ഭാരതത്തിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. ഭാരതത്തിന്റെ വലിയ കണ്‍ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് തുറമുഖമായിട്ടാണ് വിഴിഞ്ഞം തുറമുഖം വിഭാവനം ചെയ്ത് നിര്‍മിച്ചു വരുന്നത്. തുറമുഖം യാഥാര്‍ത്ഥ്യമായതു വഴി സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്ത് കുതിച്ചു ചാട്ടം നടത്താനും അതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ മദര്‍ ഷിപ്പ് സാന്‍ഫെര്‍ണാണ്ടോ വിഴിഞ്ഞം തുറമുഖത്തെത്തി.
പദ്ധതിയുടെ മൂന്നു ഘട്ടവും 2028-ല്‍ പൂര്‍ത്തീകരിക്കാന്‍ തുറമുഖ നിര്‍മാണ കമ്പനി ലക്ഷ്യമിടുമ്പോള്‍, യാതൊരുവിധ പാരിസ്ഥിതിക ആഘാതങ്ങളും വരുത്താത്ത ഈ സ്വപ്‌ന പദ്ധതിയുടെ മൂന്നു ഘട്ടങ്ങളും തുറമുഖ നിര്‍മാണ കമ്പനി ലക്ഷ്യമിടുന്ന തരത്തില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍മാണസാമഗ്രികള്‍ മുടക്കം കൂടാതെ പദ്ധതി സ്ഥലത്തു ലഭിക്കാനും വേണ്ട സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിര്‍മാണം നടക്കുന്ന പദ്ധതി പ്രദേശത്ത് നിന്ന് 13-15 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന വലിയതുറ, ശംഖുമുഖം തുടങ്ങിയ വടക്കന്‍ തീരങ്ങളില്‍ തുറമുഖ നിര്‍മാണം കൊണ്ട് വന്‍തോതില്‍ തീരശോഷണം സംഭവിക്കുന്നെന്ന് പറഞ്ഞാണ് പദ്ധതിവിരുദ്ധര്‍ രണ്ടുവര്‍ഷം മുന്‍പ് ഉപരോധ സമരം ചെയ്തു നിര്‍മാണം തടസ്സപ്പെടുത്തിയത്. മാത്രമല്ല, മേല്‍പ്പറഞ്ഞ പാരിസ്ഥിതികാഘാത പഠനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുളള എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ വിശദമായ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളതുമാണ്. അതിനു ശേഷമാണ് നി
ര്‍മാണം ആരംഭിച്ചത്.
2014-16 കാലഘട്ടങ്ങളില്‍ തുറമുഖ പദ്ധതിക്കായി നടത്തിയ പാരിസ്ഥിതികാഘാത പഠനങ്ങളില്‍ അപാകതകള്‍ ഉണ്ടെന്ന് ഉന്നയിച്ചു കൊണ്ട് ചില കക്ഷികള്‍ സുപ്രീം കോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലും അപ്പീലുകള്‍ സമര്‍പ്പിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് വിശദമായ വാദവും കേട്ടു. അപ്പീലുകള്‍ പ്രസക്തമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിരസിക്കുകയും, തുറമുഖ നിര്‍മാണവുമായി മുന്നോട്ട് പോകുന്നതിനുള്ള അനുമതി ഉത്തരവ് 2016 സപ്തംബറില്‍ തന്നെ പുറപ്പെടുവിക്കുകയും ചെയ്തു.
ട്രിബ്യൂണലിന്റെ ഉത്തരവില്‍ പദ്ധതി പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള തീരങ്ങളിലെ വ്യതിയാനങ്ങള്‍ ഹൈറെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളും ബീച്ച് സര്‍വ്വേയും അടിസ്ഥാനമാക്കി സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും തുറമുഖ നിര്‍മാണം മൂലം സമീപ തീരങ്ങളില്‍ തീരശോഷണം നടക്കുന്നുവെന്ന് കണ്ടെത്തിയാല്‍ അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശമനുസരിച്ച് നടപ്പിലാക്കണമെന്നുമായിരുന്നു ഉത്തരവ്. ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ദേശീയ തലത്തിന്‍ പ്രഗത്ഭരായ ശാസ്ത്രജ്ഞരേയും മറ്റ് വിദഗ്ധരേയും ഉള്‍പ്പെടുത്തി വിദഗ്ധ സമിതിയേയും തീരസംരക്ഷണ സമിതിയേയും ചുമതലപ്പെടുത്തിയിരുന്നു. മേല്‍ കമ്മിറ്റികള്‍ ഓരോ 6 മാസം കൂട്ടുമ്പോഴും പദ്ധതി പ്രദേശവും അതിന് 20 കിമി തെക്കോട്ടും, 20 കിമി വടക്കോട്ടുമുള്ള തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഉത്തരവുകളിലെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് അവലോകനം ചെയ്ത് ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുമുണ്ട്. കൂടാതെ നിര്‍മാണവേളയില്‍ തീരവ്യതിയാനവുമായി ബന്ധപ്പെട്ട് നടത്തുന്ന നിരീക്ഷണങ്ങളും പഠനങ്ങളും കമ്മിറ്റികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുമുണ്ട്. എന്നാല്‍ നാളിതുവരെയുള്ള നിരീക്ഷണങ്ങളിലും പഠനങ്ങളിലും ശംഖുമുഖം വലിയതുറ ഭാഗങ്ങളില്‍ സംഭവിച്ച തീരശോഷണം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്ന് ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച കമ്മിറ്റികള്‍ ഇന്നേവരെ കണ്ടെത്തിയിട്ടുമില്ല.
രണ്ടു വര്‍ഷം മുന്‍പ് ശംഖുമുഖം തീരപ്രദേശത്ത് കോണ്‍ക്രീറ്റ് ഉശമുവൃമഴാണമഹഹ നിര്‍മിക്കുകയും ആ ഭാഗം തീരശോഷണത്തില്‍ നിന്നും മുക്തമാവുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തികള്‍ ശംഖുമുഖത്തേയും, വലിയതുറയിലേയും തീരശോഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നില്ല എന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്.
വിഴിഞ്ഞത്തെ പദ്ധതി പ്രദേശത്തു നിന്ന് ഏകദേശം 13 കി.മീ മുതല്‍ 15 കി.മീ വടക്കോട്ട് മാറിയാണ് വലിയതുറ, ശംഖുമുഖം തീരങ്ങള്‍ നിലകൊള്ളുന്നത്. തുറമുഖ നിര്‍മാണം മൂലം ഏതെങ്കിലും തരത്തില്‍ തീരശോഷണം ഉണ്ടാകുന്നെങ്കില്‍ അതിന്റെ പ്രഥമ ആഘാതം പ്രത്യക്ഷമാകേണ്ടത് അയല്‍ തീരമായ കോവളം തീരത്തായിരിക്കണം. തുടര്‍ന്ന് നിര്‍മാണ പ്രദേശത്തു നിന്ന് ദൂരം കൂടുന്നതനുസരിച്ച് തീരശോഷണത്തിന്റെ ആഘാതം ക്രമേണ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകേണ്ടതുമാണ്. തുറമുഖ പദ്ധതി പ്രദേശത്തു നിന്ന് 5 കി.മീ ദൂരപരിധിയിലുള്ള അയല്‍ തീരങ്ങളായ കോവളം ബീച്ച്, സമുദ്ര ബീച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുന്ന സമയം വരെ ഒരു തരത്തിലുള്ള തീരശോഷണമോ, മണല്‍നിക്ഷേപമോ അനുഭവപ്പെടാത്ത സാഹചര്യത്തില്‍ 13 മുതല്‍ 15 കിലോമീറ്റര്‍ ദൂരത്തുള്ള വലിയതുറ, ശംഖുമുഖം ഭാഗങ്ങളില്‍ സംഭവിക്കുന്ന കടലാക്രമണത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖ നിര്‍മാണമാണ് കാരണമെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് വ്യാജ ആരോപണം മാത്രമായിരിക്കും. അതുപോലെ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന്റെ തൊട്ട് തെക്കുഭാഗത്തെ തീരങ്ങളായ അടിമലത്തുറ, പുല്ലുവിള, പൂവ്വാര്‍ എന്നീ മേഖലകളിലും നിര്‍മാണം ആരംഭിച്ച ശേഷം ഒരു തരത്തിലുള്ള തീരവ്യതിയാനവും അനുഭവപ്പെട്ടിട്ടില്ല എന്ന് മേല്‍ പ്രസ്താവിച്ച കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളതീരം അതിന്റെ സമീപ തീരങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യാസപ്പെട്ടും വേറിട്ടും നില്‍ക്കുന്ന ഒന്നാണ്. തുറമുഖ നിര്‍മാണം നടക്കുന്ന തീരത്തിന്റെ തെക്കും- വടക്കുമുള്ള തീരങ്ങള്‍ നേര്‍രേഖയിലുള്ള തീരങ്ങളായിരിക്കെ, തുറമുഖം ഉള്‍പ്പെട്ടു വരുന്ന പദ്ധതി പ്രദേശം, തെക്ക് ഭാഗത്ത് തീര നേര്‍രേഖയില്‍ നിന്നും 300 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്ന പാറക്കൂട്ടമായ അടിമലത്തുറ മുനമ്പ് മുതല്‍ വടക്ക് തീര നേര്‍ രേഖയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ കടലിലേക്ക് തള്ളി നില്‍ക്കുന്ന പാറക്കൂട്ടമായ കോവളം മുനമ്പ് വരെയുള്ള തീരപ്രദേശം ഒരു പോക്കറ്റ് തീരമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മാനേജ്മെന്റ് (ചെന്നൈ) റിപ്പോര്‍ട്ട് (2013) പ്രകാരവും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (തിരുവനന്തപുരം) പഠനപ്രകാരവും ഇത് ഒരു സെസിമെന്റ് സബ്സിഡറി സബ് സെല്‍ അഥവാ പ്രൈമറി മാനേജ്മെന്റ് യൂണിറ്റ് ആയി നിലകൊള്ളുന്ന മേഖലയാണ്. അതായത് പ്രസ്തുത സെല്ലിനുള്ളില്‍ നടക്കുന്ന മണല്‍ നീക്കം സമീപ തീരങ്ങളില്‍ ഒരു വിധത്തിലുമുള്ള മാറ്റങ്ങളും സൃഷ്ടിക്കില്ല. നേര്‍രേഖയിലുള്ള തിരപ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം സമീപ തീരങ്ങളില്‍ പ്രത്യക്ഷമാകും. എന്നാല്‍ ഇതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി പോക്കറ്റ് ആകൃതിയില്‍ പാറ മുനമ്പുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രത്യേക സെഡിമെന്റ് സെല്ലായ തുറമുഖ നിര്‍മാണം നടക്കുന്ന പോക്കറ്റ് തീരം അയല്‍ തീരങ്ങള്‍ക്ക് യാതൊരു അഘാതവും സൃഷ്ടിക്കില്ല. തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പു
ള്ള കാലഘട്ടത്തില്‍ ശംഖുമുഖം, വലിയതുറ തുടങ്ങിയ കടലോര മേഖലകളില്‍ തീരശോഷണം വന്‍തോതില്‍ നടന്നിട്ടുണ്ടെന്ന് മുന്‍കാല പഠനങ്ങളും, സാറ്റലൈറ്റ് ചിത്രങ്ങളും അടിവരയിട്ട് തെളിയിക്കുന്നുമുണ്ട്.
തുറമുഖത്തിന്റെ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തീകരിച്ച് തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ സ്ഥലം വിട്ടു നല്‍കി ജീവനോപാധി നഷ്ടപ്പെട്ടവരുണ്ടെങ്കില്‍ അവരുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് തുറമുഖ പദ്ധതിയില്‍ ജോലി നല്‍കുകയോ അല്ലെങ്കില്‍ തുറമുഖം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലില്‍ 25% അവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ സംവരണം ചെയ്യപ്പെടുകയോ വേണം. അതൊരു മാനുഷിക പരിഗണനയാണ്.
വിഴിഞ്ഞം പദ്ധതിയുടെ തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്/ തീരദേശവാസികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള ട്രെയിനിങ്ങും അതിനാവശ്യമായ സാധന സാമഗ്രികള്‍ സബ്സിഡി നിരക്കില്‍ നല്‍കാനുള്ള സ്‌കീമും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് നടത്തേണ്ടതാണ്. അതുപോലെതന്നെ തീരദേശത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ തീരശോഷണത്തിന് ശാശ്വതപരിഹാരം എന്ന നിലയില്‍ കടലില്‍ തിരക്കുഴിക്കപ്പുറം നിന്ന് മണ്ണ് ഡ്രഡ്ജ് ചെയ്തെടുത്ത് തീരത്ത് നിക്ഷേപിച്ച് 100 മീറ്റര്‍ വീതിയിലും പത്തടി പൊക്കത്തിലും തീരത്തിന് സമാന്തരമായി നെടുനീളത്തില്‍ ഒരു മണ്‍തിട്ട (പാത്തി) നിര്‍മിച്ച് തീരപരിപോഷണത്തിലൂടെ തീര സംരക്ഷണം നടത്തണം. ഇത്തരത്തില്‍ തീരം സംരക്ഷിച്ച് തീരദേശവാസികളുടെ ആശങ്കകള്‍ ദൂരീകരിക്കണം.
കടലില്‍ ജിയോ ട്യൂബുകള്‍ ഇട്ട് തീരസംരക്ഷണം നടത്താനായി ആവിഷ്‌കരിച്ച പദ്ധതികള്‍ പരാജയപ്പെടുമ്പോള്‍ തീരശോഷണം തടയാന്‍ തീരപരിപോഷണം എന്ന ആശയം ഇവിടെ നടപ്പിലാക്കണം. തീര സംരക്ഷണത്തിനായി ശംഖുമുഖത്ത് നിര്‍മിച്ച ഡയഫ്രം വോള്‍ വടക്ക് കൊച്ചു തോപ്പുവരേയും തെക്ക് വലിയതുറ പാലം വരെയും നീട്ടി അത്രയും ഭാഗത്തെ തീരം സ്ഥായിയായി സംരക്ഷിക്കണം.
(കേരള പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിലെ റിട്ട ഹൈഡ്രോഗ്രാഫറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: