ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സിപിഎം സ്വയംതിരുത്തലിനൊരുങ്ങുന്നു എന്നാണ് മലയാള മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് മുന്‍ഗണനയെന്ന വര്‍ഗപരമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്ന് പത്രങ്ങള്‍ എഴുതിയത് വായിച്ചു. ആ മുന്‍ഗണന എന്തെന്ന് ഒരാഴ്ചക്കുള്ളില്‍ പിണറായി സര്‍ക്കാര്‍ വ്യക്തമാക്കി. കേരളീയം രണ്ടാം പതിപ്പ് നടത്തും. എന്നു പറഞ്ഞാല്‍ അത്താഴപ്പട്ടിണിക്കാര്‍ക്ക് സിനിമാ താരങ്ങളെ നേരില്‍ കണ്ടും നടിമാരുടെ നൃത്തം ആസ്വദിച്ചും ഊരാളുങ്കലിന്റെ വഴിവിളക്ക് കണ്ടും വയറിന്റെ എരിച്ചിലടക്കാം. മരുന്നു വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് മ്യൂസിക് തെറാപ്പിയിലൂടെ രോഗശാന്തി നേടാം. ഭരണത്തുടര്‍ച്ച നല്‍കിയവര്‍ക്ക് ഇതിലും വലിയ സമ്മാനം എന്തുണ്ട് നല്കാന്!
ജനാധിപത്യസംരക്ഷണത്തിനായി ദേശീയതലത്തില്‍ തങ്ങള്‍ നടത്തിയ ഇടപെടലെന്ന നിലയില്‍ രണ്ട് കാര്യങ്ങളാണ് സിപിഎം മുഖ്യമായും ചൂണ്ടിക്കാട്ടാറ്. ഒന്ന്, ഇലക്ടറല്‍ ബോണ്ടിനെതിരായ നിലപാട്, രണ്ട്, വിവരാവകാശനിയമം കൊണ്ടുവരാന്‍ യുപിഎ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ഈ രണ്ട് കാര്യങ്ങളിലുമുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പ് മനസിലാക്കാന്‍ കേരളീയത്തിന്റെ അണിയറക്കഥകള്‍ നോക്കിയാല്‍ മതി.
സ്വകാര്യസ്ഥാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്കുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കാനാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്. രാജ്യത്തെ രാഷ്ട്രീയ സംഭാവനാ രീതിയെ ശുദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. ഈ ഇലക്ടറല്‍ ബോണ്ട് പകല്‍ക്കൊള്ളയാണെന്ന് ആക്ഷേപിച്ച പാര്‍ട്ടിയാണ് കേരളീയം എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിക്ക് സ്വകാര്യവ്യക്തികളില്‍ നിന്ന് ലഭിച്ച പണം എത്രയെന്നോ, പണം തന്നവര്‍ ആരെന്നോ വെളിപ്പെടുത്താന്‍ മടിക്കുന്നത്.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെക്കൂടിയാണ് ഇതിലൂടെ പിണറായി സര്‍ക്കാര്‍ നിഷേധിക്കുന്നത്. വിവരാവകാശനിയമം നടപ്പാക്കിയത് സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്ന കേന്ദ്രസര്‍ക്കാരാണെന്ന് ഇപ്പോഴും ആ പാര്‍ട്ടി അവകാശപ്പെടുന്നു. അപ്പോള്‍ കേരളീയത്തിന്റെ സ്പോണ്‍സര്‍മാരെക്കുറിച്ചുള്ള വിവരം അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുന്നത് ശരിയാണോ.?
നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് പോലും മറുപടി നല്‍കില്ല എന്ന നിലപാട് വിവരാവകാശനിയമത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലാണ്. കേരളീയത്തിന് സ്പോണ്‍സര്‍ഷിപ്പിലൂടെ പണം തന്നത് ആരെന്നും എത്രയെന്നും വെളിപ്പെടുത്താന്‍ ഒരിക്കലും പിണറായി വിജയന് സര്‍ക്കാരിന് കഴിയില്ല. കാരണം അത് വെളിപ്പെടുത്തിയാല്‍ സിപിഎമ്മിന്റെ വികൃതമായ മുഖം കുറെക്കൂടി വെളിപ്പെടും. കേരളീയത്തിന്റെ പേരില്‍ നടന്ന പണപ്പിരിവിലെ ദുരൂഹത മുമ്പും ബിജെപി ചൂണ്ടിക്കാട്ടിയതാണ്. കഴിഞ്ഞ കേരളീയം പരിപാടിയില്‍ ഏറ്റവുമധികം സ്പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ് നല്‍കിയത് ജിഎസ്ടി അഡീ.കമ്മിഷണര്‍ (ഇന്റലിജന്‍സ്)നാണ്. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ നിയോഗിച്ചതിലെ ദുരൂഹതയാണ് അന്ന് ചൂണ്ടിക്കാട്ടിയത്. നികുതിപിരിവിലെ പോരായ്മയാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മുഖ്യഘടകമെന്ന് എല്ലാവര്‍ക്കുമറിയാം. ദേശീയ ശരാശരിയിലും താഴെയാണ് നികുതി പിരിവില്‍ കേരളം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി പിരിവിലെ ദേശീയ ശരാശരി വളര്‍ച്ച 74 ശതമാനമാണെങ്കില്‍ കേരളത്തിന്റേത് 42 ശതമാനമായിരുന്നു. ജിഎസ്ടി നടപ്പാക്കുന്നതില്‍ത്തന്നെ ഗുതര വീഴ്ച വരുത്തിയ സംസ്ഥാനമാണ് കേരളം. 2017ല്‍ത്തന്നെ ജിഎസ്ടി നിലവില്‍ വന്നെങ്കിലും 2023-ലാണ് കേരളത്തിലെ ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചത്. ആറുവര്‍ഷം ഇതുമൂലം സംസ്ഥാനത്തിന് നഷ്ടമായി. 2023 സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി ആയിരുന്നു. ചരക്ക് സേവന നികുതി വകുപ്പിന് കിട്ടാനുണ്ടായിരുന്നത് 13,410 കോടിയും.
ജിഎസ്ടി ഉദ്യോഗസ്ഥന് സംഘടിപ്പിച്ച സ്പോണ്‍സര്‍ഷിപ്പിന്റെ കണക്ക് പുറത്തുവിടില്ല എന്ന നിലപാടിനെ ഇതെല്ലാമായി ചേര്‍ത്ത് വായിക്കണം. അമ്മയുടെ പെന്ഷന് കാശുകൊണ്ടല്ല, കരിമണല്‍ കമ്പനിയില്‍നിന്നുള്ള കൈക്കൂലി കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ സ്വന്തം കമ്പനിയുണ്ടാക്കിയതെന്ന് എല്ലാവര്‍ക്കുമറിയാം. ഒന്നാം കേരളീയത്തിനും ക്വാറിക്കാരും കരിമണല്‍ കമ്പനിക്കാരുമെല്ലാമാവണം വാരിക്കോരി സംഭാവന നല്‍കിയതെന്ന് വേണം ഊഹിക്കാന്‍. കരിമണല്‍ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകള്‍ നല്കിയ സേവനമെന്ത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. കേരളീയത്തിന് സംഭാവന നല്‍കിയവരുടെ പേരുവിവരം പുറത്തുവിട്ടാല്‍ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഇനിയുമുയരും. കേരളീയം കൊണ്ട് സാധാരണ കേരളീയര്‍ക്ക് എന്ത് പ്രയോജനം എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. കേരളത്തെ ബ്രാന്‍ഡാക്കി മാറ്റാനാണ് എന്നാണ് വാദം. അങ്ങനെയെങ്കില്‍, ബ്രാന്‍ഡാക്കിയ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് എത്രത്തോളം നിക്ഷേപങ്ങള്‍ വിനോദസഞ്ചാര മേഖലയിലെങ്കിലും വന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണം. വര്‍ക്കലയിലെ കടലെടുത്ത ഫ്ലോട്ടിങ് ബ്രിഡ്ജും ഇടിഞ്ഞു വീണ വര്‍ക്കല ക്ലിഫും ആക്കുളത്തെ തരിപ്പണമായ കണ്ണാടിപ്പാലവും താനൂരിലെ തല്ലിപ്പൊളി ബോട്ടുമടക്കം ആളെക്കൊല്ലുന്ന സംവിധാനങ്ങളല്ലാതെ മറ്റെന്താണ് വിനോദസഞ്ചാര മേഖലയില്‍ ഉണ്ടായത്? പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം 27 കോടി രൂപ കേരളീയത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാത്രം ചിലവിട്ടിട്ടുണ്ട്. ഇതിനുപുറമെ സ്വകാര്യ വ്യക്തികളില്‍ നിന്ന് പിരിച്ച വന്‍ തുകയും. ഇതെല്ലാം നടത്തിയിട്ടും രാജ്യത്ത് വിദേശനിക്ഷേപം കൊണ്ടുവന്ന ആദ്യ പത്ത് സംസ്ഥാനങ്ങളില്‍പോലും കേരളമില്ല. എന്തുകൊണ്ടാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ നാട്ടില്‍ വിദേശനിക്ഷപകര്‍ വരാന്‍ മടിക്കുന്നത്. കേരളം ഭരിച്ചവരുടെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളാണ് നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നത്.
കേരളീയവും ലോകകേരളസഭയും നടത്തിയാല്‍ നാട്ടിലെ സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ആവര്‍ത്തിച്ച് തെളിഞ്ഞിരിക്കുകയാണ്. കേരളീയം കൊണ്ട് ഒരു പുതിയ സംരംഭം പോലും വരികയോ ഒരു പുതിയ തൊഴിലവസരം പോലും സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നുമില്ല. ഓണക്കാലത്ത് കോടികള്‍ മുടക്കുന്ന ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നതിന് പുറമേയാണ് ഈ മാമാങ്കം. ക്ഷേമ പെന്ഷന് അഞ്ചുമാസത്തെ കുടിശികയുണ്ടെന്ന് നിയമസഭയില്‍ സമ്മതിച്ച അതേ സര്‍ക്കാരാണ് കോടികള്‍ മുടക്കി കേരളീയം നടത്തുമെന്നും പ്രഖ്യാപിക്കുന്നത്. ഇന്ധന സെസ് വന്‍ തോതില്‍ കൂട്ടിയതിന് സംസ്ഥാന സര്‍ക്കാര്‍ നിരത്തിയ പ്രധാന ന്യായങ്ങളിലൊന്ന് ക്ഷേമപെന്ഷന് കുടിശികയാണ്. മദ്യത്തിനും ഇന്ധനത്തിനും ഏര്‍പ്പെടുത്തിയ സാമൂഹ്യസുരക്ഷാ സെസ് എന്തു ചെയ്തുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ക്ഷേമപെന്ഷന് മുടങ്ങിയതിന് പതിവുപോലെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് പിണറായി വിജയന് സ്വീകരിച്ചത്. കടമെടുപ്പ് പരിധിയുടെ കാര്യത്തിലടക്കം അസത്യങ്ങളും അര്‍ധസത്യങ്ങളും ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങള്‍. പതിനഞ്ചാം ധനകാര്യകമ്മിഷനും റിസര്‍വ് ബാങ്കും രാജ്യത്ത് ഏറ്റവും കടബാധ്യതയേറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ജാഗ്രതയില്ലെങ്കില്‍ സംസ്ഥാനം വലിയ കടക്കെണിയിലേക്ക് പോകും എന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ? കഴിഞ്ഞ കൊല്ലം സംസ്ഥാനത്തെത്തിയ ലോകബാങ്ക് വൈസ് പ്രസിഡന്റ് കേരളം കടമെടുപ്പില്‍ അപകടകരമായ നിലയിലാണെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞില്ലേ? രാജ്യത്തെ ആകെ സംസ്ഥാനങ്ങളുടെ ധനകമ്മി ശരാശരി 2.8 ശതമാനമാണെങ്കില്‍ കേരളത്തിന്റേത് 4.94 ശതമാനമാണ്.
കേരള പൊതു ചെലവ് അവലോകന സമിതി 2019, ശമ്പളം, പെന്ഷന്, പലിശ എന്നീ ഇനങ്ങളിലെ ചിലവ് പാരമ്യത്തിലെത്തിയതായി കണ്ടെത്തിയോ? പരിഹാരമായി എന്ത് ചെയ്തു? 2016 കേരളത്തിന്റെ ധവളപത്രം ചെലവ് നിയന്ത്രണത്തിലും തനത് വരുമാനം കൂട്ടുന്നതിലും സംസ്ഥാനം പരാജയപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ ചെറുവിരലനക്കിയോ ? മറ്റൊരു പ്രധാനവിഷയം കടമെടുക്കുന്ന തുകയില്‍ എത്ര ശതമാനം മൂലധന ചിലവിന് വിനിയോഗിക്കുന്നു എന്നതാണ്. ആകെ വരുമാനത്തിന്റെ 16 ശതമാനം മാത്രമാണ് ഇത്തരത്തില്‍ വിനിയോഗിക്കുന്നതെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ഭാവിക്കായി ഒന്നും കരുതിവയ്ക്കാന്‍ ഈ കടമെടുപ്പു മൂലം സാധിക്കുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി റീബില്‍ഡ് കേരള വഴി സമാഹരിച്ച തുകയില്‍ എത്ര ശതമാനം വിനിയോഗിച്ചു.
7405 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടും ആദ്യമൂന്നുവര്‍ഷം ചിലവിട്ടത് 460 കോടി മാത്രമെന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണ്. അതിനാലാണ് ഇപ്പോഴും ഒറ്റ മഴയില്‍ തിരുവനന്തപുരവും കൊച്ചിയുമടക്കം നഗരങ്ങള്‍ മുങ്ങിപ്പോവുന്നതും. റോഡുകള്‍ തോടുകളായും തോടുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായും മാറുന്ന ദയനീയ സ്ഥിതിയാണ് സംസ്ഥാനത്ത്. കാരുണ്യ മരുന്ന് വിതരണത്തിനായി പാവങ്ങളും നെല്ല് സംഭരണത്തിലെ കുടിശികയ്ക്കായി കര്‍ഷകരും ശമ്പളത്തിനായി കെഎസ്ആര്‍ടിസി ജീവനക്കാരും ഡിഎ കുടിശികയ്ക്കായി മറ്റ് സര്‍ക്കാര്‍ ജീവനക്കാരും കാത്തിരിക്കുമ്പോള്‍ ഊരാളുങ്കലിന്റെ ലക്ഷങ്ങളുടെ വൈദ്യുതാലങ്കാരം ആരുടെ മനസിനാണ് കുളിരേകുക. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മാറ്റിവച്ച രണ്ടായിരം കോടി എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല.
തലസ്ഥാനത്ത് തന്നെ കോളറ പടര്‍ന്നുപിടിക്കുന്ന നിലയിലേക്ക് ആരോഗ്യരംഗം കൂപ്പുകുത്തി. പനിമരണവും രോഗബാധയും അനുദിനം വര്‍ധിച്ചുവരുമ്പോള്‍ കാപ്പാ കേസ് പ്രതികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന തിരക്കിലാണ് ആരോഗ്യമന്ത്രി.
ക്ഷേമരാഷ്ട്ര സങ്കല്പത്തിലധിഷ്ഠിതമാണ് കേരളഭരണമെന്ന് ഓരോ ബജറ്റിന്റെയും ആമുഖത്തില്‍ കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിക്കാറുണ്ട്. വാസ്തവത്തില്‍ ജനക്ഷേമത്തിന് പുല്ലുവില കൊടുക്കുന്ന സര്‍ക്കാരാണ് അദ്ദേഹത്തിന്റേത്.
മറിയക്കുട്ടിയുടെ പെന്ഷനേക്കാള് മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കും കൊച്ചുമകന്റെ നീന്തല്‍ക്കുളത്തിനും സിനിമാ താരങ്ങളുടെ സെല്‍ഫിക്കും പ്രാധാന്യം കൊടുക്കുന്നവര്‍ ക്ഷേമരാഷ്ട്രത്തെക്കുറിച്ച് പറയുന്നത് ആ സങ്കല്പത്തെത്തന്നെ അവഹേളിക്കലാണ്. ഇംഗ്ലീഷില്‍ കാകിസ്റ്റോക്രസി (ഗമസശേെീരൃമര്യ) എന്നൊരുവാക്കുണ്ട്. എല്ലാ അര്‍ഥത്തിലും ഏറ്റവും മോശമായ ആളുകള്‍ നടത്തുന്ന ഭരണം എന്നാണ് അര്‍ഥം. കാകിസ്റ്റോക്രസിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് രണ്ടാം പിണറായി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: