കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ(കുസാറ്റ്) റഡാര്‍ ഗവേഷണ കേന്ദ്രം വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ അനീറ്റ ക്രിസ്റ്റിക്ക്, ഏഷ്യ ഓഷ്യാനിയ ജിയോസയന്‍സ് സൊസൈറ്റി (എഒജിഎസ്) യുടെ മികച്ച പ്രബന്ധത്തിനുള്ള അന്താരാഷ്‌ട്ര ഗവേഷണ അവാര്‍ഡ് ലഭിച്ചു.
ജൂണ്‍ 23 മുതല്‍ 28 വരെ ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന എഒജിഎസ് അന്താരാഷ്‌ട്ര കോണ്‍ഫെറെന്‍സില്‍, അന്തരീക്ഷത്തിന്റെ ഏറ്റവും അടിത്തട്ടിലെ പാളിയായ ഭൂസ്പര്‍ശമണ്ഡലത്തിന്റെ സ്വഭാവ സവിശേഷതകള്‍ റഡാര്‍ വിദൂര സംവേദനം മുഖേന മനസിലാക്കുന്നതിനുള്ള നവീനമാര്‍ഗം ആവിഷ്‌കരിച്ചതിനാണ് അവാര്‍ഡ്.
കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പ്രബന്ധത്തിനാണ് അഭിമാനാര്‍ഹമായ ഈ നേട്ടം.
അന്തരീക്ഷത്തിലെ സംവഹന പ്രക്രിയ, കൂമ്പാര മേഘങ്ങളുടെ രൂപീകരണം, ഇടിമിന്നല്‍, അന്തരീക്ഷ മലിനീകരണം, മൂടല്‍മഞ്ഞ് മുതലായവയുടെ പഠനത്തിന് അനുപേക്ഷണീയമായ നവീനമായ ഒരു സങ്കേതമാണ് ഈ പ്രബന്ധത്തിലൂടെ അവതരിപ്പിച്ചത്.
കൊല്ലം ടാഗോര്‍ ജങ്ഷന്‍ ഓസ്റ്റിന്‍ വില്ലയില്‍ ക്രിസ്റ്റഫറിന്റെയും വിമലയുടെയും മകളാണ് ഏഞ്ചല്‍. ബെനീറ്റ, ഓസ്റ്റിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക