തൃശൂർ: രാമായണ മാസാചരണതിന് തുടക്കം കുറിച്ചു കൊണ്ട് നടത്തുന്ന അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട് എന്നീ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി.
പതിനാറിന് രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമം ആരംഭിക്കും. ഗണപതി ഹോമ കൂട്ടിന് 12008 നാളികേരം, 2000 കിലോ ശർക്കര, 2000 കിലോ അവിൽ, 500 കിലോ മലർ,60 കിലോ എള്ള്, 50 കിലോ തേൻ, ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവ ഉപയോഗിക്കും.തുടർന്ന് 6.45 നു ദീപാരാധന നടക്കും.
9.30 മണിയോടെ ആനയൂട്ട് ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ടു ഉദ്ഘാടനം ചെയ്യും. ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ് ശർക്കര, മഞ്ഞ പൊടി എന്നിവ ചേർത്ത് ഉരുളകൾ ആക്കും. കൂടാതെ പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം, തുടങ്ങി എട്ടോളം പഴ വർഗ്ഗങ്ങൾ കൂടി നൽകും. കൂടാതെ ദഹനത്തിന് പ്രത്യേക ഔഷധ കൂട്ടും നൽകും.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴി ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. വെറ്റിനറി ഡോക്റ്റർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് എന്നിവരുടെ പരിശോധന കഴിഞ്ഞ് ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. കുറുമ്പുള്ളതോ, നീരിൽ ഉള്ളതോ ആയ ആനകളെ ഒഴിവാക്കിയിട്ടുണ്ട്. ഈ വർഷം എഴുപതോളം ആനകൾ ഊടിൽ പങ്കെടുക്കുമെന്ന് വിചാരിക്കുന്നു. ഊട്ടിനൂ ശേഷം ആനകൾ കിഴക്കേ ഗോപുരം വഴി പുറത്തേക്ക് പോകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആനകൾ ഊട്ടിന് എത്തും.
ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പത്തോളം ആനകൾ പങ്കെടുക്കും. ആനകളെയും ഭക്തരേയും വേർതിരിക്കാൻ പ്രത്യേക ബാരിക്കേഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് ആനകൾക്ക് ഊട്ടു നൽകുവാനും കഴിയും. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പടിഞ്ഞാറെ ഗോപുരത്തിന് സമീപം റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആനയൂട്ട് ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തിട്ടുണ്ട്. രാവിലെ 10 മണി മുതൽ പതിനായിരം പേർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നിറമാല ചുറ്റുവിളക്ക് കൂടാതെ കൂത്തമ്പലത്തിൽ വിശേഷാൽ ഭഗവതി സേവയും ഉണ്ടായിരിക്കും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: