പറ്റിക്കാനാണേലും ഇങ്ങനൊന്നും പറയരുതെന്ന് പറയണം സാറേ… എന്ന മുഖഭാവത്തിലാണ് പതിനെട്ടാം ലോക്‌സയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ മുഹൂര്‍ത്തങ്ങളില്‍ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ കണ്ടതെന്ന് കണ്ടവര്‍ പലരും പറയുന്നു. കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമായി പുത്തന്‍കൂറ്റ് ഹൈക്കമാന്‍ഡ് വേണുസാറ് ഒപ്പം നിന്നിട്ടും മുഖത്ത് വിരിഞ്ഞ നിസ്സഹായന്റെ ഭാവം മറയ്‌ക്കാന്‍ സുരേഷിനായില്ല എന്നത് വാസ്തവമാണ്.
ഭരണഘടനയ്‌ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കാനിറങ്ങിയ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ വല്ലാത്ത ആവേശത്തിലാണ്. 542 അംഗ ലോക്‌സഭയില്‍ 99 എംപിമാരെ കിട്ടിയതിന്റെ അതിരില്ലാത്ത ആഘോഷം ഒരുവശത്ത്. പത്ത് കൊല്ലത്തിനിപ്പുറം പ്രതിപക്ഷനേതാവായിട്ടെങ്കിലും നാലാള് കേട്ടാല്‍ കൊള്ളാവുന്ന ഒരു പദവിയില്‍ രാഹുല്‍ എത്തിയതിന്റെ ആക്രാന്തം മറുഭാഗത്ത്. സത്യപ്രതിജ്ഞ ചെയ്യാന്‍ തന്നെ എല്ലാവരും എത്തിയത് ഭരണഘടനയുടെ ചെറുപതിപ്പുമായാണ്. പ്രതിജ്ഞാവാചകം ചൊല്ലിക്കഴിഞ്ഞപ്പോള്‍ ജയ് സംവിധാന്‍ എന്ന മുദ്രാവാക്യവും. ആകെ മൊത്തം ആദര്‍ശഭരിതമായിരുന്നു അന്തരീക്ഷം. അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തിലാണ് ഇന്ദിരയുടെ മരുമകളും കൊച്ചുമോനും ഒക്കെക്കൂടി ഈ പ്രഹസന നാടകം കളിച്ചതെന്നാണ് കോമഡി.
അതിനൊക്കെ പുറമെയാണ് കൊടിക്കുന്നിലിനെ ചട്ടുകമാക്കി ഇളക്കിയത്. പാവത്തിന് പക്ഷേ ഇപ്പോഴും രാഹുല്‍ജിയും വേണുസാറും ഒക്കെക്കൂടി എന്താണ് ചെയ്തതെന്ന് മനസിലായിട്ടുണ്ടോ എന്ന് സംശയമുണ്ട്.
മോദി പ്രധാനമന്ത്രിയായതിന് ശേഷം, എംപിയാവുക എന്നത് അത്ര സുഖം പരിപാടിയായിട്ട് സുരേഷിന് തോന്നിയിട്ടില്ല. മുന്‍പ് പല തവണയും ഇനി കേരളത്തില്‍ നില്‍ക്കുകയാണെന്ന് സുരേഷ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ജാതിയുടെ പേരിലാണ് കളിയത്രയും. അതും സംഘടിപ്പിച്ചതാണെന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴും സുരേഷ് തന്റെ ജാതിയെക്കുറിച്ച് ബോധവാനാകും. ഒരു പട്ടികജാതിക്കാരന്‍ പ്രസിഡന്റാകാന്‍ യോഗ്യതയുണ്ടെന്ന് ആദ്യമേ എറിയും. വേണുസാറിന്റെ ഹൈക്കമാന്‍ഡ് പേര് വെട്ടും. വര്‍ക്കിങ് ഏരിയയില്‍ ഇരുന്നാല്‍ മതിയെന്ന് പറയും. അതുകഴിഞ്ഞ് പത്രസമ്മേളനത്തില്‍ മൈക്കിന് മുന്നില്‍ ജാതി അവഗണനയെക്കുറിച്ച് ആത്മഗതം ചൊല്ലി നെടുവീര്‍പ്പിടും.
പാര്‍ലമെന്റിലെ സീനിയറാണെന്നും പ്രോടെം സ്പീക്കറായി വിളിക്കേണ്ടത് സുരേഷിനെയാണെന്നും പറഞ്ഞ് വേണുസാറും കൂട്ടരും അദ്ദേഹത്തെ ഇളക്കിയതാണ് ഒടുവിലത്തെ സംഭവം. സീനിയറായതുകൊണ്ട് പ്രോടെം സ്പീക്കറാക്കണം, അതാണ് കീഴ്‌വഴക്കം എന്ന് പറഞ്ഞാല്‍ പിന്നെയും ഒരു സുഖമുണ്ട്. അവിടെയും കേട്ട പാതി കേള്‍ക്കാത്ത പാതി സുരേഷ് കിട്ടിയ ജാതിയെടുത്ത് വീശി. പട്ടികജാതിക്കാരനായതുകൊണ്ട് മോദി സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് വലിയ വായില്‍ നിലവിളിച്ചു. ചെങ്കോലിന്റെ അകമ്പടിയില്‍ പാര്‍ലമെന്റിന്റെയാകെ അഭിവാദ്യം സ്വീകരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസംഗിച്ച പാര്‍ലമെന്റ് കെട്ടിടത്തിന്റെ വെളിമ്പറമ്പില്‍ വന്നിരുന്ന് ജാതി അവഗണനയെക്കുറിച്ച് ഉച്ചത്തില്‍ ആത്മഗതം ചെയ്യുകയും നെടുവീര്‍പ്പിടുകയും ചെയ്തു. പതിവുപോലെ വേണുസാര്‍ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും ആശ്വസിപ്പിച്ചു.
പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നും നമുക്ക് അത് ചോദിക്കാമെന്നും മോദി അതും തന്നില്ലെങ്കില്‍ സുരേഷിനെ സ്പീക്കറാക്കിത്തരാമെന്നും രാഹുല്‍ജിയും വേണുസാറും പറഞ്ഞത് കേട്ടാണ് പാവം അടുത്ത കളിക്കിറങ്ങിയത്. കേരളത്തിലെ കുറേ മാധ്യമങ്ങള്‍ കൂടി ഒപ്പം നിന്നപ്പോള്‍ പഴയ ചരിത്രം ഒന്ന് ചികഞ്ഞുപോലും നോക്കാതെ ആ എല്‍എല്‍ബിക്കാരന്‍ എംപി പിന്നെയും മോഹക്കൊട്ടാരം കെട്ടി. രാഹുല്‍ജിയുടെ അപ്പനപ്പൂപ്പന്മാരുടെ കാലത്ത് പ്രതിപക്ഷത്തിനായിരുന്നോ ഡെപ്യൂട്ടി സ്പീക്കര്‍ പദവി എന്ന മറുചോദ്യം ചോദിക്കാനുള്ള ബോധം പോലും അപ്പോള്‍ കുന്നത്ത് കൊടിപാറിക്കുന്നത് സ്വപ്‌നം കണ്ടിരുന്ന സുരേഷിന് ഉണ്ടായില്ല എന്നതാണ് വാസ്തവം, 1951 മുതല്‍ 1969 വരെയും കോണ്‍ഗ്രസുകാരന്‍ തന്നെയായിരുന്നു ആ പദവിയില്‍. എം. അനന്തശയനം അയ്യങ്കാര്‍, ഹുക്കം സിങ്, എസ്.വി. കൃഷ്ണമൂര്‍ത്തി റാവു, ആര്‍.കെ. ഖാദില്‍ക്കര്‍ എന്നിവര്‍. രാഹുലിന്റെ മുത്തശ്ശി ഇന്ദിരയും പിന്നീട് അച്ഛന്‍ രാജീവും പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭരണമുന്നണിയില്‍പ്പെട്ടവരായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ 1980 മുതല്‍ 84 വരെ ഡിഎംകെയിലെ ജി. ലക്ഷ്മണനും 89 വരെ അണ്ണാ ഡിഎംകെയിലെ തമ്പിദുരൈയും. അടുത്ത ടേമില്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായ ശിവരാജ് പാട്ടീല്‍ ഡെപ്യൂട്ടി സ്പീക്കറായി. അപ്പോള്‍പ്പിന്നെ കൊടിക്കുന്നിലിനെ സ്വപ്‌നം കാണിക്കാന്‍ ഇവരിങ്ങനെ കള്ളക്കഥ പറഞ്ഞതെന്തിനാണെന്നാണ് മനസിലാകാത്തത്.
സ്പീക്കറാക്കാമെന്ന് പറഞ്ഞ് കൊടിക്കുന്നിലിനെ മത്സരിപ്പിച്ചു. അതുപോരാഞ്ഞ് എന്‍ഡിഎ നെടുകെ പിളരുമെന്നും കൊടിക്കുന്നില്‍ സ്പീക്കറാകുമെന്നും പറഞ്ഞ് മോഹിപ്പിച്ചു. മമത വട്ടമുടക്കിയിട്ടും സ്വപ്‌നം വിതച്ച് നൂറ് മേനി വിളവിനായി സുരേഷ് കാത്തിരുന്നു. തരൂര്‍ജിയടക്കം തനിക്ക് വോട്ട് ചെയ്യേണ്ട അഞ്ച് പേര്‍ സത്യപ്രതിജ്ഞ പോലും ചെയ്യാതെ മുങ്ങിയിട്ടും മനോരാജ്യത്തില്‍ കെട്ടിയ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങാന്‍ കൊടിക്കുന്നില്‍ കൂട്ടാക്കിയില്ല. മുഹൂര്‍ത്തം അടുത്തപ്പോള്‍ സാറും ജിയും മൗനം. വോട്ടെടുപ്പ് ആവശ്യപ്പെടാന്‍ പോലും ആരുമുണ്ടായില്ല. കൊടിക്കുന്നില്‍ വീണ്ടും ആത്മഗതത്തിലേക്ക് മടങ്ങി. ജി പ്രതിപക്ഷ നേതാവായി. പ്രധാനമന്ത്രിക്ക് കൈ കൊടുക്കുന്നു. അദ്ദേഹത്തോടൊപ്പം സ്പീക്കര്‍ ഓം ബിര്‍ളയെ അഭിനന്ദിക്കുന്നു. സംവിധാന്‍ പൊക്കിപ്പിടിക്കുന്നു. സുരേഷിന് ആത്മഗതവും വേണുസാറിന്റെ കെട്ടിപ്പിടിത്തവും മിച്ചം. പിന്നെ ആകെയുള്ള ഒരാശ്വാസം ഇതൊന്നും ഒരു കളിയാക്കലായേ സുരേഷിന് മനസിലാകില്ല എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: