നാള്‍വഴി:
ഭാരതീയ നാഗരിക സുരക്ഷാ സംഹിത ക്രിമിനല്‍ നടപടിക്രമ നിയമങ്ങളെ യോജിപ്പിച്ച് ഭേദഗതി വരുത്തി കാലാനുസൃതമായി പരിഷ്കരിച്ചു തയ്യാറാക്കിയിട്ടുള്ളതാണ്. 2023 ഓഗസ്റ്റ് 8 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭാരതീയ പൗര സുരക്ഷാ ബില്‍, 2023 ലോക്സഭയില്‍ അവതരിപ്പിച്ചു. 2023 ഡിസംബര്‍ 12 ന് ഭാരതീയ പൗര സുരക്ഷ (രണ്ടാം) ഭേദഗതി ബില്‍, 2023 ലോക്സഭയില്‍ കൊണ്ടുവന്നു. 2023 ഡിസംബര്‍ 20 ന് ലോക്സഭയില്‍ ഈ ബില്‍ പാസ്സാക്കി. 2023 ഡിസംബര്‍ 21-ന് രാജ്യസഭയിലും പാസ്സാക്കി. 2023 ഡിസംബര്‍ 25ന് രാഷ്ട്രപതിയുടെ അനുമതി നേടി.
പ്രത്യേകതകള്‍: ഭാരതീയ നാഗരിക് സുരക്ഷയിലെ വ്യവസ്ഥകള്‍ ക്രിമിനല്‍ നടപടിക്രമങ്ങളെ ഏകീകരിക്കുകയും കൂടുതല്‍ സുതാര്യവും പ്രായോഗികവും ആക്കുകയും ചെയ്തു. കുറ്റാരോപിതരായ വ്യക്തികളെ സംബന്ധിച്ചുള്ള പൗരാവകാശങ്ങള്‍ ഭരണഘടനാനുസൃതമായി സംരക്ഷിക്കുന്നതിനും അഭിഭാഷകനോട് നിയമോപദേശം തേടുന്നതിനും ന്യായയുക്തമായ വിചാരണയ്ക്കും പൂര്‍ണ്ണ സംരക്ഷണം നല്കി. കുറ്റാരോപിതരുടെ മൗലിക അവകാശ സംരക്ഷണത്തിന് പുതിയ നിയമപരിഷ്കാരം കാരണമാകുന്നു. കുറ്റകൃത്യ വിചാരണാ നടപടി ക്രമത്തില്‍ കാലവിളമ്പം ഒഴിവാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായവും പ്രയോഗവും തെളിവെടുക്കുന്നതിലും കുറ്റകൃത്യങ്ങള്‍ വര്‍ഗീകരിക്കുന്നതിലും വന്നു.
കേസുകളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും സ്പഷ്ടവും ആയി പ്രത്യേക സാഹചര്യങ്ങളില്‍ കുറ്റാരോപിതരുടെ അവകാശങ്ങള്‍ വിപുലീകരിക്കുന്നു. കുറ്റകൃത്യങ്ങളുടെ ശിക്ഷയില്‍ വന്നിട്ടുള്ള വ്യത്യാസം അന്വേഷണ ഏജന്‍സികള്‍ക്ക് കുറ്റാരോപിതരുടെ അവകാശങ്ങള്‍ അവഗണിച്ച് ജാമ്യം തടസ്സപ്പെടുത്തുന്നതിന് സാധ്യത കുറയ്ക്കുന്നു. ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും കൂടുതല്‍ അധികാരം നല്കി. അതേസമയം സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. കുറ്റപത്രം ചുമത്തപ്പെട്ട കേസുകളില്‍ കോടതികള്‍ സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കുന്നതിന് വ്യവസ്ഥ വന്നു.
മാറ്റങ്ങള്‍: സിആര്‍പിസിയില്‍ 484 വകുപ്പുകള്‍ ഉണ്ടായിരുന്നത് 531 വകുപ്പുകളായി ഉയര്‍ത്തി. 160 വകുപ്പുകള്‍ മാറ്റം വരുത്തി. 22 വകുപ്പുകള്‍ ഒഴിവാക്കി. പുതുതായി 8 വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം മറ്റു വ്യവസ്ഥകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയും ഭാരതീയ ന്യായ സംഹിത 39 അധ്യായങ്ങളിലായി പുതിയ കാലത്തിനനുസരിച്ച് മാറ്റപ്പെട്ടു. സീറോ എഫ്ഐആര്‍, ഇ-എഫ്ഐആര്‍ സംവിധാനങ്ങള്‍ അന്വേഷണം ഏജന്‍സികളെ സംബന്ധിച്ച് കൂടുതല്‍ കരുത്ത് പകരുന്നതും അതോടൊപ്പം വ്യക്തികളെ സംബന്ധിച്ച് അത് കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതുമാണ്. പരാതിക്കാര്‍ക്ക് പോലീസ് സ്റ്റേഷന്റെ സഹായമില്ലാതെ തന്നെ എഫ്ഐആര്‍ ഇ-രജിസ്റ്റര്‍ ചെയ്ത് പിന്നീട് സെക്ഷന്‍ 173(2) പ്രകാരം പോലീസില്‍ നിന്ന് എഫ്ഐആര്‍ നമ്പര്‍ ഇട്ട് കോപ്പികള്‍ കൈപ്പറ്റുന്നതിനും, ചാര്‍ജ് ഷീറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് ലഭിക്കുന്നതിനുള്ള അവകാശം കൊണ്ടുവന്നു. രാജ്യത്ത് എവിടെനിന്നും ഏതു കുറ്റകൃത്യത്തിനും സെക്ഷന്‍ 173 (1)പ്രകാരം സീറോ എഫ്ഐആര്‍ വഴി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നത് കൂടുതല്‍ നിയമപരിരക്ഷയ്ക്ക് വഴിയൊരുക്കും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് നാടുവിടുകയോ നിയമത്തിനു മുന്നില്‍ വരാതെ ഇരിക്കുകയോ ചെയ്യുന്നവരെ സെക്ഷന്‍ 356 പ്രകാരം അവരുടെ അസാന്നിധ്യത്തിലും വിചാരണ ചെയ്യാനുള്ള നടപടി കൊണ്ടുവന്നു. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് സെക്ഷന്‍ 349 പ്രകാരം വിരലടയാളവും ശബ്ദ സാമ്പിളുകളും കൂടുതലായി പരിഗണിക്കാന്‍ വ്യവസ്ഥ വരുത്തി. കുറ്റവാളികള്‍ക്ക് കൈവിലങ്ങ് ഇടുന്നത് ഗൗരവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കുറ്റങ്ങള്‍ക്ക് മാത്രമാക്കി. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ കാലയളവും കോടതിയുടെ അനുമതിയോടെ മറ്റൊരു 90 ദിവസവും ഉള്‍പ്പെടെ 180 ദിവസമാക്കി. ഇത് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാതെ ഇരിക്കുന്ന സാഹചര്യം ഒഴിവാക്കും. അന്വേഷണ ഘട്ടങ്ങളില്‍ വീഡിയോഗ്രാഫി നിര്‍ബന്ധമാക്കുകയും കുറ്റപത്രത്തിന്റെ ഭാഗമാക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ള കേസുകളില്‍ സെക്ഷന്‍ 218 പ്രകാരം 120 ദിവസത്തിനകം പ്രോസിക്യൂഷന് അനുമതി നല്‍കിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി കോടതികള്‍ക്ക് വിചാരണയുമായി മുന്നോട്ടു പോകാം ഇത് അഴിമതിയും മറ്റ് സമാന കുറ്റകൃത്യങ്ങളും തടയുന്നതിന് സഹായിക്കും.
നാഗരിക സുരക്ഷാ സംഹിത സെക്ഷന്‍ 300 പ്രകാരം കുട്ടികള്‍ക്ക് എതിരെയുള്ള കുറ്റങ്ങള്‍ക്ക് പ്ലീ ബാര്ഗെയിനിങ്ങിന് (വിലപേശല്‍) കഴിയില്ല. മുന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 16 മുതല്‍ 19 വരെ മെട്രോപൊളിറ്റന്‍ കോടതികള്‍ എന്ന വിവക്ഷ ഒഴിവാക്കി. സെക്ഷന്‍ 27 പ്രകാരം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് എതിരായുള്ള കുറ്റകൃത്യങ്ങളുടെ പരിധി ഒഴിവാക്കി. സെക്ഷന്‍ 497 പ്രകാരം തെളിവിലേക്ക് എടുക്കുന്ന വസ്തുക്കളോ രേഖകളോ കോടതിയുടെ പരിഗണനയ്ക്കു ശേഷം 30 ദിവസത്തിനുള്ളില്‍ വിട്ടുകൊടുക്കുന്നതിനും ഒഴിവാക്കുന്നതിനും വ്യവസ്ഥ കൊണ്ടുവന്നത് കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും. സമന്‍സ് ഓണ്‍ലൈനായി സാങ്കേതികമാധ്യമത്തിലൂടെയും സാക്ഷികള്‍ക്കും പ്രതികള്‍ക്കും നല്‍കുന്നതിന് സെക്ഷന്‍ 64 പ്രകാരം വ്യവസ്ഥ കൊണ്ടുവന്നത് ഇക്കാര്യത്തിലുള്ള കാലതാമസം ഒഴിവാക്കുകയും കൃത്യമാക്കുകയും ചെയ്യും. കുറ്റകൃത്യങ്ങളുടെ ദൃശ്യവത്കരണം വിചാരണാ നടപടികളെ ത്വരിതപെടുത്തും. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. കേസുകളില്‍ കുറ്റപത്രം നല്കിയാല് കേസ് ദീര്‍ഘമായി നീട്ടിവെക്കുന്നത് രണ്ട് തവണയായി ചുരുക്കി.
ഉള്ളടക്കവും വകുപ്പുകളും: നാഗരിക് സുരക്ഷാ സംഹിത അധ്യായം 1-ല്‍ സെക്ഷന്‍ 1 മുതല്‍ 5 വരെ കുറ്റകൃത്യങ്ങളെ സംബന്ധിച്ചും നിര്‍വചനങ്ങളെ സംബന്ധിച്ചും വ്യക്തത വരുത്തി ന്യായസംഹിതയുടെ അധികാരപരിധി നിശ്ചയിക്കുന്നു. സെക്ഷന്‍ 2ല്‍ സെക്ഷന്‍ 6 മുതല്‍ 20 വരെ കോടതികളുടെ അധികാരപരിധി നിശ്ചയിക്കുന്നു. സെക്ഷന്‍ 3ല്‍ സെക്ഷന്‍ 21 മുതല്‍ 29 വരെ കോടതികളുടെ അധികാരവും കേസുകള്‍ പരിഗണിക്കാനുള്ള വിവിധ കോടതികളുടെ ഉത്തരവാദിത്തവും വിവക്ഷിക്കുന്നു. അധ്യായം 4-ല്‍ സെക്ഷന്‍ 30 മുതല്‍ 34 വരെ പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും അധികാരപരിധി നിശ്ചയിക്കുന്നു. അധ്യായം 5-ല്‍ സെക്ഷന്‍ 35 മുതല്‍ 62 വരെ വ്യക്തികളുടെ അറസ്റ്റും തുടര്‍നടപടികളും പ്രതിപാദിക്കുന്നു. ഇതില്‍ ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാനും ഒപ്പം തന്നെ വ്യക്തികള്‍ക്ക് അറസ്റ്റില്‍ നിന്ന് പരിരക്ഷ ലഭിക്കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. സെക്ഷന്‍ 47 പ്രകാരം വ്യക്തികള്‍ക്ക് അറസ്റ്റിന്റെ കാരണങ്ങളും, ജാമ്യത്തിനു
ള്ള അവകാശവും, സെക്ഷന്‍ 48 പ്രകാരം സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയിക്കുന്നതിനുള്ള അവകാശവും കൊണ്ടുവന്നു. അധ്യായം 6-ല്‍ സെക്ഷന്‍ 63 മുതല്‍ 93 വരെ സമന്‍സും വാറന്റും നടത്തുന്നതിനുള്ള നടപടികളും സെക്ഷന്‍ 84 ലും 85 ഉം പ്രകാരം ഹാജരാവാതിരിക്കുകയോ ഒളിവില്‍ പോവുകയും ചെയ്യുന്ന പ്രതികളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നതിനും വ്യവസ്ഥ വരുത്തി.
കേരള ഹൈക്കോടതി സെന്‍ട്രല്‍ ഗവ. സീനിയര്‍ പാനല്‍ കൗണ്‍സലും ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനറുമാണ് ലേഖകന്‍ (ഫോണ്‍: 9447408066)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: