കൊച്ചി: മാതാപിതാക്കള്‍ക്കൊരു വീട് ക്യാമ്പയിന്റെ ഭാഗമായുള്ള ആദ്യ ചിത്രങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് കൈമാറി കോഴിക്കോട് കൊയിലാണ്ടി പുളിയറക്കുന്നത് ജെസ്ന സലീം. വെണ്ണയുണ്ണുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വലിയ കാന്‍വാസില്‍ ചിത്രീകരിച്ചാണ് കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തിയ സുരേഷ്ഗോപിക്ക് കൈമാറിയത്.
താമരശ്ശേരി പൂനൂരില്‍ താമസിക്കുന്ന ജെസ്നയുടെ വയോധികരായ അച്ഛനും അമ്മയ്ക്കും ഒരു വീടെന്നത് ഏറെക്കാലത്തെ സ്വപ്നമാണ്. താനടക്കം മൂന്ന് പെണ്മക്കളടങ്ങുന്നതാണ് കുടുംബം. മക്കള്‍ക്കായി ഇക്കാലമത്രയും ജീവിച്ച രക്ഷിതാക്കള്‍ക്കായി ഇതിലും വലിയൊരു സമ്മാനം നല്‍കാനില്ലെന്നും ജെസ്ന പറയുന്നു. വീട് നിര്‍മാണത്തിന് സഹായം തേടി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു കാമ്പയിന് വീഡിയോ ഇട്ടിരുന്നു. 400 ഫോട്ടോയുടെ ഓര്‍ഡര്‍ കിട്ടിയാല്‍ വീടെന്ന തന്റെ ആഗ്രഹം സാധിക്കുമെന്നും ഇതിനായി സഹായിക്കണമെന്നുമായിരുന്നു വീഡിയോ. ഇതുകണ്ട് സുരേഷ്ഗോപി നേരിട്ട് ബന്ധപ്പെട്ട് രണ്ട് ചിത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. കൊച്ചിയിലെത്തുമ്പോള്‍ നല്കണമെന്നറിയിച്ചത് പ്രകാരമാണ് ഇവിടെ എത്തിയതെന്നും ഇതിലൊരു ഫോട്ടോ കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് നല്‍കാനാണെന്ന് അദ്ദേഹം പറഞ്ഞതായും ജസ്ന പറഞ്ഞു.
നിലവില്‍ 150 ഫോട്ടോയുടെ ഓര്‍ഡറുണ്ട്. 400 ഫോട്ടോയുടെ ഓര്‍ഡര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇവ തയാറാക്കുന്നതിനായി രണ്ട് വര്‍ഷം രാപകല്‍ ജോലിയെടുക്കണമെന്നും അവര്‍ പറഞ്ഞു. താന്‍ ഇന്ന് ഈ നിലയിലെത്താന്‍ കാരണം സുരേഷ് ഗോപിയാണ്. അതാണ് അദ്ദേഹത്തിന് തന്നെ ആദ്യചിത്രം നല്കി വീട് പണിക്ക് തുടക്കം കുറിക്കാന്‍ ആഗ്രഹിച്ചതെന്നും ജസ്ന പറഞ്ഞു. അടുത്ത ദിവസം തന്നെ വീടിന്റെ പണികള്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കൃഷ്ണഭക്തയായ ജസ്ന നേരത്തെ തന്നെ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നതിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. 2014 മുതല്‍ ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ മാത്രം വലിയ കാന്‍വാസില്‍ തയാറാക്കി ആവശ്യക്കാര്‍ക്ക് വില്പന നടത്തിവരികയാണ്. ശ്രീകൃഷ്ണജയന്തിക്ക് ഗുരുവായൂരപ്പന് സമര്‍പ്പിക്കാനായി തന്നേക്കാളും ഉയരമുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: