Article

ശ്രീചിത്രയെ ലോകോത്തരമാക്കിയ ദീര്‍ഘദര്‍ശി

ഡോ. എം.എസ്. വല്യത്താനെ മലയാളി അറിയുന്നത് തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ(ശ്രീചിത്ര) പേരുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ്. ഹൃദയം തകരാറിലായി മരിച്ചു വീഴുമായിരുന്ന ആയിരക്കണക്കിനാളുകളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കാരണക്കാരനായ ആ വലിയ മനുഷ്യനെ ഈശ്വരനെ പോലെ കാണുന്ന ആയിരങ്ങളുണ്ട്. ലോകം മുഴുവന്‍ അദ്ദേഹത്തെ ആദരിച്ചിരുന്നതും അക്കാരണത്താലാണ്.

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഡയറക്ടറാണ് അദ്ദേഹം. ആ സ്ഥാപനത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ദീര്‍ഘദര്‍ശി. ഇന്ന് ഹൃദ്രോഗ ചികിത്സയില്‍ ഭാരതത്തില്‍ തന്നെ അവസാനവാക്കാണ് ഈ മഹത്തായ സ്ഥാപനം. ഹൃദയ വാല്‍വുകള്‍ക്ക് തകരാര്‍ വന്ന് ആളുകള്‍ മരിക്കുന്നത് മുമ്പ് പതിവായിരുന്നു. ഇന്ന് അത്തരം മരണത്തെ കുറിച്ചു കേള്‍ക്കാനില്ല. മരണത്തെ അകറ്റി നിര്‍ത്താന്‍ കാരണക്കാരന്‍ ഡോ. എം.എസ്. വല്യത്താനാണ്. ഹൃദയ വാല്‍വ് മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക് ഭാരിച്ച ചെലവായിരുന്നു അക്കാലത്ത്. ഇത് പാവങ്ങള്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല. വല്യത്താന്റെ നേതൃത്വത്തില്‍ ശ്രീചിത്രയില്‍ അതു സംബന്ധിച്ച് ഗവേഷണങ്ങള്‍ നടന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ ഗവേഷക സംഘം നടത്തിയ പരിശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. ശ്രീ ചിത്ര സ്വന്തമായി ഹൃദയ വാല്‍വ് വികസിപ്പിച്ചു. വിദേശത്തു നിന്ന് വന്‍വില കൊടുത്തു വാങ്ങിയിരുന്ന വാല്‍വുകളേക്കാള്‍ ഗുണമേന്മയുള്ളത്, കുറഞ്ഞ വിലയ്‌ക്ക് രോഗികള്‍ക്ക് ലഭിക്കാനുള്ള സാഹചര്യമുണ്ടായി.

വാല്‍വ് വികസിപ്പിച്ചിട്ടും അത് വെച്ചു പിടിപ്പിക്കാന്‍ പലരും തയ്യാറായില്ല. ഒടുവില്‍ വടക്കാഞ്ചേരി സ്വദേശി മുരളീധരന്‍ എന്നയാള്‍ക്ക് വാല്‍വ് പിടിപ്പിച്ചു. ഹൃദയ ചികിത്സാരംഗത്ത് ഭാരതത്തിലുണ്ടായ വലിയ മാറ്റങ്ങളിലൊന്നായിരുന്നു അത്. ആദ്യ വാല്‍വ് പിടിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് ഡോ.വല്യത്താന്‍ തന്നെ നേതൃത്വം നല്‍കി. വാല്‍വു മാത്രമായിരുന്നില്ല വല്യത്താന്‍ ശ്രീചിത്രയിലൂടെ പുറത്തിറക്കിയ ഉല്പന്നം. ബ്ലഡ്ബാഗുകളും നിര്‍മിച്ചു. ഹൃദയ വാല്‍വിന്റെ ഗവേഷണം 1976ല്‍ ശ്രീചിത്ര ആരംഭിച്ചു. എണ്‍പതുകളുടെ അവസാനത്തോടെ വാല്‍വ് വികസിപ്പിച്ചു. വാല്‍വ് വികസിപ്പിക്കുക മാത്രമല്ല അതിനെ വിപണിയിലെത്തിക്കാനും മാതൃകയുണ്ടാക്കി. ഒരു ഉല്‍പ്പന്നം നിര്‍മിച്ചാല്‍ അത് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയുണ്ടായിരുന്നു. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വാല്‍വുകളും ബ്ലഡ് ബാഗുകളും ശ്രീചിത്ര വികസിപ്പിച്ചത്. രാജ്യത്ത് മെഡിക്കല്‍ വ്യവസായ മേഖലയ്‌ക്ക് അദ്ദേഹം തുടക്കമിട്ടു എന്നു പറയാം.

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിനെ രാജ്യത്തെ തന്നെ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റിയത് ഡോ. വല്യത്താന്റെ പരിശ്രമമാണ്. ആരോഗ്യ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ആ രംഗത്തു വരുത്തേണ്ട മാറ്റങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ചികിത്സാചെലവുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരനും പ്രാപ്യമാകുന്ന തരത്തിലുള്ള ചികിത്സാ സംവിധാനം ഒരുക്കുന്നതിലായി വല്യത്താന്റെയും സംഘത്തിന്റെയും ശ്രദ്ധ. ശ്രീചിത്രയെ അത്തരത്തിലൊരു സ്ഥാപനമാക്കി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞു. വല്യത്താന്‍ ശ്രീചിത്രയുടെ ഡയറക്ടറായി പ്രവര്‍ത്തനം ഏറ്റെടുക്കും വരെ സ്വതന്ത്രനിലനില്‍പ്പുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി എന്ന ആശയം കേരളത്തിലുണ്ടായിരുന്നില്ല. നല്ല ഡോക്ടര്‍മാരുള്ള ആശുപത്രികളെയാണ് അതുവരെ രോഗികള്‍ വിദഗ്ധ ചികിത്സയ്‌ക്ക് ആശ്രയിച്ചിരുന്നത്. എന്നാല്‍ ചിത്രയുടെ വരവോടെ മികവിന്റെ കേന്ദ്രം എന്ന പദവി ആശുപത്രിക്കും ഉണ്ടാകാം എന്ന നിലവന്നു. ഡോക്ടര്‍മാരുടെ പേരിലല്ലാതെ മികവിന്റെ പേരില്‍ ഒരാശുപത്രി അറിയാന്‍ തുടങ്ങിയതും ശ്രീചിത്രയുടെ വരവോടെയാണ്. ഡോക്ടര്‍മാര്‍ക്ക് മികച്ച വേതനം നല്‍കി, െ്രെപവറ്റ് പ്രാക്ടീസ് നടത്താതെ, മുഴുവന്‍ സമയവും രോഗികള്‍ക്കായി ചെലവഴിക്കുന്ന ഡോക്ടര്‍മാര്‍ ശ്രീചിത്രയുടെ മുഖമുദ്രയായി. എല്ലാം ഡോ. വല്യത്താന്റെ ദീര്‍ഘവീക്ഷണത്തില്‍ നടപ്പിലാക്കിയ പദ്ധതികളായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക