രണ്ടു നൂറ്റാണ്ടുമുമ്പ് കൊച്ചി രാജ്യം അടക്കി ഭരിച്ച രാമവര്‍മ്മ എന്ന ശക്തന് തമ്പുരാന് തീപ്പെട്ടത് എ.ഡി. 1805ല്‍. കൊച്ചി രാജാക്കന്മാര് മരിച്ചാല്‍ ‘തീപ്പെട്ടുവെന്നാണ് പറയുക. എന്നാല്‍ തിരുവിതാംകൂര്‍ രാജാക്കന്മാര് ‘നാടുനീങ്ങുകയാണ്. അതുപോലെ കൊച്ചി രാജാക്കന്മാര്ക്ക് മൂന്നു പേരുകളേയുള്ളൂ. രാമവര്‍മ്മ, രവിവര്‍മ്മ, കേരളവര്‍മ്മ- ബ്രിട്ടീഷുകാരുമായി വിയോജിച്ച് രാജാധികാരം ഉപേക്ഷിച്ച് തൃശൂരില്‍ താമസമാക്കിയ തമ്പുരാനെ വാഴ്ചയൊഴിഞ്ഞ തമ്പുരാന്’എന്നാണ് പറയുക. ഗാന്ധിജിപോലും അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.
ശക്തന് തമ്പുരാന്റെ സ്മരണയ്ക്ക് തൃശൂരില്‍ ഒരു മ്യൂസിയമുണ്ട്. അവിടെ മുന്നിലായി ഒരു പഴയ പീരങ്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൈസൂര്‍ പടയോട്ടം തൃശൂരിലൂടെ കടന്നുപോയത് തമ്പുരാന്റെ കാലത്താണ്. എന്നാല്‍ ശക്തനാണെങ്കിലും അവരുമായി ധാരണയിലെത്തുകയാണ് തമ്പുരാന് ചെയ്തത്. ഇല്ലെങ്കില്‍ ഇന്നത്തെ ‘തൃശിവപേരൂര്’ ഉണ്ടാകുമായിരുന്നില്ല. ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും ഇതേ നയംതന്നെയാണ് തമ്പുരാന് സ്വീകരിച്ചത്. ഇല്ലെങ്കില്‍ കൊച്ചി രാജ്യംതന്നെ മറ്റൊരു ഗോവയാകുമായിരുന്നു.
ബാഹ്യശത്രുക്കളോട് വിധേയത്വം പുലര്‍ത്തിയപ്പോള്‍ ആഭ്യന്തര ശത്രുക്കളോട് ചോരയുടേയും ഇരുമ്പിന്‍േറയും നയം സ്വീകരിച്ചു. അദ്ദേഹത്തിന്റെ പ്രധാനശത്രുക്കള്‍ നമ്പൂതിരിമാരായിരുന്നു. വടക്കുംനാഥക്ഷേത്രം അവരുടെ നിയന്ത്രണത്തിലും. നമ്പൂതിരിമാരെ ‘പ്രത്യക്ഷദൈവങ്ങളായി കണ്ടിരുന്ന കോഴിക്കോട് സാമൂതിരിയുടെ നിയന്ത്രണത്തിലുമായിരുന്നു പഴയ കൊച്ചി രാജ്യം. ടിപ്പുവിന്റെ പടയോട്ടം സാമൂതിരിമാരെ നിലംപരിശാക്കി. സാമൂതിരി രാജാവ് കൊട്ടാരത്തിന് തീ കൊളുത്തി ആത്മാഹുതി ചെയ്തു. കൊട്ടാരമെന്നു പറഞ്ഞാല്‍ മൈസൂര്‍ കൊട്ടാരംപോലെയൊന്നുമല്ല. ഓല മേഞ്ഞ ഒരു എട്ടുകെട്ടുമാത്രം. ഒറ്റ മുണ്ടും തലപ്പാവുമണിഞ്ഞ രാജാവിന് അംഗരക്ഷകരായി വാള് കയ്യിലേന്തിയ അര്‍ദ്ധനഗ്നരായ ഏതാനും നായര്‍ പടിയാളികളും. പീരങ്കിക്കും കുതിരപടയ്ക്കും മുന്നില്‍ പരാജയപ്പെട്ടതില്‍ അത്ഭുതമില്ല!
സാമൂതിരിയുടെ വീഴ്ച രാമവര്‍മ്മ തമ്പുരാന് അനുഗ്രഹമായി. അതുകൊണ്ടുകൂടിയാണ് അദ്ദേഹം ചാവക്കാട് ചെന്ന് ടിപ്പുവുമായി ധാരണയിലായത്. വടക്കുംനാഥ ക്ഷേത്രം രാജാവിന്റെ നിയന്ത്രണത്തിലായി. നമ്പൂതിരിമാര്‍ നടയടച്ച് താക്കോലുമായി പലായനം ചെയ്തു. തേക്കിന്‍കാട് വെട്ടിത്തെളിച്ചു. അടുത്തുള്ള ഭഗവതിക്കാവുകളോട് ആറാട്ടുപുഴ ഉത്സവത്തിന് പോകരുതെന്ന് കല്പ്പിച്ചു. തേക്കിന്‍കാട്ടില്‍ പൂരം നടത്താന്‍ പറഞ്ഞു. അങ്ങനെയാണ് തൃശൂര്‍ പൂരം രൂപംകൊള്ളുന്നത്. പാറമേക്കാവ്, തിരുവമ്പാടി അടക്കമുള്ള ദേവിമാര്‍ അണിനിരക്കുന്നു. തിരുവമ്പാടി കൃഷ്ണനല്ല, ഭഗവതിക്കാണ് പൂരം.
ഡച്ചുകാര്‍ തമ്പുരാന് തിരുമുല്ക്കാഴ്ച നല്‍കിയിരുന്നു. ഡച്ചു ചിത്രകാരന്മാര് വന്നപ്പോള്‍ തന്റെ ചിത്രം വരയ്ക്കരുതെന്ന് പറഞ്ഞു. കറുത്തവനും ഉയരം കുറഞ്ഞവനും മുഖത്ത് വസൂരിക്കലകളുള്ളവനുമായിരുന്നു തമ്പുരാന് (ശക്തന് തമ്പുരാന്-ചരിത്രാഖ്യായിക-പുത്തേഴത്ത് രാമന് മേനോന്) ഈ പുസ്തകത്തിന്റെ കവര്‍ പേജിലാണ് ആദ്യമായി ശക്തന് തമ്പുരാന്റെതായ ഒരു കവര്‍ ചിത്രം വരുന്നത്. അതു വരച്ചത് പില്ക്കാലത്ത് തൃശൂര്‍ വിവേകോദയം സ്കൂളിലെ ഡ്രോയിങ്ങ് അധ്യാപകനായ ആര്‍ട്ടിസ്റ്റ് ശങ്കരമേനോനും. ആ ചിത്രമാണ് തൃശൂര്‍ മ്യൂസിയത്തിലും തൃപ്പൂണിത്തുറ ഹില്‍പാലസിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഈ ചിത്രത്തെ ആധാരമാക്കിയാണ് 2013 ല്‍ ശക്തന് സ്റ്റാന്റില്‍ ഒരു പ്രതിമ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചത്. പി.സി. ചാക്കോയുടെ എം.പി. ഫണ്ടും, കോര്‍പ്പറേഷന്റെ സ്ഥലവും സന്നദ്ധസംഘടനകളുടെ സംഭാവനയും സംഘടിപ്പിച്ചു. കാനായി കുഞ്ഞിരാമനെക്കൊണ്ട് ഒരു പ്രതീകശില്പ്പം നിര്‍മിക്കാന്‍ ഈ ലേഖകന്‍ കണ്‍വീനറോട് ആവശ്യപ്പെട്ടു. എന്നാല്‍ കമ്മിറ്റി ഈ ചിത്രം ആധാരമാക്കി സ്ഥലത്തുള്ള ഒരു ശില്പ്പിയെക്കൊണ്ട് പണിയിപ്പിച്ചു. അതിന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സ്റ്റേ കിട്ടിയില്ലെന്നു മാത്രമല്ല ഇപ്പോഴും കേസ് തുടരുകയുമാണ്. കോടതിക്കും അഭിഭാഷകനും ഈ ലേഖകനും അതിലുള്ള താല്പര്യവും പോയി. ആയിരക്കണക്കിനു വാഹനങ്ങളും നാട്ടുകാരും കടന്നുപോകുന്ന ശക്തന് സ്റ്റാന്റിലെ പ്രധാന ട്രാഫിക് ഐലന്റുമാണ് ഇത്. പ്രതിമ കുറെക്കൂടി വലുതാക്കി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ദല്‍ഹിയില്‍ അറിയിച്ചിട്ടുണ്ട്. കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: