ആഴംകുറഞ്ഞ സാമൂഹ്യ ചിതങ്ങള്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം പിടിച്ചുനില്ക്കാന് കഴിയില്ല. കമിറ്റ്മെന്റ് സാഹിത്യം എന്ന് മാര്‍ക്സിയന്‍ രീതിയില്‍ കലയെയും സാഹിത്യത്തെയും വിലയിരുത്തുന്നവര്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇന്നത്തെ ലാറ്റിനമേരിക്കന്‍ സാഹിത്യം തലയിലേറ്റി നടക്കുന്ന പുരോഗമന സാഹിത്യം പോലുള്ള സംഘടനകള്‍ ഗാര്‍സിയാ മാര്‍കേസിന്റെയും മാര്‍ഗാസ് യോസയുടെയും രചനകള്‍ വായിച്ചാല്‍ എന്താണ് കമിറ്റ്മെന്ററ്റ് സാഹിത്യം എന്ന് മനസ്സിലാകും.
ആധുനികതയുടെ കാലത്ത് അസ്തിത്വദുഃഖവും കാഫ്കാസ്ക് സാഹിത്യവും മലയാള മനസ്സുകളില്‍ തീ പടര്‍ത്തിയ കാലത്താണ് വിപി. ശിവകുമാറും വി.ബി. ജ്യോതിരാജും മാനസിയും എം. രാജീവ് കുമാറും ടി.പി. കിഷോറും മറ്റും സമാന്തര ചാനലുകള്‍ കീറിയത്. ഇതേ കാലത്ത് സര്‍ക്കസ് കഥകളുടെ തമ്പുരാനായി വാഴ്ത്തപ്പെട്ട ശ്രീധരന് ചമ്പാട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യാത്രയായി.
സര്‍ക്കസ് എന്ന കലയെ ഫോക്കസ് ചെയ്ത് ശ്രീധരന് ചമ്പാട് എഴുതിയ ‘തമ്പ്’ എന്ന നോവല്‍ പ്രശസ്ത സംവിധായകന് അരവിന്ദന് ചലച്ചിത്രമാക്കി. സിനിമയില്‍ ശ്രീധരന് ചമ്പാട് അഭിനയിച്ചു. സര്‍ക്കസിന്റെ കുലഗുരുവായി അറിയപ്പെടുന്ന കീലേരി അച്ചു തലശ്ശേരിക്കാര്‍ക്ക് സുപരിചിതമായ പേരാണ്. സര്‍ക്കസ് അനുഭവങ്ങള്‍ പകര്‍ത്തിയ ശ്രീധരന് ചമ്പാട് മികച്ച ഉപന്യാസകാരനും പടയണി എന്ന ചിത്രത്തിന്റെ എഡിറ്ററും ആയിരുന്നു. ഒടുവില്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ശ്രീധരനെ ആദരിച്ചിരുന്നു.
സാമൂഹ്യ പ്രശ്നങ്ങള്‍ ഇരച്ചുകയറുന്ന ഒട്ടേറെ കഥകളും നോവലുകളും എഴുതിയ ഈ കലാകാരന്റെ ബാല്യം നരകതുല്യമായിരുന്നു.
കോഴിക്കോട് ദേവഗിരി കോളജില്‍ പിഡിസി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആരോടും അറിയാതെ കല്‍ക്കത്തയിലേക്ക് വണ്ടികയറി. ഹൗറ റെയില്‍വെ സ്റ്റേഷനില്‍ വിശന്ന വയറുമായി ഇരിക്കുമ്പോള്‍ പ്രതീക്ഷിക്കാതെ കണ്ടുമുട്ടിയ ഒരു മലയാളിയാണ് ശ്രീധരനെ സര്‍ക്കസ് കൂടാരത്തിലെത്തിച്ചത്. ഇതെല്ലാം അദ്ദേഹം ഒരു അഭിമുഖത്തില്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആകെ എഴുതിയ 20 പുസ്തകങ്ങളില്‍ 14 ലും സര്‍ക്കസ്സും അവിടെ വെന്തെരിയുന്ന മനുഷ്യരുമാണ് വിഷയം. കെ.ജി. ജോര്‍ജിന്റെ ‘മേള’യുടെ തിരക്കഥ ശ്രീധരന് ആയിരുന്നു. മമ്മൂട്ടി പിന്നീട് ശ്രീധരന് ചമ്പാടിനെ സെറ്റില്‍വച്ച് പരിചയപ്പെട്ടപ്പോള്‍ ശ്രീധരന്റെ സ്വഭാവ നൈര്‍മല്യത്തെക്കുറിച്ച് പലതവണ പറഞ്ഞിട്ടുണ്ട്.
ശ്രീധരന് ചമ്പാട് ഒടുവില്‍ പത്തായക്കുന്നിലാണ് താമസിച്ചത്. തപസ്യ കലാവേദി 2016 ല്‍ തലശ്ശേരിയില്‍ വെച്ച് ആദരിച്ചിരുന്നു. ശ്രീധരന്റെ കൃതികളെക്കുറിച്ച് പ്രഭാഷണം നടത്തിയത്. ഈ ലേഖകനായിരുന്നു. പാനൂരിലെ സോഷ്യലിസ്റ്റ് നേതാവ് പി.ആര്. കുറുപ്പിന്റെ ”എന്റെ കഥ എന്റെ നാടിന്റെയും കഥ” ശ്രീധരനാണ് ജീവചരിത്രത്തിന്റെ രീതിയിലാക്കിയത്. ശ്രീധരനുമായി അടുത്ത ഹൃദയ ബന്ധമുണ്ടായിരുന്ന പ്രശസ്ത പത്രപ്രവര്ത്തകന് വി.കെ. സുരേഷ് എഴുതിയത് ഇങ്ങനെയാണ്: ”ശ്രീധരേട്ടന് യാത്രയായി മുഴുമിക്കാത്ത ഒരു നോവല്‍ എന്റെ കയ്യില്‍ തരുമ്പോള്‍ സ്മൃതിനാശത്തിന്റെ വഴിയിലായിരുന്നു. ‘അത്തിപ്പാറ’ എന്ന നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചമ്പാടിന്റെ ജീവിതം ആകസ്മികതകളുടെ ഒരു ഘോഷയാത്രയായിരുന്നു.അതിന് തിരശ്ശീല വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: