഴ്സും പഠിക്കുന്ന കുട്ടികളായിരുന്നു അധികം ഇരിക്കാറ്. പ്രീ ഡിഗ്രിക്കാര്‍ക്ക് ഇരിപ്പിടം തികയാതെവന്നു. വാക്കുകള്‍ വാക്യങ്ങളായി വജ്രപ്രഭയും വിദ്യുച്ഛക്തിയും പൂണ്ട് ചിതറിത്തെറിച്ച് തീര്‍ക്കുന്ന വര്ണ്ണരാജികളില് അവര്‍ മൈക്രോ ഇക്കണോമിക്സിന്റെയും സയന്സ്ലാബിലെയും വിരസത മാറ്റി. വിവിധ അസോസിയേഷനുകളുടെ ഉദ്ഘാടനങ്ങളിലും ആഘോഷങ്ങളിലും നടത്തിയ പ്രസംഗങ്ങളിലൂടെ അദ്ദേഹം കുട്ടികള്‍ക്ക് ഹൃദ്യനായി, ആരാധ്യനായി. അങ്ങനെ അനേകമനേകം ‘ഏകലവ്യ’സമാനരായ ശിഷ്യര്‍ക്ക് ഗുരുവായി.
എഴുത്തച്ഛനും ചെറുശ്ശേരിയും നമ്പ്യാരും ഉണ്ണായിവാര്യരും മറ്റുംമറ്റും സാറിനൊപ്പം മലയാളം ബിഎ ക്ലാസ്മുറികളില്‍ സ്ഥിരതാമസക്കാരായി. ‘നിറന്ന പീലികള്‍ നിരക്കവേകുത്തി നിറുകയില്‍ കൂട്ടി തിറമൊടുകെട്ടി’ എന്ന് എഴുത്തച്ഛന് കവിതയിലലിഞ്ഞ്, മഹാഭാരതം ഈണത്തില്‍ പാടുമ്പോള്‍ അദ്ദേഹം ക്ലാസ്മുറിയില്‍നിന്ന് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പാര്‍ത്ഥസാരഥിക്കു മുന്നില്‍നില്‍ക്കുന്നുവെന്ന പ്രതീതിയുണര്‍ത്തി. നളചരിതത്തിലൂടെ ക്ലാസ്മുറിയില്‍ കുട്ടികളുടെ മനസ്സുകളില്‍ മനയോല തേച്ചു. അതിസമര്‍ത്ഥനായ അദ്ധ്യാപകനായിരുന്നു.
ഭാഷയ്ക്കൊപ്പം നാട്ടുചരിത്രത്തില്‍ അഗാധമായ പഠനങ്ങള്‍ നടത്തി. കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച്, ചെമ്പകശ്ശേരിയുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് നടത്തിയ ഗവേഷണ പഠനങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ പുതിയ സ്ഥലികള്‍ തേടുന്ന കണ്ടെത്തലുകളായി. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഒരിക്കല്‍ കുട്ടനാട്ടിലൂടെ നടത്തിയ സാംസ്കാരിക യാത്ര നയിച്ചവരില്‍ മുന്നില്‍ അദ്ദേഹമുണ്ടായിരുന്നു. കുട്ടനാടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ സാരസംഗ്രഹമായിരുന്നു അന്ന് നടത്തിയ പത്തോളം ചെറു പ്രസംഗങ്ങള്‍.
വിനയവും വിജ്ഞാനവും വിശ്വസനീയതയുംകൊണ്ട് അദ്ദേഹം അറിഞ്ഞവര്‍ക്കെല്ലാം ആദരണീയനായി. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കക്ഷിരാഷ്ട്രീയബോധവും പ്രവര്‍ത്തനവും ശക്തമായുണ്ടായിട്ടുള്ള ചരിത്രമുള്ള എസ്ഡി കോളെജില്‍ ഗോപകുമാര്‍ സാര്‍ രാഷ്ട്രീയാതിര്‍ത്തികള്‍ ഭേദിച്ചുനിന്നു. ഭാരതീയ സംസ്കാരത്തിന്റെ കാവലാളായിരുന്നു, കറയില്ലാത്ത ആസ്തികചിന്തകന്. ‘നെയ്വിളക്കാകുന്നു എന്റെ ജന്മം’ എന്ന് അമ്പലപ്പുഴക്കണ്ണന് മുന്നില്‍ എന്ന് സ്വയം നിത്യവും സമര്‍പ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആലപ്പുഴ ജില്ലയുടെ സംഘചാലകും പിന്നീട് ശബരിഗിരി വിഭാഗിന്റെ സഹ സംഘചാലകുമായി.
ഞാന്‍ ശിഷ്യനായിരന്നു, അദ്ദേഹം എനിക്ക് ഗുരുമാത്രമായിരുന്നോ? അല്ല, അതിനപ്പുറമായിരുന്നു; എന്തായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവാത്ത തരത്തില്‍. സാറുമായി ഒടുവില്‍ സംസാരിച്ചത് 2024 മെയ് പകുതിയിലായിരുന്നു. മെയ് 11 ന് അമ്പലപ്പുഴയിലെ വീടായ ‘ഗോവര്‍ദ്ധന’ത്തില്‍, ഇത്തിരി ജ്ഞാനവിജ്ഞാനപ്പാല് നുകരാന്‍, ഇണത്തിലുള്ള, പതിഞ്ഞ താളത്തിലുള്ള, എന്നാല്‍ ചടുല വേഗത്തിലുള്ള വാല്ത്സല്യവര്ത്തമാനം അനുഭവിക്കാനാണ് ചെന്നത്. ഗേറ്റ്പൂട്ടിക്കിടന്നു. റോഡിന് മറുവശത്ത് ലോട്ടറി വില്‍ക്കുന്ന ബാബു പറഞ്ഞു, സാര്‍ ഇന്നലെ വൈകിട്ടുവരെ ഉണ്ടായിരുന്നുവെന്ന്. പക്ഷേ ഫോണിലും കിട്ടിയില്ല. കൊടുക്കാന്‍ കരുതിയ എന്റെ പുതിയ കവിതാ സമാഹാരം ‘അമ്മത്തോന്നല്‍’ കൈമാറാന്‍ ബാബുവിനെ ഏല്‍പ്പിച്ചു പോന്നു. നാലാംനാള്‍ സാറിന്റെ വിളിവന്നു, പുസ്തകം കിട്ടിയതു പറഞ്ഞു, വായിച്ചു തുടങ്ങിയെന്നും. അതിനുമുമ്പ് വിളിച്ചത് എനിക്ക് ‘ഭാരതീയ ഭാഷാ സമ്മാന്‍’ അവാര്‍ഡ് കിട്ടിയ വാര്‍ത്തയറിഞ്ഞാണ്. ശിഷ്യനെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്ന് ഇടയ്ക്കിടെ ഉണ്ടാകുന്ന ഓരോ സംഭാഷണത്തിലും പറയുമായിരുന്നു.
അഞ്ചുവര്‍ഷം ഞാന്‍ ഗോപകുമാര്‍ സാറിന്റെ ശിക്ഷണത്തിലുണ്ടായിരുന്നു ആലപ്പുഴ എസ്ഡി കോളെജില്‍. അക്കാലത്ത് അദ്ദേഹം അദ്ധ്യാപകന് മാത്രമായിരുന്നില്ല. അതുകൊണ്ടല്ലേ, പുറത്ത് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കൂട്ടത്തല്ലുണ്ടാക്കിയ ആ ദിവസങ്ങളില്‍, അതിലൊന്നും ബോധപൂര്‍വം ഞാന്‍ ചെന്നുചാടില്ലെന്ന് അറിയാമായിട്ടും ക്ലാസ്മുറിയുടെ വാതിലടച്ച് പുറത്തിറങ്ങിപ്പോകരുതെന്ന് എന്നെ ശാസിച്ചിരുത്തിയത്! പ്രീ ഡിഗ്രിക്ക് കണക്ക് പഠിച്ച്, പിന്നെ ഡിഗ്രിക്ക് മലയാളം പഠിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ആഹ്ലാദത്തോടെ ചിരിച്ചുകൊണ്ട്, ‘
ഇവിടെത്തന്നെ വരുമെന്ന് എനിക്കറിയാമായിരുന്നു’വെന്ന് സന്തോഷം പ്രകടിച്ചത്! കിട്ടിയ അവസരങ്ങളിലെല്ലാം മുന്നില്‍ നില്ക്കാന് പ്രേരിപ്പിച്ചത്! അതൊക്കെ മറ്റെന്തുകാരണത്താലായിരുന്നു?
അന്ന് വയസ്സ് 13, ആലപ്പുഴ കണിയാംകുളത്തെ ജയ്ഹിന്ദ് വായനശാലയില്‍ ഓണക്കാലത്ത് നടന്ന അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുക്കാന്‍ കാവാലത്തുനിന്ന് യാത്രചെയ്ത് ഞങ്ങള്‍ ചിലരെത്തി. വിധികര്‍ത്താവായി ഉണ്ടായിരുന്ന ഒരാള്‍ മത്സരം കഴിഞ്ഞപ്പോള്‍ സ്വന്തം പോക്കറ്റില്‍നിന്ന് ഇളംപച്ച നിറത്തിലുള്ള പേനയൂരി എന്റെ പോക്കറ്റില്‍ കുത്തിത്തന്ന് കവിളത്ത് തട്ടി. അച്ഛന് പിന്നീട് പറഞ്ഞുതന്നു, അത് കോളെജിലെ അദ്ധ്യാപകന് ആണെന്നും മറ്റും; അന്ന് കോളെജിനെക്കുറിച്ചൊന്നും പിടിയില്ലാത്ത കാലം. പ്രീഡിഗ്രിക്ക് ചേര്‍ന്ന് സാറിനെ നേരില്‍ കാണാന്‍ അച്ഛനുമൊത്ത് ചെന്നപ്പോള്‍, കാവാലം എന്നു കേട്ടപ്പോള്‍, പേന സമ്മാനിച്ചത് ഓര്‍മ്മിച്ചു പറഞ്ഞത് ഗോപകുമാര്‍ സാറായിരുന്നു. പിന്നെ ആ ബന്ധവും സൗഹാര്‍ദ്ദവും ഉന്മിഷത്തായി, അദ്ദേഹം എന്റെ രക്ഷകനും
രക്ഷകര്‍ത്താവുമായിരുന്നു. കവിത തിരുത്തി കോളേജ് മാഗസിനില്‍ ചേര്‍ത്ത് എന്റെ എഴുത്ത് വളര്‍ത്തിയത് അദ്ദേഹമായിരുന്നു. എന്റെ പുസ്തകത്തിന്റെ ആദ്യതാളില്‍ അക്കാര്യം ഞാന്‍ എഴുതിയത് വായിച്ച് അദ്ദേഹം ആനന്ദിച്ചു.
ഹൃദ്യമായ പലപല അനുഭവങ്ങള്‍ പറയാന്‍ എത്രയെത്ര ശിഷ്യരുണ്ട്! അത്യുന്നതങ്ങളിലെത്തിയ അനേകംപേര്‍. അദ്ദേഹം വ്യക്തികളില്‍ പ്രതിഭയുള്ള നക്ഷത്രങ്ങളെ കണ്ടെത്തിയിരുന്നു. അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. ശിഷ്യന്മാരില് അഭിമാനം കൊണ്ടിരുന്നു. തകഴിയില്നിന്നുള്ള മിടുക്കനായ വിദ്യാര്‍ത്ഥി വേണുഗോപാലിന് മുടങ്ങിപ്പോയ പഠിത്തം തുടരാന്‍ സര്‍വ സഹായവും നല്കി; അദ്ദേഹം ഡോ.പി. വേണുഗോപാലായി, അദ്ധ്യാപകനായി
സാഹിത്യ വിമര്‍ശകനായി വിരാജിക്കുന്നത് അത്തരം അനേകം ഗുരുകര്മ്മങ്ങളുടെ ഫലങ്ങളില്‍ ഒന്നുമാത്രം. ആദരാഞ്ജലികള്‍. സദ്ഗുരവേ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: