പസഫിക് സ്റ്റോഴ്സിന്റെ രണ്ടാം നിലയിലെ കുടുസുമുറി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ ജാലകത്തിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കതിരൊളികള്‍ പ്രതീക്ഷിച്ച് അടിയന്തരാവസ്ഥ കാലത്തെ തമോവൃതമായ സായംകാലങ്ങളിലേക്ക് ഓര്‍മ്മകള്‍ നീളുന്നു.
ജീര്ണായുസ്സിലേക്ക് ഇഴഞ്ഞു നീങ്ങുന്ന മഹാനഗര കഥാപുസ്തകത്തിലെ അന്തിമ അധ്യായം ചൊല്ലിയാടുകയാണെന്നു തോന്നും വിധം ആളൊഴിഞ്ഞ വീഥികള്‍.
രേവതിനാളില്‍ ഭട്ട ദാനം (രേവതി പട്ടത്താനം) ചെയ്ത് അംഗീകരിച്ചും പ്രോത്സാഹിപ്പിച്ചും സാഹിത്യത്തെ വളര്‍ത്തിയെടുത്ത സമ്പന്ന സംസ്കാരത്തിന്റെ കൃഷ്ണഗാഥകള്‍ കേട്ട് ‘മെല്ലെകരയേറി നല്ലൊരു വാലൂന്നി’ മീനങ്ങള്‍ പോകുന്നത് കണ്ടു നിര്വൃതയായ കല്ലായി പുഴ പോലും മന്ദഗതിയിലായി.
പൂതങ്ങള്‍ മയങ്ങുന്ന ‘പറയന്റെ കുന്നിലെ മറ്റേ ചെരിവില്‍’ നിന്നും പൊങ്ങുന്ന ഓട്ടു ചിലമ്പലുകളുടെ അകമ്പടി സേവിക്കുന്ന നിശായാമങ്ങള്‍ മയങ്ങുന്ന നാലുകെട്ടും നാല്‍പ്പതു സെന്റും. ന്റുപ്പാപ്പക്കൊരാനേണ്ടാര്ന്നെന്ന് വീമ്പിളക്കുന്ന ബാല്യകാലസഖികള്‍. കാലം തുറന്നുവച്ച ഒരു ദേശത്തിന്റെ കഥ ഏതൊരു സഹൃദയനും ഇന്ദ്രിയ സാന്ദ്രത നല്കുന്നു.
കോലത്തിരി അരജനും വള്ളുവക്കോനാതിരിയും ആര്‍ക്ക് സാമന്തരായി കഴിയേണ്ടി വന്നുവോ, ആ സാമൂതിരിപ്പെരുമ പാടുന്ന നാവാമുകുന്ദ മണല്‍ത്തരികള്‍ കൃഷ്ണനാട്ടവും രാമനാട്ടവും ആസ്വദിച്ച് മയങ്ങുമ്പോഴും, ദുഃഖസന്ദ്രമായ പന്തീരാണ്ടിലെ മാമാങ്കം വീഴ്ത്തിയ ധീരശിരസ്സുകളെ യാത്രയയച്ച സ്ത്രീവിലാപങ്ങള്‍ ഏറ്റുവാങ്ങിയ കാല്‍പ്പാടുകളിലൂടെ സഞ്ചരിച്ച മഹാകവിയുടെ തേങ്ങലുകള്‍. നേന്ത്രവാഴത്തൊടി കാക്കുന്ന തൈത്തെന്നല്‍ അന്തിമ യാമമായെന്ന് അറിയിച്ചപ്പോള്‍ കേവുവഞ്ചി കയറിപ്പോയ ഓണവിണ്ണിലാവൊളി രാവുകള്‍ ഓര്‍മ്മയായി.
തുഞ്ചന്‍പറമ്പിലെ കിളിക്കൊഞ്ചലില്‍ വാര്‍ന്നുവീണ ദുഃഖകാവ്യം മലയാണ്മയ്ക്ക് ഓജസും തേജസും നല്കി. അതെ, കോഴിക്കോട് നഗരം സന്ദ്രാനന്ദതുന്ദിലമാകും വിധം കേരള നാടിനെയും മലയാളികളെയും ആധ്യാത്മിക സാഗരത്തില്‍ ആറാടിക്കുമാറ് വിസ്തൃതവും അഗാധവുമാണ് അതിന്റെ സാഹിതീ സംസ്കൃതി.
സാമൂതിരിപ്പെരുമയിലൂടെ ഗുരുവായൂരപ്പ സന്നിധിയില്‍ വളര്ന്നുല്ലസിച്ച നാരായണീയവും ജ്ഞാനപ്പാനയും സാഹിത്യ സമ്പത്തിലെ നിധികുംഭങ്ങള്‍ ആണല്ലോ. കഥകളി സംഗീതം കൈരളിക്കേകിയ കളിവിളക്കഴക് സമാനതകള്‍ ഇല്ലാത്തതാണ്.
അവ ഉല്ഫുല്ലമായത് അനന്തപുരിയിലും അമ്പലപ്പുഴയിലും വെണ്മണി ഇല്ലത്തുമൊക്കെയാണെങ്കിലും മൂലമിങ്ങ് രാമനാട്ടത്തിലും കൃഷ്ണനാട്ടത്തിലും തന്നെ. ഉണ്ണായിവാരിയരും ഇരയിമ്മന്‍ തമ്പിയും സ്വാതി തിരുനാള്‍ പ്രഭൃതികളും എതിര്‍ക്കില്ലെന്നുറപ്പ്.
സാമൂതിരി കോവിലകങ്ങളും കല്ലായി പുഴയും മിഠായിത്തെരുവും ബേപ്പൂരും ഫാറൂഖ് നാടും ഗുരുവായൂരപ്പന് കോളജും സാമൂതിരി വിദ്യാലയവും മാനാഞ്ചിറയും സാഹിത്യമാരുതന്റെ സങ്കേതങ്ങള്‍ ആയിരുന്നല്ലോ. പൊന്നാനിനിയില്‍ പറന്ന ഒരേ തൂവല്‍ പക്ഷികള്‍ മുതല്‍ കുമാരനല്ലൂര്‍ കവിതകള്‍ വരെ സമ്പന്നമാക്കിയ മലയാള സാഹിത്യ സംസ്കൃതിയുടെ കാല്‍പ്പാടുകള്‍ നിറഞ്ഞ നഗരം.
ആധുനികത, നവോത്ഥാനം, ബഹുസ്വരത, സ്വത്വവാദം എന്നെല്ലാമുള്ള മധുരം പൂശിയ ലഹരികള്‍ ആവോളം അകത്താക്കുന്നവരുടെ കൂട്ടായ്മകളും അധിനിവേശക്കാര്‍ക്ക് പാരമ്പര്യ സ്വത്തും വിറ്റ് കാലം കഴിക്കുന്നവരും നിരത്തിവച്ച വാദങ്ങളും ഇവിടെ കേള്‍ക്കാം. ‘ഹിന്ദുത്വ ഭീകരത’ വളരാതിരിക്കാന്‍ ഒന്നിക്കണം എന്ന ദര്‍ശനമാണ് അവരുടെ കൂട്ടായ്മയക്ക് പ്രേരണ.
ഇല്ലാത്ത പ്രാധാന്യം ആരോപിച്ച് പ്രതീകങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും ചായം പൂശിയെടുത്തതൊക്കെ ഇത്തരമൊരു ഗൂഢോദ്ദേശ്യത്തോടെ ആയിരുന്നു എന്ന ശങ്ക നിലവിലുണ്ട്.
ജീവല്‍ സാഹിത്യംപോലെ ദേശീയ സാഹിത്യവും കേരളത്തില്‍ വ്യാപിച്ചതിന് പുറകിലുള്ള സങ്കേതങ്ങളെ വിസ്മരിക്കാവതല്ല. എങ്കിലും അവര്‍ പിന്തള്ളപ്പെട്ടു എന്ന സന്ദേഹം ബാക്കിനില്ക്കുന്നു. അമ്പതാണ്ട് മുന്‍പ് പസഫിക് സ്റ്റോഴ്സിന്റെ രണ്ടാം നിലയിലെ കുടുസുമുറി മുതല്‍ ഈ ചിന്തയുടെ പ്രാരംഭം കുറിച്ചത് അതുകൊണ്ടാണ്.
മറ്റു പലതിനും എന്നപോലെ ‘തപസ്യ കലാസാഹിത്യ വേദി’യെ നാട്ടരങ്ങില്‍ വാഴിച്ചതും കോഴിക്കോട് നഗരംതന്നെ. പ്രഗല്ഭരായ ഭാരതീയ തത്വചിന്തകരെയും മഹാത്മാക്കളെയും കോഴിക്കോടിന് ഒരു സാന്നിധ്യ നിറവേറ്റാന്‍ കഴിഞ്ഞുവെങ്കില്‍ അതിന് തപസ്യയോട് ഈ നഗരം കടപ്പെട്ടിരിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്ര പരിപാലനം ചെയ്ത സാമൂതിരി തലമുറകള്‍ പോലെ ഉണ്ണികൃഷ്ണനെ കേരളമാകമാനം നിറന്ന പീലികള്‍ ചൂടിച്ച് മണിവര്ണ്ണനാക്കിയ ബാലഗോകുലത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമാണ് ഈ മഹാനഗരി. ഇതേ യുനെസ്കോയുടെ അംഗീകാരവും അനുമോദനവും നേടിയ ബാലഗോകുലം എന്ന കുട്ടികളുടെ പ്രസ്ഥാനത്തിന്റെ സ്വാധീനവും പ്രധാനമാണ്. ആനുകാലിക തലമുറയിലെ എണ്ണമറ്റ സാഹിത്യകാരന്മാരുടെ കളിവീടായിരുന്നു തപസ്യയും ബാലഗോകുലവും.
അക്കിത്തവും കുഞ്ഞുണ്ണിമാഷും കക്കാടും തുടങ്ങി കാരാശേരി മാഷും അഴീക്കോടുമാഷും ബഷീറും എംടിയും വി.എം. കൊറാത്തും നെടുങ്ങാടി എന്ന പത്രാധിപരും എംജിഎസും സി. കെ. മൂസതും ഉള്‍പ്പെടെ മഹാരഥമാരുടെ ഏറ്റവും ഒടുവിലെ തലമുറ. രാമകൃഷ്ണ മഠവും ചിന്മയ വിദ്യാകേന്ദ്രങ്ങളും തുടങ്ങി എത്രയോ സ്ഥാപനങ്ങള്‍. ഇവരില്‍ ബഹുഭൂരിപക്ഷം പേരെയും വേദികൊടുത്ത് കേസരി വാരികയും അതിന്റെ പത്രാധിപരും തപസ്യ ബാലഗോകുലം പ്രസ്ഥാനങ്ങളുടെ അമരക്കാരനും ജ്ഞാന തപസ്വിയുമായ എം.എ.കൃഷ്ണന് എന്ന എംഎ സാറിന്റെ പങ്കും.
ഇവയെല്ലാം ചേര്‍ന്നാണ് ഈ മഹത്വം കൈവരിച്ചത്. അരങ്ങിലും അണിയറയിലും ഉറക്കമിളച്ച് സര്‍ഗ്ഗാത്മകതയെ മുഖ്യധാരാ സ്രോതസ്സുമായി ലയിപ്പിക്കുന്നതില്‍ ഈ പറഞ്ഞവര്‍ വിജയിച്ച ചരിത്രം ചെറുതല്ല. ഈ അംഗീകാര നിറവിന് പിന്നില്‍ ഇവരുണ്ട് എന്ന് മറക്കാതിരിക്കണം വേണ്ടപ്പെട്ടവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: