Kerala

കല്‍ക്കി എപ്പോള്‍ വരും? ആരാണ് കല്‍ക്കി? ചിറകുള്ള കുതിരയില്‍ വരുന്ന കല്‍ക്കി ലോകത്തെ മുഴുവന്‍ നശിപ്പിക്കുന്നവനാണോ?

കൊച്ചി:  കലിയുഗത്തില്‍ കല്‍ക്കി അവതരിക്കും എന്നാണ് പറയുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ കല്‍ക്കിയാണ് താരം. പ്രത്യേകിച്ചും കല്‍ക്കിയെക്കുറിച്ചുള്ള സിനിമ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍. പക്ഷെ കല്‍ക്കി എന്ന അവതാരത്തിന്റെ ഉദ്ദേശ്യമെന്താണ്? – ചോദിക്കുന്നത് ശ്രീജിത് പണിക്കർ. ഇതിന് ഉത്തരം പറയുന്നത് റിട്ട. ഐപിഎസ് ജേക്കബ് അലക്സാണ്ടറും. ഒരു ടെലിവിഷന്‍ ചാനലിലാണ് ചോദ്യം, ഉത്തരം എന്ന രൂപത്തിലാണ് ഇരുവരും കല്‍ക്കിയെക്കുറിച്ചും ദശാവതാരത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത്.

അലക്സാണ്ടര്‍ ജേക്കബ് : ലോകത്തിലെ എല്ലാ മതങ്ങളിലും ലീനിയര്‍ ആയ ചരിത്രം എഴുതും- ബിസി, എഡി എന്നിങ്ങനെ. എന്നാല്‍ സൈക്ലിങ്ങ് ഹിസ്റ്ററി എഴുതപ്പെട്ടത് ഹിന്ദുമതത്തില്‍ മാത്രമാണ്. മഹാഭാരതത്തില്‍ പ്രസിദ്ധനായ ഋഷി പറയുന്ന കഥയിലാണ് കല്‍ക്കി വരുന്നത്. അത് കഴിഞ്ഞ് ദശാവതാരകഥയിലാണ് പിന്നീട് കല്‍ക്കി വരുന്നത്. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, ശ്രീരാമന്‍, പരശുരാമന്‍ , ബലരാമന്‍, ശ്രീകൃഷ്ണന്‍ എന്നിങ്ങിനെ. മത്സ്യപുരാണത്തിലാണ് കല്‍ക്കിയെക്കുറിച്ച് പറയുന്നത്. ഇന്ത്യയില്‍ നമുക്ക് കിട്ടിയത് 1600 വര്‍ഷം പഴക്കമുള്ള മത്സ്യപുരാണത്തില്‍ കല്‍ക്കിയെപ്പറ്റി സൂചനയുണ്ട്.
കല്‍ക്കി എങ്ങിനെ കുതിരപ്പുറത്ത് വരുമെന്ന് അതില്‍ പറയുന്നുണ്ട്. സിഖുകാരുടെ ഗുരുവായ ഗുരുനാനാക്കിന്റെ പുസ്തകത്തിലും കല്‍ക്കിയെക്കുറിച്ച് സൂചനയുണ്ട്. തമിഴ്നാട്ടിലും ഒരു കല്‍ക്കി പുരാണം ഇറങ്ങിയിട്ടുണ്ട്. അങ്ങിനെ കല്‍ക്കിയുടെ വിശ്വാസം ഭാരതത്തില്‍ പലയിടത്തും ഉണ്ട്.
യുഗാന്ത്യം കുറിച്ചുകൊണ്ട് പുതിയൊരു യുഗത്തിന് കല്‍ക്കി നാന്ദി കുറിക്കുമെന്നാണ് വിശ്വാസം. കല്‍ക്കി ബ്രാഹ്മണനായി അവതരിക്കും എന്നാണ് ഹിന്ദു വിശ്വാസങ്ങളില്‍ പറയുന്നത്. ഈസ്റ്റേണ്‍ യുപിയില്‍ ജീവിക്കുന്ന ഒരു പ്രത്യേകതരം ബ്രാഹ്മണരുണ്ട്. കല്‍കാണി ബ്രാഹ്മണര്‍. ഇവര്‍ക്കിടയിലാണ് കല്‍ക്കി അവതരിക്കുക എന്ന് വിശ്വാസമുണ്ട്. ചില പുസ്തകങ്ങളില്‍ കര്‍ക്കി എന്നും കല്‍ക്കിയെ പറയുന്നുണ്ട്. കര്‍മ്മത്തിന് അന്ത്യം കുറിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് കര്‍ക്കി എന്ന് പറയുന്നത്. കല്‍ക്കി ബ്രാഹ്മണനാണ്. അശ്വാരൂഡനായി മാറിയ ശേഷം കാലത്തെ വധിക്കുന്ന, വിശ്വാസത്തിനെതിരായി വരുന്ന മുഴുവന്‍ ആളുകളുടെയും അന്ത്യം കുറിക്കുന്ന ആളാണ് ഹിന്ദുമതത്തിലെ ഒടുവിലത്തെ അവതാരമായി പറയപ്പെടുന്ന കല്‍ക്കി. തെറ്റായ കാര്യങ്ങളെ തിരിച്ചറിഞ്ഞ ശേഷം അതിനെ ഉന്മൂലനം ചെയ്തിട്ട് നന്മ കൊണ്ടുവരികയും കല്‍പാന്തകാലം തീര്‍ത്തിട്ട് ചതുര്‍ യുഗത്തിലെ കൃതയുഗത്തിലേക്ക് ലോകത്തെ കല്‍ക്കി തിരിച്ചുകൊണ്ടുവരികയും ചെയ്യും.

വിഷ്ണുഭഗവാന്റെ ദശാവതാരകഥയില്‍ ഭഗവാന്‍ അവതരിക്കുന്നതിന് ഒരു ക്രമം പറയുന്നുണ്ട്. കൃതയുഗത്തില്‍ നാല് അവതാരം, ത്രേതായുഗത്തില്‍ മൂന്ന് അവതാരം, ദ്വാപരയുഗത്തില്‍ രണ്ട് അവതാരം കലിയുഗത്തില്‍ ഒരു അവതാരം എന്നിങ്ങനെ അവതരിക്കുന്നു. ഒരര്‍ത്ഥത്തില്‍ കല്‍ക്കി ഒരു അന്തകനാണ്. ഒരേ സമയം അന്തകനും ആരംഭകനും ആയി കല്‍ക്കി മാറുന്നു.

ശ്രീജിത് പണിക്കര്‍: ദശാവതരാത്തില്‍ അവതാരപുരുഷന്മാരുടെ കാര്യത്തില്‍ ഒരു പരിണാമം കാണുന്നുണ്ട്. അവതാരം തുടങ്ങുന്നത് വെള്ളത്തില്‍ നിന്നാണ് തുടങ്ങുന്നത് -മത്സ്യം. പിന്നീട് വെള്ളത്തിലും കരയിലും ജീവിക്കുന്ന കൂര്‍മ്മം വരുന്നു. വരാഹം പിന്നെ വരുന്നു. അത് മൃഗമാണ്. പിന്നീട് മനുഷ്യനും മൃഗവുമായി വരുന്നു-അതാണ് നരസിംഹം. പിന്നീട് അടുത്ത അവതാരം വനത്തില്‍ ജീവിക്കുന്ന ഒരാളാണ് പക്ഷെ പരശുരാമന് ക്രോധത്തെ ഒന്നും അടക്കാന്‍ കഴിയാത്ത അവതാരമാണ്. പിന്നീട് സിവില്‍ സമൂഹം വരുന്നു. അവിടെ ആദര്‍ശപുരുഷനായി ശ്രീരാമന്‍ വരുന്നു. അതിന് ശേഷം അവസാനമായി ശ്രീകൃഷ്ണന്‍ തത്വചിന്തയും വീക്ഷണവും എല്ലാമുള്ള ഒരു യുഗപുരുഷന്‍ വരുന്നു. ഇനി പത്താമത്തേതായി വരുന്നത് എന്ത് അവതാരമായിരിക്കും? ഇതുവരെ വന്ന ഒമ്പത് അവതാരങ്ങളേക്കാള്‍ മികച്ചതായാണ് പത്താമത്തെ അവതാരം വരിക എന്നാണ് പ്രതീക്ഷിക്കുന്നത്. പത്താമത്തെ അവതാരമായ കല്‍ക്കി അശ്വാരൂഡനായി വരുമെന്നാണ് പറയുന്നത്. കുതിരയ്‌ക്ക് ചിറകുകളുണ്ട്. എന്നൊക്കെയാണ് കല്‍ക്കിയെക്കുറിച്ച് പറയുന്നത്. ഇന്ന് മനുഷ്യന് ആര്‍ത്തിയാണ്. ധനത്തിനോട് ആര്‍ത്തി. ഇതിനെയെല്ലാം തീര്‍ത്ത് കല്‍ക്കി ലോകത്തെ ശുദ്ധമാക്കും എന്ന് പറയുന്നു.

അലക്സാണ്ടര്‍ ജേക്കബ് : ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അവതരിപ്പിച്ച പുസ്തകമായ ‘ഒറിജിനല്‍ സ്പീഷീസ്’ വായിക്കുമ്പോള്‍ ദശാവതാര കഥയിലേതുപോലെയാണ് ജീവപരിണാമത്തെക്കുറിച്ച് പറയുന്നത്. റൂറല്‍ വാലി സിവിലൈസേഷനില്‍ മത്സ്യമാണ് അവതാരം. എന്നാല്‍ പെന്‍സുലാന്‍ ഐലന്‍റില്‍ കരയിലും വെള്ളത്തിലും ജീവിക്കുന്ന ആംഫീബിയന്‍ ജീവിയാണ് വരിക. അതാണ് കൂര്‍മ്മം. മൂന്നാമത്തെ അവതാരം എന്നത് കാട്ടില്‍ ജീവിക്കുന്ന ജീവിയാണ്. അതാണ് വരാഹം. പക്ഷെ മുസ്ലിങ്ങള്‍ക്കിടയില്‍ പോലും വരാഹന്‍ ആയിരുന്നു നാണയം. ഈ സ്വര്‍ണ്ണനായത്തിന്റെ ഒരു വശത്ത് വരാഹത്തിന്റെ ചിത്രമാണ്. പന്നി മുസ്ലിങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ജീവിയാണെങ്കിലും അവരുടെ സ്വര്‍ണ്ണനാണയത്തില്‍ പന്നി ഉണ്ട്. ഈ സ്വര്‍ണ്ണനാണയങ്ങളെ അറബികള്‍ വിളിച്ചിരുന്നത് വരാഹന്‍ എന്നാണ്.

ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവസങ്കല്‍പമാണ് സ്പിങ്ക് സ് എന്ന് പറയുന്നത്. മനുഷ്യന്റെ മുഖവും സിംഹത്തിന്റെ ശരീരം. ഇറാനിലും അഫ്ഗാനിസ്ഥാനിലും കെട്ടിപ്പൊക്കിയ വന്‍ പ്രതിമകള്‍ക്ക് ആര്യസ്വാധീനം ഉണ്ട്. കൂറ്റന്‍പ്രതിമകളാണ് അവ- അതിനെ സിംഹനരന്‍ എന്നാണ് അഫ്ഗാനില്‍ വിളിക്കപ്പെട്ടിരുന്നത്. മനുഷ്യന്റെ മുഖവും സിംഹത്തിന്റെ ശരീരവുമുള്ള പ്രതിമകള്‍. അത് ഇന്ത്യയില്‍ ആര്യന്മാര്‍ വന്നപ്പോള്‍ നരസിംഹമായി.

അത് കഴിഞ്ഞ് വാമനന്‍ വരുന്നു. ലോകത്തിലെ ആദിമനുഷ്യര്‍ വാമനന്‍മാരാണ്. നാലടി പൊക്കമുള്ളവരാണ്. 15000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനുഷ്യന്‍ ആറടി പൊക്കമുള്ളവനായത്. അവന്റെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍ച്ചേര്‍ന്നതോടെയാണ് ഇത്രയ്‌ക്കും വളര്‍ച്ച ഉണ്ടായത്. പിന്നീട് രാഷ്‌ട്രസങ്കല്‍പമുണ്ടായത്. അപ്പോഴാണ് പരശുരാമന്‍ വരുന്നത്. പരശുരാമന്‍ ശത്രുക്കളെ നിഗ്രഹിച്ചു. വലിയ മാടമ്പിമാരെ തോല്‍പിച്ച് രാഷ്‌ട്രം നിര്‍മ്മിച്ചു.

ശ്രീരാമന്‍ വന്നപ്പോള്‍ ക്ഷേമരാഷ്‌ട്രം ഉണ്ടാക്കി. പാവപ്പെട്ടവരുടെ ആളോഹരി വരുമാനം വര്‍ധിപ്പിച്ചു. അങ്ങിനെപ്പോയി. പിന്നീട് ബലരാമനും ശ്രീകൃഷ്ണനും വന്നപ്പോഴേക്കും സമൂഹത്തെ ജനാധിപത്യവല്‍ക്കരിച്ചു. ബലരാമന്റെ ഭാര്യയെ കല്യാണം കഴിച്ചപ്പോള്‍ കിട്ടിയ സ്ത്രീധനമാണ് ദ്വാരക. ഇവിടെ ബലരാമനും ശ്രീകൃഷ്ണനും ദ്വാരകയില്‍ ചെന്ന് അവിടെ കാര്യങ്ങള്‍ മാറ്റി. അവര്‍ കിരീടം വെച്ച രാജാവാകാതെ, ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവന്നു. ലോകത്തിലെ ആദ്യത്തെ പാര്‍ലമെന്‍റാണ് ദ്വാരകയില്‍ ബലരാമനും ശ്രീകൃഷ്ണനും സൃഷ്ടിച്ചത്. പിന്നീട് പല രീതികളില്‍ സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടായി. സാഹചര്യം വഷളായി. 44 അക്രമിപ്പടകളെ നേരിട്ട് അദ്ദേഹം ആദര്‍ശ രാഷ്‌ട്രമുണ്ടാക്കി. കൃഷ്ണന്‍ അമ്പാടിയില്‍ നിന്നും വൃന്ദാവനത്തില്‍ പോയി. വൃന്ദാവനത്തില്‍ നിന്നും മഥുരയില്‍ പോയി. മഥുരയില്‍ നിന്നും ദ്വാരകയില്‍ പോയി. കൃഷ്ണന്‍ ഒരിയ്‌ക്കലും അമ്പാടിയിലേക്ക് തിരിച്ചുപോയില്ല. എപ്പോഴും മുന്നോട്ട് മാത്രം യാത്ര ചെയ്യുന്ന ആളായിരുന്നു കൃഷ്ണന്‍. അങ്ങിനെയിരിക്കെയാണ് കല്‍ക്കി വന്ന് കൃഷ്ണനോട് വൃത്തത്തില്‍ സഞ്ചരിക്കാന്‍ ആവശ്യപ്പെട്ടത്. താങ്കള്‍ താങ്കളുടെ മൂലത്തിലേക്ക് മടങ്ങിപ്പോകണം എന്ന് കൃഷ്ണനോട് ആവശ്യപ്പെട്ടത്. മനുഷ്യന്‍ മരിച്ചുകഴിയുമ്പോള്‍ അവന്‍ പുനര്‍ജന്മമെടുക്കുകയാണ്. അതുപോലെ നമ്മുടെ സംസ്കാരവും പുനര്‍ജന്മമെടുക്കേണ്ടത് ആവശ്യമാണ്. അപ്പോള്‍ കല്‍ക്കി വന്നിട്ട് മോശം സംസ്കാരത്തെ നശിപ്പിച്ച്, പുതിയ സംസ്കാരത്തെ അതിന്റെ പരിശുദ്ധിയിലേക്ക് കൊണ്ടുവരികയാണ് കല്‍ക്കി. അല്ലാതെ എല്ലാത്തിനെയും നശിപ്പിക്കുന്ന ഒരാളല്ല കല്‍ക്കി.

കല്‍ക്കി 2898 എഡി സിനിമയില്‍
കുരുക്ഷേത്ര യുദ്ധത്തിന് 6000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കഥയാണ് കല്‍ക്കി 2898 എഡിയില്‍ പറയുന്നത്. ലോകാവസാനത്തിന് ശേഷം കൃഷ്ണന്റെ ദ്വാരകമാത്രം അവശേഷിക്കുന്നു. സര്‍വ്വാധിപതിയായ യാസ് കിനാണ് പ്രപഞ്ചത്തെ അടക്കിഭരിക്കുന്നത്. ഇദ്ദേഹത്തിന്റെ കല്‍പനകള്‍ നടപ്പാക്കുന്നത് കമാന്‍ഡര്‍ മാനസും കൗണ്‍സലര്‍ ബാണിയും റെയ് ഡേഴ്സുമാണ്. ലോകത്തെ യാസ് കിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ കല്‍ക്കി എത്തുന്നതിനെതിരെ ഇവര്‍ ജാഗരൂകരാണ്

200 വയസ്സുള്ള യാസ് കിനെ ചിരംജീവിയാക്കാന്‍ ദ്വാരകയിലെ ഗര്‍ഭിണികളായ സ്ത്രീകളെ മുഴുവന്‍ ഇവര്‍ പിടിച്ചുകൊണ്ടുപോകും. ചിരംജീവിയാകാനുള്ള സീറം ഉണ്ടാക്കുന്ന ഒരു പദ്ധതിയിലേക്കാണ് ഗര്‍ഭിണികളെ കൊണ്ടുപോകുന്നത്. സുമതിയുടെ ജനിക്കാത്ത കുഞ്ഞാണ് കല്‍ക്കി എന്ന് അശ്വത്ഥാമാണ് മനസ്സിലാക്കുന്നു. കല്‍ക്കിയുടെ സാന്നിധ്യത്തില്‍ മാത്രമേ ശംഭാല എന്ന സ്ഥലത്ത് ജീവവൃക്ഷം പൂത്തുലയൂ. കല്‍ക്കിയെയും കല്‍ക്കിയെ ഗര്‍ഭം ധരിച്ച സുമതിയെയും യാസ് കിന്റെയും മറ്റും പിടിയില്‍ നിന്നും ഭൈരവ രക്ഷിക്കുന്നതാണ് ഈ സിനിമ.

‘കൽക്കി’ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യത്തെത് ‘കാശി’, രണ്ടാമത്തെത് ‘കോംപ്ലക്‌സ്’, മൂന്നാമത്തെത് ‘ശംഭാള’. തങ്ങൾക്ക് ആവശ്യമായ വെള്ളവും വിഭവവങ്ങളും ഗം​ഗ നദി നൽകും എന്ന ധാരണയിൽ ലോകത്തുള്ള മനുഷ്യരെല്ലാം കാശിയിലേക്ക് കൃഷിയും കച്ചവടവും നടത്താനായി എത്തുകയാണ്. അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായ് ​നദി വറ്റി വരളുന്നു. ഇതോടെ ദാരിദ്ര്യം അവരെ വേട്ടയാടുകയായി.

പ്രതിസന്ധിയിലായ ഈ മനുഷ്യർ നിലനിൽപ്പിനായി കൊള്ളയും കൊലയും ദിനചര്യയാക്കുന്നു. ഇത്തരത്തിൽ മനുഷ്യർ പരസ്‌പരം പോരടിക്കുമ്പോഴാണ്‌ അവർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിൽ ഇൻവേർട്ടഡ് പിരമിഡിന്റെ രൂപത്തിൽ ആകാശം മുട്ടെ ഒരു പാരഡൈസ് പ്രത്യക്ഷപ്പെടുന്നത്. ‘കോംപ്ലക്‌സ്’ എന്ന പേരിൽ അറിയപ്പെടുന്ന പാരഡൈസ് മനുഷ്യർക്ക് ആവശ്യമുള്ള വിഭവങ്ങളാൽ സമൃദ്ധമാണ്.

നരകം പോലെ ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യർക്കിടയിലേക്ക് സ്വർഗത്തിന് സമാനമായ ‘കോംപ്ലക്‌സ്’ വന്നെത്തുന്നതോടെ മനുഷ്യർ അവിടേക്ക് ആകൃഷ്‌ടരാവുന്നു. തുടർന്ന് ‘കോംപ്ലക്‌സി’ലെ ആളുകൾക്ക് വേണ്ടി അവർ അടിമകളെ പോലെ പണിയെടുക്കാനും തയ്യാറാകുന്നു. ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്ക് കടക്കാൻ ജനങ്ങൾ നടത്തുന്ന ശ്രമങ്ങളാണ് ‘കൽക്കി 2898 എഡി’യിൽ പ്രധാനമായും വരച്ചുകാട്ടുന്നത്.

ആദ്യത്തെ ലോകം എന്ന് വിശ്വസിക്കുന്ന ‘കാശി’ക്കും രണ്ടാമത്തെ ലോകമായ ‘കോംപ്ലക്‌സി’നും ശേഷമാണ് മൂന്നാമത്തെ ലോകമായ ‘ശംഭാള’യെ കുറിച്ച് പരാമർശം വരുന്നത്.  ‘കോംപ്ലക്‌സി’ലെ മനുഷ്യർക്ക് അടിമപ്പെട്ടുപോയ കാശിയിലെ ആളുകൾ തങ്ങളെ രക്ഷിക്കാൻ ‘ശംഭാള’യിൽ നിന്ന് കൽക്കി വരും എന്ന് പ്രതീക്ഷയിലാണ് ജിവിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് ‘കൽക്കി 2898 എഡി’.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക