ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബാക്കി ഭാഗങ്ങള്‍ക്കൊപ്പം 377-ാംവകുപ്പ് ഒഴിവാക്കി. അധ്യായം~ഒന്ന് മുതല്‍ മൂന്ന് വരെ, സെക്ഷന്‍ ഒന്ന് മുതല്‍ 44 വരെ ന്യായ സംഹിതയില്‍ കുറ്റകൃത്യങ്ങളുടെ വിവക്ഷയും വ്യാഖ്യാനങ്ങളും ഉള്‍പ്പെടുത്തി. അധ്യായം നാലില്‍ ഗൂഢാലോചനയും പ്രേരണാ കുറ്റങ്ങളും സെക്ഷന്‍ 45 മുതല്‍ 62 വരെ ഉള്‍പ്പെടുത്തി.
അധ്യായം 5 ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ സെക്ഷന്‍ 63 മുതല്‍ 99 വരെ ഉള്‍പ്പെടുത്തി. ബലാത്സംഗം, പിന്തുടരല്, അതിക്രമം, സ്ത്രീയുടെ മാനത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സ്ത്രീധനപീഡനം, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും അസാന്മാര്ഗിക പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതും, പ്രേരിപ്പിക്കുന്നതും എല്ലാം കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കി. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയാല് സെക്ഷന്‍ 70 (2) പ്രകാരം വധശിക്ഷയോ, ജീവപര്യന്തമോ കിട്ടാവുന്ന കുറ്റമാക്കി. ശിക്ഷാനിയമം അധ്യായം 6ല്‍ ശരീരത്തിന് നേരെയുള്ള അതിക്രമങ്ങളും, കുറ്റകൃത്യങ്ങളും സെക്ഷന്‍ 100 മുതല്‍ 146 വരെ ഉള്‍പ്പെടുത്തി.
കൊലപാതകം, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ആത്മഹത്യാ പ്രേരണ, ഗുരുതരവും സാധാരണയുമായ മുറിവേല്‍പ്പിക്കല്‍ എന്നിവ നിലവിലെ നിയമസംവിധാനത്തെ പോലെ നിലനിര്‍ത്തി. സംഘടിത കുറ്റകൃത്യങ്ങളും, തീവ്രവാദം, സമാനമായ അതിക്രമങ്ങള്‍ എന്നിവ ഗുരുതരമായ കുറ്റകൃത്യങ്ങളായി ചേര്‍ത്തു. സെക്ഷന്‍ 111 അനുസരിച്ച് സംഘടിത കുറ്റകൃത്യം ജീവപര്യന്തമോ, വധശിക്ഷയോ ആക്കാവുന്ന കുറ്റമാക്കി. സെക്ഷന്‍ 113 ഭീകരവാദ പ്രവര്‍ത്തനവും ശിക്ഷാനിയമത്തിന്റെ ഭാഗമായി. സെക്ഷന്‍ 104 പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ തുടര്‍ന്നും കൊലപാതക കേസില്‍ പ്രതിയായാല്‍ വധശിക്ഷയോ, ജീവിതാവസാനം വരെ തടവോ ഏര്‍പ്പെടുത്തി. ചാപ്റ്റര്‍ 7-ല്‍ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ സെക്ഷന്‍ 147 മുതല്‍ 158 വരെ ഉള്‍പ്പെടുത്തി. സെക്ഷന്‍ 124 (എ) ഐപിസിയില്‍ പെട്ടിരുന്ന രാജ്യദ്രോഹ കുറ്റം ഒഴിവാക്കി, എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ പ്രവര്‍ത്തികള്‍ വധശിക്ഷയോ, ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാക്കി, ഒപ്പം തന്നെ കൂടുതല്‍ വിവക്ഷയും കൂട്ടിച്ചേര്‍ത്തു. അധ്യായം 8-ല്‍ കര, നാവിക, വ്യോമയാന സേനകളും ആയി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ സെക്ഷന്‍ 159 മുതല്‍ 168 വരെ ഉള്‍പ്പെടുത്തി. അധ്യായം 9-ല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കുറ്റകൃത്യങ്ങള്‍ സെക്ഷന്‍ 169 മുതല്‍ 177 വരെ ഉള്‍പ്പെടുത്തി. ഇത് ഐപിസിയില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലാതെ ചേര്‍ത്തിട്ടുള്ളതാണ്.
അധ്യായം 10 ല്‍ നാണയങ്ങള്‍, നോട്ട്, സ്റ്റാമ്പ്, ബാങ്കിംഗ് ഇവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വ്യതിയാനങ്ങള്‍ ഇല്ലാതെ സെക്ഷന്‍ 178 മുതല്‍ 188 വരെ ഉള്‍പ്പെടുത്തി. അധ്യായം 11-ല്‍ പൊതുസമാധാനം കാത്തുസൂക്ഷിക്കുന്നതിന് സെക്ഷന്‍ 189 മുതല്‍ 197 വരെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. അധ്യായം 12-ല്‍ സര്‍ക്കാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചേര്‍ത്തു, സെക്ഷന്‍ 198 മുതല്‍ 205 വരെ. അധ്യായം 13-ല്‍ സെക്ഷന്‍ 206 മുതല്‍ 226 വരെ പൊതുസേവകരുടെ നടപടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി. അധ്യായം 14-ല്‍ സെക്ഷന്‍ 227 മുതല്‍ 269 വരെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും, ശ്രവിക്കുന്നതും നിയമപരമായ ഉത്തരവാദിത്തങ്ങള്‍ നിഷേധിക്കുന്നതും ഉള്‍പ്പെടുത്തി. അധ്യായം 15-ല്‍ സെക്ഷന്‍ 270 മുതല്‍ 297 വരെ പൊതുജനാരോഗ്യവും, സുരക്ഷയും, ധാര്‍മികവും, മാന്യതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി. അധ്യായം 16-ല്‍ മതത്തിന് എതിരായുള്ള കുറ്റകൃത്യങ്ങള്‍ സെക്ഷന്‍ 298 മുതല്‍ 302 വരെ ഉള്‍പ്പെടുത്തി. സെക്ഷന്‍ 32 പ്രകാരം വ്യക്തികളുടെ മതപരമായ വിശ്വാസത്തെയും, സ്വാതന്ത്ര്യത്തെയും മുറിവേല്‍പ്പിച്ചാലോ മതപരമായ കൂടിച്ചേരലുകള്‍ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ വാക്കുകളോ വിക്ഷേപങ്ങളോ മൂലം അപകീര്‍ത്തി വരുത്തിയാലോ 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി. അധ്യായം 17-ല്‍ സ്വത്തുക്കള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സെക്ഷന്‍ 303 മുതല്‍ 334 വരെ ചേര്‍ത്തു. ഇതില്‍ കവര്‍ച്ച, വീടുകയറിയുള്ള കവര്‍ച്ച, മോക്ഷണം, വഞ്ചന എന്നിവ നിലനിര്‍ത്തുകയും ഒപ്പം സൈബര്‍, ഡിജിറ്റല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവയും കൂട്ടിച്ചേര്‍ത്തു. അധ്യായം 18 ലും 19 ലുമായി സെക്ഷന്‍ 335 മുതല്‍ 357 വരെ പ്രമാണങ്ങള്‍ക്കും, സ്വത്തുക്കള്‍ക്കും വസ്തുവകകള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി.
അധ്യായം 20-ല്‍ നിയമ ഭേദഗതികള്‍ക്കുള്ള അവകാശം സെക്ഷന്‍ 358ലും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഭാരത ന്യായ സംഹിതയില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൂടി ജെന്‍ഡര്‍ നിര്‍വചനത്തില്‍ വരുന്നു. സംഘടിത ആക്രമണത്തിനും രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായി മാറി. ഭീകരവാദത്തിന്റെ നിര്‍വചനം രാജ്യത്തെ പൊതുക്രമത്തെ തടസ്സപ്പെടുത്തുന്നതോ, അസ്ഥിരപ്പെടുത്തുന്നതോ ആയി വിവക്ഷിച്ചു. യുഎപിഎ നിയമ വിവക്ഷയിലെ പ്രയോഗം പോലും കൂടുതല്‍ വ്യക്തമായി ന്യായ സംഹിതയില്പ്പെടുത്തി. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുന്നതും ഗുരുതര കുറ്റമായി ഉള്‍പ്പെടുത്തി.
നിലവിലെ സാമൂഹിക സാഹചര്യത്തില്‍ കാലാനുസൃതമായ ഭേദഗതികളും മുന്‍കാല കോടതി വിധികളുടെ അന്തസത്ത ഉള്‍ക്കൊണ്ട് ഭേദഗതി വരുത്തിയതുമായ കുറ്റകൃത്യങ്ങളും ശിക്ഷയുമാണ് പ്രധാനമായും ഭാരതീയ ന്യായ സംഹിതയെ വരുംകാലത്തേക്കുള്ള ശക്തവും പ്രായോഗികവുമായ നിയമമാക്കി മാറ്റുന്നത്. നിയമം നടപ്പിലാക്കുമ്പോള്‍ പ്രതീക്ഷിക്കപ്പെടുന്ന നിയമപരമായ തര്‍ക്കങ്ങളോ ഒഴിവാക്കപ്പെടലുകളോ പുനര്‍ നിര്‍വചനമോ എല്ലാം ഭരണഘടനാനുശ്രിതമായി കോടതികള്‍ വിലയിരുത്തേണ്ടതും വിവക്ഷിക്കപ്പെടേണ്ടതും
നിര്വചിക്കപ്പെടേണ്ടതുമായ വിഷയങ്ങളാണ്. നിലവിലുള്ള ഏത് നിയമത്തിനും ഉണ്ടാകുന്ന വ്യാഖ്യാനങ്ങളും തിരുത്തലുകളും പുതിയ നിയമത്തിനും അന്യമല്ല.
കേരള ഹൈക്കോടതി സെന്‍ട്രല്‍ ഗവ. സീനിയര്‍ പാനല്‍ കൗണ്‍സലും ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനറുമാണ് ലേഖകന്‍
ഫോണ്‍: 9447408066
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: