ഹൈന്ദവ പാരമ്പര്യം ശ്രീചക്രത്തിന് വളരെ പ്രാധാന്യം നല്‍കുന്നു. മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയുടെ സ്വരൂപമാണ് ശ്രീചക്രമെന്നാണ് സങ്കല്‍പ്പം. ശ്രീചക്രത്തെ ഉപാസിക്കുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും കൈവരുമെന്നാണ്. ആദിപരാശക്തിയുടെ പത്ത് രൂപങ്ങളായ ദശമഹാവിദ്യമാരായ കാളി, താര, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, ത്രിപുരസുന്ദരി(ഷോഡശി, ശ്രീവിദ്യ), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല(മഹാലക്ഷ്മി) എന്നിവര്‍ ശ്രീചക്രത്തില്‍ കുടികൊള്ളുന്നുവെന്ന് തന്ത്രഗ്രന്ഥങ്ങളില്‍ പറയുന്നത്. ശ്രീചക്രം യന്ത്രമായി ധരിക്കുകയും ശ്രീചക്രത്തെ വിധിപ്രകാരം ഉപാസിക്കുകയും ചെയ്യുന്നത് ലക്ഷ്യപ്രാപ്തിയും സര്‍വ്വഐശ്വര്യങ്ങളും സമ്മാനിക്കും. ജീവിതത്തിലെ എല്ലാ നിഷേധാത്മക പ്രഭാവങ്ങളെയും ഇല്ലാതാക്കി ധനാത്മകമായ ഊര്‍ജ്ജപ്രവാഹം ഇത് പ്രദാനം ചെയ്യുന്നു.
സമാധാനപരമായ ജീവിതവും ആത്മീയമായ ഉയര്‍ന്ന തലവും ശ്രീചക്ര ഉപാസകര്‍ക്ക് ഉണ്ടാവും. അതിശക്തമായ പ്രഭാവമാണ് ശ്രീചക്രത്തിനുള്ളത്. അതിനാല്‍ ശ്രീചക്രത്തെ വിധിപ്രകാരം ആരാധിക്കുന്നവര്‍ക്ക് ക്ഷിപ്ര ഫലസിദ്ധിയും ലഭിക്കുന്നു. ആദിപരാശക്തിയെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങള്‍ അധോമുഖമായും, പരമശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങള്‍ ഊര്‍ധമുഖമായും ചിത്രികരിക്കപ്പെട്ടിരിക്കുന്ന ശ്രീചക്രം, ശിവശക്തിയെയാണ് പ്രതിനിധീകരിക്കുന്നത്. ശ്രീ ചക്രത്തിലെ ഒന്‍പത് ത്രികോണങ്ങള്‍ നവയോനി എന്നറിയപ്പെടുന്നു. ഇവ പരാശക്തിയുടെ ഒന്‍പത് ദേവീരൂപങ്ങളായി കണക്കാക്കപ്പെടുന്നു. ശ്രീചക്രത്തില്‍ അടങ്ങിയിരിക്കുന്ന ഈ ഒന്‍പത് ത്രികോണങ്ങളും കൂടിച്ചേര്‍ന്ന് 43 ചെറിയ ത്രികോണങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഈ 43 ത്രികോണങ്ങളും എട്ട് പത്മ ദളങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന് പുറമെ 16 പത്മദളങ്ങള്‍ കൂടിയുണ്ട്. ഇതിനെല്ലാം ചുറ്റിനുമായി നാല് വാതിലുകളുള്ള സമചതുരാകൃതിയിലുള്ള പടികളും ഉണ്ട്.
ശ്രീ ചക്രം മൂന്ന് തരത്തിലുണ്ട്. ഭൂപ്രസ്താരം, മേരുപ്രസ്താരം, കൈലാസപ്രസ്താരം എന്നിവയാണ് ഇവ. മേരുപ്രസ്താരത്തില്‍ തന്നെ അര്‍ദ്ധമേരു, കൂര്‍മ്മമേരു, ലിംഗമേരു, പൂര്‍ണ്ണമേരു എന്നിങ്ങനെയും വകഭേദങ്ങള്‍ ഉണ്ട്.
അസമിലെ കാമാഖ്യദേവി ക്ഷേത്രം, കര്‍ണാടകയിലെ മൂകാംബിക ക്ഷേത്രം തുടങ്ങി കേരളത്തിലെ ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, കാടാമ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിലും ശ്രീചക്രപൂജ കാണാം. നൂറ് യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധ മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരക്കോടി തീര്‍ത്ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം വിധിപ്രകാരമുള്ള ശ്രീചക്ര ദര്‍ശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രം പറയുന്നത്. ഉദയത്തിലും സന്ധ്യസമയത്തും ലളിതാ സഹസ്രനാമം, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം എന്നിവയിലേതെങ്കിലും ജപിച്ചുകൊണ്ട് ശ്രീചക്രത്തെ ഉപാസിക്കുന്നത് സര്‍വൈശ്വര്യങ്ങളുമേകും. ചൊവ്വ, വെള്ളി, പൗര്‍ണമി, നവരാത്രി ദിനങ്ങള്‍ ശ്രീചക്രപൂജക്ക് ഉത്തമമായ ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. ബ്രഹ്മാചാരികള്‍ക്ക് മാത്രമല്ല, ഗൃഹസ്ഥാശ്രമികള്‍ക്കും ശ്രീചക്ര രൂപത്തില്‍ ശിവശക്തിയെ ഉപാസിക്കാം എന്നാണ് ആചാര്യവിധി.
(മലയാലപ്പുഴ ഉള്‍പ്പെടെ ആയിരത്തോളം ക്ഷേത്രങ്ങളിലെ തന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: