കൊല്ലം: മഴക്കാല പൂര്‍വ ശുചീകരണം പാളിയതോടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ കുത്തനെ കൂടുന്നു. പ്രതിദിന പനി ബാധിതര്‍ 12,000 കടന്നു. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 തുടങ്ങിയവ ബാധിച്ചുള്ള മരണവും വര്‍ധിക്കുന്നു. ആരോഗ്യവകുപ്പു തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും മുന്‍കരുതലെടുക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറക്കത്തിലാണ്.
2024 ജനുവരി മുതല്‍ ജൂലൈ 12 വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് 13.41 ലക്ഷം പേരാണ് പനിക്കു ചികിത്സ തേടിയത്. ഡെങ്കിപ്പനി- 9532, ഹെപ്പെറ്റൈറ്റീസ് എ-3913, എലിപ്പനി-1280, എച്ച്1എന്‍1-563, മലേറിയ-348, വയറിളക്ക അനുബന്ധ രോഗങ്ങള്‍-3,12,079, മുണ്ടിനീര്-31,139, ചിക്കന്‍ പോക്സ്-15,298, കോളറ-21, ഷിഗെല്ല-75, വെസ്റ്റ്നൈല്‍-26 എന്നിത്രയും പേര് ചികിത്സ തേടി.
ഈ വര്‍ഷം പനി രോഗങ്ങളാല്‍ 196 പേര് മരിച്ചു. എലിപ്പനി ബാധിച്ചാണ് കൂടുതല്‍ മരണം-71. ഹെപ്പറ്റൈറ്റിസ്-29, ഡെങ്കിപ്പനി-24, എച്ച്1എന്‍1-17, ചിക്കന്‍ പോക്സ്-12, ഷിഗെല്ല-8, വൈറല്‍പ്പനി-7, മലേറിയ-4, കോളറ, മറ്റു പനി രോഗങ്ങള്‍-24, വെസ്റ്റ്നൈല്‍-4 എന്നിങ്ങനെയാണ് മരണക്കണക്ക്. ഈ മാസം 12 ദിവസത്തിനുള്ളില്‍ 1,39,091 പേര് പനിക്കു ചികിത്സ തേടി. ഡെങ്കിപ്പനി-1530, എലിപ്പനി-146, ഹെപ്പറ്റൈറ്റിസ്-273, മലേറിയ-30, കോളറ-12, വയറിളക്ക അനുബന്ധ രോഗങ്ങള്‍-38,064, മുണ്ടിനീര്-1115, ചിക്കന്‍ പോക്സ്-833, എച്ച്1എന്‍1-416, ഷിഗെല്ല-12 എന്നിങ്ങനെയാണ് രോഗബാധ. എലിപ്പനി-10, ഡെങ്കിപ്പനി-2, ഹെപ്പറ്റൈറ്റിസ്-2, വയറിളക്ക അനുബന്ധ രോഗങ്ങള്‍-3, എച്ച്1എന്‍1-7, വെസ്റ്റ്നൈല്‍-1, എന്നിങ്ങനെ 25 പേര് ഈ മാസം ഇതുവരെ മരിച്ചു.
കഴിഞ്ഞ മാസത്തെക്കാള്‍ വളരെ കൂടുതല്‍ കേസുകളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രതിദിന പനി ബാധിതര്‍ 1000നു മുകളിലാണ്. മലപ്പുറത്തു കഴിഞ്ഞ ദിവസം 2000 കടന്നു. മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്ചകളും ഇടവിട്ടുള്ള മഴയുമാണ് രോഗ വ്യാപനത്തിനു കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനം കൃത്യമായി നടക്കാത്തതും മലിന ജലത്തിന്റെ ഉപയോഗവും രോഗ വ്യാപനം വേഗത്തിലാക്കുന്നു.
പകര്‍ച്ച വ്യാധി പെരുകുമ്പോഴും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തികഞ്ഞ പരാജയമാണ്. പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രം മുറതെറ്റാതെ നടക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സംസ്ഥാനം വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് പകര്‍ച്ചവ്യാധി വ്യാപനം വര്‍ധിക്കാനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: