എന്തിലും ഏതിലും ”കേരളം നമ്പര്‍ വണ്‍” എന്ന പരസ്യം നല്കുന്നതില് മടിക്കാത്തവരാണ് പിണറായി വിജയന് സര്‍ക്കാര്‍. എന്നാല്‍ കേരളം ഏറെ പിന്നിലായിപ്പോവുന്ന കാര്യങ്ങളെക്കുറിച്ച് മിണ്ടാറുമില്ല. അത്തരത്തിലൊന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെ. രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടികയില്‍ മധ്യപ്രദേശിലെ ഇന്‍ഡോറും ഗുജറാത്തിലെ സൂറത്തുമാണ് ഇക്കുറിയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. ആദ്യ നൂറില്‍പ്പോലും കേരളത്തിലെ ഒരു നഗരവും ഇടം നേടിയില്ല. ഇതേക്കുറിച്ച് കേരള സര്‍ക്കാര്‍ സൗകര്യപൂര്‍വമായ മൗനം പാലിക്കുമ്പോഴാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ട് ശുചീകരണത്തൊഴിലാളി ജോയിക്ക് ജീവന് നഷ്ടപ്പെടുന്നത്.
മറ്റേതു വിഷയത്തിലുമെന്നതുപോലെ ആമയിഴഞ്ചാന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് റെയില്‍വെയെ കുറ്റപ്പെടുത്തുക വഴി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയത്. ഒബ്സര്‍വേറ്ററി ഹില്ലില്‍ നിന്നാരംഭിച്ച് കണ്ണമൂലവഴി ആക്കുളം കായലില്‍ ചേരുന്ന പന്ത്രണ്ട് കിലോമീറ്റര്‍ നീളുന്ന ആമയിഴഞ്ചാന്‍ തോട് (പഴവങ്ങാടി തോട്) ജലസേചനവകുപ്പിന്റെ കീഴിലാണ് വരുന്നത്. ഇതില്‍ 117 മീറ്റര്‍ മാത്രമാണ് റെയില്‍വെയുടെ പരിധിയില്‍ വരുന്നത്. നഗരസഭാ പരിധിയിലൂടെ ഒഴുകുന്ന 5.89 കിലോമീറ്റര്‍ ദൂരത്തിന്റെ നല്ലശതമാനവും ഏറെക്കാലമായി മാലിന്യക്കൂമ്പാരമാണ്.
റെയില്‍വെ പരിധിയില്‍ ടണല്‍ മാര്‍ഗമാണ് തോട് ഒഴുകുന്നത്. ടണല്‍ തുടങ്ങുന്നിടത്ത് റെയില്‍വേ പത്തടി ഉയരത്തിലുള്ള ഇരുമ്പുവല സ്ഥാപിച്ചിരിക്കുന്നത് മാലിന്യം വലിച്ചെറിയുന്നത് തടയാനാണ്. എന്നാല്‍ വലിയ തോതിലുള്ള മാലിന്യ നിക്ഷേപം ഈ വലയും ഭേദിച്ച് ഒഴുകുന്നു. 2015 ലെ ഓപ്പറേഷന് അനന്തയുടെ കാലത്ത് 700 ടണ്‍ മാലിന്യമാണ് റെയില്‍വെ ടണലില്‍ നിന്ന് മാത്രം മാറ്റിയത്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാട് ഇത് റെയില്‍വെ നീക്കണമെന്നാണ്. തോട് വൃത്തിയാക്കാനുള്ള ഉത്തരവാദിത്തം ജലസേചന വകുപ്പിനാണെന്നിരിക്കെ റെയില്‍വേയുടെ മേല്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുളള ഒളിച്ചോട്ടമാണ്.
മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് സമ്പൂര്‍ണമായി പരാജയപ്പെട്ട സര്‍ക്കാരാണ് 117 മീറ്ററിന്റെ പേരില്‍ റെയില്‍വേയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ആമയിഴഞ്ചാന്‍ തോട്ടില്‍ തന്നെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍, പ്ലാസ്റ്റിക് എന്നിവയ്ക്ക് പുറമേ ആശുപത്രി മാലിന്യങ്ങള്പ്പോലും കുമിഞ്ഞുകൂടിയിരിക്കുന്നു. ഇതൊന്നും റെയില്‍വെ നിക്ഷേപിക്കുന്നവയല്ല. ഉറവിടമാലിന്യ സംസ്കരണവും കേന്ദ്രീകൃത സംസ്കരണവും പരാജയപ്പെട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
2018 ലെ കേരളസര്‍ക്കാരിന്റെ ഖരമാലിന്യ സംസ്കരണ നയത്തില്‍ കേരളത്തെ 2026 ല്‍ ഖരമാലിന്യ മുക്തമാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഖ്യാപനത്തിന്റെ പൊള്ളത്തരം അറിയാന്‍ നമ്മുടെ നഗങ്ങളിലേക്ക് നോക്കിയാല്‍ മതിയാകും. മാലിന്യ നിര്‍മാര്‍ജ്ജനം തദ്ദേശ വകുപ്പിന്റെയും അതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാരിനെ പഴിചാരാനാവില്ല. കേരളത്തിലെ ആറ് നഗരസഭകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് 373 കോടി രൂപയാണ്. ഇതില്‍ ചിലവിട്ടത് 120.50 കോടി രൂപ മാത്രം. എന്നുവച്ചാല്‍ മാലിന്യ സംസ്കരണമടക്കം പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന 253 കോടി ഉപയോഗിച്ചിട്ടില്ല എന്നര്‍ഥം.
മാലിന്യ സംസ്കരണം, ശുചീകരണം, ശുദ്ധജലവിതരണം എന്നിവയ്ക്കായി വിനിയോഗിക്കേണ്ട തുകയാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയത്. തിരുവനന്തപുരം നഗരസഭയ്ക്ക് 91.38 കോടി രൂപ കേന്ദ്ര ഗ്രാന്റ് ലഭിച്ചപ്പോള്‍ ചിലവാക്കിയത് 31.92 കോടി. ബ്രഹ്മപുരത്ത് മാലിന്യം കത്തിച്ചത് കണ്ടുനിന്ന കൊച്ചി കോര്പ്പറേഷന് 67.25 കോടി ലഭിച്ചപ്പോള്‍ ചിലവിട്ടത് 14.75 കോടി. ഇതിന് വിശദീകരണം നല്‍കിയശേഷം വേണം തദ്ദേശവകുപ്പ് മന്ത്രി കേന്ദ്രത്തിനെതിരെ വാളെടുക്കാന്‍.
ആമയിഴഞ്ചാന്‍ തോടിന്റെ മാത്രം ശുചീകരണത്തിനായി 2020ല്‍ 25 കോടിയും 2022-23 ലെ ബജറ്റില്‍ 12 കോടിയും മാറ്റിവച്ചതായി കാണുന്നു. 2021 ല്‍ പദ്ധതി ആരംഭിച്ചെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥമൂലം മുന്നോട്ട് നീങ്ങിയില്ല. രണ്ടു വര്‍ഷം കൊണ്ട് വൃത്തിയാക്കിയത് 400 മീറ്റര്‍ മാത്രമെന്നത് കെടുകാര്യസ്ഥതയുടെ ആഴം വ്യക്തമാക്കുന്നു. കണ്ണമ്മൂല മുതല്‍ നെല്ലിക്കുഴിവരെ തോട് വൃത്തിയാക്കി ആഴം കൂട്ടുന്നതിനായി അനുവദിച്ച 25 കോടിയും തോട്ടിലെ മാലിന്യങ്ങള്‍ക്കൊപ്പം ഒഴുകിപ്പോയോ എന്ന് സര്‍ക്കാരാണ് പറയേണ്ടത്. നെല്ലിക്കുഴി മുതല്‍ ആക്കുളം കായല്‍വരെയുള്ള ഭാഗം ശരിയാക്കുന്നതിന് അനുവദിച്ച 12 കോടിയും എവിടെപ്പോയെന്ന് വ്യക്തമല്ല. ഇതുതന്നെയാണ് നഗരത്തിലെ വെള്ളക്കെട്ടിന്റെ മുഖ്യകാരണവും. പട്ടം, ഉള്ളൂര്‍, ആമയിഴഞ്ചാന്‍ തോടുകളില്‍ നിന്നും 1.50 ലക്ഷം ക്യുബിക് മീറ്റര്‍ സില്‍റ്റ് നീക്കം ചെയ്ത് ആഴം കൂട്ടുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 2023 ഒക്ടോബറിലാണ്. 2024 ജനുവരി 31 ഓടെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നായിരുന്നു മന്ത്രിതല സമിതി വ്യക്തമാക്കിയത്.
ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികള്‍ക്കായി കോടികള്‍ പാഴാക്കുന്നതാണ് കേരളത്തിലെ മറ്റൊരു പ്രധാനവിഷയം. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് ഉറവിടമാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച 53,000ത്തോളം കിച്ചണ്‍ബിന്നുകള്‍ ഉപയോഗശൂന്യമായി. ഒരു ബിന്നിന് 1800 രൂപ നിരക്കിലാണ് നഗരസഭ ഇത് വാങ്ങിയത്. ബിന്നുകളുടെ എണ്ണം കൂട്ടിക്കാണിച്ച് നഗരഭരണാധികാരികള്‍ ഏതാണ്ട് 40 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമുണ്ട്. ഏതായാലും ബിന്നുകളിള് നല്ല ശതമാനവും ഉപയോഗ്യശൂന്യമായിട്ടും നഗരസഭ അനങ്ങിയില്ല. ഉറവിടമാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രസംഗിക്കാന്‍ എളുപ്പമാണ്, പ്രാവര്‍ത്തികമാക്കല്‍ ദുഷ്ക്കരവുമെന്ന് ഇത് തെളിയിക്കുന്നു.
ജൈവമാലിന്യ സംസ്കരണത്തിന് നഗരത്തിലെ അമ്പതിലേറെയിടങ്ങളിലായി 414 ബിന്നുകള്‍ സ്ഥാപിച്ചെങ്കിലും ഇവയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. സാങ്കേതികത്തകരാറും ഹരിതകര്‍മസേനാംഗങ്ങളുടെ അഭാവവുമാണ് ഇവിടെ വെല്ലുവിളി. പരിഹാരമാര്‍ഗങ്ങളൊന്നും ഇതുവരെ നിര്‍ദേശിക്കപ്പെട്ടിട്ടില്ല.
ഇത് തിരുവനന്തപുരത്തിന്റെ മാത്രം കഥയല്ല. കേരളത്തിലെ ഏതാണ്ട് എല്ലാ നഗരങ്ങളും മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. നമ്മുടെ വലിയ നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയുമൊന്നും ജനസംഖ്യയിലോ കെട്ടിടങ്ങളുടെ എണ്ണത്തിലോ രാജ്യത്തെ മറ്റ് വമ്പന്‍ നഗരങ്ങളുടെ പകുതിപോലും വരില്ല. വിളപ്പില്‍ശാലയും ബ്രഹ്മപുരവും ഞെളിയന്‍പറമ്പുമെല്ലാം പരാജയപ്പെടുമ്പോഴാണ് ജനം മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നത്.
”മാലിന്യസംസ്കരണം ആരുടെയെങ്കിലും പ്രത്യേക ഉത്തരവാദിത്തമായി കണക്കാക്കുന്നില്ല” എന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ പ്രസ്ഥാവന കേരളത്തെ കാത്തിരിക്കുന്ന വലിയ അപായത്തിന്റെ മുന്നറിയിപ്പാണ്. മാലിന്യസംസ്കരണമെന്ന മുഖ്യ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറല്ല എന്ന് പ്രഖ്യാപിക്കുകയാണ് എം.ബി രാജേഷ് ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധികാലത്തും കുടുംബത്തോടൊപ്പം യൂറോപ്പ് പര്യടനത്തിന് പോയ മന്ത്രിക്ക് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസിലാവണമെന്നില്ല. സ്റ്റാര്‍ ഹോട്ടലുകളില്‍ അന്തിയുറങ്ങുന്നവര്‍, ഒരു സെന്റ് ഭൂമിയിലെ കൂരയില്‍ ഞെരുങ്ങിക്കഴിയുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളോട് മുഖംതിരിക്കുന്നത് സ്വാഭാവികമാണ്.
ഒന്നോര്‍ക്കുക, വൃത്തിയുള്ള പാര്‍പ്പിടവും പരിസരവും ജനാധിപത്യ അവകാശമാണ്. അതിനാലാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയ ഉടന്‍ ശുചിത്വഭാരതപദ്ധതി പ്രഖ്യാപിച്ചത്. സ്വയം ചൂലെടുത്ത പ്രധാനമന്ത്രിയെ പരിഹസിച്ചവര്‍ ഇപ്പോഴെങ്കിലും ശുചിത്വത്തിന്റെ ആവശ്യകത തിരിച്ചറിയും എന്ന് കരുതട്ടെ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ഗുജറാത്തും ശുചിത്വത്തില്‍ മുന്നില്നില്ക്കുന്നുണ്ടെങ്കില് അതിന് കാരണം നരേന്ദ്രമോദിയെന്ന ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രിയുടെ മാര്‍ഗദര്‍ശനവും ജനങ്ങളോട് ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളുമാണ്.
(മുന്‍ കേന്ദ്രവിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: