Varadyam

ജനകനും അഷ്ടാവക്രനും തമ്മില്‍ അറിഞ്ഞത്

Published by

ജീവിതത്തില്‍ സങ്കടവും നിരാശയും ഉണ്ടാകുമ്പോഴെല്ലാം മാനസികാവസ്ഥ വീണ്ടെടുക്കാന്‍ ഭഗവദ്ഗീതയോ അഷ്ടാവക്രഗീതയോ നമ്മെ സഹായിക്കും. ഭഗവദ്ഗീത, അര്‍ജ്ജുനനോടുള്ള ശ്രീകൃഷ്ണന്റെ ഉത്‌ബോധനങ്ങള്‍, ലോകമെമ്പാടും പ്രസിദ്ധമെങ്കിലും അഷ്ടാവക്രഗീത, ജനക രാജാവും ഗുരു അഷ്ടാവക്രനും തമ്മിലുള്ള സംഭാഷണങ്ങള്‍, അത്ര ജനകീയമല്ല.
തന്റെ ഗുരുവിന്റെ പ്രഭാഷണങ്ങള്‍ തുടര്‍ച്ചയായി ശ്രവിച്ച്, ആദര്‍ശരാജാവും സീതാദേവിയുടെ പിതാവുമായ ജനക രാജാവ് പ്രബുദ്ധനായിത്തീരുന്നു. ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ്, മാധ്യമങ്ങളില്‍ അഷ്‌റഫ് കാരയത്തിന്റെ ‘ജനകനും അഷ്ടാവക്രനും’ എന്ന നോവലിന്റെ നിരവധി അവലോകനങ്ങള്‍ വായിച്ചപ്പോള്‍, ആ പുസ്തകം വായിക്കാന്‍ ഞാന്‍ പ്രേരിതനായി. ഒരു പത്രം എഴുതി-”ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം ഉത്തരം നല്‍കുന്നു.”

ഈ പുസ്തകം ജനക രാജാവിന്റെ ജീവിതയാത്രയ്‌ക്ക് ഒരു പുതിയ മാനം നല്‍കുന്നു. ശാരീരിക വൈകല്യങ്ങളുള്ള സംന്യാസിയായ അഷ്ടാവക്രനും ഗുരുവും ശിഷ്യനുമായ ജനകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വിശദീകരിക്കുന്ന ഈ ഗ്രന്ഥം ആത്മീയ അന്വേഷകര്‍ക്ക് ഒരു മികച്ച വഴികാട്ടിയാണ്. ഒരു അന്വേഷകനെ വേട്ടയാടുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പുസ്തകം വായനക്കാരനെ അവന്റെ/അവളുടെ ആത്മീയ യാത്രയിലേക്ക് മനോഹരമായി നയിക്കുന്നു. അഷ്‌റഫിന്റെ പുസ്തകം ഒരു പ്രചോദനാത്മക വഴികാട്ടിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ അസ്വസ്ഥമായ ജീവിതത്തിന് ഒരു മികച്ച പരിഹാരമാണ്. ഈ പുസ്തകത്തിലൂടെ പകര്‍ന്നുനല്‍കുന്ന ചിന്തകള്‍ ഒരാള്‍ സ്വായത്തമാക്കിയാല്‍, അയാള്‍ക്ക് തന്റെ ജീവിതത്തെ തീര്‍ച്ചയായും സമാധാനത്തിലും സന്തോഷത്തിലും നങ്കൂരമിടീക്കാനാകും.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദുബായില്‍ സ്ഥിരതാമസമാക്കിയ കേരളത്തിലെ നാദാപുരം സ്വദേശി അഷ്‌റഫ് കാരയത്തിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പുസ്തകവായന എന്നെ പ്രേരിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ പൂര്‍ത്തിയാക്കിയ ശേഷം, ദുബായിലേക്ക് കുടിയേറിയ അഷ്‌റഫിന് അവിടെ സോഫ്റ്റ്‌വെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബിസിനസ് കണ്‍സള്‍ട്ടിങ് തുടങ്ങി വിവിധ മേഖലകളില്‍ 25 വര്‍ഷത്തിലേറെ വിപുലമായ ബിസിനസ്സ് അനുഭവങ്ങളുണ്ട്. മറ്റ് നിരവധി സംരംഭകരില്‍നിന്ന് വ്യത്യസ്തമായി, ബിസിനസ്സില്‍ മുഴുകിയിരിക്കുമ്പോഴും, ആത്മീയതയിലും അതീവ തല്‍പ്പരനാണ്. ഇത് പുരാതന ഭാരതീയ സംസ്കാരത്തെക്കുറിച്ച് കുടുതല്‍ അറിയാന്‍ പ്രേരിപ്പിച്ചു എന്നു മാത്രമല്ല, എഴുത്തിനോടുള്ള അഭിനിവേശത്താല്‍ ‘ജനകനും അഷ്ടാവക്രനും’ രചിക്കാനും കഴിഞ്ഞു. അഷ്‌റഫ് കാരയത്തിന്റെ ആഖ്യാന ശൈലിയും, ഈ പുസ്തകം എഴുതുന്നതിന് നടത്തിയ ഗവേഷണവും തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അഷ്‌റഫ് കാരയത്തുമായി നടത്തിയ അഭിമുഖം.

ജനകനും അഷ്ടാവക്രനും എന്ന പുസ്തകം എഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്?
ഏകദേശം 17 വര്‍ഷം മുന്‍പ് അഷ്ടാവക്രഗീത വായിച്ചപ്പോള്‍ അതിലെ ആശയങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ പഠിച്ച പല തത്ത്വചിന്തകളുടേയും-ന്യൂ ഏജ് സയന്‍സ്, തിയറി ഓഫ് അട്രാക്ഷന്‍, അസ്തിത്വവാദം, ക്വാണ്ടം ഭൗതികം-വേരുകള്‍ ഞാന്‍ അതില്‍ കണ്ടെത്തി. അഷ്ടാവക്ര ഗീതയുടെ ഗഹനമായ സന്ദേശം തിരിച്ചറിഞ്ഞപ്പോള്‍ അതേക്കുറിച്ച് എഴുതാനുള്ള ആശയം എന്റെ മനസ്സില്‍ മുളച്ചു.

എന്താണ് പുസ്തകത്തിലൂടെ നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശം?
പ്രാചീന ഭാരതത്തിലെ രാജാവായ ജനകന്‍ ആത്മീയ വിമോചനത്തിനായുള്ള അന്വേഷണത്തില്‍ മുങ്ങിപ്പോയ കഥ പറയുന്ന നോവലാണ് ‘ജനകനും അഷ്ടാവക്രനും.’ രാമായണത്തിലെ സീതയുടെ പിതാവാണ് ജനകന്‍. എന്റെ കഥ ജനകന്റെ പ്രക്ഷുബ്ധമായ ജീവിതം; തന്റെ രാജ്യത്തില്‍ വരാനിരിക്കുന്ന യുദ്ധം, തന്റെ കൊട്ടാരത്തിന്റെ രഹസ്യ ലോകത്തിനുള്ളില്‍ നടക്കുന്ന വഞ്ചനകള്‍, ഗൂഢാലോചനകള്‍ എന്നിവയെക്കുറിച്ചാണ്. ഒരു യുദ്ധം ആസന്നമാണെന്ന് ലോകം മുഴുവന്‍ വിശ്വസിക്കുമ്പോള്‍, ഒരു വ്യക്തിയുടെ അകത്തും പുറത്തുമുള്ള ജീവിതങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന തന്റെ ബോധ്യവും ആഴത്തില്‍ വേരൂന്നിയ വിശ്വാസവും ജനകന്‍ ഉയര്‍ത്തിപ്പിടിക്കുകയും, യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അതിനാല്‍, തന്റെ ഗുരുവായ അഷ്ടാവക്രനോടൊപ്പം ഒരു പുതിയ ലോകത്തെ അനാവരണം ചെയ്യുന്നു. ഒടുവില്‍ രാജ്യത്തിനും കൊട്ടാരത്തിനും വേണ്ടി ഒരു പുതിയ യാഥാര്‍ത്ഥ്യം വെളിപ്പെടുന്നു.
നമുക്ക് അറിയാവുന്ന കഥ മഹത്തായ രാമായണ പാരമ്പര്യത്തിനെ അടിസ്ഥാനമാക്കിയാണെങ്കില്‍, എന്റെ നോവല്‍ ആധുനിക വായനക്കാര്‍ക്ക് പരിചയമുള്ള ആ കഥാപാത്രങ്ങളെ പുതുതായി അവതരിപ്പിക്കുന്നു. ഓരോ പ്രതിസന്ധി ഘട്ടത്തിലും ഒരു വ്യക്തിക്ക് എങ്ങനെ സമചിത്തത നിലനിര്‍ത്താമെന്നും തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി തന്റെ തന്നെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങേണ്ടതിനെക്കുറിച്ചും പറയുന്നു.

അങ്ങേക്ക് ഭാരതീയ ദര്‍ശനങ്ങളുമായുള്ള സമ്പര്‍ക്കം എങ്ങനെ ഉണ്ടായി?
എന്റെ ഔദ്യോഗിക, ബിസിനസ്സ് ജീവിതത്തിന്റെ ഭാഗമായി, ഞങ്ങളുടെ ദൈനംദിന ഇടപെടലുകളില്‍ പ്രയോഗിച്ച മാനേജ്‌മെന്റ് ആശയങ്ങള്‍, സ്വയം സഹായ സിദ്ധാന്തങ്ങള്‍, തത്വ-കേന്ദ്രീകൃത നേതൃത്വം എന്നിവയെപ്പറ്റി പഠിക്കാന്‍ എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. മാനേജ്‌മെന്റെ് സിദ്ധാന്തങ്ങളില്‍ ഭൂരിഭാഗവും ദ്രുതഗതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നവയാണെങ്കിലും, അവയില്‍ ചിലത് ഒരാള്‍ക്ക് തന്റെ ആന്തരിക കാഴ്ചപ്പാടുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നവയുമായിരുന്നു. അങ്ങനെ ഞാന്‍ കൂടുതല്‍ ഭാരതീയ സാഹിത്യവും പുരാണങ്ങളും പഠിക്കാന്‍ തുടങ്ങി. ധാരാളം പുസ്തകങ്ങള്‍ വായിക്കാനും വിവിധ ആത്മവികാസ ആത്മീയ പരിപാടികളില്‍ പങ്കെടുക്കാനും എനിക്ക് അവസരം ലഭിച്ചു. അങ്ങനെ അഷ്ടാവക്രഗീതയുടെ ജ്ഞാനം രസകരവും അമ്പരപ്പിക്കുന്നതുമായി ഞാന്‍ കണ്ടെത്തി.

മതത്തെയും ആത്മീയതയെയും എങ്ങനെ കാണുന്നു? ആധുനിക യുഗത്തില്‍ ആത്മീയത എത്രത്തോളം പ്രസക്തമാണ്?
ആത്മീയത എന്ന വാക്ക് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ആളുകള്‍ ആത്മീയതയെക്കുറിച്ച് കേള്‍ക്കുമ്പോള്‍, സാധാരണയായി അതിനെ മതം, ഒരുതരം പിടിവാശി, പ്രത്യയശാസ്ത്രം അല്ലെങ്കില്‍ ധാര്‍മ്മികത എന്നിവയുമായാണ് ബന്ധപ്പെടുത്തുന്നുന്നത്. എന്റെ വീക്ഷണം പക്ഷേ മറ്റൊന്നാണ്. ആത്മീയത വളരെ ലളിതമാണ്. എല്ലാവരിലും ദിവ്യത്വത്തിന്റെ ഒരു തീപ്പൊരി ഉണ്ടെന്നും, എല്ലാവരും പ്രബുദ്ധരാകാന്‍ അര്‍ഹരാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഇതാണ് കഥയില്‍ അഷ്ടാവക്രന്‍ രാജാവിനോട് ഉപദേശിക്കുന്നത്.

നമ്മില്‍ ഓരോരുത്തരിലും ഒരു ഊര്‍ജ്ജസ്രോതസ്സ് ഇടതടവില്ലാതെ ഒഴുകുന്നു. പക്ഷേ നമ്മുടെ ബന്ധനങ്ങള്‍ കാരണം നാം അത് തിരിച്ചറിയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം, ആത്മീയത എന്നാല്‍ ഒരാള്‍ക്ക് ആ ഊര്‍ജ്ജസ്രോതസ്സുമായി എങ്ങനെ ബന്ധപ്പെടാമെന്നും, അതിനെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ സംവിധാനമായി എങ്ങനെ ഉപയോഗിക്കാം എന്നതുമാണ്. അങ്ങനെയായാല്‍ ദൈനംദിന ജീവിതത്തില്‍ നാം ചെയ്യുന്ന കാര്യങ്ങളില്‍ നമുക്ക് കൂടുതല്‍ അര്‍ത്ഥം കണ്ടെത്താനാകും. നല്ല കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, വ്യവസായികള്‍, അവര്‍ ബോധപൂര്‍വ്വമോ അല്ലാതയോ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞതിനാല്‍ വളരെ ആത്മീയരാണ്.

ആത്മീയനായിരിക്കുക എന്നതിനര്‍ത്ഥം ഉള്ളിലെ ലോകത്തെ പര്യവേക്ഷണം ചെയ്യുക, നമുക്കുള്ള സഹജമായ ശക്തി മനസ്സിലാക്കുക, നമ്മള്‍ ആരാണെന്നതിന്റെ പൂര്‍ണ്ണതയിലേക്ക് സ്വയം പ്രകടിപ്പിക്കുക.

 ”20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാര്‍ത്രോ മറ്റ് ചിന്തകരോ പറഞ്ഞതിനേക്കാളും അഷ്ടാവക്രന്റെ പാഠങ്ങള്‍ കൂടുതല്‍ പുരോഗമിച്ചതും വെളിവാക്കുന്നതുമായിരുന്നു” എന്ന് താങ്കള്‍ പറയാനിടയായത് എന്തുകൊണ്ടാണ്?
പത്തൊന്‍പതാം നൂറ്റാണ്ടിലോ യുദ്ധാനന്തര കാലഘട്ടത്തിലോ ജീവിച്ചിരുന്ന അസ്തിത്വ ചിന്തകര്‍ക്ക് നിഷേധാത്മകമായ ദാര്‍ശനിക നിഗമനങ്ങളുണ്ടായിരുന്നു. അഷ്ടാവക്രഗീത ജീവിതത്തെക്കുറിച്ചുള്ള അത്തരം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നു. അഷ്ടാവക്രന്റെ പാഠങ്ങള്‍, ഒരാള്‍ അത് ശരിയായി മനസ്സിലാക്കിയാല്‍, അയാളെ മോചിപ്പിക്കുകയും ഒരു നിമിഷത്തിനുള്ളില്‍ അയാളെ അനന്തമായ തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. നിങ്ങള്‍ക്ക് ശരിയായ അറിവുണ്ടെങ്കില്‍, നിങ്ങള്‍ മുക്തി നേടും. ജീവിതത്തിന്റെ സത്തയാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഈ പുസ്തകത്തെക്കുറിച്ച് എനിക്കുള്ള ബോധ്യം കൂടിയാണ്.

എന്റെ പുസ്തകത്തില്‍, നായകന്‍ ജനകന്‍ തനിക്കു പുറത്തുള്ള ജ്ഞാനോദയത്തിനായി തിരയുന്നു. ഗുരുവിന്റെ സഹായത്തോടെ ശാന്തിയും പ്രബുദ്ധതയും തന്റെ ഉള്ളിലാണെന്ന് തിരിച്ചറിയുന്നു. ഒടുവില്‍ വളരെയധികം പ്രക്ഷുബ്ധതകളിലൂടെ കടന്നുപോകുന്നു. ഏതു പ്രതിസന്ധികള്‍ക്കിടയിലും തന്റെ സമനിലയും ശാന്തതയും നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.

ഒരുപാട് വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ ലോകത്തിന് പുരാതന ഭാരതീയ ജ്ഞാനത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും. നാം പുരാതന ഗ്രന്ഥങ്ങള്‍ വായിക്കുകയാണെങ്കില്‍, നമുക്ക് പലപ്പോഴും ആഴമേറിയതും കാലാതീതവുമായ അറിവുകള്‍ കണ്ടെത്താനാകും. മാത്രമല്ല നമ്മുടെ നിലവിലെ സാഹചര്യങ്ങളെ നാന്നായി നേരിടാനുതകുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും കഴിയും. ലോകം മുഴുവന്‍ ഭയവും അനിശ്ചിതത്വവും പിടിമുറുക്കുമ്പോള്‍, ആളുകള്‍ക്ക് അവരുടെ പ്രതീക്ഷകളും വിശ്വാസവും നഷ്ടപ്പെടും. അവര്‍ക്ക് ഉത്കണ്ഠയും സമ്മര്‍ദ്ദവും ഭയവും ഉണ്ടാകും. ഇവയെല്ലാം നെഗറ്റീവ് വികാരങ്ങളാണ്. അവ നമ്മുടെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കും. അത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെവരെ ബാധിക്കും. പ്രബലവും അന്തര്‍ലീനവുമായ നമ്മുടെ ആന്തരിക ക്ഷേമത്തിന്റെ ശക്തിയിലേക്ക് നാമെല്ലാവരും സ്വയം കാലിബ്രേറ്റ് ചെയ്യേണ്ട സമയമാണിത്.

സാധാരണ മിത്തോളജിക്കല്‍ ഫിക്ഷനില്‍ നിന്ന് അങ്ങയുടെ പുസ്തകത്തിനുള്ള വ്യത്യാസം?
ഒറ്റനോട്ടത്തില്‍, ഇതൊരു പുരാണ കഥയാണെന്ന് തോന്നുമെങ്കിലും, അറിവ്, വിമോചനം, പ്രബുദ്ധത, ബോധം എന്നിവക്കായുള്ള അന്വേഷണത്തിന്റെ കഥയാണിത്. തന്നെ ചുറ്റിപ്പറ്റിയുള്ള ആഡംബരങ്ങളുടെ, വിഡ്ഢിത്തങ്ങളുടെ അര്‍ത്ഥശൂന്യതയും ജനകന്‍ മനസ്സിലാക്കി. മോചനത്തിനും പ്രബുദ്ധതയ്‌ക്കും വേണ്ടി എപ്പോഴും ശരിയായ പാത തേടുന്ന ഒരു സംന്യാസി കൂടിയായിരുന്നു ജനകന്‍.

എന്താണ് അഷ്ടാവക്രന്റെ തത്വശാസ്ത്രം?
അദൈ്വതം, ബോധം, വിമോചനം, ജീവിതത്തിന്റെ സമ്പൂര്‍ണ്ണ യാഥാര്‍ത്ഥ്യങ്ങള്‍ എന്നിവയുടെ തത്ത്വചിന്തപരമായ സവിശേഷമായ പ്രഭാഷണമാണ് അഷ്ടാവക്രഗീത. അഷ്ടാവക്രഗീതയില്‍ നിന്നുള്ള ജ്ഞാനം ഒരാളെ ബന്ധനത്തില്‍നിന്ന് സമ്പൂര്‍ണ്ണസ്വതന്ത്രതയിലേക്ക് ഉയര്‍ത്താന്‍ സഹായിക്കും. ഒരു അന്വേഷകനെ വിമോചനത്തിലേക്കുള്ള പാതയിലേക്ക് നയിക്കും. ഒരു വ്യക്തിക്ക് കാലാതീതമായ ശാശ്വതമായ ആനന്ദത്തിലേക്ക് എങ്ങനെ അനായാസമായി എത്താമെന്നും, അവന്റെ ബോധത്തെ സ്വയംനിയന്ത്രിക്കാനാക്കാനാകുമെന്നും ഇത് പഠിപ്പിക്കുന്നു.

ഈ പുസ്തകം എഴുതാന്‍ താങ്കള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്?
എനിക്ക് ഒരു സ്വപ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒരു ആശയം. എന്നാല്‍ ഞാന്‍ ആ ആശയം പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ജനകന്റെ കഥ വിവിധ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും പാരമര്‍ശിച്ചിരുന്നു. തുടക്കത്തില്‍ അഷ്ടാവക്രഗീത എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അഷ്ടാവക്രന്റെ സന്ദേശങ്ങളെ ഒരു കഥയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവരികയും, പ്രധാന കഥയില്‍ നിന്ന് വ്യതിചലിക്കാതെ അത് നാടകീയമാക്കുകയും, വായനക്കാരനെ ആകര്‍ഷിക്കുകയും ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല.

ഈ പ്രതിസന്ധി ഘട്ടത്തില്‍ താങ്കള്‍ എങ്ങനെയാണ് ആത്മീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത്?
ബാഹ്യലോകത്തിന്റെ ആരവം ശമിക്കുമ്പോള്‍ മാത്രമേ നാം സാധാരണയായി നമ്മുടെ ആന്തരിക ലോകം തുറക്കാറുള്ളൂ. നാം പൂര്‍ണ്ണമായും ഒറ്റപ്പെടുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് മടങ്ങാന്‍ നമുക്ക് കഴിയും. നമ്മുടെ മനസ്സ് ഉണ്ടാക്കിയ അസ്വസ്ഥതകള്‍ സാവധാനം വാടിപ്പോകും. ഒരു പുതിയ ലോകം പതുക്കെ ഉയര്‍ന്നുവരും. ആത്മീയ പാത ആത്മസാക്ഷാത്കാരത്തിന്റെ ഒരു യാത്രയാണ്. ഇതിനാണ് കഥയിലെ നായകനായ ജനകന്‍ ശ്രമിക്കുന്നത്.

അഷ്ടാവക്രനെക്കുറിച്ച് ധാരാളം പുസ്തകങ്ങളുണ്ട്. എങ്ങനെയാണ് താങ്കളുടെ പുസ്തകം അനന്യമാകുന്നത്?
അഷ്ടാവക്ര തത്ത്വചിന്തയെ അധികരിച്ച് ഇംഗ്ലീഷില്‍ കുറെ പുസ്തകങ്ങള്‍ ഉണ്ടെങ്കിലും അവ സാധാരണ ഗതിയില്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. ഒരാള്‍ക്ക് അവ നന്നായി മനസ്സിലായില്ലെങ്കില്‍ അത് അയാളെ തെറ്റിദ്ധരിപ്പിക്കുക പോലും ചെയ്യും. ഇതാദ്യമായാണ് അഷ്ടാവക്ര തത്ത്വചിന്ത ഒരു നോവലിന്റെ രൂപത്തില്‍ വരുന്നത്. എന്റെ ജോലിയുടെ ദൗത്യവും ലക്ഷ്യവും ബോധം, ജ്ഞാനോദയം എന്നിവ എങ്ങനെ സമാധാനപ്രദമായ ജീവിതത്തിലേക്ക് നയിക്കുന്നു എന്ന് കണിക്കുകയാണ്. ആകര്‍ഷകമായ ഒരു കഥയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അഷ്ടാവക്രാഗീത ഓരോ വായനക്കാരനും എളുപ്പത്തില്‍ മനസ്സിലാക്കാനാവും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by