Main Article

പൂര്‍ണത പ്രാപിച്ച ഗുരുനാഥന്‍

Published by

ണ്ടോ മൂന്നോ തലമുറയില്‍പ്പെട്ടവരെ അക്ഷരങ്ങളുടെ, അറിവിന്റെ, വായനയുടെ ലോകത്തേക്ക് നടത്തിയ അദ്ധ്യാപകന്‍, അനുവാചക ഹൃദയങ്ങളെ ത്രസിപ്പിക്കുമായിരുന്ന അസാമാന്യ പ്രഭാഷകന്‍, ആസ്വാദക ഹൃദയങ്ങളെ തൊട്ട കവി, സാഹിത്യകാരന്‍, ആര്‍എസ് എസ് ശബരിഗിരി വിഭാഗിന്റെ സഹ സംഘചാലക്, സനാതന സംസ്‌കാരത്തിന്റെ പ്രചാരകന്‍…ഇങ്ങനെ വിശേഷണങ്ങളില്‍ ഒതുങ്ങാത്ത ഡോ.( പ്രൊഫ) അമ്പലപ്പുഴ ഗോപകുമാര്‍ സാറിന്റെ വിയോഗം ഇന്നലെ ഉച്ചയോടെയായിരുന്നു. ആദരവോടെ യാത്രാമൊഴി നേരുന്നു…

നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ്, ഡബിള്‍ മുണ്ടിന്റെ കോന്തലയും ഉയര്‍ത്തി പിടിച്ചു, നിറഞ്ഞ പുഞ്ചിരിയോടെ, അമ്പലപ്പുഴയിലെ നാട്ടുവഴികളിലൂടെ നടന്നു നീങ്ങുന്ന , ജന്മ നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ ഗോപന്‍ സാര്‍ ‘അമ്പലപ്പുഴയുടെ അംബാസിഡര്‍’ ആയിരുന്നു. കണ്ണില്‍ പെടുന്നവരുടെയെല്ലാം സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രദക്ഷണ വീഥികളിലും അമ്പലപ്പുഴയുടെ രാജ വീഥികളിലും നിറഞ്ഞു നിന്ന വ്യക്തി. . അമ്പലപ്പുഴക്കണ്ണന്റെ സര്‍വം തികഞ്ഞ ഭക്തനായിരുന്നു അദ്ദേഹം.
1944 ജൂണ്‍ 27 നു അമ്പലപ്പുഴ തത്തമത്തു സി.കെ. നാണു പിള്ളയുടെയും കെ.എം. രാജമ്മയുടെയും മകനായി ഗോപകുമാര്‍ ജനിച്ചു. എപ്പോഴും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിരുന്ന കരൂര്‍ മാളിയേക്കല്‍ മാധവപ്പണിക്കരാശാന്റെ കീഴില്‍ ആദ്യക്ഷരം കുറിച്ചു.

പെരുമാറ്റം കൊണ്ടും മാതൃകാപരമായ ജീവിതശൈലി കൊണ്ടും അദ്ദേഹത്തിന്റെ ക്ലാസില്‍ പഠിക്കാന്‍ പറ്റിയവരേക്കാള്‍ കൂടുതല്‍ സാറിന്റെ നേരിട്ടുള്ള വിദ്യാര്‍ത്ഥികളല്ലാത്തവര്‍ സാറിനെ ഗുരുനാഥനാക്കി.

അമ്പലപ്പുഴയിലെ മോഡല്‍ എച്ച് എസില്‍ പഠിപ്പു തുടങ്ങി. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നു ധനതത്വ ശാസ്ത്രത്തില്‍ ബിരുദം നേടി. അതിനു ശേഷം ചങ്ങനാശ്ശേരി എന്‍എസ്സ്എസ്സ് ഹിന്ദു കോളേജില്‍ ചേര്‍ന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഒരു വര്‍ഷത്തോളം കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റ് ആയി. 1968-ല്‍ അഞ്ചുവര്‍ഷം പഠിച്ച എസ്ഡി കോളേജില്‍ മലയാളം അധ്യാപകനായി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അദ്ധ്യാപനത്തിനൊടുവില്‍ മലയാള വിഭാഗം തലവനായി 1999 ല്‍ വിരമിച്ചു.

ഹൈസ്‌കൂള്‍ പഠന കാലത്ത് കവിതകള്‍ എഴുതിത്തുടങ്ങി. എണ്ണം പറഞ്ഞ കവികളില്‍ ഒരാളായിമാറി. 1995 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ‘ചെമ്പകശ്ശേരിയുടെ സാഹിത്യ സംഭാവനകള്‍’ എന്ന ഗവേഷണ പ്രവര്‍ത്തനത്തിന് പിഎച്ച്ഡി ലഭിച്ചു. അദ്ദേഹം രചിച്ച ‘അമ്പലപ്പുഴ ക്ഷേത്ര ചരിത്രം’ -ചെമ്പകശ്ശേരിയെയും അമ്പലപ്പുഴ ക്ഷേത്രത്തെയും കുറിച്ച് എഴുതപ്പെട്ട ഏറ്റവും ആധികാരിക ഗ്രന്ഥമാണ്.

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ശ്രീവല്‍സം മാസികയുടെ എഡിറ്റായിരുന്നു. പലതവണ എന്നെക്കൊണ്ട് അതില്‍ ലേഖനങ്ങള്‍ എഴുതിച്ചു.

2015 -ല്‍ സുദാമാ ശ്രീകൃഷ്ണ സംഗമം എന്ന ആശയം ഞാന്‍ മുന്നോട്ട് വച്ചപ്പോള്‍ അതിനെ ഉള്‍ക്കൊണ്ട് ഗംഭീരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ പിന്തുണ നല്‍കി. ശ്രീകൃഷ്ണനും സുദാമാവും എന്ന എന്റെ പുസ്തകത്തിന് അദ്ദേഹം അവതാരികയെഴുതി.
സാറിന്റെ ഭാര്യ പ്രൊഫ. വിജയലക്ഷ്മിയും എസ്ഡി കോളേജില്‍ ദീര്‍ഘ കാലം അദ്ധ്യാപിക ആയിരുന്നു. മൂത്തമകന്‍ ദേവനാരായണന്‍, അലൈന്‍ മൈന്‍ഡ്സ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമാണ്. ഇളയ മകന്‍ കൃഷ്ണഗോപാലന്‍, സിജിഎല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.

ആദ്യത്തെ കൃതി എന്‍ബിഎസ് വഴി വന്ന ‘ഉദയത്തിനു മുമ്പ് ‘ ആയിരുന്നു. ചെമ്പകശ്ശേരിയുടെ പുരാതന കലാരൂപങ്ങളുടെ ലേഖനങ്ങളും ചരിത്രവും ഉള്‍പ്പെടുന്ന പുസ്തകം കൂടാതെ ശ്യാമകൃഷ്ണന്‍, ഇടയന്റെ പാട്ട്, മാന്യമഹാജനം, അമൃതപുരിയിലെ കാറ്റ്, അമൃത ദര്‍ശനം, ഹരിമാധവം, ഗംഗാ മയ്യാ തുടങ്ങിയാണ് കവിതാ സമാഹാരങ്ങള്‍. സുകൃത പൈതൃകം, തിരകള്‍ മായ്‌ക്കാത്ത പാദമുദ്രകള്‍, സത്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍, കുഞ്ചന്‍ നമ്പ്യാര്‍, അമ്പലപ്പുഴ ക്ഷേത്ര ചരിത്രം, വേലകളി, പള്ളിപ്പാന, അമ്പലപ്പുഴ സഹോദരന്മാര്‍, പതിനാലു വൃത്തം തുടങ്ങിയവ പഠനങ്ങള്‍. നളചരിതം, സ്വപ്‌നവാസവദത്തം, കരുണ, ചണ്ഡാല ഭിക്ഷുകി, അദ്ധ്യാത്മ രാമായണത്തിലെയും മഹാഭാരതത്തിലെയും ചില ഭാഗങ്ങളെ കുറിച്ചുള്ള -വ്യാഖ്യാന പഠനങ്ങള്‍, തകഴിയെക്കുറിച്ചുള്ള എന്റെ ഉള്ളിലെ കടല്‍, ചങ്ങമ്പുഴയുടെ ലീലാങ്കണം, കൈരളിയുടെ വരദാനങ്ങള്‍, കുഞ്ചന്റെ ചിലമ്പൊലി, ശാരികാസന്ദേശം, പച്ചിലത്തോണി, ശ്രീകൃഷ്ണ ലീല, നന്മയുടെ നറുമൊഴികള്‍, കൈരളിയുടെ വരദാനം, അക്കുത്തിക്കുത്ത് എന്നിവയാണ് മറ്റു കൃതികള്‍. രാപ്പാടി എന്ന കൃതി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. രണ്ട് വര്‍ഷം മുന്‍പ്, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം നടത്തിയിരുന്നു.

മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന ‘അമൃതകീര്‍ത്തി’പുരസ്‌കാരം 2016 -ല്‍ ലഭിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, നാരായണീയം പുരസ്‌കാരം, ഷാര്‍ജ ഏകതാ സാഹിത്യ പുരസ്‌കാരം, അമ്പലപ്പുഴ ക്ഷേത്രത്തിന്റെ വാസുദേവ പുരസ്‌കാരം, ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, വെണ്മണി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി.

വൈക്കം ക്ഷേത്രകലാ പീഠം ഡയറക്ടര്‍, അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി സെക്രട്ടറി പദങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇടക്കാലത്തു പുറക്കാട് പഞ്ചായത്ത് മെമ്പറായി. അമ്പലപ്പുഴ ക്ഷേത്ര ഉപദേശക സമതിയുടെ പ്രസിഡന്റ്, അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും അക്കാദമിക് കൗണ്‍സിലിന്റെയും അംഗവും , കേരളാ-കാലിക്കറ്റ് -മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളുടെ പിഎച്ച്ഡി ബോര്‍ഡ് അംഗവും ആയിരുന്നു. ആലപ്പുഴ ജവഹര്‍ ബാലഭവന്‍ അഡ്മിനിസ്ട്രേറ്ററായി ഒരു ടേം പ്രവര്‍ത്തിച്ചു. ‘ശ്രീവല്‍സം’ ആദ്ധ്യാത്മിക മാസികയുടെ ചീഫ് എഡിറ്ററായും,സമസ്ത കേരളാ സാഹിത്യ പരിഷത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായുംപ്രവര്‍ത്തിച്ചുവരികയായിരുന്നു.
അമ്പലപ്പുഴ നാടകശ്ശാല സദ്യ, നെഹ്രു ട്രോഫി വള്ളം കളി, മകരവിളക്ക് തുടങ്ങിയവയുടെ ദൃക് സാക്ഷിവിവരണത്തിലൂടെ ഗോപന്‍സാര്‍ വരച്ച വാങ്മയ ചിത്രങ്ങള്‍ കേട്ടവരുടെ മനസ്സില്‍ നിന്ന് മായില്ല.

എന്റെ ഹൃദയത്തിലെ ഒരു ചന്ദനപ്പൊട്ടായി ഗോപകുമാര്‍ എക്കാലവും ശേഷിക്കും. അമ്പലപ്പുഴയ്‌ക്കൊപ്പം ഗോപകുമാര്‍ എന്ന പേര്‍ എന്നും ചരിത്രത്തിലും ആരുടെ വര്‍ത്തമാനങ്ങളിലും ചേര്‍ന്നുനില്‍ക്കും, കാലാതിവര്‍ത്തിയായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by